Keralakumar | കേരളകുമാര്‍
മനുഷ്യസ്വത്വത്തിന്റെ വിവിധ മുഖങ്ങളില്‍ ഒന്നാണ് ലൈംഗികചായ്‌വ് (sexual orientation). ഇതരലിംഗത്തോടോ സ്വലിംഗത്തോടോ ഉള്ള ആകര്‍ഷണം മറ്റൊരുവ്യക്തിയോട് ആഴത്തിലിണങ്ങാനുള്ള ഒരവസരമായി വേണം കാണാന്‍. ഇതരവര്‍ഗലൈംഗികചായ്‌വ് പ്രകടിപ്പിക്കാത്ത വ്യക്തിയോട് സമൂഹം വിവേചനപരമായി പെരുമാറുന്നുവെന്നാണ് അവരുടെ അനുഭവം. അനേകായിരം സ്വവര്‍ഗലൈംഗികരെയാണ് ഹിറ്റ്ലറുടെ കോണ്‍സെന്‍ട്രേഷന്‍ കാംപുകളില്‍ കൊന്നൊടുക്കിയത്. ചില മതഗ്രന്ഥങ്ങള്‍, സെക്ഷന്‍ 377 പോലെയുള്ള ചില നിയമങ്ങള്‍ മുതലായവയാണ് സ്വവര്‍ഗബന്ധങ്ങള്‍ ‘പ്രകൃതിവിരുദ്ധ’മായോ കുറ്റകരമായോ സമൂഹം കാണാനുള്ള പ്രധാന കാരണം. ബോധപൂര്‍വമായി തിരഞ്ഞെടുക്കുകയും അനുവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു ദുഃശ്ശീലമായാണ് സമൂഹം സ്വവര്‍ഗലൈംഗികത സ്വവര്‍ഗപ്രണയം സ്വവര്‍ഗലൈംഗികചായ്‌വ് എന്നിവയെ കരുതുന്നത്. മറിച്ച്, സ്വവര്‍ഗപ്രണയികള്‍ ഇത് ജന്മനാ ഉള്ളിലുള്ള ഒരു താല്പര്യമായാണ് സ്വയം വിലയിരുത്തുന്നത്. സമൂഹത്തിന്റെ വിവേചനം പേടിച്ചും കുടുംബത്തിന്റെ നിര്‍ബന്ധപ്പ്രകാരവും സ്വവര്‍ഗലൈംഗികതയുടെ ‘ചികിത്സ’ക്കായി പലരും മനോരോഗവിദഗ്ധരെ സന്ദര്‍ശിക്കുന്നു.
തെറാപ്പിയിലൂടെ മാറ്റിയെടുക്കാവുന്ന ഒരസുഖമായി സ്വവര്‍ഗലൈംഗികതയെ കാണുന്ന മനോരോഗവിദഗ്ധരുണ്ട്. ഇത്തരം ചികിത്സക്ക് കണ്‍വേര്‍ഷന്‍ തെറാപ്പി (Conversion therapy, sexual reorientation, reparative therapy, “praying the gay away”) എന്ന് പൊതുവായി പറയാം. സ്വവര്‍ഗലൈംഗികത പ്രകടിപ്പിക്കുന്നവരെ ഇതരലൈംഗികജീവിതശൈലിയിലേക്ക് മാറ്റിയെടുക്കാനുള്ള ഒരു ശ്രമമാണ് ഈ തെറാപ്പി. സ്വവര്‍ഗലൈംഗികത തിരഞ്ഞെടുത്ത ഒരു ജീവിതശൈലിയാണെന്നും അതിനാല്‍ അത് മാറ്റിയെടുക്കാമെന്നുമാണ് ഇതിന്റെ പുറകിലുള്ള ആശയം.
