സാങ്കേതികപദങ്ങളും നിര്‍വചനങ്ങളും

ലിംഗം (Sex)

ഒരു വ്യക്തിയുടെ ലിംഗം നമ്മള്‍ പൊതുവായി മനസ്സിലാക്കുന്നത് ബാഹ്യമായ ശരീരഭാഗങ്ങളെ (ലിംഗം, യോനി, വൃഷണസഞ്ചി) ആസ്പദമാക്കിയോ ആന്തരികഅവയവങ്ങളെ (ഗര്‍ഭാശയം,  അണ്ഡാശയം) ആസ്പദമാക്കിയോ അതല്ലെങ്കില്‍ ക്രോമോസോമുകളുടെ ചേര്‍ച്ച (XX, XY) ആസ്പദമാക്കിയോ ആണ്. പുരുഷന്‍, സ്ത്രീ എന്നീ ലിംഗങ്ങളെകൂടാതെ ഇവയ്ക്കിടയില്‍ പല അവസ്ഥകളും ഉണ്ട്. ഇവയ്ക്കു പൊതുവായി മധ്യലിംഗം (intersex) എന്ന് പറയാം. ലൈംഗികാവയവങ്ങളുടെ സവിശേഷതകൊണ്ടോ ജനിതകപരിശോധന കൊണ്ടോ intersex എന്ന അവസ്ഥ മനസ്സിലാക്കാന്‍ സാധിക്കും. ജനസംഖ്യയുടെ നൂറില്‍ ഒരാള്‍ക്ക്‌ ഈ അവസ്ഥാന്തരം ഉണ്ടാവാറുണ്ട്. ജനിക്കുമ്പോള്‍ ഡോക്ടര്‍ നടത്തുന്ന പരിശോധനയില്‍ ഇത് മനസ്സിലാക്കി ശസ്ത്രക്രിയ നടത്തി പരിഹരിക്കാന്‍ ശ്രമിക്കാറുണ്ട്. പൂര്‍ണപുരുഷന്റെയും പൂര്‍ണസ്ത്രീയുടെയും അവയവങ്ങള്‍ ഒരേ വ്യക്തിയില്‍ തന്നെ കാണുന്ന കാല്പനികമായ അവസ്ഥയാണ് ദ്വിലിംഗം (hermaphrodite). ഇത് മനുഷ്യരില്‍ കാണപ്പെടുന്നില്ല.

ലിംഗഭേദം/ലിംഗബോധം (Gender)

പുരുഷന്‍, സ്ത്രീ എന്നെ സാമൂഹികവര്‍ഗങ്ങളും അവരുടെ പെരുമാറ്റഭേദങ്ങളുമാണ് ലിംഗബോധം എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. ശാരീരികലിംഗവും (biological sex) ലിംഗബോധവും (gender identity) പൊരുത്തപ്പെട്ടിരിക്കണം എന്ന് സമൂഹം ആഗ്രഹിക്കുന്നു. പക്ഷേ അത് യഥാർത്ഥത്തിൽ അങ്ങനെ ആവണമെന്നില്ല. ഉദാഹരണത്തിന് പുരുഷന്റെ ലൈംഗികാവയവങ്ങള്‍ ഉള്ള ഒരു വ്യക്തി പുരുഷനെപ്പോലെ കാണപ്പെടുകയും പെരുമാറുകയും ചെയ്യണം എന്ന് സമൂഹം പ്രതീക്ഷിക്കുന്നു. തിരിച്ചും ഇതുപോലെ തന്നെ. ഇതിനെതിരായി കാണപ്പെടുന്ന അഥവാ പെരുമാറുന്ന ഒരു സ്ത്രീയെയോ പുരുഷനെയോ എന്തോ കുറവുള്ളവര്‍ ആയി സമൂഹം കാണുകയും അവരെ കളിയാക്കുകയും പീഡിപ്പിക്കുകയും ചെയ്യുകപോലും ചെയ്യുന്നു.

