നികേഷിനും സോനുവിനും പറയാനുള്ളത്…

ലൈംഗികന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ കേരളത്തിൽ ഒട്ടുമേ ആവതരിപ്പിക്കപ്പെടാത്ത ഒരു വിഷയമാണ് സ്വവർഗപ്രണയികളുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള അനുഭവങ്ങൾ. ഐ.പി.സി 377-ആം വകുപ്പ് ഭേദഗതി ചെയ്തതിനിപ്പുറം ഒരു വർഷമാവുമ്പോൾ കേരളത്തിൽ സ്വവർഗാനുരാഗികളുടെ ദൃശ്യതക്ക് മുതൽകൂട്ടാവുകയാണ് മലയാളികളായ നികേഷിന്റെയും സോനുവിന്റെയും പ്രണയവും അതിന്റെ വെളിപ്പെടുത്തലും. സ്വവർഗദമ്പതികളായ നികേഷും സോനുവുമായി ക്വിയറള നടത്തിയ ഈ അഭിമുഖത്തിൽ തങ്ങളുടെ പ്രണയത്തെപ്പറ്റിയും അതിനെക്കുറിച്ചു അവരുടെ വീടുകളിൽ അവതരിപ്പിച്ചപ്പോളുണ്ടായ പ്രതികരണത്തെക്കുറിച്ചും ഇവർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുന്നു.

പ്രണയത്തിനു ജൻഡർ ഇല്ലാ എന്ന് നാം സ്ഥിരം കേൾക്കുമ്പോഴും ഹെറ്ററോനോർമെറ്റിവ് അല്ലാത്ത പ്രണയബന്ധങ്ങളെ ആനുകാലികകേരളം കാണുന്നില്ലല്ലോ. ഈ സാഹചര്യത്തിൽ നിങ്ങളുടെ പ്രണയത്തെക്കുറിച്ചും ആത്മബന്ധത്തെക്കുറിച്ചും കേരളത്തിലെ ആളുകളോട് എന്താണ് നിങ്ങൾക്ക് പങ്ക് വെക്കാനുളളത്?

നികേഷ്: സെക്ഷ്വൽ ഓറിയെന്റെഷൻ എന്ത് തന്നെയായാലും എല്ലാവരും പ്രണയം ആഗ്രഹിക്കുന്നവരല്ലേ? എന്നാൽ നിയമപരമായ പരിമിതികൾ കൊണ്ടും ഹോമോഫോബിയ തുടങ്ങിയ സാമൂഹിക അസഹിഷ്ണുതകൾ മൂലവും സ്വവർഗാനുരാഗികൾക്ക് എല്ലാവരെയും പോലെ പ്രണയിക്കാനും, പ്രണയം വെളിപ്പെടുത്താനും ആഗ്രഹമുണ്ടെങ്കിലും അതിനുതകുന്ന അനുകൂലസാഹചര്യം ലഭ്യമല്ലല്ലോ കേരളത്തിൽ. തങ്ങളുടെ സെക്ഷ്വൽ ഓറിയെന്റെഷന്റെ വ്യത്യസ്തത തുറന്നു പറഞ്ഞു ജീവിക്കുന്ന ആളുകൾ കേരളത്തിൽ ഉണ്ടെങ്കിലും അവരുടെ പ്രണയവും പങ്കാളിത്തവും മലയാളികൾക്ക് ഒരു പക്ഷേ സുപരിചിതമല്ലായിരിക്കാം. പ്രണയിക്കപ്പെടാതെ പോവുന്ന ആളുകളായി ഒട്ടനേകം സ്വവർഗാനുരാഗികൾ നീറി ജീവിക്കുമ്പോൾ എനിക്കെന്നെകിലും ഞാൻ പ്രണയിക്കുന്ന ഒരാളോടൊപ്പം സഹജീവനം സാധ്യമാവും എന്ന പ്രതീക്ഷ ഞാൻ വെച്ച് പുലർത്തിയിരുന്നു. ഈ പ്രതീക്ഷയിൽ പോവുന്നിടത്തൊക്കെ ഞാൻ ആ മുഖം തേടുന്നുണ്ടായിരുന്നു; ചിലപ്പോൾ സിനിമാശാലകളിൽ,  മറ്റുചിലപ്പോൾ ഓൺലൈൻ ക്വിയർ സൗഹൃദഗ്രൂപ്പുകളിൽ. മുൻപും പ്രണയമുണ്ടായിരുന്നെങ്കിലും പ്രണയിച്ച ആൾ ഹെറ്റെറോനോർമേറ്റിവ് വിവാഹം തിരഞ്ഞെടുത്തതിനാൽ ആ പ്രേമഭംഗത്തിന്റെ ആഘാതത്തിൽ നിന്നും കരകയറാൻ കുറേ വർഷങ്ങൾ വേണ്ടി വന്നു എനിക്ക്.

