സ്വവർഗലൈംഗികതയുടെ ജനിതകവശങ്ങൾ

ലേഖകന്‍: വിഷ്ണു നാരായണൻ എം.

അനേകം ജീനുകളുടെ പ്രവര്‍ത്തനഫലമാണ് മനുഷ്യരിലെ സ്വവർഗലൈംഗികപെരുമാറ്റം എന്ന് ഗവേഷണപഠനം

ജീവജാലങ്ങളുടെ ലൈംഗികതയോട് കെട്ടുപിണഞ്ഞു കിടക്കുന്ന കഥയാണ് സ്വവർഗലൈംഗികപെരുമാറ്റം (same-sex sexual behavior). മനുഷ്യൻ അടക്കം അനേകം പക്ഷിമൃഗാദികളിലും പ്രാണികളിലും സ്വവർഗലൈംഗികപെരുമാറ്റം കാണപ്പെടുന്നുവെങ്കിലും, ആധുനികശാസ്ത്രത്തിന്റെ കാഴ്ചപ്പാടിൽ അത് ഇന്നും ചുരുളഴിയാത്ത ഒരു രഹസ്യമായി തുടരുന്നു. ശാസ്ത്രീയഗവേഷണങ്ങളും വൈദ്യശാസ്ത്രവും സ്വവർഗലൈംഗികതയെ (homosexuality) നൈസര്‍ഗികമായി അംഗീകരിച്ചത് ലൈംഗികന്യൂനപക്ഷങ്ങളുടെ സാമൂഹികാവകാശങ്ങൾക്കും അതിജീവനത്തിനും വേണ്ടിയുള്ള പോരാട്ടങ്ങളുടെ കാതൽ ആവുകയും ചെയ്തു. സ്വവർഗലൈംഗികപെരുമാറ്റത്തെ അനുബന്ധിച്ച് ഇന്നു വരെ പ്രസിദ്ധീകരിച്ച ശാസ്ത്രീയപഠനങ്ങൾ ഒരു വ്യക്തിയുടെ പാരമ്പര്യ ജനിതകത്തിലേക്കും (hereditary genetics), ഉപരിപാരമ്പര്യ ജനിതകത്തിലേക്കും (epigenetics) കൂടാതെ ബാഹ്യമായ ഘടകങ്ങളിലേയ്ക്കും വിരൽചൂണ്ടുന്നു. കൂടാതെ ഒന്നിലധികം ജീനുകള്‍  (gene) ജനിതകഘടകങ്ങള്‍ (genetic factors), X-ക്രോമോസോമിലെ (chromosome) ഘടകങ്ങൾ തുടങ്ങിയവ സ്വവർഗലൈംഗികതാല്പര്യവുമായി ബന്ധപെട്ടു കിടക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും ഇതുവരെ ഒരു ജനിതക നിർണയഘടകത്തിന്റെ (genetic determinant) പ്രഭാവം കൊണ്ടുമാത്രം സ്വവർഗലൈംഗികാഭിനിവേശം ഉടലെടുക്കുന്നു എന്നു പറയാൻ സാധിച്ചിട്ടില്ല. ഇങ്ങനെയുള്ള ജനിതകനിർണയഘടകത്തിനെ മാധ്യമങ്ങള്‍ ‘ഗേ ജീൻ’ (gay gene) എന്നു പൊതുവെ പരാമർശിക്കാറുണ്ട്. അങ്ങിനെ ഉള്ള ഒരു ‘ഗേ ജീനിനു’ (gay gene) വേണ്ടിയുള്ള തിരച്ചില്‍ ശാസ്ത്രലോകത്ത് ഇന്നും തുടരുന്നതിന്റ പശ്ചാത്തലമാണ് ഈ ലേഖനത്തിന്റെ ഇതിവൃത്തം.

അടുത്തിടെ സ്വവർഗലൈംഗികപെരുമാറ്റത്തിന്റെ ജനിതകരഹസ്യം തേടിയുള്ള ഒരു ശാസ്ത്രപഠനം ‘സയൻസ്’ എന്ന ശാസ്ത്രമാസികയിൽ പ്രസിദ്ധീകരിക്കപ്പെട്ടു. ഇന്നുവരെ പ്രസിദ്ധീകരിച്ച പഠനങ്ങളിൽവച്ച് ഏറ്റവും കൂടുതൽ വ്യക്തികളെ (അല്ലെങ്കിൽ samples) ഉൾപ്പെടുത്തി എന്നത് ഈ പഠനത്തിന്റെ നിഗമനങ്ങൾക്കു മുൻതൂക്കം നൽകുന്നു. 

