സ്വവര്‍ഗാനുരാഗം – FAQ

ലേഖകന്‍: അഭയങ്കര്‍ അഭയ്
സ്വവർഗലൈംഗികതയുമായി ബന്ധപ്പെട്ട് എന്തെങ്കിലും അവകാശപ്പോരാട്ടങ്ങളോ ആഘോഷങ്ങളോ കോടതിവിധികളോ വരുമ്പോഴോ അത്തരം പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെടുമ്പോഴോ അതിനൊക്കെ താഴെ പലരും തങ്ങളുടെ വെറുപ്പും അറിവില്ലായ്മയും പ്രകടിപ്പിച്ചു കമന്റുകള്‍ ഇടുന്നത് കാണാം. ഈ കമന്റുകൾ ശ്രദ്ധിച്ചാൽ ഇവർക്കാർക്കും സ്വവർഗാനുരാഗം എന്താണ് എന്ന് ഏകദേശധാരണ പോലും ഇല്ല എന്ന് മനസ്സിലാവും. അവരോട് സംവദിക്കാൻ ശ്രമിച്ചാൽ അജ്ഞതയും മുൻവിധികളും കാരണം അനേകം സംശയങ്ങൾ അവർക്കുള്ളതായി കാണാം. അവരിൽ പലരും സ്ഥിരമായി ചോദിക്കുന്ന ചില ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമമാണിത്.

Frequently Asked Questions About Homosexuality


1) സ്വവർഗാനുരാഗം ഒരു മാനസിക രോഗമാണ്. ഇതിനെ ചികിത്സിക്കുന്നതിന് പകരം ഇവരെ പ്രോത്സാഹിപ്പിക്കരുത്.
A : അല്ല സുഹൃത്തെ അല്ല!! സ്വവര്‍ഗാനുരാഗം ഒരുവിധത്തിലും ഒരു മാനസികരോഗമല്ല. സ്വവർഗാനുരാഗിയായി എന്ന കാരണത്താൽ ആർക്കും ഒരുതരത്തിലും ഉള്ള മാനസിക തകരാർ ഉണ്ടാവുന്നില്ല. ലോകത്തെമ്പാടും ഉള്ള മനശാസ്ത്രജ്ഞർ ഇതിനെ ഒരു മാനസികരോഗമായി അംഗീകരിക്കുന്നില്ല. മാനസികരോഗത്തെ നിർണയിക്കാൻ ഇന്ന് വിവിധതരം പരിശോധനാ രീതികൾ നിലവിലുണ്ട്. ഇതനുസരിച്ചോന്നും സ്വവർഗാനുരാഗം മാനസികരോഗമായി നിർണയിക്കുക സാധ്യമല്ല. എന്നാൽ ആളുകൾ കളിയാക്കുമോ എന്ന് ഭയന്നോ, സ്വന്തം ലൈംഗികത പുറത്ത് പറയാൻ കഴിയാത്തവരോ, അത് മറച്ച് വെച്ച് വിവാഹം കഴിക്കുന്നവരോ, ലൈംഗിക ജീവിതം ഒളിച്ചും പതുങ്ങിയും ജീവിക്കുന്നവരോ ആയവരും  സമൂഹത്തിനു മുന്നില് ഇരട്ടജീവിതം നയിക്കുന്നവരുമായ  പലര്‍ക്കും ഈ കാരണങ്ങളാൽ മാനസിക പ്രശ്നം ഉണ്ടാവാം. അതിനു കാരണം അവരുടെ ലൈംഗികതയല്ല അവരുടെ ലൈംഗികതയോടുള്ള സമൂഹത്തിന്റെ സമീപനമാണ്.

2) താഴെയുള്ള ലിങ്കുകൾ നോക്കൂ ഡോക്ടര്‍മാരുടെ വെബ്സൈറ്റുകൾ നോക്കൂ. ഇതിലെല്ലാം സ്വവർഗാനുരാഗത്തിന് ചികിത്സയുണ്ട് എന്ന് പറയുന്നല്ലോ?