എന്റെ വീട്ടിൽ ഞാൻ എന്റെ ഐഡന്റിറ്റി തുറന്ന് പറഞ്ഞിട്ടുണ്ട്; അതു വേറൊന്നും കൊണ്ടല്ല. ഞാൻ ഏറ്റവുമധികം കാലം സമയം ചെലവഴിച്ചതും, ഇപ്പോഴും ഏറ്റവുമധികം സംഭാഷണം നടത്തുന്നതും അവരുമായിട്ടാണ്. അപ്പോൾ എന്നെ സംബന്ധിച്ച ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്ന് അവർ അറിഞ്ഞിരിക്കണമെന്ന് കരുതി. ഇതേ ചിന്തയുള്ള ഒരാളെ മാത്രമേ ഞാൻ ഇനി പ്രണയിക്കുള്ളൂ എന്ന് നിശ്ചയിച്ചിരുന്നു. സെൽഫ്-അക്‌സെപ്റ്റൻസ് ഉണ്ടെങ്കിൽ പോലും സാമൂഹികസമ്മർദ്ദം മൂലം വിവാഹിതരാവേണ്ടി വരുന്ന ബൈസെക്ഷ്വൽ, ഗേ സുഹൃത്തുക്കളെ എത്രെയോ പേരെ അറിയാം. എന്നാൽ എന്റെ ജീവിതത്തിൽ ഒരു മനോഹരഭാഗമായി കടന്നു വന്ന ആളാണ് സോനു. ഒരു ഗേ ഡേറ്റിംഗ് ആപ്പ് വഴിയാണ് ഞങ്ങൾ പരിചയപെപ്പടുന്നത്. ആ ആപ്പിൽ ജീവിതപങ്കാളിയെ തേടുന്നു എന്ന ആമുഖമാണ് എന്നെ സോനുവിന്റെ പ്രൊഫൈലിലേക്ക് ആകർഷിച്ചത്. ഹെറ്ററോസെക്ഷ്വൽ ആളുകളെ അപേക്ഷിച്ച് പ്രണയം കണ്ടെത്താനുള്ള വഴികളും, പ്രണയത്തെക്കുറിച്ചുള്ള വാഴ്ത്തുക്കളും ദുർലഭമായ ഞങ്ങൾ സ്വവർഗാനുരാഗികൾക്ക് പരസ്പ്പരം ഇഷ്ടം മനസ്സിലാക്കാൻ അധികം സമയം പക്ഷേ വേണ്ടിവന്നില്ല. നേരിൽ കണ്ടശേഷം കുറേ നാൾ ഞങ്ങൾ സംസാരിച്ചു, ഇഷ്ടാനിഷ്ടങ്ങൾ മനസ്സിലാക്കി, പൊതുസുഹൃത്തുക്കളെ പരസ്പരം പരിചയപ്പെടുത്തി; ഇതിനൊക്കെ ശേഷം അയാളെ ജീവിതപങ്കാളിയായി വേണമെന്നുള്ള അതിയായ എന്റെ ആഗ്രഹം സോനുവിനോട് വെളിപ്പെടുത്തി.

