മെക്സിക്കോയില്‍ സ്വവര്‍ഗവിവാഹം നിയമവിധേയം

Keralakumar | കേരളകുമാര്‍

MexicoMapമെക്സിക്കോ സുപ്രീംകോടതി രാജ്യത്തെ 32 സംസ്ഥാനങ്ങളിലും സ്വവര്‍ഗവിവാഹം നിയമവിധേയമാക്കി ഉത്തരവ് പുറപ്പെടുവിച്ചു. ജലിസ്കോ സംസ്ഥാനത്തില്‍ സ്വവര്‍ഗവിവാഹത്തിനെതിരെ നിലനിന്നിരുന്ന നിയമം ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചു. മെക്സിക്കോ സിറ്റി, ഷിവാവ, കൊയവില, നയാരീറ്റ്, കിന്‍‌റ്റാന റോ എന്നീ സംസ്ഥാനങ്ങളില്‍ സ്വവര്‍ഗവിവാഹം നേരത്തെതന്നെ നിയമവിധേയമായിരുന്നു. എല്ലാ മെക്സിക്കന്‍ സംസ്ഥാനങ്ങളും മറ്റു സംസ്ഥാനങ്ങളില്‍ നടന്ന വിവാഹങ്ങള്‍ക്ക് അംഗീകാരം നല്‍കണമെന്ന് നേരത്തെ തന്നെ സുപ്രീംകോടതി വിധിച്ചിരുന്നു.

ജലിസ്കോ സംസ്ഥാനത്തിന്റെ സിവില്‍ കോഡിന്റെ 260-വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് കോടതി വിധിച്ചു. വ്യക്തികളുടെ സ്വതന്ത്രമായ വ്യക്തിത്വവികസനത്തിന്‌ ഈ വകുപ്പ് തടസ്സമാണെന്ന് കോടതി കണ്ടെത്തി. സ്വവര്‍ഗാനുരാഗികള്‍ക്ക് വേറിട്ട പെരുമാറ്റം നല്‍കുക വഴി ഈ വകുപ്പ് പരസ്പരതുല്യത എന്ന അടിസ്ഥാനതത്വം ലംഘിച്ചതായും കോടതി പറഞ്ഞു.

സുപ്രീംകോടതിയുടെ അനുവാദം വഴി സ്വവര്‍ഗദമ്പതികള്‍ വിവാഹം കഴിക്കുന്നത്‌ തടയുന്നതിനായി വിവാഹം ഇതരവര്‍ഗദമ്പതികള്‍ക്ക് മാത്രമായി നിജപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആണ് ജലിസ്കോ ഈ നിയമം കൊണ്ടുവന്നത്.

ഇത്തരത്തിലുള്ള കോടതി ഇടപെടലുകള്‍ ഒഴിവാക്കുന്നതിനായി എല്ലാ മെക്സിക്കന്‍ സംസ്ഥാനങ്ങളും അവരുടെ നിയമങ്ങളില്‍ ആവശ്യമായ തിരുത്തലുകള്‍ കൊണ്ടുവരണമെന്ന് സുപ്രീംകോടതി ജഡ്ജി ഓള്‍ഗ സാഞ്ചസ് താക്കീത് ചെയ്തു.

(വാര്‍ത്തയ്ക്ക് കടപ്പാട് ഗേസ്റ്റാര്‍ന്യൂസ്)

 

Loading