കൊളംബിയയില്‍ സ്വവര്‍ഗവിവാഹത്തിന് അനുമതി

Marriage Equality in Colombiaകത്തോലിക്കര്‍ ഭൂരിപക്ഷമായ കൊളംബിയയില്‍ സ്വവര്‍ഗവിവാഹത്തിന് ഭരണഘടനാകോടതി അനുമതി നല്‍കി. സ്വവര്‍ഗവിവാഹത്തിന്റെ കാര്യം തീരുമാനിക്കാനുള്ള അവകാശം കോടതിക്കല്ല, കോണ്‍ഗ്രസ്സിനാണ് (പാര്‍ലമെന്‍റ്) എന്ന മുന്‍വിധി  മൂന്നിനെതിരെ ആറു വോട്ടുകള്‍ക്ക് ഭരണഘടനാകോടതി തള്ളി. എല്ലാ മാനുഷര്‍ക്കും വിവാഹത്തിനുള്ള അവകാശമുണ്ടെന്നും അതില്‍ വിവേചനം പാടില്ലെന്നും മുന്‍വിധിക്കെതിരെ വോട്ട് ചെയ്ത മജിസ്ട്രേറ്റ് ആല്‍ബെര്‍ട്ടോ റോജാസ് പറഞ്ഞു.

ഇതോടുകൂടി സ്വവര്‍ഗാനുരാഗികള്‍ക്ക് പൂര്‍ണമായും വിവാഹാവകാശം ഉള്ള നാലാമത്തെ ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായി കൊളംബിയ മാറി. ഇതിനുമുമ്പ് അര്‍ജെന്റീന, ബ്രസീല്‍, ഉറുഗ്വേ എന്നീ രാജ്യങ്ങളില്‍ വിവാഹസമത്വം നിലവില്‍ വന്നിരുന്നു.

2011-ല്‍ സ്വവര്‍ഗദമ്പതികള്‍ക്ക് വിവാഹാവകാശം നല്‍കിക്കൊണ്ടുള്ള നിയമം പാസ്സാക്കാന്‍ ഭരണഘടനാകോടതി കോണ്‍ഗ്രസ്സിനു നിര്‍ദേശം നല്‍കിയിരുന്നു. ജൂണ്‍ 2013-നകം ഇതിനുള്ള ബില്‍ പാസ്സായില്ലെങ്കില്‍ സ്വവര്‍ഗദമ്പതികള്‍ക്ക് അവരുടെ ബന്ധം ജഡ്ജികളുടെ മുമ്പില്‍ ഔപചാരികമാക്കാമെന്നും കോടതി അന്ന് വിധിച്ചിരുന്നു. വിധി സ്ഫുടതയില്ലാത്തതായതിനാല്‍ അത് അന്ന് ശരിയായ രീതിയില്‍ നടപ്പില്‍ വന്നിരുന്നില്ല.

നമുക്ക് മുമ്പില്‍ ഇനിയും കടമ്പകളും പോരാട്ടങ്ങളും ബാക്കിയുണ്ടെന്ന് ഗേ അവകാശപ്രവര്‍ത്തകനായ ലൂയി ഫെലിപ് റോഡ്രിഗ് പറഞ്ഞു.

കടപ്പാട്: ഗാര്‍ഡിയന്‍