എന്റെ വീട്ടിൽ ഞാൻ എന്റെ ഐഡന്റിറ്റി തുറന്ന് പറഞ്ഞിട്ടുണ്ട്; അതുവേറൊന്നും കൊണ്ടല്ല. ഞാൻ ഏറ്റവുമധികം കാലം സമയം ചെലവഴിച്ചതും, ഇപ്പോഴും ഏറ്റവുമധികം സംഭാഷണം നടത്തുന്നതും അവരുമായിട്ടാണ്. അപ്പോൾ എന്നെ സംബന്ധിച്ച ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്ന് അവർ അറിഞ്ഞിരിക്കണമെന്ന് കരുതി.

എന്റെ പ്രതീക്ഷക്കൊത്തവണ്ണം തന്നെ അയാൾ അനുകൂല പ്രതികരണവും തന്നു. അയാളുടെ വീട്ടിൽ നിന്നും എതിർപ്പുണ്ടാവുമോ എന്ന സന്ദേഹമുണ്ടായിരുന്നെങ്കിലും, അവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ഞങ്ങൾക്ക് സാധിച്ചു.

ഞങ്ങളുടെ പ്രണയം തുടർന്ന് കൊണ്ടേയിരിക്കുന്നു. അത് പല രീതിയിൽ ഞങ്ങൾ ചിലപ്പോളൊക്കെ പൊതുവിൽ പ്രകടിപ്പിക്കുന്നുമുണ്ട്. ചിലപ്പോൾ ഫേസ്ബുക്കിൽ ഞാൻ പ്രണയത്തെക്കുറിച്ചുള്ള ചില കുറിപ്പുകൾ ഞങ്ങളുടെ ചിത്രങ്ങളോടൊപ്പം പങ്കുവെക്കുന്നു. ഞങ്ങളുടെ അനുരാഗത്തിന്റെ ഊഷ്മളത എൽ.ജി.ബി.റ്റി സുഹൃത്തുകൾക്ക് പ്രേരകമാവും എന്നുറപ്പുള്ളത് കൊണ്ട് ഇതിനെകുറിച്ച് ഞങ്ങൾ സംസാരിച്ചു കൊണ്ടേയിരിക്കുന്നു. മലയാളികൾക്ക് സ്വവർഗപ്രണയം സുപരിചിതമാവണം! 

ഞങ്ങളുടെ പ്രണയം തുടർന്ന് കൊണ്ടേയിരിക്കുന്നു. അത് പല രീതിയിൽ ഞങ്ങൾ ചിലപ്പോളൊക്കെ പൊതുവിൽ പ്രകടിപ്പിക്കുന്നുമുണ്ട്… മലയാളികൾക്ക് സ്വവർഗപ്രണയം സുപരിചിതമാവണം! 

പ്രണയത്തെക്കുറിച്ച് വീട്ടിൽ അവതരിപ്പിച്ചപ്പോൾ അനുകൂല പ്രതികരണമായിരുന്നോ?