ലിംഗതന്മ/ലിംഗബോധസ്വത്വം (Gender Identity)

താന്‍ ഒരു പുരുഷനാണ് / സ്ത്രീയാണ് എന്നുള്ള സ്വയം വിലയിരുത്തല്‍ ആണ് ലിംഗതന്മ. പുരുഷന്റെ ലൈംഗിക അവയവങ്ങള്‍ ഉള്ള ഒരാള്‍ക്ക്‌ സ്വയം സ്ത്രീയാണ് എന്നുള്ള ബോധം ഉണ്ടാവാം. അതുപോലെ സ്ത്രീയുടെ ശരീരം ഉള്ള ഒരാള്‍ക്ക്‌ താന്‍ പുരുഷന്‍ ആണെന്നുള്ള വിലയിരുത്തലും ഉണ്ടാവാം. താഴെ കൊടുത്തിരിക്കുന്ന ട്രാൻസ്ജെണ്ടr എന്ന പദം നോക്കുക.

ലൈംഗികചായ്‌വ് (Sexual Orientation) / ആകര്‍ഷണം (attraction)

ഒരു വ്യക്തിക്ക് പുരുഷനോടോ സ്തീയോടോ അപരലിംഗത്തില്‍പ്പെട്ടയാളോടോ തോന്നുന്ന ആകര്‍ഷണമാണ് ലൈംഗികചായ്‌വ് അഥവാ ആകര്‍ഷണം. ഇത് ഒരു വ്യക്തിയുടെ താല്പര്യം (preference) ആവണമെന്നില്ല. ലൈംഗികചായ്‌വ്, ലൈംഗികതാല്പര്യം എന്നിവ ഒന്നല്ല. ലൈംഗികതാല്പര്യം മാറിയേക്കാം, ലൈംഗികചായ്‌വ് മാറുകയില്ല.

ലൈംഗികസ്വത്വം/തന്മ (Sexual identity)

ഒരു വ്യക്തിയുടെ ലൈംഗികമായ സ്വത്വബോധം ആണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. അയാള്‍ സ്വയം ആരായി വിശേഷിപ്പിക്കുന്നു എന്നതാണ് ഇതിലെ ചോദ്യം. Gay, bisexual, straight മുതലായവയൊക്കെ ഉദാഹരണങ്ങള്‍ ആണ്. ഒരാളുടെ സ്വയംവിശേഷണം അയാളുടെ ലൈംഗികചായ്‌വ്, ലൈംഗികപെരുമാറ്റം എന്നിവയോട് പൊരുത്തപ്പെടണം എന്നില്ല. ഉദാഹരണത്തിന് ഒരു വ്യക്തിയ്ക്ക് സത്യത്തിൽ ലൈംഗികചായ്‌വ് പുരുഷനോടും സ്ത്രീയോടും ഉണ്ടെങ്കിലും അയാള്‍ സ്വയം straight ആയി വിശേഷിപ്പിച്ചേക്കാം.

എതിര്‍വര്‍ഗലൈംഗികത (Heterosexuality)

എതിര്‍ലിംഗത്തില്‍ പെട്ടവരോടുള്ള ലൈംഗികാകര്‍ഷണമാണ് എതിര്‍വര്‍ഗലൈംഗികത എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്.

സ്വവര്‍ഗലൈംഗികത (Homosexuality)

സ്വന്തം ലിംഗത്തില്‍ പെട്ടവരോടുള്ള പൂര്‍ണമോ പ്രബലമോ ആയ ലൈംഗികാകര്‍ഷണമാണ് സ്വവര്‍ഗലൈംഗികത.

