സ്വയം തിരിച്ചറിയുക, സ്വീകരിക്കുക, അഭിമാനിക്കുക.

Keralakumar | കേരളകുമാര്‍

ഞാന്‍ സ്വവര്‍ഗപ്രണയി ആണോ?

ആദ്യമായി തന്നോട് തന്നെ കുറച്ചു ചോദ്യങ്ങള്‍ ചോദിക്കുക. സത്യസന്ധമായി മറുപടി നല്‍കുക.

  • സ്വന്തം ലിംഗത്തില്‍പ്പെട്ടവരോടുള്ള ലൈംഗികബന്ധമാണോ ഇഷ്ടപ്പെടുന്നത്?
  • സ്വന്തം ലിംഗത്തില്‍പ്പെട്ടവരോട് ലൈംഗികാകര്‍ഷണം തോന്നാറുണ്ടോ?
  • സ്വന്തം ലിംഗത്തില്‍പ്പെട്ടവരോട് ശക്തമായ വൈകാരികമായ അടുപ്പം തോന്നാറുണ്ടോ?
  • അടുത്തബന്ധം സ്ഥാപിക്കാന്‍ ഇഷ്ടപ്പെടുന്നുവെങ്കില്‍ അത് സ്വന്തം ലിംഗത്തില്‍പ്പെട്ട ഒരാളുമായി ആവുമോ?

തങ്ങള്‍ സ്വവര്‍ഗപ്രണയി/സ്വവര്‍ഗപ്രണയിനിയാണോ എന്ന് ഉറപ്പിച്ചു പറയാന്‍ ലളിതമായ പരീക്ഷണങ്ങള്‍ ഒന്നും തന്നെയില്ല എന്നതാണ് സത്യം. സ്വന്തം ലിംഗത്തില്‍പ്പെട്ടയാളോട് ലൈംഗികാകര്‍ഷണം തോന്നുന്നവര്‍ സ്വവര്‍ഗപ്രണയി/നി ആവാനാണ് സാധ്യത. രണ്ടുലിംഗത്തില്‍പ്പെട്ടവരോടും ആകര്‍ഷണം തോന്നുന്നുണ്ടെങ്കില്‍ താങ്കള്‍ ബൈസെക്ഷുവല്‍ (ഉഭയലിംഗര്‍) ആവാം.

സ്വന്തം ലൈംഗികചായ്‌വ് (sexual orientation) സ്വയം സ്വീകരിക്കുക, കൈക്കൊള്ളുക.

താങ്കള്‍ സ്വവര്‍ഗപ്രണയി/നി (gay/lesbian) ആണോ, ഉഭയലിംഗപ്രേമി (bisexual) അതല്ലെങ്കില്‍ എതിര്‍ലിംഗപ്രേമി (straight) ആണോ എന്നത് നിങ്ങളെ നിര്‍വചിക്കുന്ന ഒരു വിശേഷണമൊന്നും അല്ല. നിര്‍വചനം എന്തുമാവട്ടെ, സ്വന്തം ലൈംഗികത സ്വയം സ്വീകരിക്കുകയും കൈക്കൊള്ളുകയും ചെയ്യുക എന്നത് ആത്മവിശ്വാസവും സ്വയംമതിപ്പും ഉണ്ടാവുന്നതിന് അനിവാര്യമാണ്.

“പുറത്തുവരല്‍” (coming out) അഥവാ സ്വന്തം ലൈംഗികചായ്‌വ് മറ്റുള്ളവരോട് വെളിപ്പെടുത്തുക എന്നത് ആരോഗ്യകരമായ സ്വത്വം (identity) വികസിപ്പിച്ചെടുക്കുന്നത്തിന്റെ ഭാഗമാണ്. സ്വയവും മറ്റുള്ളവരോടും സത്യസന്ധത കാണിക്കാതെയിരിക്കുക, സ്വന്തം ബന്ധങ്ങളെപ്പറ്റി നുണപറയേണ്ടി വരിക എന്നിവ സൂചിപ്പിക്കുന്നത് ഒരു വ്യക്തി മറ്റൊരാളായി നടിക്കുന്നു എന്നാണ്. ആത്മഹത്യ, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപഭോഗം, വിഷാദരോഗം, ആക്രമപ്രവണത മുതലായവ ഇരട്ടജീവിതം (double life) നയിക്കുന്ന വ്യക്തികളില്‍ കൂടുതലായി കണ്ടുവരുന്നു.

ഒരു ഇതരലൈംഗികനായി ജീവിക്കുന്നത് എളുപ്പമാണ് എന്നല്ല പറഞ്ഞു വരുന്നത്. വിശേഷിച്ചും ഇതരലൈംഗികരോട് സഹാനുഭൂതിയുള്ളവരല്ല നമ്മുടെ ചുറ്റും ഉള്ളതെങ്കില്‍. സഹാനുഭൂതിയും അംഗീകാരവും തരുന്നവരെ തിരിച്ചറിയുകയും താങ്കളുടെ ജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്യുക.