സോനു: ഗേ ആയിട്ടുള്ള ഒരു മലയാളി എന്ന നിലയിൽ ഒരു പങ്കാളിയുണ്ടാവുമെന്നോ അയാൾക്കൊപ്പം ഒരുമിച്ചു ജീവിക്കാൻ സാധിക്കുമെന്നോ ഞാനൊരിക്കലും കരുതിയിരുന്നില്ല. ഒരു സ്വവർഗാനുരാഗിയായത് കൊണ്ട് എന്റെ കൗമാരവും, യൗവ്വനവുമൊക്കെ ഒട്ടുമേ ഉല്ലാസഭരിതമല്ലായിരുന്നു. പ്രായമേറി വരും തോറും ഇതിനെക്കുറിച്ചുള്ള ആകുലത കൂടികൊണ്ടേയിരുന്നു. പ്രായം മുപ്പത് കടന്നപ്പോൾ വീട്ടിൽനിന്നും വിവാഹസമ്മർദ്ദം ഉണ്ടാവുകയും എനിക്ക് എന്റെ കാര്യത്തിൽ കൃത്യമായ തീരുമാനമെടുക്കേണ്ട സാഹചര്യം വരികയും ചെയ്തു. അങ്ങനെയാണ് ഞാൻ ഗേ ആണെന്ന് ഞാൻ എന്റെ അമ്മയച്ഛന്മാരോട് തുറന്ന് പറയുന്നത്. ആദ്യം അവർക്കു അതീവസങ്കടം ഉണ്ടായെങ്കിലും ഇതിനെക്കുറിച്ച് മനസ്സിലാക്കാൻ അവർ സന്നദ്ധരായി എന്നുള്ളത് എന്റെ കാര്യത്തിൽ സഹായകരമായി.

നികേഷുമായുള്ള അടുപ്പം തുടക്കത്തിൽ വീട്ടിൽ അവതരിപ്പിക്കേണ്ട എന്ന് കരുതിയത് കൊണ്ട് അത് പിന്നീടാണ് അവരുമായി പങ്ക് വെച്ചത്. അവർ ഈ കാര്യത്തെ എങ്ങനെ ഉൾക്കൊള്ളും എന്ന് അറിയില്ലായിരുന്നത് കൊണ്ട് ഒരു മാനസികാരോഗ്യവിദഗ്ദന്റെ സഹായം തേടി. ക്വിയറള വഴിയാണ് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ ഡോ: സി. ജെ ജോണിനെക്കുറിച്ചറിയുന്നതും അദ്ദേഹത്തെ സന്ദർശിക്കുന്നതും. അമ്മയച്ഛന്മാർക്ക്‌ സ്വവർഗലൈംഗികതയുടെ സ്വാഭാവികതയെക്കുറിച്ചും എന്റെ പ്രണയത്തെക്കുറിച്ചും പറഞ്ഞു മനസിലാക്കാൻ ഡോക്ടർക്ക് സാധിച്ചത് ആശ്വാസകരമായി. പിന്നീടവർ എന്നെ ഹെറ്ററോസെക്ഷ്വൽ വിവാഹത്തിന് നിർബന്ധിച്ചില്ല.

പ്രായം മുപ്പത് കടന്നപ്പോൾ വീട്ടിൽനിന്നും വിവാഹസമ്മർദ്ദം ഉണ്ടാവുകയും എനിക്ക് എന്റെ കാര്യത്തിൽ കൃത്യമായ തീരുമാനമെടുക്കേണ്ട സാഹചര്യം വരികയും ചെയ്തു. അങ്ങനെയാണ് ഞാൻ ഗേ ആണെന്ന് ഞാൻ എന്റെ അമ്മയച്ഛന്മാരോട് തുറന്ന് പറയുന്നത്. ആദ്യം അവർക്കു അതീവസങ്കടം ഉണ്ടായെങ്കിലും ഇതിനെക്കുറിച്ച് മനസ്സിലാക്കാൻ അവർ സന്നദ്ധരായി എന്നുള്ളത് എന്റെ കാര്യത്തിൽ സഹായകരമായി.

എടുത്തു പറയേണ്ട ഒരു കാര്യം എന്താണെന്നാൽ നേരത്തെ അപേക്ഷിച്ച് എനിക്കെന്നെക്കുറിച്ച് ഭയമില്ല. എറണാകുളത്ത് ഒരുമിച്ച് താമസിക്കുന്ന നികേഷും ഞാനും ഇപ്പോൾ ഇടെക്കിടെ എന്റെ വീട്ടിൽ ഒരുമിച്ചു പോവുന്നതൊക്കെ ഒരിക്കലും നടക്കുമെന്നു കരുതിയ കാര്യങ്ങളേ അല്ല! പ്രണയം ഒരു നിമിത്തമാണെന്ന് ഞാൻ വിശ്വസിക്കുന്നു!!

