ക്വിയർ അവകാശങ്ങൾ വീണ്ടും കോടതി കയറുമ്പോൾ!

ലേഖകന്‍: വിഷ്ണുനാരായണന്‍

ഭരണഘടനയിലെ ഐപിസി 377 ഇൽ നിന്നും സ്വവർഗാനുരാഗികളെ ആദ്യം കുറ്റവിമുക്തരാക്കിയ കോടതിമുറിയിലേക്ക് വീണ്ടും ക്വിയർ സമൂഹം ഉറ്റുനോക്കുകയാണ്. 1956 ലെ ഹിന്ദു വിവാഹനിയമപ്രകാരം സ്വവർഗ ദമ്പതികൾക്ക് വിവാഹം കഴിക്കാനും, വിവാഹം നിയമപ്രകാരം രജിസ്റ്റർ ചെയ്യുവാനും ഉള്ള അവകാശം ആവശ്യപ്പെടുന്ന പൊതുതാൽപര്യ ഹർജിയിൽ ഡൽഹി ഹൈക്കോടതിയിൽ വാദം തുടങ്ങിയിരിക്കുന്നു.

അഭിജിത് അയ്യർ മിത്ര (എൽ.ജി.ബി.ടി. കമ്മ്യൂണിറ്റിയിലെ അംഗം), ഗോപി ശങ്കർ എം (2016 നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച തമിഴ്നാട് സ്വദേശിയായ ഇന്റെർസെക്സ് വ്യക്തി), ഗിതി തണ്ഢാനി (സഖി കളക്ടീവ് ജേർണൽ ഓഫ് കൊണ്ടമ്പററി ആൻഡ് ഹിസ്റ്റോറിക്കൽ ലെസ്ബിയൻ ലൈഫ് ഇൻ ഇന്ത്യ-യുടെ സ്ഥാപക അംഗം), ജി. ഊർവ്വശി (ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ്) എന്നിവരാണ് പൊതുതാൽപര്യ ഹർജി അപേക്ഷകർ. ഡൽഹി ഹൈക്കോടതി  ചീഫ് ജസ്റ്റിസ് ഡി. എൻ. പട്ടേൽ, ജസ്റ്റിസ് പ്രതീക് ജലൻ എന്നിവരുടെ ഡിവിഷൻ ബെഞ്ച് ആണ് ഹർജിയുടെ വാദം കേൾക്കുന്നത്. വാദത്തിനു മറു വശം ഇന്ത്യൻ സർക്കാരും. ഇന്ത്യൻ സർക്കാരിനുവേണ്ടി (Union of India) സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത ആണ് വാദിച്ചത്, ഐപിസി 377 ന്റെ വാദങ്ങളിലും സർക്കാരിന് വേണ്ടി ഹാജർ ആയിട്ടുള്ളത് തുഷാർ മെഹ്ത തന്നെയാണ്. ഹർജിക്കാര്‍ക്കുവേണ്ടി അഡ്വക്കേറ്റ് രാഘവ് അവസ്തിയും, അഡ്വക്കേറ്റ് മുകേഷ് ശർമയും ഹാജരായി.

സ്വവർഗാനുരാഗത്തെ നിയമത്തിനു മുന്നിൽ കുറ്റവിമുക്തമാക്കിയിട്ടും, ഹിന്ദു വിവാഹനിയമത്തിലെ വ്യവസ്ഥകൾ പ്രകാരം സ്വവർഗവിവാഹം  അനുവദിക്കുന്നില്ലെന്ന് ഹർജിക്കാർ വാദിക്കുന്നു, പ്രത്യേകിച്ചും “ഏതെങ്കിലും രണ്ട് ഹിന്ദുക്കൾ” തമ്മിലുള്ള വിവാഹത്തിനെ കുറിച്ച് ഈ നിയമം പറയുമ്പോൾ. സ്വവർഗവിവാഹത്തിനുള്ള അവകാശം ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 ന്റെ ഭാഗമാണെന്ന് ഹർജിക്കാർ വാദിച്ചു. “വിവാഹം കഴിക്കാനുള്ള അവകാശം ഹെറ്ററോസെക്ഷ്വൽ ദമ്പതികൾക്ക് പുറമെ സ്വവർഗ ദമ്പതികളിലേക്ക് വ്യാപിപ്പിച്ചില്ലെങ്കിൽ അത് ഏകപക്ഷീയവും, ഭരണഘടനാവിരുദ്ധവുമാണ്.” എന്നതാണ് പ്രധാന വാദം. 

സ്വവർഗ ദമ്പതികൾക്ക് നിയമപരമായ അംഗീകാരം ലഭിക്കാത്തതിന്റെ ഫലമായി അവര്‍ക്ക് സാമൂഹിക അംഗീകാരം കിട്ടുന്നില്ല എന്നതും ഹർജിക്കാരുടെ വാദത്തിൽ രേഖപ്പെടുത്തി. മറ്റെല്ലാവരും ആസ്വദിക്കുന്നതുപോലെ തന്നെ, ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്ജെൻഡർ (എൽ.ജി.ബി.ടി.) വ്യക്തികൾക്ക് വിവാഹത്തിനുള്ള അവകാശം ഒരു വിപ്ലവകരമോ സങ്കീർണ്ണമോ ആയ ഒന്നല്ല. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിന് അടിവരയിടുന്ന രണ്ട് അടിസ്ഥാന തത്വങ്ങളിൽ ഇത് അടങ്ങിയിരിക്കുന്നു: സമത്വം, വിവേചനരഹിതം. സ്വവർഗ  വിവാഹത്തിനുള്ള അവകാശം നിഷേധിക്കുന്നത് ‘മനുഷ്യാവകാശ ചാർട്ടർ’ ഉൾപ്പെടെ ഇന്ത്യ ഒപ്പുവെക്കുന്ന വിവിധ അന്താരാഷ്ട്ര കൺവെൻഷനുകളുടെ ഉത്തരവിന് വിരുദ്ധമാണെന്നും ഹർജിക്കാർ വാദിച്ചു.