A :സ്വവർഗാനുരാഗത്തിന് ചികിത്സയുണ്ട് എന്ന പേരില്‍ വരുന്ന എല്ലാ പരസ്യങ്ങളും കടുത്ത മതവിശ്വാസികളായ ഡോക്ടര്‍മാരുടെതോ, കുഞ്ഞുങ്ങളുടെ സ്വവർഗാനുരാഗത്തിൽ അസ്വസ്ഥരായ മാതാപിതാക്കളുടെ കാശ് മോഹിച്ചവരുടെയോ (അംഗീകൃത ഡോക്ടര്‍മാരുടെ സംഘടനയിൽ ഇവർക്ക് മെമ്പര്‍ഷിപ്പുണ്ടായിരിക്കില്ല. ഉണ്ടായിരുന്നു എങ്കിൽ ഇങ്ങനെയുള്ള പരസ്യങ്ങൾ ചെയ്യുക സാധ്യമല്ല) പുരോഹിതന്മാരുടെയോ വകയായിരിക്കും. തികച്ചും പ്രാകൃതമായ ചികിത്സാവിധികൾ നിശ്ചയിക്കുന്ന ഈ മുറിവൈദ്യന്മാർ ആരുടെയെങ്കിലും ലൈംഗികത മാറ്റിയതായി ഒരു തെളിവും ഇല്ല. മറിച്ച് ഇവരുടെ കെണിയിൽ പെട്ട് ശാരീരിക മാനസിക തകരാർ സംഭവിച്ചവരും ആത്മഹത്യ ചെയ്തവരും നിരവധിയുണ്ട്. ഇങ്ങനെയുള്ള എല്ലാ ചികിത്സാരീതികളെയും ആധുനികശാസ്ത്രം തള്ളിക്കളഞ്ഞതാണ്.

3) ഈ നാട്ടിൽ സെക്സിന് വേണ്ടിയുള്ള അവകാശമാണോ ഏറ്റവും പ്രധാനപ്പെട്ടത്? ഇവിടെ ആളുകള്‍ മരിക്കുന്നു. കുഞ്ഞുങ്ങൾ പട്ടിണി കിടക്കുന്നു അതിലും വലിയ വിഷയമാണോ സ്വവർഗാനുരാഗികളുടെ അവകാശം?

A: ഒന്നാമതായി ഇത് കേവലം ലൈംഗികതക്ക് വേണ്ടിയുള്ള അവകാശമല്ല. തുല്ല്യതക്ക് വേണ്ടിയുള്ള സമരമാണ്. ഒരാളുടെ നിറത്തിന്റെ പേരില്‍, വംശത്തിന്റെ പേരില്‍, ഭാഷയുടെയോ ദേശത്തിന്റെയോ പേരില്‍ ഒക്കെ തുല്യാവകാശം നിഷേധിക്കപ്പെടാൻ പാടില്ലാത്തത് പോലെ അയാളുടെ ലൈംഗികതയുടെ പേരിലും ബാക്കി ഉള്ളവർക്കുള്ള അവകാശം ആ വ്യക്തിക്ക് നിഷേധിക്കാൻ പാടില്ല. ഓരോ പ്രശ്നങ്ങൾ തീർന്നിട്ടെ വേറെ പ്രശ്നം ഉയർത്തിക്കൊണ്ടു വരാൻ പാടുള്ളൂ എന്നായിരുന്നു എങ്കിൽ ഇവിടെ ഒരു സമരവും നടക്കില്ലായിരുന്നു. ഇഷ്ടമുള്ളവരോടോത്തുള്ള ലൈംഗികതയും പ്രണയവും വിവാഹവും അടിസ്ഥാന മനുഷ്യാവകാശവും വ്യക്തിസ്വാതന്ത്ര്യവും ആണ്. അത് ഒരു കാരണം പറഞ്ഞും നിഷേധിക്കാൻ പാടില്ല. ഇവിടെ സ്വാതന്ത്ര്യ സമരം നടക്കുമ്പോഴും ക്ഷേത്ര പ്രവേശന സമരം നടക്കുംപോഴും മാറ് മറക്കാനുള്ള സമരം നടക്കുമ്പോഴും കുട്ടികൾ പട്ടിണി കിടന്നിരുന്നു എന്ന് മാത്രം ഓർക്കുക (ഇങ്ങനെ പറഞ്ഞവർ ഈ പട്ടിണി കിടക്കുന്നവർക്ക് വേണ്ടി എന്ത് ചെയ്തു എന്ന് കൂടി പറയുക).

4) ഇത് പ്രകൃതിവിരുദ്ധമാണ്. മൃഗങ്ങൾ പോലും ചെയ്യാത്ത ഹീനകൃത്യമാണ്.