സ്വവർഗദമ്പതികൾ ആയ നിങ്ങൾക്ക് പങ്കാളികൾ എന്ന നിലയിൽ എപ്പോഴെങ്കിലും എവിടെനിന്നെങ്കിലും ദുരനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടോ?

നികേഷ്: നേരിട്ടൊന്നും ഉണ്ടായിട്ടില്ല. ഞങ്ങളുടെ പ്രണയം ഓൺലൈൻ ഇടങ്ങളിൽ വെളിപ്പെടുത്തിയ ശേഷം ഒട്ടനേകം ആളുകൾ ആശംസകൾ അറിയിക്കുന്നുണ്ട്. എന്നാൽ ചിലരെങ്കിലും ഞങ്ങളുടെ ലൈംഗികതയെക്കുറിച്ചുള്ള മോശം പരാമർശങ്ങൾ കമന്റുകളായി ഇടാറുണ്ട്. ഞങ്ങളെക്കുറിച്ച് ഞങ്ങളുടെ സുഹൃത്തുക്കൾ പങ്കുവെയ്ക്കുന്ന പോസ്റ്റുകൾക്കും സമ്മിശ്രപ്രതികരണം ഉണ്ടാവാറുണ്ട്. മോശം പ്രതികരണങ്ങൾ ഉണ്ടെങ്കിലും അതിനേക്കാളേറെ നമ്മളെപ്പോലെയുള്ളവരുടെ സ്നേഹം നിറഞ്ഞ സന്ദേശങ്ങൾ നൽകുന്ന ഊർജ്ജം തുടർന്നും ഇതിനേക്കുറിച്ചു സംസാരിക്കാൻ ഞങ്ങൾക്ക് പ്രേരണനൽകുന്നു.

വീട്ടുകാരെ സംബന്ധിച്ചിടത്തോളം മറ്റുള്ളവരോട് എന്ത് പറയും എന്ന ആശങ്ക വിടാതെനിൽക്കുന്നു. മറ്റുള്ളവരോട് എന്ത് പറയും എന്നുള്ളത് മാത്രം ആലോചിച്ചിരുന്നാൽ ഞങ്ങൾക്ക് ആനന്ദിക്കാനുള്ള ദിനങ്ങൾ നഷ്ടമാവും എന്ന് ബോധ്യമുള്ളത് കൊണ്ട് ആ കാര്യം ഇപ്പോൾ ഞങ്ങളെ അലട്ടുന്നില്ല. എങ്കിലും, ഗ്രാമീണ ഇടത്തിൽ കാലങ്ങളായി താമസിക്കുന്ന നമ്മുടെയൊക്കെ അമ്മയച്ഛന്മാർക്ക് ഇത് മനസ്സിലാക്കാനുള്ള കാലതാമസം ഒരു വെല്ലുവിളി തന്നെയാണ്. പ്രണയത്തിന് ഹെറ്ററോനോർമേറ്റിവിറ്റിയുടെ ഏകീകൃതരൂപം മാത്രമല്ല എന്ന് സ്വയം മനസ്സിലാക്കുന്നതും അത് ചുറ്റുമുള്ളവരെ പറഞ്ഞു മനസ്സിലാക്കിക്കേണ്ടിവരുന്നതും വർഷങ്ങൾ നീണ്ട പ്രക്രിയയായിരുന്നു ഞങ്ങളെ സംബന്ധിച്ചിടത്തോളം. ഈ കാലയളവിലത്രയും അനുഭവിച്ച മറ്റാരോടും പങ്കുവെയ്ക്കാനാവാഞ്ഞ മാനസികപിരിമുറുക്കവും വിഷാദവും ലളിതമായി പറയാനാവില്ലല്ലോ! ഒരു പക്ഷേ ഹെറ്ററോനോർമേറ്റിവ് പ്രിവിലേജിൽ ജീവിക്കുന്ന ആളുകൾക്ക് നേരിടേണ്ടാത്ത ഒരു സവിശേഷ വൈഷമ്യമാവും ഇതൊക്കെ.