സൈക്കോഅനാലിസിസിന്റെ പിതാവായ സിഗ്മോണ്ട് ഫ്രോയ്ഡിന്റെ (1856-1939) കാലം മുതല്‍ ഇതരലൈംഗികരുടെ ലൈംഗികചായ്‌വ് മാറ്റിയെടുക്കാന്‍ ഭിഷഗ്വരന്മാര്‍ ശ്രമിച്ചുവരുന്നു. 1950-60 കാലഘട്ടത്തില്‍ “എതിര്‍”ലിംഗത്തിലുള്ളവരുടെ ചിത്രം നോക്കി സ്വയംഭോഗം ചെയ്യാന്‍ പ്രേരിപ്പിക്കുകയും സ്വലിംഗത്തിലുള്ളവരുടെ ചിത്രം കാണുമ്പോള്‍ ഷോക്ക് കൊടുക്കുകയും ഛർദ്ദിയുളവാക്കുന്ന മരുന്നുകള്‍ കുത്തിവയ്ക്കുകയുമായിരുന്നു അവര്‍ അനുവര്‍ത്തിച്ചിരുന്ന രീതി. ചുരുക്കം ചില വ്യക്തികളില്‍ സ്വവര്‍ഗലൈംഗികത പൂര്‍ണമായും ഉന്മൂലനം ചെയ്യാനായി ലോബോട്ടമി എന്ന (തലച്ചോറിന്റെ ഫ്രോന്ടല്‍ ഭാഗം മുറിച്ചുകളയുന്ന) ശസ്ത്രക്രിയ ചെയ്തിരുന്നു. വൃഷണച്ഛേദം (castration) ആയിരുന്നു മറ്റൊരു “ചികിത്സാ”രീതി. ഹോര്‍മോണ്‍ കുത്തിവയ്പ്പ് വഴി നടത്തുന്ന chemical castration സാധാരണമായിരുന്നു. വെറുപ്പും അസ്വസ്ഥതയുമുളവാക്കുന്ന ഒരു താല്പര്യമായി സ്വവര്‍ഗലൈംഗികതയെ മാറ്റിയെടുക്കാന്‍ ശ്രമിക്കുക എന്നതാണ് ഇത്തരം ചികിത്സാരീതികളുടെ പൊതുസ്വഭാവം.
ഇത്തരം തെറാപ്പികളുടെ വളരെ വലിയ ‘പരാജയ’ത്തോത് കാരണവും സ്വവര്‍ഗലൈംഗികതയെ American Psychiatric Association അവരുടെ “രോഗനിര്‍ണയ ലഘുഗ്രന്ഥ”ത്തില്‍ (Diagnostic and Statistical Manual) നിന്ന് നീക്കം ചെയ്തതിനെ തുടര്‍ന്നും കണ്‍വേര്‍ഷന്‍ തെറാപ്പി ചെയ്യുന്നവരുടെ വിശ്വാസ്യത നഷ്ടപ്പെട്ടു. അതിനാല്‍ അവര്‍ അവരുടെ ചികിത്സാരീതികളില്‍ മാറ്റം വരുത്താന്‍ നിര്‍ബന്ധിതരായി. ഇപ്പോള്‍ അവര്‍ അനുവര്‍ത്തിക്കുന്ന രീതികള്‍ സൈക്കോതെറാപ്പി, കൂട്ടമായുള്ള തെറാപ്പി (ക്ലാസുകള്‍ മുതലായവ), ഹിപ്നോട്ടിസം, “വെറുപ്പുളവാക്കല്‍” മുതലായവയോക്കെയാണ്. കൂടാതെ, ചില തെറാപ്പിസ്ടുകള്‍ ‘പുരുഷത്വവും’ ‘സ്ത്രീത്വവും’ ഉളവാക്കി സ്വവര്‍ഗലൈംഗികതയെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു. ഉദാഹരണത്തിന് വിറകുവെട്ടല്‍, വേട്ട, ചില കായികാഭ്യാസങ്ങള്‍ തുടങ്ങിയ ‘പുരുഷത്വം’ കൂടുതലുള്ള അദ്ധ്വാനങ്ങള്‍ സ്ത്രൈണത കാണിക്കുന്ന പുരുഷന്മാരെക്കൊണ്ട് ചെയ്യിക്കുക എന്ന രീതി ചില പാശ്ചാത്യ തെറാപ്പിസ്ടുകള്‍ ചെയ്തുവരുന്നു. ഭീഷണിപ്പെടുത്തല്‍, മതപരമായ കുറ്റബോധമുണ്ടാക്കല്‍ മുതലായവ ചെയ്യുന്ന ചികിത്സകരും കുറവല്ല.
