സുഹൃത്തുക്കള്‍ക്കുള്ള വഴികാട്ടി

Keralakumar | കേരളകുമാര്‍

എന്റെ സുഹൃത്ത്‌ അവന്‍ ഒരു സ്വവര്‍ഗപ്രേമിയാണെന്ന് എന്നോട് വെളിപ്പെടുത്തി. ഞാന്‍ എന്ത് ചെയ്യണം?

താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് താങ്കളുടെ സുഹൃത്ത്‌ താങ്കളോട് പറഞ്ഞു എന്നതിനര്‍ത്ഥം നിങ്ങള്‍ വിശ്വാസ്യനായ, സഹാനുഭൂതിയുള്ള ഒരു വ്യക്തിയാണ് എന്നാണ്. വളരെ ചിന്തിച്ചതിനുശേഷമായിരിക്കാം അദ്ദേഹം നിങ്ങളോട് ഇത് പറഞ്ഞത്.

ആദ്യമായി മനസ്സിലാക്കേണ്ട കാര്യം നിങ്ങളുടെ സുഹൃത്ത്‌ ഇന്നലെക്കണ്ട അതെ വ്യക്തി തന്നെയാണ് എന്നതാണ്. നിങ്ങളോടുള്ള അവന്റെ സ്നേഹവും മറ്റും ഒട്ടും കുറഞ്ഞിട്ടില്ല. അവരെപ്പറ്റി നിങ്ങള്‍ക്ക് കുറച്ചുകൂടുതല്‍ അറിയാം എന്നേയുള്ളു.


ചെയ്യണ്ടത് 


ഈ രഹസ്യം പറഞ്ഞതിന് അവനോട്/അവളോട്‌ നന്ദി പറയുക: അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ രഹസ്യമാവാം അവന്‍/അവള്‍ നിങ്ങളോട് പറഞ്ഞത്. എന്തെങ്കിലും പറയുകയോ ചെയ്യുകയോ ചെയ്യുന്നതിന് മുമ്പ് ആലോചിക്കുക; നിങ്ങളുടെ ആദ്യപ്രതികരണം പ്രധാനമാണ്. നിങ്ങളോടുള്ള സുഹൃത്ബന്ധം നഷ്ടപ്പെടുമോ, നിങ്ങള്‍ അവരെ പരിത്യജിക്കുകയോ അപമാനിക്കുകയോ ചെയ്യുമോ എന്ന ഭയം അവര്‍ക്കുണ്ടാവാം. സുഹൃത്തുക്കളുടെയും അടുപ്പമുള്ളവരുടെയും തിരസ്കരണം അവര്‍ക്ക് വലിയ മാനസിക വിഷമം ഉണ്ടാക്കും. അതിനാല്‍ ഏറ്റവും വ്യക്തിപരമായ ഈ രഹസ്യം നിങ്ങളോട് പറഞ്ഞതില്‍ അവരോട് നന്ദി പറയുക. പുഞ്ചിരിക്കുക, ആലിംഗനം ചെയ്യുക.

നിങ്ങളുടെ വിശ്വാസപ്രമാണങ്ങള്‍ എന്തായിരുന്നാലും സുഹൃത്തിനോട്‌ നന്നായി മാത്രം പെരുമാറുക: ഈ രഹസ്യം കേള്‍ക്കുമ്പോള്‍ മനസ്സില്‍ ആഘാതമോ നിരാശയോ ഉണ്ടാവാം. എന്നിരുന്നാലും അവരോടു മോശമായി പെരുമാറാതിരിക്കുക. ഇപ്പോള്‍ അവരെ ഹൃദയപൂര്‍വം സ്വീകരിക്കാന്‍ നിങ്ങള്‍ തയ്യാറല്ലെങ്കില്‍ ഈ വാര്‍ത്ത‍ സ്വീകരിക്കുവാന്‍ കൂടുതല്‍ സമയം വേണം എന്ന് അവരോടു പറയാം.

ചോദ്യങ്ങള്‍ ചോദിക്കുക: നന്ദി പറയുക, ആലിംഗനം ചെയ്യുക എന്നിവയൊന്നും ചെയ്യാനുള്ള മനസ്ഥിതിയിലല്ല താങ്കള്‍ എങ്കില്‍ കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കാവുന്നതാണ്. ചോദ്യങ്ങള്‍ക്ക് തയ്യാറായിത്തന്നെയായിരിക്കും സുഹൃത്ത്‌ വന്നിരിക്കുക. “വേറെ ആര്‍ക്കൊക്കെ അറിയാം?” “നിനക്ക് ഒരു പങ്കാളി/കാമുകന്‍/കാമുകി ഉണ്ടോ?” “വീട്ടില്‍ പറഞ്ഞിട്ടുണ്ടോ?” എന്നൊക്കെ ചോദിക്കുന്നതില്‍ തെറ്റില്ല. ഒന്നും ചോദിക്കാന്‍ അറിയില്ലെങ്കില്‍ അവര്‍ പറയുന്നത് ക്ഷമാപൂര്‍വ്വം കേട്ടിരുന്നാല്‍ മതി. അതുതന്നെയാവാം നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ സഹായം.