ഗേ (Gay) (സ്വവര്‍ഗപ്രേമി)

സ്വന്തം ലിംഗത്തില്‍ പെട്ടവരോട് പൂര്‍ണമോ പ്രബലമോ ആയി ലൈംഗികാകര്‍ഷണം തോന്നുന്നവര്‍ (എല്ലാവരുമല്ല) പൊതുവേ സ്വയം വിശേഷിപ്പിക്കുന്ന ഒരു സ്വത്വവിശേഷണമാണ് ഗേ (gay, സ്വവര്‍ഗപ്രേമി). സ്വവര്‍ഗപ്രേമം തോന്നുന്ന എല്ലാവരും സ്വയം ഗേ ആയി വിശേഷിപ്പിക്കണം എന്നില്ല. കൂടുതലും പുരുഷന്മാരാണ് ഈ സംജ്ഞ ഉപയോഗിക്കാറ്.  ആഗോളവത്കരണത്തിന്റെ കാലഘട്ടത്തില്‍ സ്വവര്‍ഗപ്രണയികള്‍ തങ്ങളുടെ ഗേ-ഉപസംസ്കാരത്തെ (gay sub-culture) വിശേഷിപ്പിക്കാന്‍ ഈ വാക്ക്  ഉപയോഗിക്കുന്നു.

പുരുഷന്മാരോട് ലൈംഗികബന്ധം പുലര്‍ത്തുന്ന പുരുഷന്മാര്‍ (Men who have Sex with Men – MSM)

പുരുഷന്മാരോട് ലൈംഗികബന്ധം ചെയ്യുന്ന പുരുഷന്മാരെക്കുറിക്കാന്‍ ഈ സംജ്ഞ ഉപയോഗിക്കുന്നു. അവര്‍ സ്വയം ഗേ ആയോ സ്വവര്‍ഗപ്രണയി ആയോ വിശേഷിപ്പിക്കണം എന്നില്ല. പൊതുജനാരോഗ്യസംരക്ഷണപ്രവര്‍ത്തകരാണ് HIV പ്രതിരോധത്തിന്റെ ഭാഗമായി ഈ വാക്ക് ഉപയോഗിക്കാറ്.

ലെസ്ബിയന്‍ (Lesbian)

സ്വന്തം ലിംഗത്തില്‍ പെട്ടവരോട് പൂര്‍ണമോ പ്രബലമോ ആയി ലൈംഗികാകര്‍ഷണം തോന്നുന്ന സ്ത്രീകള്‍ (എല്ലാവരുമല്ല) പൊതുവേ സ്വയം വിശേഷിപ്പിക്കുന്ന ഒരു സ്വത്വവിശേഷണമാണ് ലെസ്ബിയന്‍.

ഉഭയലൈംഗികത (Bisexuality)

പുരുഷന്മാരോടും സ്ത്രീകളോടും ഒരേ സമയം തോന്നുന്ന ലൈംഗികാകര്‍ഷണമാണ് ഉഭയലൈംഗികത. ഈ ആകര്‍ഷണം പുരുഷന്മാരോടും സ്ത്രീകളോടും ഒരേ അളവില്‍ തോന്നണം എന്നില്ല.

ഉഭയവര്‍ഗപ്രേമികള്‍ (Bisexuals)

പുരുഷന്മാരോടും സ്ത്രീകളോടും ആകര്‍ഷണം തോന്നുന്നവരാണ് ഉഭയലൈംഗികര്‍. ഇത് ഒരു സ്വത്വത്തെക്കുറിക്കാനും ഉപയോഗിക്കുന്നു. അതിനാല്‍ ഇവരെപറ്റി വളരെ തെറ്റിധാരണകള്‍ നിലനില്‍ക്കുന്നുണ്ട്. എതിര്‍വര്‍ഗത്തില്‍ പെട്ടവരെ വിവാഹം കഴിച്ചു ലൈംഗികബന്ധം നടത്തുന്ന സ്വവര്‍ഗലൈംഗികര്‍ bisexual അല്ല. ഒരേ കാലഘട്ടത്തില്‍ രണ്ടു ലിംഗത്തില്‍ പെട്ടവരോടും ബന്ധം പുലര്‍ത്തുന്നവരല്ല ഇവര്‍. അതുപോലെ ഒരു ലിംഗത്തില്‍ പെട്ട പങ്കാളിയോട് വിശ്വസ്തബന്ധം പുലര്‍ത്തുന്ന വ്യക്തി സ്വയം ഉഭയലൈംഗികന്‍ ആയി വിശേഷിപ്പിക്കുകയും ചെയ്യാം. ചുരുക്കത്തില്‍ ഒരാളുടെ മാനസികാവസ്ഥയെയാണ് ഈ വാക്ക് കുറിക്കുന്നത്, ലൈംഗികബന്ധത്തെയല്ല.