ഓരോ ജീവജാലങ്ങളുടെയും നിർമ്മിതി മുതൽ ഓരോ സ്വഭാവവ്യതിയാനങ്ങളും നിര്‍ദേശിക്കുന്നതും നിലനിർത്തുന്നതും അവയുടെ ഡി.എൻ.എ. (DNA) ആണ്. ഡി.എൻ.എ.യിലെ അടിസ്ഥാനപ്രവർത്തനഘടകം ആയ ജീനുകളാണ് (gene) അവയില്‍നിന്നുല്ഭവിക്കുന്ന പ്രോട്ടീനുകള്‍ക്ക് (protein) ആധാരമാവുന്നതു വഴി ശാരീരികപ്രക്രിയകള്‍ നിയന്ത്രിക്കുന്നത്. ഏതെങ്കിലും ഒരു പ്രവർത്തനസവിശേഷത അഥവാ സ്വഭാവസവിശേഷത (ഉദാ. പൂച്ചക്കണ്ണ്) പ്രകടിപ്പിക്കുന്ന ഒരു കൂട്ടം വ്യക്തികളുടെ ഡി.എൻ.എ.യിലെ ഏക-ന്യുക്ലിയോറ്റൈഡ് വ്യതിയാനങ്ങൾ (Single Nucleotide Polymorphism, SNP), മേൽപ്രതിപാദിച്ച സ്വഭാവസവിശേഷത ഇല്ലാത്ത വ്യക്തികളുടെ ഡി.എൻ.എ.യുടെ ഏക-ന്യുക്ലിയോറ്റൈഡ് വ്യതിയാനങ്ങളുമായി താരതമ്യം ചെയ്ത് ഈ പറഞ്ഞ സവിശേഷതകൾ ഉൾകൊള്ളുന്ന ജീനുകളെ തിരിച്ചറിയാം. അതായത് സവിശേഷത നൽകുന്ന ജീനുകൾ ഉൾപ്പെടുന്ന ഡി.എൻ.എ. ഭാഗങ്ങളിലെ ഏക-ന്യുക്ലിയോറ്റൈഡ് വ്യതിയാനങ്ങൾ ഒരേപോലെ കാണപ്പെടും എന്നതാണ് ഈ അനുമാനത്തിന്റെ യുക്തി.

സ്വവർഗരതിയിൽ (sexual intercourse with same-sex) ഏർപ്പെട്ടു എന്നു വെളിപ്പെടുത്തിയ വ്യക്തികളുടെ ഡി.എൻ.എ.യിലെ ഏക-ന്യുക്ലിയോറ്റൈഡ് വ്യതിയാനങ്ങൾ അങ്ങനെയല്ലാത്ത വ്യക്തികളുടെ ഡി.എൻ.എ.യിലെ ഏക-ന്യുക്ലിയോറ്റൈഡ് വ്യതിയാനങ്ങളുമായി ഈ ഗവേഷണത്തിന്റെ ഭാഗമായി താരതമ്യം ചെയ്‌തു. അതിൽ നിന്നും സ്വവർഗലൈംഗികാഭിനിവേശത്തിന്റെ ജനിതകഘടങ്ങളെ തിരിച്ചറിയാൻ ശ്രമിച്ചു. യുണൈറ്റഡ് കിങ്ഡത്തിൽ (UK) നിന്നുമുള്ള 4,08,995 വ്യക്തികളേയും യുണൈറ്റഡ് സ്റ്റേസിൽ (USA) നിന്നുമുള്ള 68,527 വ്യക്തികളേയുമാണ് (അഥവാ, അത്രയും വ്യക്തികളുടെ ഡി.എൻ.എ) പഠനത്തിന് വിധേയമാക്കിയത്. ഈ പഠനത്തിന് വിധേയമായ യുണൈറ്റഡ് കിങ്‌ഡത്തിലെ  വ്യക്തികളിൽ 4.1% പുരുഷന്മാരും  2.8% സ്ത്രീകളും സ്വവർഗരതിയിൽ ഏർപ്പെട്ടതായി രേഖപ്പെടുത്തിയിരിക്കുന്നു.