ഇതുവരെ നിങ്ങള്‍ എങ്ങനെ ഒരുമിച്ചു സുഹൃത്ബന്ധം ആസ്വദിച്ചിരുന്നോ അതുപോലെ തന്നെ തുടരുക: ഓര്‍ക്കുക, നിങ്ങള്‍ ഇന്നലെ വരെ കണ്ട അതെ സുഹൃത്ത്‌ തന്നെയാണ് അവന്‍/അവള്‍. അവര്‍ മാറിയിട്ടില്ല, നിങ്ങളും മാറാതിരിക്കുക.  ഇന്നലെ വരെ നിങ്ങള്‍ ഒരുമിച്ചു ഫുട്ബോള്‍ കളിച്ചിരുന്നു എങ്കില്‍ ഇന്നും അങ്ങനെത്തന്നെ ചെയ്യുക.


ചെയ്യരുതാത്തത്‌


മറ്റാരോടും വെളിപ്പെടുത്തരുത്: അവരുടെ അനുവാദം ഇല്ലാതെ ഈ വാര്‍ത്ത മറ്റാരോടും പറയരുത്. ഗേ ആയ വ്യക്തികള്‍ക്ക് “പുറത്തുവരുന്ന”തില്‍ പല ഘട്ടങ്ങള്‍ ഉണ്ട്. തന്നോട് തന്നെ പുറത്തുവരുക, ആത്മസുഹൃത്തുക്കളോട് തുറന്നുപറയുക, കുടുംബാംഗങ്ങളോട് തുറന്നുപറയുക, ജോലിസ്ഥലത്ത് തുറന്നുപറയുക എന്നിങ്ങനെ. അതിനാല്‍ ഇക്കാര്യം വേറെ ആരോടും പറയണ്ട. പറഞ്ഞ വാക്ക് ആന പിടിച്ചാലും തിരിച്ചു വരില്ലല്ലോ.  

സ്വവര്‍ഗഭീതി (homophobia) നിറഞ്ഞ അഭിപ്രായപ്രകടനങ്ങള്‍ നടത്താതിരിക്കുക: Homophobic ആയ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്ന വ്യക്തിയോട് അവരുടെ സുഹൃത്തുക്കള്‍ അവരുടെ രഹസ്യം തുറന്നു പറയില്ല. പലപ്പോഴും നിങ്ങളുടെ ഏറ്റവും വലിയ സുഹൃത്ത്‌ ഇത്തരം അഭിപ്രായപ്രകടനത്തില്‍ കടുത്ത മാനസികവിഷമം അനുഭവിക്കുന്ന closeted ആയ ഗേ ആയിരിക്കാം. അറിഞ്ഞോ അറിയാതെയോ അവരെ വേദനിപ്പിക്കാതിരിക്കുക.

ഗേ/ലെസ്ബിയന്‍/ ട്രാന്‍സ് ജെന്‍ഡര്‍ ആയ സുഹൃത്തുക്കളെ മറ്റുള്ളവര്‍ ഭീഷണിപ്പെടുത്താനോ കളിയാക്കാനോ അനുവദിക്കാതിരിക്കുക: സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഇതരലൈംഗികരെ കളിയാക്കുകയോ ബുദ്ധിമുട്ടിക്കുകയോ ചെയ്യുന്നുണ്ടാവാം. നിങ്ങള്‍ അങ്ങനെ ചെയ്യാതിരിക്കുക. മറ്റുള്ളവരെ അങ്ങനെ ചെയ്യാന്‍ അനുവദിക്കാതിരിക്കുക. “നിങ്ങള്‍ പറഞ്ഞ കാര്യം അത്ര തമാശയായി എനിക്ക് തോന്നുന്നില്ല” “നിങ്ങള്‍ പറഞ്ഞതിനോട് എനിക്ക് യോജിക്കാനാവില്ല” എന്നോ അവരോടൊക്കെ പറയാവുന്നതാണ്.  ഓര്‍ക്കുക, മറ്റുള്ളവര്‍ എതിര്‍ക്കാതിരിക്കുമ്പോള്‍ ആണ് തെമ്മാടികള്‍ ജനിക്കുന്നത്.