കണ്‍വേര്‍ഷന്‍ തെറാപ്പികളുടെ പ്രഭാവം:
ലൈംഗികചായ്‌വ് മാറ്റിയെടുക്കാനുള്ള ചികിത്സകള്‍ ഫലപ്രദമാണെന്നുള്ളതിന് സ്ഥാപിക്കപ്പെട്ട തെളിവുകള്‍ ലഭ്യമല്ല. സിഗ്മോണ്ട് ഫ്രോയ്ഡ് പോലും പിന്നീടെഴുതിയത് “സ്വവര്‍ഗലൈംഗികതയില്‍ ലജ്ജിക്കാന്‍ ഒന്നുമില്ല, അതൊരു ദുഃശ്ശീലമോ അസുഖമോ ആയി കണക്കാക്കാന്‍ കഴിയില്ല, ലൈംഗികതയുടെ ഒരു രൂപാന്തരം മാത്രമാണ് അത്”എന്നും “ചികിത്സക്ക് എന്തെങ്കിലും ഫലം കിട്ടുമെന്ന് പ്രവചിക്കാന്‍ സാധ്യമല്ല” എന്നുമാണ്. അമേരിക്കന്‍ മനോരോഗവിദഗ്ധരുടെ സംഘടനയായ American Psychiatric Association നിസ്സംശയമായി സ്ഥാപിക്കുന്നത് “ലൈംഗികചായ്‌വ് മാറ്റാന്‍ കണ്‍വേര്‍ഷന്‍ തെറാപ്പിക്ക് സാധിക്കുമെന്നതിന് ശാസ്ത്രീയമായ തെളിവുകള്‍ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല” എന്നാണ്. എന്നുതന്നെയല്ല, ഒരാളുടെ ലൈംഗികചായ്‌വ് മാറ്റാനുള്ള ശ്രമം ഗുരുതരമായ മാനസികാരോഗ്യപ്രശ്നങ്ങള്‍ക്കും വിഷാദരോഗം, ആത്മഹത്യാപ്രവണത മുതലയായവയ്ക്കും കാരണമാവാം. ലൈംഗികതയുടെ ഒരു രൂപഭേദം മാത്രമാണ് സ്വവര്‍ഗലൈംഗികത എന്ന് അമേരിക്കന്‍ മനോരോഗവിദഗ്ദ്ധരുടെ സംഘടനയും (1973) ലോകാരോഗ്യസംഘടനയും (1992) വ്യക്തമാക്കിയിട്ടുണ്ട്.
“The American Psychiatric Association opposes any psychiatric treatment, such as “reparative” or “conversion” therapy, which is based upon the assumption that homosexuality per se is a mental disorder, or based upon a prior assumption that the patient should change his/ her homosexual orientation.” Link
അമേരിക്കന്‍ മനശ്ശാസ്ത്രജ്ഞരുടെ കൂട്ടായ്മയായ American Psychological Association സ്വവര്‍ഗപ്രേമികളോടുള്ള വിവേചനം നീക്കം ചെയ്യാനും അവലംബം നല്‍കാനും ശ്രമിക്കുന്നുണ്ട്. ഭാരതത്തിലെ മനോരോഗവിദഗ്ധരുടെ സംഘടനയായ Indian Psychiatric Society സ്വവര്‍ഗലൈംഗികത ഒരു മനോരോഗമല്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട് (ന്യൂസ് Link). എന്തിനേറെ പറയുന്നു, സ്വവര്‍ഗപ്രണയികള്‍ നേരിടുന്ന വിവേചനത്തിനെതിരെ ഐക്യരാഷ്ട്രസംഘടന “UN Free and Equal” എന്ന പ്രചാരണപരിപാടി പോലും നടത്തിവരുന്നു.