ട്രാൻസ്ജെൻഡർ(Transgender)

സ്വന്തം ലിംഗസത്വം (gender) തങ്ങളുടെ ശാരീരികലിംഗവുമായി പൊരുത്തപ്പെടാത്ത വ്യക്തികള്‍ ആണ് ട്രാൻസ്ജെണ്ടർ ആളുകൾ. ഉദാരണത്തിന് പുരുഷശരീരത്തോടെ  ജനിച്ചെങ്കിലും സ്വയം സ്ത്രീലിംഗബോധം ഉള്ളവര്‍, സ്ത്രീശരീരത്തോടെ ജനിച്ചെങ്കിലും പുരുഷന്റെലിംഗബോധം ഉള്ളവര്‍ എന്നിവര്‍ ഈ ഗണത്തിൽപെടും. അവരുടെ ലൈംഗികചായ്‌വ് ഏതുവേണമെങ്കിലും ആവാം. ആണായി ജനിച്ച ട്രാൻസ്‌ജെൻഡർ ആളുകൾക്ക്
രൂപഭാവങ്ങൾ പ്രദർശിപ്പിക്കാനായിരിക്കും കൂടുതൽ താൽപര്യം. അതുപോലെ പെണ്ണായി ജനിച്ച ട്രാൻസ്‌ജെൻഡർ ആളുകൾക്ക് ആണിൻറെ രൂപഭാവങ്ങൾ പ്രദർശിപ്പിക്കാനായിരിക്കും കൂടുതൽ താൽപര്യം. ചിലർ സ്വയം ആണായോ പെണ്ണായോ നിർവ്വചിക്കാതെ ‘ജണ്ടർ ന്യൂട്രൽ’, ‘ജണ്ടർ ക്വയർ’ മുതലായ നിലപാട് സ്വീകരിക്കുന്നു. ലിംഗതന്മയും ശാരീരികലിംഗവും പൊരുത്തപ്പെടാത്ത വ്യക്തികളെ transgender ആളുകൾ എന്ന് വിളിക്കുമ്പോള്‍ പൊരുത്തം ഉള്ള വ്യക്തികളെ cisgender എന്ന് വിളിക്കുന്നു. ട്രാൻസ്ജെൻഡർ എന്ന പദത്തിന്
കൃത്യമായ ഒരു മലയാളവാക്ക് ഇല്ലാത്തതിനാൽ ഇംഗ്ലീഷ് വാക്ക് കൊണ്ട് തന്നെ ഇവരെ അഭിസംബോധനചെയ്യുന്നു.

പുരുഷനില്‍ നിന്ന് സ്ത്രീ ആയ ട്രാൻസ്‌ജെൻഡർ ആളുകൾ (Male To Female Transgender – MTF)

പുരുഷശരീരത്തോടെ  ജനിച്ചെങ്കിലും സ്വയം സ്ത്രീലിംഗബോധം ഉള്ളവരാണ് ഇവര്‍. ഇവരില്‍ ചിലര്‍ ലിംഗമാറ്റശസ്ത്രക്രിയയിലൂടെ ശരീരത്തിന്റെ ലിംഗം മനസ്സിന്റെ ലിംഗത്തിന് അനുരൂപമാക്കാറുണ്ട്.