ഇരട്ടത്താപ്പ് കാണിക്കാതിരിക്കുക: നേരിട്ട് കാണുമ്പോള്‍ പാലും തേനും ഒഴുക്കുകയും അല്ലാത്തപ്പോള്‍ ഏഷണികൂട്ടുകയും ചെയ്യുന്ന ഒരു സുഹൃത്തിനെക്കാള്‍ വലിയ ഒരു ദുരന്തം ഉണ്ടാവാനില്ല. മധുരം പറഞ്ഞില്ലെങ്കിലും ഏഷണി കൂട്ടാതിരിക്കുക.  

അവരുടെ ലൈംഗികജീവിതത്തെപ്പറ്റി ചോദ്യങ്ങള്‍ ചോദിക്കാതിരിക്കുക: നിങ്ങള്‍ എങ്ങനെ സെക്സ് ചെയ്യും, എന്താണ് താങ്കളുടെ കിടപ്പറയിലെ പൊസിഷന്‍, നിങ്ങള്‍ക്ക് എന്തെങ്കിലും ലൈംഗികരോഗങ്ങള്‍ ഉണ്ടോ, എന്തെങ്കിലും സവിശേഷ ലൈംഗികതാല്പര്യം (fetish) ഉണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ ഒന്നും ചോദിക്കണ്ട.

ഉപദേശിക്കാതിരിക്കുക: നിങ്ങളുടെ മതപരമോ രാഷ്ട്രീയമോ ആയ ചിന്തകളോ അഭിപ്രായങ്ങളോ ഉപദേശങ്ങളോ അനാവശ്യമായി കൊടുക്കാതിരിക്കുക. ലൈംഗികതയെപ്പറ്റി ഒരു സംവാദം നടത്താനായല്ല അവന്‍/അവള്‍ നിങ്ങളോട് ഇത് തുറന്നു പറഞ്ഞത്. മനസ്സിന്റെ വാതായനങ്ങള്‍ തുറന്നിടുക.

തെറ്റായ നാമവിശേഷണം ഉപയോഗിക്കാതിരിക്കുക: ട്രാന്‍സ് ജെന്‍ഡര്‍ (transgender) ആയി പുറത്തുവന്ന ഒരു വ്യക്തി മറ്റുള്ളവര്‍ തന്നെ തന്റെ മനസ്സിന്റെ ലിംഗത്തിനനുസരിച്ചുള്ള നാമവിശേഷണം ഉപയോഗിച്ച് വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നുണ്ടാവും. ഉദാഹരണത്തിന് ശരീരം കൊണ്ട് പുരുഷനും മനസ്സ്കൊണ്ട് സ്ത്രീയും ആയ ഒരു വ്യക്തിയെ “അവള്‍” എന്ന് വിശേഷിപ്പിക്കുക. അവര്‍ക്ക് കൊടുക്കാവുന്ന വലിയ ഒരു ബഹുമാനം ആണത്.

വാല്‍ക്കഷണം: 

  • നിങ്ങളോട് അവര്‍ക്ക് എന്തെങ്കിലും ലൈംഗികമായ താല്പര്യം ഉള്ളത്കൊണ്ടാണ് ഇത് തുറന്നു പറഞ്ഞത് എന്ന് തെറ്റിദ്ധരിക്കണ്ട.
  • ഗേ ആയി എല്ലാവരോടും ‘പുറത്തുവന്ന’ ഒരു വ്യക്തി തന്റെ കൂടെ നടന്നാല്‍ താനും ഗേ ആണ് എന്ന് മറ്റുള്ളവര്‍ ധരിക്കുമോ എന്ന് പേടിക്കണ്ട.
  • എല്‍.ജി.ബി.ടി.യെക്കുറിച്ചും അത്തരം വ്യക്തികളെപ്പറ്റിയും കൂടുതല്‍ മനസ്സിലാക്കുക.
  • എല്‍.ജി.ബി.ടി.കളുടെ മിത്രമായിരിക്കുക. Homophobic അഭിപ്രായങ്ങള്‍ പറയാതിരിക്കുക, പറയാന്‍ അനുവദിക്കാതിരിക്കുക. എല്‍.ജി.ബി.ടി.കള്‍ക്ക് ഭീഷണികള്‍ നേരിടേണ്ടി വരാത്ത, സന്തോഷമുളവാക്കുന്ന ചുറ്റുപാട് ഉണ്ടാക്കുക.
  • നിങ്ങള്‍ മുമ്പ് എല്‍.ജി.ബി.ടി. ആയ ആരോടെങ്കിലും അവരുടെ ലൈംഗികതമൂലം മോശമായി പെരുമാറിയിട്ടുണ്ട് എങ്കില്‍ വൈകിയിട്ടില്ല, അവരോടു വീണ്ടും സമ്പര്‍ക്കം സ്ഥാപിക്കുക, ക്ഷമ ചോദിക്കുക.

കടപ്പാട് : www.gaymanners.comhttp://www.care2.com/

Loading