സ്വവര്‍ഗപ്രണയികളുടെ സന്തുഷ്ടി സൂചിക – 2015

Keralakumar | കേരളകുമാര്‍

പല രാജ്യങ്ങളില്‍ നിന്നുള്ള 1,15,000 സ്വവര്‍ഗാനുരാഗികളായ പുരുഷന്മാരില്‍ നടത്തിയ സര്‍വേയുടെ വിവരം പുറത്തുവന്നു. സ്വവര്‍ഗപ്രണയികളുടെ സന്തുഷ്ടി സൂചിക (Gay Happiness Index) എന്ന് പേരിട്ടിരിക്കുന്ന ഈ സൂചിക ഓരോ രാഷ്ട്രങ്ങളിലും സ്വവര്‍ഗപ്രണയികള്‍ നേരിടുന്ന നല്ലതും ചീത്തയുമായ അനുഭവങ്ങളെപ്പറ്റിയുള്ള ചോദ്യാവലി വഴിയാണ് നിര്‍മിച്ചിരിക്കുന്നത്. പ്ലാനെറ്റ് റോമിയോ എന്ന സ്വവര്‍ഗപ്രണയികളുടെ സോഷ്യല്‍ നെറ്റ് വര്‍ക്ക് വെബ്സൈറ്റ് ആണ് ഈ സര്‍വേ നടത്തിയത്.

സമൂഹത്തില്‍ സ്വവര്‍ഗപ്രണയികളോടുള്ള കാഴ്ചപ്പാട്, മറ്റുള്ളവര്‍ തങ്ങളോട് എങ്ങനെ പെരുമാറുന്നു എന്നുള്ള സ്വവര്‍ഗപ്രണയികളുടെ വിലയിരുത്തല്‍, ജീവിതത്തില്‍ തങ്ങള്‍ അനുഭവിക്കുന്ന സന്തുഷ്ടിയും സ്വീകാര്യതയും എന്നീ മൂന്നു വിഷയങ്ങളാണ് സര്‍വേ പ്രതിപാദിച്ചത്.

സ്വവര്‍ഗപ്രണയികളുടെ സന്തുഷ്ടി സൂചിക – 2015

എഴുപത്തി ഒന്‍പത് മാര്‍ക്ക് നേടിയ ഐസ് ലാന്‍ഡ് ആണ് സര്‍വെയില്‍ ഒന്നാമതെത്തിയത്. നോര്‍വേ, ഡെന്മാര്‍ക്ക്‌, സ്വീഡന്‍ എന്നീ രാജ്യങ്ങള്‍ യഥാക്രമം രണ്ട്, മൂന്ന്, നാല് റാങ്കുകള്‍ കരസ്ഥമാക്കി. ഏറ്റവും സന്തുഷ്ടി അനുഭവിക്കുന്ന സ്വവര്‍ഗപ്രണയികള്‍ പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങളിലാണ് ജീവിക്കുന്നത്. ഏഷ്യന്‍ രാജ്യങ്ങളില്‍ ഏഴാം റാങ്കോടെ ഇസ്രയേല്‍, 16 റാങ്കോടെ തായ് ലാന്‍ഡ്‌ മുതലായവയാണ് മുന്നില്‍. അമേരിക്കന്‍ ഐക്യനാടുകള്‍ക്ക് 26‌‌‍-‍ാമത്തെ സ്ഥാനമേ ഉള്ളൂ. കുവൈറ്റ്‌, ഖത്തര്‍ എന്നിവ അത്ഭുതകരമായി 62, 68 സ്ഥാനങ്ങള്‍ കരസ്ഥമാക്കി (47-48 പേര്‍ മാത്രമേ ഈ രാജ്യങ്ങളില്‍ സര്‍വെയില്‍ പങ്കെടുത്തുള്ളൂ എന്ന് മാത്രം).  ഇന്ത്യക്ക് 37 മാര്‍ക്കോടെ 82 സ്ഥാനമാണ് ലഭിച്ചത്. 7183 പേര്‍ ഇന്ത്യയില്‍ നിന്ന് സര്‍വെയില്‍ പങ്കെടുത്തു. സ്വവര്‍ഗാനുരാഗികള്‍ തീക്ഷ്ണമായ അപായം നേരിടുന്ന ഇറാന്‍, നൈജീരിയ, ഇറാക്ക്, എത്തിയോപ്യ, സുഡാന്‍, ഉഗാണ്ട മുതലായ രാഷ്ട്രങ്ങളാണ് ഏറ്റവും പിന്നില്‍.

ലോകത്തില്‍ 700 കോടി ജനങ്ങളില്‍ അഞ്ചു ശതമാനം എന്ന തോതില്‍ 35 കോടി ജനങ്ങള്‍ സ്വവര്‍ഗാനുരാഗികള്‍ ആണ് എന്നാണ് വിലയിരുത്തല്‍. ഇതിന്റെ പകുതിയായ 17.5 കോടി ജനങ്ങള്‍ സ്വവര്‍ഗാനുരാഗികള്‍ ആണ് എന്ന് കണക്കാക്കിയാല്‍ പോലും താഴെ പറയുന്ന വിവേചനവിവരങ്ങള്‍ നമ്മളെ പിടിച്ചുലയ്ക്കും.

  • 1.3 കോടി സ്വവര്‍ഗപ്രണയികള്‍  തങ്ങളുടെ വീടുകളില്‍ നിന്ന് പുറത്ത്‌ എറിയപ്പെട്ടു.
  • 40 ലക്ഷം സ്വവര്‍ഗപ്രണയികള്‍ 2014-ല്‍ ഗുരുതരമായ ആക്രമണങ്ങള്‍ക്ക് ഇരയായി.
  • 2.2 കോടി സ്വവര്‍ഗപ്രണയികള്‍ക്ക് തങ്ങളുടെ ലൈംഗികചായ്‌വ് കാരണം ജോലി നഷ്ടപ്പെടുകയോ കിട്ടാതിരിക്കുകയോ ചെയ്തു.
  • 70 ലക്ഷം സ്വവര്‍ഗപ്രണയികള്‍ എതിര്‍ലിംഗത്തില്‍ ഉള്ള വ്യക്തിയെ വിവാഹം കഴിച്ചു ജീവിക്കേണ്ടി വരുന്നു.
  • 6.6 കോടി സ്വവര്‍ഗപ്രണയികള്‍ മാതാപിതാക്കളോട് ‘പുറത്തുവരല്‍’ നടത്തിയിട്ടില്ല.
  • 4.1  കോടി സ്വവര്‍ഗപ്രണയികള്‍ തങ്ങളുടെ രാഷ്ട്രത്തില്‍ നിന്ന് രക്ഷപെടണം എന്ന് ആഗ്രഹിക്കുന്നു.

Loading