A: പ്രകൃതിയിൽ സ്വവര്‍ഗാനുരാഗം സർവ്വസാധാരണമാണ്. പ്രകൃതിയിൽ ആയിരത്തി അഞ്ഞൂറോളം ജീവികളിൽ ഇത് കാണപ്പെടുന്നു. ഉയർന്ന ജീവികളിൽ കൂടുതൽ സങ്കീര്‍ണ്ണമായ സ്വവർഗലൈംഗികത കാണാം. സ്വതവേ സങ്കീര്‍ണ്ണമായ ലൈംഗികതയുള്ള മനുഷ്യന്റെ സ്വവര്‍ഗാനുരാഗവും സങ്കീർണ്ണമാണ്. പിന്നെ ലൈംഗികതയല്ല പ്രകൃതിവിരുദ്ധം!! പ്രകൃതിയിൽ വേറെ ജീവികൾ ഒന്നും ചെയ്യാത്ത നാണം മറക്കലും മുടിയും നഖവും മുറിക്കലും വേവിച്ച ആഹാരം കഴിക്കലും എല്ലാമാണ്.

5) മൃഗങ്ങൾ ചെയ്യുന്നു എന്നത് എങ്ങനെ ഒരു കാര്യത്തിന് അനുകൂലവാദമാവും? മൃഗങ്ങൾ അങ്ങനെ എന്തെല്ലാം ചെയ്യുന്നു !!

A: നോക്കൂ  സുഹൃത്തെ , പ്രകൃതി വിരുദ്ധമാണ് മൃഗങ്ങൾ പോലും ചെയ്യാത്തതാണ്‌ എന്ന് താങ്കള്‍ പറഞ്ഞത് കൊണ്ട് മാത്രം പ്രകൃതിയിൽ ഉണ്ട് എന്ന് പറഞ്ഞതാണ്. അല്ലാതെ മൃഗങ്ങൾ ചെയ്യുന്നതെല്ലാം ചെയ്യണം എന്ന് ഞങ്ങള്‍ക്ക് ഒരു നിര്‍ബന്ധവും ഇല്ല!!

6) സ്വവര്‍ഗാനുരാഗം പ്രചരിപ്പിക്കപ്പെട്ടാൽ മനുഷ്യര്‍ നശിക്കും ഇവർക്ക് എങ്ങനെ കുട്ടികളുണ്ടാവും ?

A: അങ്ങനെ പ്രചരിപ്പിക്കാൻ കഴിയുന്ന ഒന്നല്ല സ്വവർഗലൈംഗികത. ഭൂരിഭാഗം പേർക്കും ജന്മനാ ലഭിക്കുന്ന സവിശേഷതയാണ്. അത് മാറ്റിയെടുക്കാൻ സാധിക്കാത്തത് പോലെ അങ്ങനെ അല്ലാത്ത ഒരാളെ അതിലേക്ക് മാറ്റാനും സാധിക്കില്ല. കുഞ്ഞുങ്ങൾ ഉണ്ടാവാത്തവരുടെ ലൈംഗികബന്ധം കുഞ്ഞുണ്ടാവില്ല എന്ന കാരണം പറഞ്ഞു നിരോധിക്കാമൊ?

7 ) ചെറുപ്രായത്തിൽ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന ആണ്‍കുട്ടികളാണ്‌ മുതിര്‍ന്ന് സ്വവർഗാനുരാഗികളായി മാറുന്നത് .