“പുറത്തുവര”ലിന്റെ ഘട്ടങ്ങള്‍

നമ്മുടെ ഓരോരുത്തരുടെയും ജീവിതസാഹചര്യങ്ങളും നമ്മള്‍ അനുഭവിക്കുന്ന വെല്ലുവിളികളും വ്യത്യാസമേറിയവയാണ്. അതിനാല്‍ തന്നെ പുറത്തുവരലിന്റെ ഘട്ടങ്ങളും വ്യത്യാസപ്പെട്ടിരിക്കാം. അതുകൊണ്ട് എപ്പോള്‍ എങ്ങനെ പുറത്തുവരണം എന്നത് താങ്കളുടെ ജീവിതസാഹചര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട് മാത്രം തീരുമാനിക്കുക.

ഘട്ടം ഒന്ന്: സ്വത്വത്തെപ്പറ്റിയുള്ള സ്വയംസംവാദം

ഏതൊരു വ്യക്തിയുടെയും പുറത്തുവരലിന്റെ തുടക്കത്തില്‍ സ്വന്തം heterosexual സ്വത്വത്തെ ചോദ്യം ചെയ്യുന്ന ഒരു ഘട്ടമുണ്ട്.  തനിക്കു സ്വന്തം ലിംഗത്തില്‍പ്പെട്ടവരോട് താല്പര്യം ഉണ്ട് എന്ന് തിരിച്ചറിയുമ്പോഴാണ് ഇത് തുടങ്ങുന്നത്. ഈ ചോദ്യത്തിനുത്തരം ലഭിക്കാന്‍ പലര്‍ക്കും വര്‍ഷങ്ങള്‍ വേണ്ടിവരാം. ചിലര്‍ക്ക് പെട്ടെന്ന് തിരിച്ചറിവുണ്ടാവാം. ഈ തിരിച്ചറിവ് ഒരു ആഘാതമാവാം, പേടിപ്പെടുത്തുന്ന ഒന്നാവാം. അതിനാല്‍ ഈ തിരിച്ചറിവിനെ നിഷേധിക്കാന്‍ നമ്മള്‍ ശ്രമിച്ചേക്കാം. പലരും തങ്ങളുടെ വിചാരം ആത്മസുഹൃത്തുക്കളുമായി പങ്കുവയ്ക്കുകയും ഇതിനെപ്പറ്റി കൂടുതലറിയാനും വായിക്കാനും ശ്രമിക്കുകയും ചെയ്യും. ചിലര്‍ ഈ ഘട്ടം തരണം ചെയ്യുന്നതിനുപകരം എതിര്‍ലിംഗത്തില്‍പ്പെട്ട ഒരാളുമായി വിവാഹത്തിലേര്‍പ്പെട്ടു ജീവിതം തള്ളിനീക്കിയെന്നുമിരിക്കും.

ഘട്ടം രണ്ട്: സ്വയം സ്വീകരിക്കല്‍, പഠനം.

ധാരാളമാളുകള്‍ ആദ്യത്തെ ഘട്ടത്തില്‍ നിന്ന് മുമ്പോട്ടു നീങ്ങി സ്വയം സ്വീകരിക്കുന്ന ഒരു ഘട്ടത്തിലെത്തും. ഞാന്‍ “ഗേ” ആണോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് വിരാമമാവും. ഇതിനര്‍ത്ഥം അവര്‍ ഇതില്‍ സന്തോഷിക്കുന്നവരാണെന്നോ അഭിമാനിക്കുന്നവരാണെന്നോ അല്ല, സ്വയം തിരിച്ചറിഞ്ഞു എന്ന് മാത്രം. സമൂഹം, കുടുംബം, കൂട്ടുകാര്‍, സഹപ്രവര്‍ത്തകര്‍, മതത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ മുതലായവര്‍ ഇതറിഞ്ഞാല്‍ എങ്ങനെ പ്രതികരിക്കും എന്ന പേടിയുണ്ടാവുക എന്നത് സ്വാഭാവികമാണ്. പുറത്തുവരല്‍ സുഗമമായ ഒരു സംഗതിയല്ല, പക്ഷെ അത് നല്ലതിന് വേണ്ടിയാണ് എന്ന് മാത്രം ഓര്‍മിക്കുക. ഈ വെബ്‌പേജ് വായിക്കുന്ന വ്യക്തികളില്‍ കൂടുതലും ഒരു പക്ഷെ ഈ ഘട്ടത്തിലുള്ളവര്‍ ആയിരിക്കും.