ഹർജി വിഷയം നഖശിഖാന്തം എതിർത്താണ് സർക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത വാദിച്ചത്.  “നമ്മുടെ സംസ്കാരവും നിയമവും സ്വവർഗവിവാഹം എന്ന ആശയം അംഗീകരിക്കുന്നില്ല” എന്നതായിരുന്നു പ്രധാനവാദം. ഹിന്ദു വിവാഹനിയമപ്രകാരം ഒരു ‘പുരുഷനും’, ഒരു ‘സ്ത്രീയും’ തമ്മിലുള്ള വിവാഹത്തെ ആണ് ഈ നിയമം പരാമർശിക്കുന്നത് തുഷാർ മെഹ്ത അഭിപ്രായപ്പെട്ടു.

സെക്ഷൻ 498 എ ഐപിസിയിലും ഗാർഹിക പീഡനത്തിനെതിരായ നിയമങ്ങളിലും പരാമർശിക്കുന്നത് ഒരു “ഭാര്യ”, “ഭർത്താവ്” എന്നിവരുടെ കാര്യമാണെന്നും സ്വവർഗ വിവാഹത്തിന്റെ കാര്യത്തിൽ ഇത് സാധ്യമല്ലെന്നും തുഷാർ മെഹ്ത ഉന്നയിച്ചു. നിയമാനുസൃത ഭരണകൂടത്തെക്കുറിച്ചുള്ള തന്റെ വിശകലനമാണിതെന്നും കേന്ദ്രത്തിൽ നിന്ന് നിർദ്ദേശങ്ങൾ തനിക്കില്ലെന്നും തുഷാർ മെഹ്ത വ്യക്തമാക്കി.

എതിര്‍വാദത്തിലെ വാക്കുകളും വിശകലങ്ങളും മേഹ്തയുടെ സ്വന്തമാണെങ്കിലും  കേന്ദ്രത്തിൽ നിന്ന് വ്യത്യസ്തമായ ഒരു നിലപാട് ഉണ്ടാവാൻ വഴിയില്ല. ഐപിസി 377 നിന്നും സ്വവർഗാനുരാഗത്തെ കുറ്റവിമുക്തമാക്കിയ അവസരത്തിലും “പൗരാവകാശങ്ങൾ, അനന്തരാവകാശം, വിവാഹ അവകാശങ്ങൾ മുതലായവയെ ബാധിക്കുന്ന ഒന്നിനെപ്പറ്റിയും (കോടതി) പരാമർശിക്കരുത്” എന്ന് തന്നെയാണ് മെഹ്ത മുൻപേ കോടതിയിൽ പറഞ്ഞിട്ടുള്ളത്.

ആക്ടിവിസ്റ്റുകളും എൽജിബിടിക്യു കമ്മ്യൂണിറ്റിയിലെ അംഗങ്ങളുമായ അപേക്ഷകർക്ക് ആദ്യം അവരുടെ വിവാഹം രജിസ്റ്റർ ചെയ്യാൻ ശ്രമിക്കാമെന്നും നിരസിക്കപ്പെട്ടാൽ അവരുടെ പരാതികളോടെ കോടതിയെ സമീപിക്കാമെന്നും കോടതി നിർദ്ദേശിച്ചു. സ്വവർഗ്ഗ ദമ്പതികൾ വിവാഹിതരായെങ്കിലും രജിസ്ട്രേഷൻ നിരസിച്ച സംഭവങ്ങളുണ്ടെന്ന് ഹർജിയിൽ ഹാജരായ അഭിഭാഷകൻ രാഘവ് അവസ്തി കോടതിയെ അറിയിച്ചു. സ്വവർഗ വിവാഹം രജിസ്റ്റർ ചെയ്യാൻ കഴിയാത്തതിനാൽ നീരസമനുഭവിക്കുന്ന എല്ലാവരുടെയും വിശദാംശങ്ങള്‍ അടുത്ത വാദം കേൾക്കുമ്പോൾ നൽകണമെന്നും കോടതി അപേക്ഷകരോട് ആവശ്യപ്പെട്ടു.

ഇങ്ങനെ ഒരു വിഷയത്തിലുള്ള ഹർജി ഒരു തുറന്നമനസ്സോടു കൂടെയാണ് സമീപിക്കേണ്ടത് എന്നും, നിലവിലുള്ള നിയമത്തിന്റെ നിലപാട് വ്യത്യസ്തമായിരിക്കാമെങ്കിലും “ലോകമെമ്പാടും മാറ്റങ്ങൾ സംഭവിക്കുന്നു” എന്നും കോടതി ബെഞ്ച് പ്രസ്താവിച്ചതും, ഐപിസി 377 ഇത് നിന്നും സ്വവർഗാനുരാഗികളെ കുറ്റവിമുക്തരാക്കിയപ്പോള്‍ പറഞ്ഞ വാക്കുകളും ക്വിയർ കമ്മ്യൂണിറ്റിക്ക് പ്രതീക്ഷ നൽകുന്നു. ഒക്ടോബർ 21 ന് ആണ് വാദം പുനരാരംഭിക്കുക. ഇതേപോലെ സ്വവർഗവിവാഹ വിഷയത്തിൽ നികേഷ്-സോനു ഗേ ദമ്പതികൾ നൽകിയ ഒരു ഹർജിയും കേരള ഹൈക്കോടതിയിൽ നിലനിൽക്കുന്നുണ്ട്.