A: തീർത്തും തെറ്റായ വാദമാണിത്. ഭൂരിഭാഗം പേരിലും ഭ്രൂണാവസ്ഥയില്‍ തന്നെ രൂപം കൊള്ളുന്നതാണ് സ്വവര്‍ഗാഭിമുഖ്യം. ഭ്രൂണത്തിന്റെ വികാസ ഘട്ടത്തില്‍ തലച്ചോറിലെ ഹോര്‍മോണ്‍ വിന്യാസം പലകാരണങ്ങളാല്‍ സ്വവർഗാനുരാഗികളായ പുരുഷന്‍മാർക്ക് സ്ത്രീകളുടെതിനു സമാനമായി ആവുന്നതും സ്വവര്‍ഗാനുരാഗികളായ സ്ത്രീകള്‍ക്ക് തിരിച്ചും ആവുന്നതും ആവാം കാരണം. (ശരീരത്തിന്റെ ബാക്കിഭാഗങ്ങള്‍ അവരുടെ തനതായ ലിംഗത്തിന് അനുസൃതമായി വികസിക്കുകയും ചെയ്യും) (പ്രത്യക്ഷത്തില്‍ തന്നെ ശാരീരിക വ്യതിയാനത്തോടെ ജനിക്കുന്ന ട്രാന്‍സ്ജെന്‍ഡറുകള്‍ ഇതില്‍ നിന്ന് വ്യത്യസ്തരാണ്). സ്ത്രീകളുടെ തലച്ചോര്‍ എന്തെങ്കിലും ജനിതക തകരാറോ ഹോര്‍മോണ്‍ തകരാറോ ഉള്ളതാണ് എന്ന് പറയാന്‍ പറ്റാത്തത് കൊണ്ട് തന്നെ അത്പോലെ സമാനമായ സ്വവര്‍ഗാനുരാഗിയുടെ തലച്ചോറിനെയും എന്തെങ്കിലും തരത്തിലുള്ള തകരാര്‍ എന്ന് വിളിക്കാന്‍ കഴിയില്ല . (സ്വവർഗാനുരാഗികളായ സ്ത്രീകളുടെ തലച്ചോറിന് എതിർലിംഗാനുരാഗികളായ പുരുഷന്മാരുമായും സാമ്യമുണ്ട് ) ഇതിനെ കുറിച്ചെല്ലാമുള്ള പഠനങ്ങള്‍ ഇനിയും നടന്നു കൊണ്ടിരിക്കുന്നു. അതുപോലെ ചെറുപ്രായത്തിലെ ശീലങ്ങളില്‍ നിന്ന് സ്വവര്‍ഗാനുരാഗം വളരാം എന്നതും കൃത്യമായി തെളിയിക്കാന്‍ കഴിയാത്ത കാര്യമാണ്. പീഡിപ്പിക്ക്പ്പെടുന്ന ആണ്‍കുട്ടികളില്‍ എല്ലാവരുമോ അല്ലെങ്കിൽ  മുതിര്‍ന്ന സ്ത്രീകൾ പീഡിപ്പിക്കുന്ന എല്ലാ പെണ്‍കുട്ടികളുമോ ഒന്നും സ്വവര്‍ഗാനുരാഗികള്‍ ആവുന്നില്ല. മൊത്തം സമൂഹത്തിലും സ്വവര്‍ഗാനുരാഗികള്‍ ഉള്ള ശതമാന കണക്ക് അനുസരിച്ച് തന്നെയാണ് പീഡിപ്പിക്കപ്പെടുന്നവരിലെ സ്വവര്‍ഗാനുരാഗികളുടെയും ശതമാനക്കണക്ക്.

8) ജന്മനാ ഇങ്ങനെ ആയവരെ ഞാനും അംഗീകരിക്കുന്നു. സംസ്ഥാനത്തിന് പുറത്ത് ബസ്സിലും ട്രെയ്നിലും എല്ലാം ഇത്പോലുള്ള ആളുകളെ കാണാം എന്നാൽ ശീലം കാരണം ഇങ്ങനെ ആയവരെ മാറ്റിയെടുക്കാൻ സാധിക്കും.

A: ഒരാള്‍ സ്വവര്‍ഗാനുരാഗി ആയത് കൊണ്ട് മാത്രം അയാളെ പെട്ടെന്ന് തിരിച്ചറിയാം എന്നൊന്നും ഇല്ല. നിങ്ങളുടെ ക്ലാസ്സിലും ഓഫീസിലും കുടുംബത്തിലും എല്ലാം അവരുണ്ടാവാം. ലൈംഗിക ന്യൂനപക്ഷങ്ങൾ (Lesbian Gay Bisexual Transgender -LGBT ) എന്ന വിശാല സമൂഹത്തിലെ ന്യൂനപക്ഷങ്ങളായ ട്രൻസ്ജെന്‍ഡറുകളെ കുറിച്ചാവാം നിങ്ങൾ പറയുന്നത്. ഒരു ഗേ അല്ലെങ്കിൽ ബൈസെക്ഷ്വല്‍ പുരുഷനോ സ്ത്രീക്കോ സാധാരണ പുരുഷനിൽ നിന്നോ സ്ത്രീകളിൽ നിന്നോ കാഴ്ചയിൽ ഒരു വത്യാസവും ഉണ്ടാവില്ല. പിന്നെ കൌമാരത്തിലെ ക്യൂരിയോസിട്ടിയുടെ പുറത്ത് എതിർലിംഗാനുരാഗികളായവരും സ്വവര്‍ഗാനുരാഗികളായവരും എല്ലാം തങ്ങളുടെ ലൈംഗികതക്ക് പുറത്ത് ചില സാഹസം എല്ലാം പരീക്ഷിച്ചിട്ടുണ്ടാവാം. ഇതൊരിക്കലും അവരുടെ യഥാര്‍ത്ഥ ലൈംഗികതയായി കാണാനാവില്ല. ഇത് പിന്നീട് മാറുന്നത് ലൈംഗികതയുടെ മാറ്റവും അല്ല. അല്ലാതെ ഒരു സ്വവർഗാനുരാഗിയെ ചികിത്സിച്ച് മാറ്റിയെടുക്കാൻ കഴിയില്ല.