ഘട്ടം മൂന്ന്: പിന്തുണ

പിന്തുണ നല്‍കുന്ന സുഹൃത്തുക്കള്‍ ഉണ്ടാവുന്നത് ഈ ഘട്ടത്തില്‍ വളരെ പ്രധാനമാണ്. വളരെ അടുപ്പമുള്ള കുറച്ചു സുഹൃത്തുക്കളോട് മാത്രമാവും ആദ്യത്തില്‍ ഇതൊക്കെ പറഞ്ഞിട്ടുണ്ടാവുക. ആദ്യമായി ആരോട് “പുറത്തുവരണം” എന്നത് ചിന്തിച്ചു ചെയ്യുന്നതാണ് നല്ലത്. അടുപ്പമുള്ള സുഹൃത്തുക്കളോട് പറയാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഗേ അല്ലെങ്കില്‍ ലെസ്ബിയന്‍ ആണെന്ന് തനിക്കറിയാവുന്ന ആരോടെങ്കിലും പറയുന്നതാണ് നല്ലത്. അവരുടെ ഉപദേശവും താങ്ങും വളരെ സഹായകമായിരിക്കും. കുറച്ചു വ്യക്തികളോടെങ്കിലും ഒരു തുറന്ന ബന്ധം സ്ഥാപിക്കുക എന്നത് അനിവാര്യമാണ്. ചിലരെങ്കിലും “പുറത്തുവരുന്നത്” ഒരു വഴക്കിന്റെയോ മറ്റോ ഇടയിലാവാം. വേണ്ടത്ര സമയമെടുക്കുക, ചിന്തിക്കുക. ഒരു വൈകാരിക പിന്തുണ ഉറപ്പാക്കിയതിനു ശേഷം പുറത്തുവരുന്നതാണ് നല്ലത്.

ഘട്ടം നാല്: അഭിമാനം

കുറച്ചു സുഹൃത്തുക്കളോട് തുറന്ന ഒരു ബന്ധം സ്ഥാപിച്ചു കഴിഞ്ഞാല്‍ വലിയ ആശ്വാസം തോന്നും. തുറന്നു സംസാരിക്കാന്‍ കുറച്ചുപേര്‍ ഉണ്ടാവുമ്പോള്‍ ജീവിതത്തില്‍ ഇത്രയും സന്തോഷം ഇതിനുമുമ്പ് അനുഭവിച്ചിട്ടില്ല എന്ന് പറയുന്നവരെ കണ്ടിട്ടുണ്ട്. ഞാന്‍ സ്വവര്‍ഗപ്രണയിയാണെന്നും അത് ഇഷ്ടമാണെന്നും ഇപ്പോള്‍ നാം പറഞ്ഞുതുടങ്ങും. വിഷാദം, ദുഃഖം, ഭീതി മുതലായ വികാരങ്ങള്‍ അകന്നുതുടങ്ങും. ആത്മാഭിമാനം സന്തോഷം എന്നിവ നമ്മുടെ മാനസികാരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. സ്വയം അഭിമാനം തോന്നുന്ന ഈ അവസരത്തില്‍ തന്റെ ലൈംഗികതയിലും അതിനെപറ്റി സംസാരിക്കുന്നതിലും ലജ്ജ മാറിത്തുടങ്ങും. മറ്റു എല്‍.ജി.ബി.ടി. വ്യക്തികളോട് മുഖവുരയില്ലാതെ സംസാരിക്കുന്നതിനും അവരുടെ പരിപാടികളില്‍ പങ്കെടുക്കുന്നതിനും സാധിക്കും.

ഘട്ടം അഞ്ച്: ബന്ധങ്ങള്‍

ഇതിനൊക്കെ ഇടയില്‍ ഒരവസരത്തില്‍ പ്രണയപരമായ ബന്ധങ്ങളില്‍ ഇടപെട്ടുതുടങ്ങും. പുറത്തുവരുന്ന അവസരത്തില്‍ പലര്‍ക്കും ഒരു “ലൈംഗികവിപ്ലവം” എന്ന അവസ്ഥയായിരിക്കും തോന്നുക. ജീവിതത്തില്‍ അടക്കിവച്ച എല്ലാ സംഘര്‍ഷങ്ങളും അയഞ്ഞു തുടങ്ങുന്ന ഈ സമയത്ത് ലൈംഗികചോദനകളോട്‌ പ്രതികരിക്കുന്നത് ശ്രദ്ധയോടെ വേണം. ഉത്തരവാദിത്തത്തോടെയുള്ള ലൈംഗികജീവിതം വളരെ പ്രധാനമാണ്. ലൈംഗികപര്യവേക്ഷണത്തിന് മുതിര്‍ന്നാലും ഇല്ലെങ്കിലും കുറച്ചു കഴിയുമ്പോള്‍ കൂടുതല്‍ അര്‍ത്ഥവത്തായ ഒരു ബന്ധത്തിനായി ആഗ്രഹമുണ്ടാവും. സ്വവര്‍ഗപ്രേമികളുടെ ഇടയിലെ ബന്ധങ്ങള്‍ എതിര്‍ലിംഗങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ പോലെത്തന്നെ അര്‍ത്ഥവത്തും പ്രതിജ്ഞാബദ്ധവുമാണ് എന്നറിയുക.