സ്ത്രീയില്‍ നിന്ന് പുരുഷനായ ട്രാൻസ്‌ജെൻഡർ ആളുകൾക്ക് (Female To Male Transgender – FTM)

സ്ത്രീശരീരത്തോടെ  ജനിച്ചെങ്കിലും സ്വയം പുരുഷലിംഗബോധം ഉള്ളവരാണ് ഇവര്‍. ഇവരില്‍ ചിലര്‍ ലിംഗമാറ്റശസ്ത്രക്രിയയിലൂടെ ശരീരത്തിന്റെ ലിംഗം മനസ്സിന്റെ ലിംഗത്തിന് അനുരൂപമാക്കാറുണ്ട്.

ഒരു അപരലിംഗവ്യക്തി ലിംഗമാറ്റശസ്ത്രക്രിയ ആഗ്രഹിക്കണമെന്നില്ല. മറ്റു ചിലർ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ ശരീരത്തിന്റെ ലിംഗം മനസ്സിന്റെ ലിംഗത്തിന് അനുരൂപമാക്കാറുണ്ട്. ഇങ്ങനെ ലിംഗമാറ്റശസ്ത്രക്രിയ തിരഞ്ഞെടുത്തവരോ ചെയ്യാന്‍ ആഗ്രഹിക്കുന്നവരോ ആയ വ്യക്തികളെക്കുറിക്കുന്ന വൈദ്യശാസ്ത്രസംജ്ഞയാണ് Transexual.

 

എല്‍. ജീ. ബീ. റ്റി. അഥവാ ക്വിയര്‍ (LGBT or Queer)

സ്വവര്‍ഗപ്രേമികള്‍, ഉഭയവര്‍ഗപ്രേമികള്‍, ട്രാൻസ്‌ജെൻഡർ ആളുകൾ മുതലായവര്‍ പൊതുവായി തങ്ങളെക്കുറിക്കാന്‍ ഉപയോഗിക്കുന്ന പദം.

സമസ്തലൈംഗികത (Pansexuality)

പുരുഷന്മാരോടും സ്ത്രീകളോടും ട്രാൻസ്‌ജെൻഡർ ആളുകളോടും തോന്നുന്ന ലൈംഗികാകര്‍ഷണമാണ് സമസ്തലൈംഗികത. ആകര്‍ഷണം തോന്നുന്ന വ്യക്തിയുടെ ലിംഗം സമസ്തലൈംഗികര്‍ക്ക് പ്രസക്തമല്ല.

അലൈംഗികത (Asexuality)

പുരുഷന്മാരോടോ സ്ത്രീകളോടോ ട്രാൻസ്‌ജെൻഡർ ആളുകളോടോ മറ്റേതെങ്കിലും വ്യക്തികളോടോ ഒന്നും ലൈംഗികമായ ആകര്‍ഷണമോ താല്പര്യമോ തോന്നാത്ത അവസ്ഥയാണ് അലൈംഗികത. ബ്രഹ്മചര്യം (celebacy) ഇതല്ല.

sexuality

ക്വിയർ സ്വാഭിമാനം (Queer Pride)
എല്‍. ജീ. ബീ. റ്റി.ഐ. വ്യക്തികള്‍ തങ്ങളുടെ ലൈംഗികചായ്‌വ്, ലൈംഗിക സ്വത്വം (ലൈംഗികതന്മ) എന്നിവയില്‍ അഭിമാനം ഉള്ളവരായിരിക്കുക എന്ന സങ്കല്‍പ്പമാണ് ക്വിയർ പ്രൈഡ്. പൊതുസമൂഹത്തില്‍ കൂടുതല്‍ ദര്‍ശനീയത ലഭിക്കാനായി മാര്‍ച്ചുകള്‍, റാലികള്‍, ഘോഷയാത്രകള്‍ മുതലായവ സംഘടിപ്പിക്കുന്നത് ഈ സങ്കല്പം യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ടിയാണ്.

സ്വാഭിമാന പ്രകടനം (Pride Parade)

എല്‍. ജീ. ബീ. റ്റി. സംസ്കാരം പ്രഘോഷിച്ചുകൊണ്ടുള്ള പ്രകടനം, ഉത്സവം, ഘോഷയാത്ര മുതലായവയെയാണ് സ്വാഭിമാന പ്രകടനം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്.