9) സ്വവർഗാനുരാഗം നിയമവിധേയമാക്കിയാൽ കൊച്ചുകുട്ടികളെ ആര് രക്ഷിക്കും?

A: സ്വവർഗാനുരാഗവും കൊച്ചുകുട്ടികളും തമ്മിലെന്ത് ബന്ധം? പ്രായപൂർത്തിയായ ഒരേ ലിംഗത്തിൽ പെട്ടവർക്ക് പരസ്പരസമ്മതത്തോടെ പ്രണയിക്കാനും വേണമെങ്കിൽ വിവാഹം കഴിക്കാനും ലൈംഗികബന്ധത്തിൽ ഏർപ്പെടാനും സ്വാതന്ത്ര്യം വേണം എന്ന് പറയുമ്പോൾ കൊച്ചുകുട്ടികൾ അവിടെ എവിടെ നിന്നാണ് വരുന്നത്? പ്രായപൂർത്തിയായ ആണും പെണ്ണും കല്ല്യാണം കഴിക്കാൻ നിയമമുള്ളത് കൊണ്ടാണോ കൊച്ചു പെണ്‍കുട്ടികൾ പീഡിപ്പിക്കപ്പെടുന്നത്? കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് ആണ്‍കുട്ടി പെണ്‍കുട്ടി എന്നൊന്നുമില്ല; പെണ്‍കുട്ടികളെ അപേക്ഷിച്ച് ആണ്‍കുട്ടികളെ എളുപ്പത്തിൽ ലഭിക്കും എന്ന കാരണത്താൽ മാത്രമാണ് ഇവർ ആണ്‍കുട്ടികൾക്ക് നേരെ തിരിയുന്നത്. പതിനാറ് വയസ്സ് കഴിഞ്ഞ പെണ്‍കുട്ടിക്ക് സ്വന്തം ഇഷ്ടപ്രകാരം ലൈംഗിക ബന്ധത്തിൽ എര്‍പ്പെടാം എങ്കിൽ പതിനാറു കഴിഞ്ഞ ആണ്‍കുട്ടിക്കും എര്‍പ്പെടാം. അത് ഏത് ലൈംഗികതയായാലും നിയമം ഒരുപോലെ ആവണം. ബലം പ്രയോഗിച്ചുള്ള ലൈംഗികബന്ധം സ്വവർഗരതി ആയാലും എതിർലിംഗരതി ആയാലും കുട്ടി ആയാലും പ്രായപൂർത്തിയായവർ ആയാലും ശിക്ഷിക്കപ്പെടെണ്ട കുറ്റമാണ്.

10 ) സ്വവര്‍ഗാനുരാഗം നിയമവിധേയമാക്കുകയാണ് എങ്കിൽ കൊച്ചു കുട്ടികളെ പീഡിപ്പിക്കുന്നവർക്കും മൃഗങ്ങളെ പീഡിപ്പിക്കുന്നവർക്കും കൂടി നിയമ പരിരക്ഷ നല്‍കണം.