ഈ ഗവേഷണത്തിന്റെ സുപ്രധാനനിഗമനമായി പറയുവാൻ കഴിയുന്നതെന്തെന്നാല്‍ സ്വവർഗ-ലൈംഗികാഭിനിവേശം ഒരു ജീനിന്‍റെയോ കുറച്ചു ജീനുകളുടെയോ പ്രവര്‍ത്തനഫലമല്ല, മറിച്ച് അനേകം ജീനുകളുടെ, ജനിതകവൈവിധ്യത്തിന്റെ പ്രവർത്തനഫലമാണ് എന്നതാണ്. ഒരു ജീന്‍ കാരണമോ, ഒരു ജനിതക വ്യതിയാനം കാരണമോ മാത്രം കൊണ്ടു സ്വവർഗലൈംഗികതാല്പര്യം ഉണ്ടാകും എന്ന് പറയുവാൻ കഴിയുകയില്ല. ഈ ജനിതക മൂല്യങ്ങൾ സ്വവർഗലൈംഗികാഭിനിവേശത്തിലേക്ക് വിരൽചൂണ്ടുന്നു എന്ന് മാത്രമേ പറയാന്‍ കഴിയൂ. ജനിതകമായി ഒരു ‘ഗേ ജീനോ’ ഘടകമോ (gay gene or factor) എന്ന് ചൂണ്ടിക്കാണിക്കുവാൻ ഒന്നില്ല. ഒരു ജനിതക തകരാർ ആയി സ്വവർഗലൈംഗികാഭിനിവേശത്തെ കാണുവാൻ കഴിയില്ല എന്ന് മാത്രമല്ല, സ്വവർഗലൈംഗികാഭിനിവേശം നമ്മുടെ ജനിതകവസ്തുവില്‍ ഉടനീളം ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു എന്നാണ് പറയാന്‍ കഴിയുക..

രണ്ടാമതായി എടുത്തു പറയേണ്ടത് സ്വവർഗലൈംഗികാഭിമുഖ്യവുമായി ബന്ധപ്പെട്ടേക്കാം എന്ന് മുൻപേ ചൂണ്ടിക്കാണിക്കപ്പെട്ട X-ക്രോമോസോമിലെ ഭാഗങ്ങൾ ഈ പഠനത്തിൽ വെളിപ്പെട്ടുവന്നിട്ടില്ല. X-ക്രോമസോമിലെ ചില ഘടകങ്ങൾ ഒരു വ്യക്തിയുടെ സ്വവർഗലൈംഗികാഭിനിവേശത്തെ നിയന്ത്രിക്കുന്നു എന്ന പഴയ അനുമാനത്തെ ഈ പഠനഫലം ചോദ്യം ചെയ്യുന്നു.

സ്വവർഗലൈംഗികാഭിനിവേശവുമായി ബന്ധപ്പെട്ടുകിടക്കുന്നു എന്ന് ഈ ഗവേഷണത്തിൽ കണ്ടെത്തിയ ജീനുകളില്‍ ചിലത് പുരുഷ-കഷണ്ടിയുമായി ബന്ധപ്പെട്ട (ടെസ്റ്റോസ്റ്റിറോൺ എന്ന ലൈംഗികഹോർമോൺ വഴിയുള്ള നിയന്ത്രണങ്ങളെ ഇവ സൂചിപ്പിക്കുന്നു) ജീനുകളും ഘ്രാണശക്തിയുമായി ബന്ധപ്പെട്ട ജീനുകളുമാണ്. ഈ കണ്ടെത്തിയ ജീനുകൾ എല്ലാം തന്നെയും മനുഷ്യലൈംഗികതയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതും എടുത്തു പറയേണ്ടവയാണ്. ഇങ്ങിനെ കണ്ടെത്തിയ ഡി.എൻ.എ. അടയാളങ്ങൾ (DNA markers) പോലും വെറും ഒരു ശതമാനത്തിൽ താഴെ വ്യക്തികളുടെ സ്വവർഗലൈംഗികാഭിനിവേശവുമായി മാതമേ ബന്ധപ്പെട്ടു കിടക്കുന്നുള്ളൂ എന്ന് ഉറപ്പായി പറയാന്‍ സാധിക്കൂ. ഡി.എൻ.എ.യിലെ ഏക-ന്യുക്ലിയോറ്റൈഡ് വ്യതിയാനങ്ങൾ (Single Nucleotide Polymorphisms, SNP) എന്ന പരീക്ഷണനയം മാത്രം മുൻനിർത്തി നിഗമനത്തിൽ എത്തിയതാണ് ഈ ഗവേഷണത്തിന്റെ ഫലങ്ങള്‍. വിവിധ-തരം  പരീക്ഷണ നയങ്ങൾ കൂടി ഭാവിഗവേഷണങ്ങളിൽ ഉൾപ്പെടുത്തിയാൽ ഈ പഠനത്തിന്റെ നിഗമനങ്ങളിൽ കൂടുതൽ വ്യക്തത ലഭിച്ചേക്കാം. 