വീട്ടുകാരെ സംബന്ധിച്ചിടത്തോളം മറ്റുള്ളവരോട് എന്ത് പറയും എന്ന ആശങ്ക വിടാതെനിൽക്കുന്നു. മറ്റുള്ളവരോട് എന്ത് പറയും എന്നുള്ളത് മാത്രം ആലോചിച്ചിരുന്നാൽ ഞങ്ങൾക്ക് ആനന്ദിക്കാനുള്ള ദിനങ്ങൾ നഷ്ടമാവും എന്ന് ബോധ്യമുള്ളത് കൊണ്ട് ആ കാര്യം ഇപ്പോൾ ഞങ്ങളെ അലട്ടുന്നില്ല. എങ്കിലും, ഗ്രാമീണ ഇടത്തിൽ കാലങ്ങളായി താമസിക്കുന്ന നമ്മുടെയൊക്കെ അമ്മയച്ഛന്മാർക്ക് ഇത് മനസ്സിലാക്കാനുള്ള കാലതാമസം ഒരു വെല്ലുവിളി തന്നെയാണ്.

എൽ.ജി.ബി.റ്റി.ഐ.ക്യൂ ആളുകളെ സംബന്ധിച്ചിടത്തോളം കമ്യൂണിറ്റി കൂട്ടായ്മകൾ മിക്കപ്പോഴും പിന്തുണ ലഭിക്കുന്ന ഇടങ്ങളായി തോന്നാറുണ്ടോ? നിങ്ങൾക്കെന്താണ് എൽ.ജി.ബി.റ്റി.ഐ.ക്യൂ ആളുകളോടും മലയാളി പൊതുസമൂഹത്തോടും പറയാനുള്ളത്?

നികേഷ്: നമ്മളെപ്പോലെ നമ്മൾ മാത്രമല്ല ഒട്ടനേകം ആളുകൾ ഉണ്ടെന്നുള്ള തിരിച്ചറിവ് നിർമ്മിക്കുന്നതിൽ കേരളത്തിലെ എൽ.ജി.ബി.റ്റി.ഐ.ക്യൂ കൂട്ടായ്മകൾ നടത്തുന്ന ശ്രദ്ധേയമായ ശ്രമങ്ങൾ ഒന്നര ദശകത്തിലേറെയായി നോക്കിക്കാണുന്ന ഒരാളാണ് ഞാൻ. പൊതു ഇടങ്ങളിൽ നടത്തുന്ന ഇടപെടലുകൾ മിക്കപ്പോഴും ശ്രദ്ധിക്കപ്പെടുന്നുണ്ട്. എന്നാൽ, ഇത്തരം സൗഹൃദകൂട്ടായ്മകളുടെ പാരസ്പ്പര്യത്തിന്റെയും ചങ്ങാത്തത്തിന്റെയും പുറത്തുപറയാത്ത നിരന്തര ശ്രമങ്ങളെക്കുറിച്ചും നേരിട്ടനുഭവമുള്ള ഒരാളാണ് ഞാൻ. ക്വിയറള അടക്കമുള്ള ഇത്തരം കൂട്ടായ്മകൾ അനേകം പേർക്ക് അതുകൊണ്ട് തന്നെ ഒരാശ്രയവുമാണ്. പറ്റുമ്പോഴൊക്കെ ക്വിയറളയുടെ കമ്മ്യുണിറ്റി മീറ്റിങ്ങുകളിലും പൊതുപരിപാടികളും ഞാൻ പങ്കെടുക്കാറുണ്ട്. കുറച്ച് വർഷങ്ങൾക്ക്‌ മുന്നേ എൽ.ജി.ബി.റ്റി.ഐ.ക്യൂ ആളുകളുടെ അമ്മയച്ഛന്മാർക്കായി ക്വിയറള നടത്തിയ ഒരു ഒത്തുചേരലിൽ ഞാനും സംബന്ധിച്ചിരുന്നു. ശരിക്കും പറഞ്ഞാൽ എന്റെ എൽ.ജി.ബി.റ്റി.ഐ.ക്യൂ സുഹൃത്തുക്കളുടെ അടുത്തുനിന്നും ലഭിക്കുന്ന അത്രയും കരുതലും അവർ പങ്കുവെക്കുന്ന സന്തോഷവും മറ്റെങ്ങും ലഭ്യമാവാറില്ല.