A: ഒന്നാമതായി രണ്ടുപേര്‍ പരസ്പരസമ്മതത്തോടെ വേറെ ആരെയും ഉപദ്രവിക്കാതെ ബലം പ്രയോഗിക്കാതെ ലൈംഗികത ആസ്വദിക്കുന്നു എങ്കിൽ അതിനെ എതിർക്കാനോ നിയമം നിർമിച്ച് തടയാനോ ആർക്കും അവകാശമില്ല. മൃഗങ്ങള്‍ക്ക് ആലോചിച്ച് ചിന്തിച്ച് മനുഷ്യനുമായി ബന്ധപ്പെടാൻ സമ്മതം നല്കാൻ കഴിയില്ല. അത് പോലെ ഏതു കരാർ നിയമങ്ങൾ അനുസരിച്ചും പ്രായപൂർത്തിയാവാത്തവർ നല്‍കുന്ന സമ്മതം സമ്മതമായി കണക്കാക്കാൻ കഴിയില്ല; കാരണം അവർക്കും കാര്യങ്ങളുടെ വരുംവാരായ്മകളെ കുറിച്ച് ചിന്തിച്ച് തീരുമാനം കൈകൊള്ളാനുള്ള മാനസിക വളര്‍ച്ച ഉണ്ടായിരിക്കില്ല . അത് കൊണ്ട് സ്വവർഗാനുരാഗവും കൊച്ചുകുട്ടികളെ പീഡിപ്പിക്കുന്നതും മൃഗരതിയും തമ്മിൽ ബന്ധപ്പെടുത്തുക സാധ്യമല്ല.

11 ) എനിക്ക് സ്വവർഗാനുരാഗികളിൽ നിന്ന് ചെറുപ്പകാലത്ത് നിരവധി തിക്താനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇവരെ അത് കൊണ്ട് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.

A: ഞരമ്പ് രോഗികളായ ആളുകള് എല്ലാ വിഭാഗത്തിലും ഉണ്ട്. ബസ്സിൽ സ്ത്രീകളെ ഉപദ്രവിക്കുന്ന എതിർലിംഗാനുരാഗിയായ പുരുഷൻ ഉള്ളത് പോലെ തന്നെ പുരുഷനെ ഉപദ്രവിക്കുന്ന സ്വവര്‍ഗാനുരാഗിയും ഉണ്ടാവാം. ഇവയൊന്നും നിയമവിധേയമാക്കണം എന്ന് ആരും പറയുന്നില്ല. കൊച്ചു പെണ്‍കുട്ടികളെ പീഡിപ്പികുന്ന എതിർലിംഗാനുരാഗിയെ പോലെ ആണ്‍കുട്ടികളെ പീഡിപ്പിക്കുന്ന സ്വവര്‍ഗാനുരാഗിയും ഉണ്ടാവും. ഇവരെയൊക്കെ കണ്ടെത്തി നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരിക തന്നെ വേണം. എന്നാൽ ബസ്സിൽ പുരുഷന്മാർ സ്ത്രീകളെ പീഡിപ്പിക്കുന്നു എന്നതോ പുരുഷന്മാരായ എതിർലിംഗാനുരാഗികൾ കൊച്ചു പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നു എന്നതോ എതിർലിംഗാനുരാഗവും എതിർലിംഗ വിവാഹവും നിരോധിക്കാൻ കാരണമാവുന്നില്ല എങ്കിൽ എന്ത് കൊണ്ട് സ്വവര്‍ഗാനുരാഗത്തെ മാത്രം ഈ കാരണങ്ങൾ വെച്ച് എതിർക്കണം?

12 ) പാശ്ചാത്യ ഗൂഢാലോചനയുടെ ഭാഗമായി പടര്‍ന്നു പിടിക്കുന്നതാണ് സ്വവർഗാനുരാഗവും സ്വവർഗാനുരാഗികൾക്കുള്ള സപ്പോര്‍ട്ടും. നമ്മുടെ സംസ്കാരത്തിൽ അതുണ്ടായിരുന്നില്ല.

