കേരളം പുതിയ ട്രാന്‍സ് ജെന്‍ഡര്‍ നയം രൂപീകരിച്ചു

Keralakumar | കേരളകുമാര്‍

കേരളസര്‍ക്കാര്‍ (സാമൂഹിക നീതി വകുപ്പ്) ഭിന്നലിംഗര്‍ക്കുള്ള പുതിയ നയം പുറത്തിറക്കി. സപ്തംബര്‍ 22ന് ഇതിനു സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം കൊടുത്തു.

രണ്ടായിരത്തിപ്പതിനാല് ഏപ്രിലിലെ സുപ്രീം കോടതി വിധിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ഭിന്നലിംഗരുടെ ലിംഗതന്മയ്ക്ക് പൂര്‍ണ നിയമഅംഗീകാരം നല്‍കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കേരളത്തിലെ ഭിന്നലിംഗരുടെ ഇടയില്‍ അവര്‍ നേരിടുന്ന വിവേചനങ്ങളെപ്പറ്റി ഒരു അഭിപ്രായസര്‍വേ നടത്തുകയുണ്ടായി.

സര്‍വേയിലെ പ്രധാന കണ്ടെത്തലുകള്‍:

 • ഭിന്നലിംഗര്‍ ജീവിതത്തിന്റെ എല്ലാ തുറകളിലും അനീതി നേരിടുന്നു.
 • 58% ഭിന്നലിംഗ വിദ്യാര്‍ഥികള്‍ പത്താം ക്ലാസ് വിജയിക്കുന്നതിന് മുമ്പേ കൊഴിഞ്ഞു പോവുന്നു
 • കൊഴിഞ്ഞുപോക്കിന് കാരണങ്ങള്‍: ഉപദ്രവം (harassment), ദാരിദ്ര്യം, ലിംഗഭേദവുമായി ബന്ധപ്പെട്ട മോശം അനുഭവങ്ങള്‍
 • വീട്ടിലുള്ള മോശം അനുഭവങ്ങള്‍
 • 51% പേര്‍ ആശുപത്രികളിലോ ഡോക്ടര്‍മാരില്‍ നിന്നുമോ അവജ്ഞ നേരിട്ടിട്ടുണ്ട്
 • 100% പേര്‍ക്കും ഒരിക്കലെങ്കിലും  ജോലി നിരസിക്കപ്പെട്ടിട്ടുണ്ട്
 • 11% പേര്‍ക്ക് മാത്രമേ സ്ഥിരജോലി ഉള്ളൂ
 • 54% പേര്‍ക്കും മാസവരുമാനം 5000 രൂപയില്‍ താഴെയാണ്
 • 52% പേര്‍ പോലീസില്‍ നിന്ന് ഉപദ്രവം നേരിടേണ്ടി വന്നിട്ടുണ്ട്
 • 70% പേരും പോലിസിനെ നേരിടാന്‍ ഭയമുള്ളവരാണ്
 • 89% പേര്‍ ജോലി സ്ഥലത്ത് മോശം അനുഭവങ്ങള്‍ നേരിടുന്നു
 • 28% പേരും പങ്കാളികളില്‍ നിന്ന് ബലാല്‍സംഗമോ ലൈംഗികപീഡനമോ നേരിട്ടിട്ടുണ്ട്
 • 96% പേര്‍ അവരുടെ ലിംഗഭേദം മൂലം പരാതി ഉന്നയിക്കുന്നില്ല
 • 76% പേര്‍ക്കും അവരുടെ താല്പര്യപ്രകാരമുള്ള ലിംഗം ഐടന്റിറ്റി കാര്‍ഡുകളിലോ മറ്റോ രേഖപ്പെടുത്താന്‍ സാധിക്കുന്നില്ല
 • 78% ജോലിസ്ഥലത്ത് അവരുടെ ലിംഗഭേദം വെളിപ്പെടുത്താന്‍ പേടിയുള്ളവരാണ്
 • 51% പേര്‍ അവരുടെ ലിംഗഭേദം കുടുംബത്തില്‍ നിന്ന് മറച്ചുപിടിക്കുന്നു
 • 44% പേര്‍ അവരുടെ ശാരീരികലിംഗവും മാനസികലിംഗവും തമ്മിലുള്ള പൊരുത്തമില്ലായ്മയില്‍ നാണക്കേട്‌ ഉള്ളവരാണ്
 • 81% പേരും അവരുടെ ലിംഗം മാറ്റണമെന്ന് ആഗ്രഹമുള്ള, പക്ഷെ അതിന് മറ്റുള്ളവരുടെ പിന്തുണ ഇല്ലാത്തവരാണ്
 • 91% പേര്‍ മരുന്നുകളോ ശസ്ത്രക്രിയയോ വഴി അവരുടെ രൂപം മാറ്റിയിട്ടില്ല
 • 41% പേരും അവരുടെ ലിംഗഭേദം വെളിപ്പെട്ടാല്‍ തങ്ങളെ മറ്റുള്ളവര്‍ സ്വീകരിക്കില്ല എന്ന കാഴ്ചപ്പാട് ഉള്ളവരാണ്
 • 52% പേരും തങ്ങളുടെ ശാരീരിക ആകാരം മാറ്റണം എന്ന ആഗ്രഹം തോന്നിയിട്ടുള്ളവരാണ്