സോനു: ലൈംഗികതയെക്കുറിച്ചുള്ള വിഷമം കാരണം സമൂഹത്തിൽ ഒറ്റപെട്ടുപോവാതിരിക്കാൻ എനിക്കായത് എന്റെ പങ്കാളിയായ നികേഷിന്റെ പിന്തുണ കൊണ്ടുകൂടിയാണ്. എന്നെപ്പോലെയുള്ളവർക്ക് ധൈര്യം നല്കുന്നതിൽ ക്വിയറള പോലെയുള്ള കൂട്ടായ്മകൾക്ക് സാധിക്കുന്നുണ്ട്. രണ്ടു വർഷം മുൻപ് വരെ ഉണ്ടായിരുന്ന മാനസികസംഘർഷം ഇപ്പോൾ എനിക്കില്ല. ആദ്യമൊക്കെ കമ്മ്യുണിറ്റിയുമായി അടുത്ത് ഇടപഴകാൻ എനിക്ക് ഭയവും വിമുഖതയുമായിരുന്നു. സ്വന്തം ലൈംഗികതയെക്കുറിച്ചെനിക്കുണ്ടായിരുന്ന അസുരക്ഷിതത്വചിന്തകൾ ആയിരുന്നു അതിനു കാരണമെന്ന് മനസ്സിലാക്കിയപ്പോൾ, എനിക്കെന്നെത്തന്നെ ഉൾകൊള്ളാൻ ആയപ്പോൾ ആ വിമുഖത മെല്ലെ മാറുകയും ചെയ്തു. എന്റെ പ്രണയാനുഭവം എന്നെ കൂടുതൽ ധൈര്യമുള്ള ആളാക്കി.

നിങ്ങളുടെ ഏറ്റവും ഇഷ്‌ടപ്പെട്ട മലയാളി സിനിമാതാരം ആരാണ്?

സോനു: ടോവിനോ. 
നികേഷ്: പൃഥ്വി രാജ്. ഇവർ രണ്ടു പേരും പങ്കാളികളായി ഒരു പ്രണയചിത്രം വരട്ടെ എന്ന് വെറുതെ ആഗ്രഹിക്കുന്നു.

രണ്ടു വർഷം മുൻപ് വരെ ഉണ്ടായിരുന്ന മാനസികസംഘർഷം ഇപ്പോൾ എനിക്കില്ല. ആദ്യമൊക്കെ കമ്മ്യുണിറ്റിയുമായി അടുത്ത് ഇടപഴകാൻ എനിക്ക് ഭയവും വിമുഖതയുമായിരുന്നു. സ്വന്തം ലൈംഗികതയെക്കുറിച്ചെനിക്കുണ്ടായിരുന്ന അസുരക്ഷിതത്വചിന്തകൾ ആയിരുന്നു അതിനു കാരണമെന്ന് മനസ്സിലാക്കിയപ്പോൾ, എനിക്കെന്നെത്തന്നെ ഉൾകൊള്ളാൻ ആയപ്പോൾ ആ വിമുഖത മെല്ലെ മാറുകയും ചെയ്തു. എന്റെ പ്രണയാനുഭവം എന്നെ കൂടുതൽ ധൈര്യമുള്ള ആളാക്കി.