A: മനുഷ്യനും മനുഷ്യന്റെ ലൈംഗികതയും ഉണ്ടായ കാലം മുതൽ സ്വവര്‍ഗാനുരാഗവും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. എല്ലാ സമൂഹങ്ങളിലും രണ്ടു മുതൽ പത്തുശതമാനം വരെ ആളുകളള്‍ സ്വവർഗാനുരാഗികളായി ജനിക്കാം. ഭൂരിഭാഗം വലം കയ്യന്മാർക്കിടയിൽ ഇടംകയ്യന്മാർ ജനിക്കുന്നത് പോലെ സ്വാഭാവികം മാത്രമാണത്. ഇതൊരു മാനസിക തകരാറോ ജനിതക തകരാറോ ഹോര്‍മോണ്‍ തകരാറോ ഒന്നുമല്ല. ഒരു സവിശേഷത എന്ന് മാത്രം പറയാം. കാരണം ഇങ്ങനെയുള്ള തകരാറുകൾ ഒന്നും ഒരാള്‍ സ്വവര്‍ഗാനുരാഗി ആയത് കൊണ്ട് മാത്രം കണ്ടെത്തുക സാധ്യമല്ല. അത് കൊണ്ട് തന്നെ അത് ചികിത്സിക്കാനും കഴിയില്ല. സെമിറ്റിക് മതങ്ങള്‍ക്ക് ശേഷമാണ് ഇതിത്ര വലിയ പാപമായി കാണാൻ തുടങ്ങിയത്. മിഷനറി പ്രവർത്തനങ്ങളിലൂടെയും സാമ്രാജ്യത്വത്തിലൂടെയും ലോകം മുഴുവൻ ആധിപത്യം സ്ഥാപിച്ച സെമിറ്റിക് മതങ്ങളാണ് സ്വവര്‍ഗാനുരാഗം കുറ്റകരമാക്കുന്ന എല്ലാ നിയമങ്ങളുടെയും അടിസ്ഥാനം. അതിനു മുന്‍പോന്നും അങ്ങിനെ അല്ലായിരുന്നു. ഗ്രീസിലും ചൈനയിലും ഇന്ത്യയിലും പാശ്ചാത്യർക്ക് മുന്‍പുള്ള അമേരിക്കയിലും എല്ലാം സമൂഹത്തിൽ സമ്മതിയുള്ള  സ്വവര്‍ഗാനുരാഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇസ്ലാമും ക്രിസ്തുമതവും ലോകം മുഴുവൻ വ്യാപിച്ചപ്പോൾ ഈ പാപചിന്തയും വ്യാപിച്ചു. എന്നാൽ ആധുനിക കാലത്ത് തൊഴിലാളികളുടെ അവകാശത്തെ കുറിച്ചും കറുത്തവന്റെ അവകാശത്തെ കുറിച്ചും എല്ലാം പശ്ചാത്യർ പറഞ്ഞു തന്നത് പോലെ തന്നെ സ്വവർഗാനുരാഗികളുടെ അവകാശത്തെ കുറിച്ചും പാശ്ചാത്യര്‍ തന്നെ പറഞ്ഞു തരേണ്ടി വന്നു എന്ന് മാത്രം.

13) സ്വവർഗാനുരാഗികളെയും അവരെ പിന്തുണക്കുന്നവരെയും ദൈവം ശിക്ഷിക്കും എന്ന് എന്റെ വിശ്വാസം പറയുന്നു. സൊദൊമും ഗോമോറയും ദൈവം  തകർത്തത് സ്വവര്‍ഗാനുരാഗം കാരണമായിരുന്നു.

A: നിങ്ങളുടെ അടിസ്ഥാനമില്ലാത്ത അന്ധവിശ്വാസങ്ങളിൽ  അങ്ങനെ പലതും പറയുന്നുണ്ടാവാം. (പല മതങ്ങളുടെയും അനുവദനീയവും നിഷിദ്ധവും ആപേക്ഷികവും പലതും പരിഹാസ്യവും ആണ്) എന്നാൽ അതിനൊക്കെ വിരുദ്ധമായി  സ്വവർഗാനുരാഗികളെ അംഗീകരിക്കുന്ന, അവരെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ തന്നെയാണ് സമാധാനത്തിലും സുരക്ഷിതത്തിലും സമ്പന്നതയിലും ശാസ്ത്രവിദ്യാഭ്യാസ നേട്ടത്തിലും ജീവിതരീതിയിലും എല്ലാം ലോകത്ത് മുന്നിലല്‍ നില്ക്കുന്നത് . ഇതിനെ എതിർക്കുന്ന രാജ്യങ്ങൾ എല്ലാം ഈ ലിസ്റ്റിൽ ഏറ്റവും താഴെ കിടക്കുന്നവയാണ്. കാരണം മനുഷ്യൻ മനുഷ്യനെ മനസിലാക്കുന്നത് പുരോഗതിയുടെ ലക്ഷണം തന്നെയാണ്.


Loading