ഘട്ടം ആറ്  : കുടുംബത്തോട് പറയല്‍ 

പലര്‍ക്കും ഏറ്റവും ബുദ്ധിമുട്ട് നിറഞ്ഞ ഘട്ടമിതാവാം. നിങ്ങള്‍ വിവാഹം കഴിച്ചു കുട്ടികളെ ഉണ്ടാക്കും എന്നതാവും മാതാപിതാക്കളുടെ ആഗ്രഹം. കുട്ടി സ്വവര്‍ഗപ്രണയി ആണെന്നറിയുമ്പോള്‍ അവര്‍ തകര്‍ന്നു പോയേക്കാം. ഈ സത്യത്തോട് ഒത്തുതീര്‍പ്പുണ്ടാക്കാന്‍ അവര്‍ക്ക് കുറച്ചുസമയം ആവശ്യമായി വരും. മാതാപിതാക്കളോട് തുറന്നുപറഞ്ഞിട്ടില്ലെങ്കില്‍ നിങ്ങള്‍ക്ക്  അവരോടു ഒരകല്‍ച്ച തോന്നിയേക്കാം. നിങ്ങളുടെ പങ്കാളിയെ ഒരു സുഹൃത്ത്‌ എന്ന നിലയില്‍ മാത്രം അവരോടു പരിചയപ്പെടുത്തേണ്ടി വന്നേക്കാം. തുറന്നു പറയുന്ന അവസരത്തില്‍ ചില മാതാപിതാക്കള്‍ പിന്തുണ അറിയിക്കാം, ചിലര്‍ യാതൊരു പ്രതികരണവും കാണിക്കാതെയിരിക്കാം, ചിലര്‍ രൂക്ഷമായി പ്രതികരിച്ചേക്കാം. എങ്ങനെയാണെങ്കിലും അവര്‍ക്ക് ഇത് സ്വീകരിക്കാന്‍ സമയം ആവശ്യമാണ്‌. പല മാതാപിതാക്കളും കുട്ടികളോട് സംസാരിക്കാതെയാവും. ചിലര്‍ ഇതെല്ലാം സ്വയം ശരിയായിക്കൊള്ളും എന്ന് ആശിക്കും. ചിലര്‍ ഈ അറിവ് അവഗണിക്കും. നിങ്ങള്‍ സാമ്പത്തികമായി മാതാപിതാക്കളെ ആശ്രയിക്കുന്നയാള്‍ ആണെങ്കില്‍ ഇത് പറയുന്നതിന് മുമ്പ് സാമ്പത്തികസ്രോതസ്സ് ഉണ്ടാക്കി വയ്ക്കുന്നത് നല്ലതാണ്. എപ്പോള്‍ പറയണം, എങ്ങനെ പറയണം എന്നത് വളരെ ആലോചിച്ചു മാത്രം ചെയ്യുക. ഒരു കുടുംബസദസ്സിലോ വിവാഹം, മരണം തുടങ്ങിയ അവസരങ്ങളിലോ ഇത് പറയുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. എഴുത്ത്, ഇമെയില്‍, ടെലിഫോണ്‍ മുതലായവയില്‍ പറയുന്നതും ഒഴിവാക്കുക. നിങ്ങളുടെ അച്ഛനമ്മമാരെ ഏറ്റവും അടുത്തറിയുന്നത് നിങ്ങള്‍ക്കാണ് എന്നത്കൊണ്ട് അവരുടെ പ്രതികരണം ഏറ്റവും പ്രവചിക്കാന്‍ കഴിയുന്നതും നിങ്ങള്‍ക്കുതന്നെയാണ്. (കൂടുതലറിയാന്‍).

ഘട്ടം ഏഴ്: സന്തുലനം 

എല്ലാ ഘട്ടങ്ങളും തരണം ചെയ്തു ജീവിതം ഒരു സന്തുലനാവസ്ഥയില്‍ എത്തുന്നു. ജീവിതത്തിലേക്ക് കൂടുതല്‍ ആളുകള്‍ അപ്പോഴും എത്തിക്കൊണ്ടിരിക്കും. ഗേ, ലെസ്ബിയന്‍ മുതലായ അവസ്ഥകള്‍ ജീവിതത്തില്‍ ഒരു പ്രശ്നം എന്നതിന് പകരം ജീവിതത്തിന്റെ സാധാരണഭാഗം ആയിത്തീരുകയും ചെയ്യും.

Loading