ഒഴിവുവേളകളിൽ നിങ്ങൾ എന്ത് ചെയ്യാനാണ് ആഗ്രഹിക്കുന്നത്?

നികേഷ്: ഞങ്ങൾ രണ്ടാൾക്കും യാത്രകൾ വളരെ ഇഷ്ടമാണ്. പറ്റുമ്പോഴൊക്കെ എവിടെങ്കിലുമൊക്കെ ഞങ്ങൾ യാത്ര പോവാറുണ്ട്. ഇനിയും കുറെ യാത്രകൾ പോവണം, പല നാടുകൾ സന്ദർശിക്കണം. വീട്ടിൽ നിന്നും പിന്തുണ ഇല്ലാത്ത സ്വവർഗാനുരാഗികളായ ചില ചെറുപ്പക്കാർക്ക് പഠനസഹായമുൾപ്പെടെ ചില സന്നദ്ധപ്രവർത്തങ്ങൾ  ഞങ്ങൾ നടത്തുന്നുമുണ്ട്. 

നിങ്ങൾ പരസ്പരം കാണുന്ന ഏറ്റവും മികച്ച കാര്യമെന്താണ്?

സോനു: നികേഷ് വളരെയധികം കരുതൽ ഉള്ള ഒരു വ്യക്തിയാണ്. ആ കരുതൽ എനിക്ക് കൂടുതൽ സുരക്ഷിതത്വവും ഊർജ്ജവും നൽകുന്നു.
നികേഷ്: സോനുവിന്റെ ആത്മാർതഥയാണ്  എന്നെ അയാളിലേക്ക് അടുപ്പിച്ച ഘടകം. ഒപ്പം ഞങ്ങളുടെ പ്രണയത്തിനും പങ്കാളിത്തത്തിനുമപ്പുറം ഇതുമായി ബന്ധപെട്ടു ഞങ്ങളെപ്പോലെയുള്ളവർക്ക് പ്രചോദനമാവാൻ അയാൾ സന്നദ്ധനായി എന്ന കാര്യവും. 

കൂടുതലായി എന്തെങ്കിലും പറയുവാനുണ്ടോ?

നികേഷ്: ഞാനൊരാൾടെ ശബ്ദം ഒന്ന് മാത്രം കൊണ്ട് കേരളത്തിൽ ലൈംഗികന്യൂനപക്ഷങ്ങൾക്കു അധികസ്വീകാര്യത ലഭിക്കുമെന്ന് ഞാൻ കരുതുന്നില്ല. പക്ഷേ, രണ്ടു വർഷത്തോളമായുള്ള ഞങ്ങളുടെ ആത്മബന്ധത്തെക്കുറിച്ചുള്ള ഞങ്ങളുടെ തുറന്നുപറച്ചിൽ കൂടുതൽപേർക്ക് തങ്ങളുടെ പ്രണയത്തെക്കുറിച്ചും സംസാരിക്കാൻ സഹായകമാവുമെന്നും അങ്ങനെ വൈവിധ്യമാർന്ന ഒട്ടനേകം ശബ്ദങ്ങൾ മുഴങ്ങുമ്പോൾ നമ്മുടെ മലയാളി പൊതുസമൂഹത്തിലും കാലക്രമേണ മാറ്റമുണ്ടാവുമെന്നും ഞങ്ങൾ കരുതുന്നു. 

മലയാളികളായ LGBTQIA+ വ്യക്തികളുടെ ജീവിതാനുഭവങ്ങൾ അവർ തന്നെ പങ്കുവെക്കുന്ന ക്വിയരളയുടെ “വീ ആർ ഹിയർ!” എന്ന പ്രോജക്ടിന്റെ (പ്രൊജക്റ്റ് WAH!) തുടക്കം കുറിക്കുന്നതാണ് ഈ അഭിമുഖം.

ഫോട്ടോ ക്രെഡിറ്റ്: ഫയാസ് അബ്ദുൾ റസാഖ്, ജൂലൈ 2019.