പുറത്തുവരല്‍ (Coming Out)

ലിംഗ/ലൈംഗിക ന്യൂന പക്ഷത്തിൽപെട്ട ആളുകൾ തങ്ങളുടെ ലിംഗതന്മയോ
ലൈംഗികചായ്‌വോ സ്വയം മനസ്സിലാക്കി കുടുംബത്തോടോ കൂട്ടുകാരോടോ സമൂഹത്തോടോ തുറന്നു പറയുകയും ചെയ്യുന്ന പ്രക്രിയയെ “പുറത്തുവരല്‍” (Coming out) വിശേഷിപ്പിക്കുന്നു.

സ്വവര്‍ഗഭീതി (homophobia)

സ്വവർഗപ്രേമികളോ, ഉഭയവർഗപ്രേമികളോ വ്യക്തികളോടോ അഥവാ അങ്ങനെ ആയി കാണപ്പെടുന്നവരോടോ (പെരുമാറ്റം കൊണ്ടോ വേഷം കൊണ്ടോ) ഉള്ള ശക്തമായ മാനസികവെറുപ്പ്‌ അല്ലെങ്കില്‍ ഭീതിയെയാണ് സ്വവര്‍ഗഭീതി എന്നതുകൊണ്ട്‌ വിവക്ഷിക്കുന്നത്. ഇത് പല രീതിയില്‍ പ്രകടമാവാം. വെറുപ്പ്‌, ശത്രുത, പുച്ഛം, മുന്‍വിധി, അറപ്പ്, എന്നീ വികാരങ്ങളാവാം സ്വവര്‍ഗഭീതിയുള്ളവര്‍ പ്രകടിപ്പിക്കുന്നത്. ഇത് അകാരണമായ ഭയം കൊണ്ടോ മതവിശ്വാസപരമായോ ഉണ്ടായതാവാം. ഉഭയലൈംഗികഭീതി (biphobia), ട്രാൻസ്‌ഫോബിയ(transphobia) എന്നിവ യഥാക്രമം ഉഭയലൈംഗികരോടും ട്രാൻസ്‌ജെൻഡർ ആളുകളോടുമുള്ള ഭീതിയാണ്. സ്വവര്‍ഗലൈംഗികത ഉള്ളില്‍ ഉള്ള ചില വ്യക്തികള്‍ താനറിയാതെത്തന്നെ സ്വനിരാകാരത്തിന്റെ (denial) ഭാഗമായി സ്വവര്‍ഗഭീതി പ്രകടിപ്പിക്കാം. ഇതിനു അന്തര്‍ഗത സ്വവര്‍ഗഭീതി (internalized homophobia) എന്ന് പറയും. ഇതൊരു ബോധപൂര്‍വമായ പ്രക്രിയയല്ല. തന്റെ ഉള്ളിലുള്ള സ്വവര്‍ഗലൈംഗികത ഈ വ്യക്തികളില്‍ ഭീതി സൃഷ്ടിക്കുന്നതിന്റെ ഫലമായി സ്വവര്‍ഗലൈംഗികത പുറത്തു പ്രകടിപ്പിക്കുന്ന മറ്റു വ്യക്തികളോട് ഇയാള്‍ തീക്ഷ്ണമായി പ്രതികരിച്ചേക്കാം. “പുറത്തുവരല്‍” നടത്തിയ വ്യക്തികളില്‍ പോലും ചിലപ്പോള്‍ ഇത് കണ്ടുവരുന്നുണ്ട്. ഉദാഹരണത്തിന്, സ്ത്രീത്വം പ്രകടിപ്പിക്കുന്ന പുരുഷന്മാരോട് ചില സ്വവർഗപ്രേമികള്‍ പ്രകടിപ്പിക്കുന്ന അസഹിഷ്ണുത.

കൂടുതലായി മനസ്സിലാക്കാന്‍ ഈ ലിങ്ക് വായിക്കുക

Comments are closed