ദേശീയ മെഡിക്കൽ കമ്മീഷൻ കൺവേർഷൻ തെറാപ്പി നിരോധിച്ചു

കൺവേർഷൻ തെറാപ്പിയിൽ ഏർപ്പെട്ടിരിക്കുന്ന ഏതൊരു ഡോക്ടറും പ്രൊഫഷണൽ മോശം പെരുമാറ്റത്തിന് പ്രോസിക്യൂട്ട് ചെയ്യപ്പെടാൻ ബാധ്യസ്ഥരാണെന്ന് നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻഎംസി) മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. ഭാരതത്തിലെ മെഡിക്കൽ ഡോക്ടർമാരുടെ അംഗീകാരം, രജിസ്ട്രഷേൻ എന്നിവ നിയന്ത്രിക്കുന്ന സ്ഥാപനമാണ് (മുമ്പ് ഇന്ത്യൻ മെഡിക്കൽ കൌൺസിൽ എന്നു അറിയപ്പെട്ടിരുന്ന സ്ഥാപനം) നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻ.എം.സി.).


LGBTQAI+ കമ്മ്യൂണിറ്റിയിൽപ്പെട്ടവരുടെ ലൈംഗിക ആഭിമുഖ്യത്തെക്കുറിച്ച് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ബോധവൽക്കരണം നൽകുന്നതിനായി എംബിബിഎസ് സിലബസ് പരിഷ്കരിക്കുന്നതിനായി രൂപീകരിച്ച കമ്മിറ്റിയുടെ ശുപാർശയിൽ ഒരു സത്യവാങ്‌മൂലം നല്കുന്നതിനിടെയാണ് മെഡിക്കൽ കമ്മീഷൻ നിലപാട് വ്യക്തമാക്കിയത്.
മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ. ആനന്ദ് വെങ്കിടേഷിന്റെ നിർദേശം അനുസരിച്ചാണ് സമിതിയെ നിയോഗിച്ചത്.

കൺവേർഷൻ തെറാപ്പികൾ നടത്തുന്ന മെഡിക്കൽ പ്രൊഫെഷണലുകൾക്കെതിരെ വിദഗ്ധസമിതിയുടെ ശുപാർശകളെ അടിസ്ഥാനമാക്കി നടപടി എടുക്കണമെന്നു ഫെബ്രുവരി അഞ്ചാം തീയതി അയച്ച കത്ത് വഴി ദേശീയ മെഡിക്കൽ രജിസ്ട്രഷേൻ ബോർഡിനോട് നിർദേശിച്ചതായി നാഷണൽ മെഡിക്കൽ കമ്മീഷൻ കോടതിയെ അറിയിച്ചു.

കൺവേർഷൻ തെറാപ്പി എന്ന് പൊതുവെ വിശേഷിപ്പിക്കപ്പെടുന്നത് ഒരു വ്യക്തിയുടെ ലൈംഗിക ആഭിമുഖ്യം അല്ലെങ്കിൽ ലിംഗ വ്യക്തിത്വം മാറ്റാനുള്ള ശ്രമങ്ങളെ/ഇടപെടലുകളെയാണ്. ഇത്തരം കൺവേർഷൻ തെറാപ്പികൾ “Indian Medical Council, Professional Conduct, Etiquette and Ethics Regulation, 2002” എന്ന നിയമം അനുസരിച്ച് പ്രൊഫെഷനൽ ദുരാചാരമായി കണക്കാക്കണമെന്ന് ശുപാർശകളിൽ കമ്മറ്റി ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് പറഞ്ഞു. “ഇത് കണക്കിലെടുത്ത്, വിദഗ്ധ സമിതിയുടെ റിപ്പോർട്ടും രാജ്യത്തുടനീളമുള്ള എല്ലാ സംസ്ഥാന മെഡിക്കൽ കൗൺസിലുകൾക്കു നൽകിയ ശുപാർശകളും ഉടനടി പ്രചരിപ്പിക്കാൻ എൻഎംസിയോട് നിർദേശിക്കുന്നു”, കോടതി പറഞ്ഞു.

Madras High Court


നാഷണൽ മെഡിക്കൽ കമ്മിഷൻ നിയമം, 2019 സെക്ഷൻ 27 പ്രകാരം പ്രൊഫഷണൽ ദുഷ്പെരുമാറ്റത്തിന് അച്ചടക്ക നടപടിയെടുക്കാൻ സംസ്ഥാന മെഡിക്കൽ കൗൺസിലിന് അധികാരമുള്ളിടത്തെല്ലാം വിദഗ്ധ സമിതിയുടെ ശുപാർശകൾ അനുസരിച്ച് ബന്ധപ്പെട്ട മെഡിക്കൽ പ്രൊഫഷണലുകൾക്കെതിരെ നടപടിയുമായി മുന്നോട്ട് പോകുകയും ചെയ്യാം എന്നും കോടതി പറഞ്ഞു.


കോടതിയുടെ ആജ്ഞ അനുസരിച്ച് നടപടി എടുത്ത് റിപ്പോർട്ട് ചെയ്യുന്നതിനായി വാദം കേൾക്കൽ ഏപ്രിൽ എട്ടിലേക്ക് മാറ്റി. പോലീസിന്റെയും മാതാപിതാക്കളുടെയും പീഡനം ആരോപിച്ച് ലെസ്ബിയൻ ദമ്പതികൾ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.

Loading

Leave a Comment

This site uses Akismet to reduce spam. Learn how your comment data is processed.