കോസ്റ്റാ റിക്കായില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയം

കടപ്പാട്: സി.എന്‍.എന്‍.

മധ്യഅമേരിക്കന്‍ രാജ്യമായ കോസ്റ്റാ റിക്കായില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമായി. മധ്യ അമേരിക്കയില്‍ സ്വവര്‍ഗവിവാഹം നിയമവിധേയമാക്കുന്ന ആദ്യ രാഷ്ട്രമാണ് കോസ്റ്റാ റിക്കാ.

“ഇന്ന് നമ്മള്‍ സ്വാതന്ത്ര്യം, സമത്വം, ജനാധിപത്യം എന്നിവ ആഘോഷിക്കുന്നു. മുന്നോട്ടു നീങ്ങാനും ഏവര്‍ക്കും ഇടമുള്ള ഒരു രാജ്യം കെട്ടിപ്പടുക്കാനും സഹാനുഭൂതി, സ്നേഹം എന്നിവ നമ്മളെ നയിക്കട്ടെ” എന്ന് പ്രസിഡന്റ് കാര്‍ലോസ് കീസാദാ ട്വിറ്റെറില്‍ എഴുതി.

സ്വവര്‍ഗവിവാഹം നിരോധിച്ചുകൊണ്ടുള്ള നിയമങ്ങള്‍ അസാധുവാക്കിയ 2018-ലെ ഭരണഘടനാ കോടതിയുടെ വിധിയെ തുടര്‍ന്നാണ് ഈ നീക്കം. നിയമം പാസ്സാക്കാന്‍ 18 മാസം കോടതി പാര്‍ലമെന്റിനു അനുവദിച്ചിരുന്നു. അതിനകം നിയമനിര്‍മാണം നടത്തിയില്ലെങ്കില്‍ സ്വവര്‍ഗവിവാഹം സ്വയമേ നിലവില്‍ വരുമെന്ന് കോടതി പറഞ്ഞിരുന്നു.

അതേരാത്രിയില്‍ തന്നെ വിവാഹങ്ങള്‍ നടത്തിക്കൊണ്ട് സ്വവര്‍ഗദമ്പതികള്‍ നിയമം ഉപയോഗപ്പെടുത്തി. ഇതോടുകൂടി ലോകത്ത് 31 രാഷ്ട്രങ്ങളില്‍ വിവാഹസമത്വം നിലവില്‍ വന്നിരിക്കുകയാണ്.

Loading