കേരളസര്‍ക്കാരിന്റെ പ്രധാനനയങ്ങള്‍ താഴെ പറയുന്നു.

 • സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ രംഗങ്ങളില്‍ നേരിടുന്ന വിവേചനമാണ് ഭിന്നലിംഗരുടെ പ്രധാന പ്രശ്നം. അവര്‍ക്ക് സവിശേഷമായ ആവശ്യങ്ങള്‍ ഉണ്ട്. വിവേചനങ്ങള്‍ കാരണം അവര്‍ രണ്ടാംതരാം പൌരന്മാരായി ജീവിക്കേണ്ടി വരുന്നു.
 • നയത്തിന്റെ ലക്‌ഷ്യം എന്തെന്നാല്‍:
  • ഭിന്നലിംഗര്‍ക്ക് വികസനത്തിലും വിഭവങ്ങളിലും ആനുകൂല്യങ്ങളിലും തുല്യ ലഭ്യത ഉള്ള ഒരു നീതിമത്തായ സമൂഹം
  • അഭിമാനത്തോടെ, ആക്രമണങ്ങള്‍ക്ക് ഇരയാവാതെ  ജീവിക്കാനുള്ള അവകാശം
  • അവരുടെ കാര്യങ്ങള്‍ പ്രകടിപ്പിക്കാനുള്ള ആവിഷ്കാരസ്വാതന്ത്ര്യം
  • വികസനതീരുമാനങ്ങളില്‍ ഉള്ള ഓഹരി
 • സര്‍ക്കാരിന്റെ എല്ലാ വിഭാഗങ്ങളിലും വിവേചനരഹിതമായ പെരുമാറ്റം
 • തടസ്സങ്ങളില്ലാത്ത വിദ്യാഭ്യാസം, പൊതുഗതാഗതം, ആരോഗ്യം, സാമൂഹ്യസുരക്ഷ, മറ്റു സേവനങ്ങള്‍
 • എല്ലാ ആപ്ലിക്കേഷന്‍ ഫോമുകളിലും “മൂന്നാം ലിംഗം” എന്ന വിശേഷണം
 • എതിര്‍ലിംഗത്തിലുള്ളവരുടെ വസ്ത്രധാരണം, പെരുമാറ്റം എന്നിവ സ്വീകരിച്ചാല്‍ അത് കുറ്റകരം ആയിരിക്കില്ല
 • സംസ്ഥാനത്തിലെ ഉത്സവങ്ങളില്‍ തങ്ങളുടെ കലാപാടവം തെളിയിക്കാനും പങ്കെടുക്കാനുമുളള അവസരങ്ങള്‍
 • വിവേചനങ്ങള്‍ നേരിടുമ്പോള്‍ സൌജന്യനിയമസഹായം
 • പോലിസ് സ്റ്റേഷനുകള്‍ ഭിന്നലിംഗര്‍ നേരിടുന്ന കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തുകയും സംഗ്രഹിക്കുകയും വേണം .
 • പ്രശ്നങ്ങളില്‍ നേരിടുമ്പോള്‍ 24×7 ഹെല്പ് ലൈന്‍
 • ഭിന്നലിംഗരായ കുട്ടികളെ മാറ്റാന്‍ ചികില്‍സിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്ന മാതാപിതാക്കള്‍ക്കെതിരെ നിയമനടപടി
 • എല്ലാ ലിംഗപീഡന നിയമങ്ങളിലും ഭിന്നലിംഗരെയും ഉള്‍പ്പെടുത്തും
 • ബാലാവകാശനിയമത്തില്‍ ഭിന്നലിംഗ ബാലരെയും ഉള്‍പ്പെടുത്തും
 • ഭിന്നലിംഗരെ ഉപദ്രവിക്കുന്ന പോലീസ്കാര്‍ക്കെതിരെ നടപടി
 • വിവാഹം, പങ്കാളിത്തം, സഹജീവിതം, കുഞ്ഞുങ്ങളെ വളര്‍ത്തല്‍ മുതലായവയില്‍ തുല്യത
 • പ്രത്യേക മൂത്രപ്പുരകള്‍/കക്കൂസ്
 • സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്ക്‌ സഹായം
 • പൊതു/സ്വകാര്യ ജോലിസ്ഥലങ്ങളില്‍ വിവേചനത്തിനെതിരെ പ്രചാരണങ്ങള്‍ നടത്തും
 • വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ മുതലായവ ഭിന്നലിംഗനയം രൂപീകരിക്കണം, അവിവേചന സെല്‍ രൂപീകരിക്കണം.
 • ജോലിസ്ഥലത്തുള്ള ലൈംഗികപീഡനനിയമത്തില്‍ ഭിന്നലിംഗരും ഉള്‍പ്പെടും
 • വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ മുതലായവയുടെ ഫോമുകളില്‍ ഭിന്നലിംഗര്‍ എന്ന വിശേഷണവും ഉണ്ടായിരിക്കണം
 • അപ്പര്‍ പ്രൈമറി മുതല്‍ലുള്ള വിദ്യാലയങ്ങളില്‍  ഭിന്നലിംഗര്‍ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റിയുള്ള അവബോധം ഉണ്ടാക്കുക
 • ആരോഗ്യഇന്‍ഷുറന്‍സ്
 • ലിംഗമാറ്റശസ്ത്രക്രിയ നടത്താന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രത്യേക ഫണ്ട്
 • സര്‍ക്കാര്‍ ആശുപത്രികളില്‍ ഭിന്നലിംഗര്‍ക്ക് രജിസ്ട്രേഷന്‍ അഡ്മിഷന്‍ മുതലായവയില്‍ പ്രത്യേക നയം, പരിശീലനം
 • എല്ലാ ആശുപതികളിലും വിവേചനമില്ലാത്ത പെരുമാറ്റം
 • ഭിന്നലിംഗര്‍ക്ക് പ്രത്യേക എച്.ഐ.വി. പരിശോധനാകേന്ദ്രം
 • വീടുകള്‍ നിര്‍മിക്കുന്നതില്‍ സബ്സിഡി
 • വയോജന പരിചരണം
 • അഗതികളായ ഭിന്നലിംഗര്‍ക്ക് പ്രതിമാസ പെന്‍ഷന്‍
 • എല്ലാ ഡിപ്പാര്‍ട്ട്മേന്റുകളും ഭിന്നലിംഗര്‍ക്ക് പ്രത്യേക ഫണ്ട് നീക്കി വയ്ക്കണം
 • ഭിന്നലിംഗര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഓ. കള്‍ക്ക് ധനസഹായം
 • എല്ലാ ഡിപ്പാര്‍ട്ട്മേന്റുകളും എല്ലാ ഫോമുകളിലും ആണ്, പെണ്ണ് എന്നിവയ്ക്ക് പുറമേ ഭിന്നലിംഗര്‍ എന്ന വിശേഷണം കൂടി ചേര്‍ക്കണം

സാമൂഹികനീതി മന്ത്രി അധ്യക്ഷനായി സംസ്ഥാന ഭിന്നലിംഗ നീതി ബോര്‍ഡ്, ജില്ലാ കലക്ടര്‍ അധ്യക്ഷനായി ജില്ലാ ഭിന്നലിംഗ നീതി കമ്മറ്റി എന്നിവ സാമൂഹികനീതി ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴില്‍ സ്ഥാപിക്കപ്പെടും. ഈ ബോര്‍ഡ് സംസ്ഥാന ഭിന്നലിംഗനയത്തിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കും. ഇത് കൂടാതെ Transgender Support and Crisis Intervention Centres (TGCIC) എന്ന പേരില്‍ ഇടപെടല്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. യോഗ്യതയുള്ള വിദഗ്ദ്ധര്‍ നിയമിക്കപ്പെടുന്ന ഈ കേന്ദ്രങ്ങളില്‍ കൌണ്‍സലിംഗ്, മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ മുതലായവ നടത്തുന്നതാണ്.

ഭിന്നലിംഗനയത്തിന്റെ പൂര്‍ണരൂപം ഈ ലിങ്കില്‍ ലഭ്യമാണ്.