ഇതുവരെ നടത്തിയിട്ടുള്ളതിൽ ഏറ്റവും കൂടുതൽ വ്യക്തികളെ ഉൾപ്പെടുത്തി നടത്തിയ ഈ ഗവേഷണത്തിൽ നിന്നും നാം മനസ്സിലാക്കേണ്ടത് താഴെ പറയുന്നവയാണ്‌. മനുഷ്യ ലൈംഗികതയുടെ വൈപുല്യത്തിലേയ്ക്കും വൈവിധ്യത്തിലേയ്ക്കും ഈ പഠനത്തിന്റെ നിഗമനങ്ങൾ വിരൽ ചൂണ്ടുന്നു. മനുഷ്യന്റെ സ്വവർഗലൈംഗികാഭിനിവേശത്തിന്റെ ജനിതകഘടകങ്ങൾ നാം കരുതുന്നതിലേറെ സങ്കീർണമാണ്. ഒരു ജനിതകവ്യതിയാനത്തിന്‍റെയോ ജീനിന്‍റെയോ നിയന്ത്രണ നിയന്ത്രണഫലമല്ല സ്വവർഗലൈംഗികതാല്പര്യം. അതായത് ‘ഗേ ജീനോ’ ഘടകമോ (gay gene or factor) എന്നൊന്നില്ല. മനുഷ്യരാശിയുടെ സ്വവർഗലൈംഗികാഭിനിവേശം നിയന്ത്രിക്കുന്നതിൽ അനേകം ജീനുകൾ ഭാഗഭാക്കാവുന്നു. സ്വവർഗലൈംഗികാഭിമുഖ്യം ചികിത്സയ്ക്ക് വിധേയമക്കേണ്ടതോ ജനിതക തകരാറായോ ഉള്ള അവസ്ഥ അല്ല എന്നുള്ള ആധുനിക ശാസ്ത്രത്തിന്റെ കാഴ്ചപ്പാടിനെ ഈ ഗവേഷണം ശക്തിപ്പെടുത്തുന്നുണ്ട് എന്നും വിലയിരുത്തേണ്ടിയിരിക്കുന്നു.

ലേഖനത്തിനു അവലംബമായ ഗവേഷണ പ്രസിദ്ധീകണം:

https://science.sciencemag.org/content/365/6456/eaat7693

പ്രസ്തുത പഠനത്തിന്റെ അവലോകന ലേഖനങ്ങൾ:

https://science.sciencemag.org/content/365/6456/869

https://www.sciencemag.org/news/2019/08/genetics-may-explain-25-same-sex-behavior-giant-analysis-reveals

(ഹൈദരാബാദിലെ സി.എസ്.ഐ.ആര്‍.- സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യൂലാർ ബയോളജി (CSIR-CCMB) എന്ന ഗവേഷണസ്ഥാപനത്തിൽ പിഎച്ച്ഡി ഗവേഷണ വിദ്യാർത്ഥിയാണ് ലേഖകൻ.)

Loading

Leave a Comment

This site uses Akismet to reduce spam. Learn how your comment data is processed.