
സുപ്രീംകോടതി സ്വവർഗരതി നിയമവിധേയമാക്കിയതിന്റെ ഒന്നാം വാർഷികമായ സെപ്റ്റംബർ 6ന്, ഗേ പുരുഷന്മാരുടെ പ്രണയം കേന്ദ്രപ്രമേയമായ ആദ്യ മലയാളസിനിമയായ “ക ബോഡി സ്കേപ്സ്” സംവിധായകൻ ജയൻ ചെറിയാനുമായുള്ള വിശദമായ അഭിമുഖം ക്വിയറള പ്രസിദ്ധീകരിക്കുന്നു. അഭിമുഖം നടത്തിയത് ക്വിയറള ബോർഡ് മെമ്പറും സിനിമയുടെ സംവിധാനസഹായിയുമായ കിഷോർ കുമാർ.
Q1) 2014 നവംബർ 2ന് കൊച്ചിയിൽ നടന്ന ഒന്നാം ചുംബന സമരത്തിനു ശേഷം ഡിസംബർ 7ന് കോഴിക്കോട് നടന്ന രണ്ടാം ചുംബന സമരത്തിൽ ജയൻ പങ്കെടുത്തിരുന്നു. മത തീവ്രവാദികളിൽ നിന്ന് വളരെയധികം എതിർപ്പ് നേരിട്ട ആ സമരത്തിന്റെ ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് സദാചാര പോലീസിങ്ങിനെതിരെ ജയൻ സിനിമ ചെയ്യാൻ പോകുന്നു എന്ന വാർത്ത പത്രങ്ങളിൽ വായിക്കുന്നത്. അത് “ക ബോഡിസ്കേപ്സ്”ന്റെ ഇന്നത്തെ രൂപത്തിലുള്ള തിരക്കഥയിലേക്ക് എത്തിയതിനെക്കുറിച്ച് പറയാമോ?

A1) കോഴിക്കോട് നടന്ന “കിസ് ഇൻ ദ സ്ട്രീറ്റ്” സമരത്തിൽ ഞാനുണ്ടായിരുന്നു. തീർച്ചയായിട്ടും അത്തരത്തിലുള്ള സമരങ്ങളുടെ ഒരു പരമ്പര തന്നെയാണ് ഈ സിനിമയ്ക്കുള്ള പ്രചോദനം. ചുംബനസമരം മാത്രമല്ല അക്കാലത്തുണ്ടായ ആർത്തവസമരം, നിൽപ്പ് സമരം, ഇരിപ്പ് സമരം, സ്ത്രീകൾ രാത്രി കീഴടക്കുന്ന “ഇരുട്ടുനുണയാമെടികളെ” സമരം എന്നിവയൊക്കെ സ്വാധീനിച്ചിട്ടുണ്ട്.
കൂടാതെ ആ കാലത്തുതന്നെയാണ് ലൈംഗികത ഒരു മനുഷ്യാവകാശമാണെന്ന നിലയിലുള്ള ചർച്ചകളും, ഗേ വിമോചന പ്രസ്ഥാനാങ്ങളും, എൽ.ജി.ബി.ടി പ്രൈഡ് മാർച്ചും ഒക്കെ നമ്മുടെ സംവാദങ്ങളുടെ കേന്ദ്രപ്രേമേയമാവുന്നത്. ഈ ചരിത്ര സാഹചര്യങ്ങളുടെ പാശ്ചാത്തലത്തിൽ ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നു. “കിസ് ഇൻ ദ സ്ട്രീറ്റ്” സമരത്തിൽ പങ്കെടുത്ത യുവാക്കളുടെ ഇൻറർവ്യൂ എടുക്കുകയും ആ സമരത്തെ ഡോക്യുമെന്റ് ചെയ്യുന്നതിന്റെയും ഭാഗമായാണ് ഞാൻ അതിൽ പങ്കെടുത്തതും അറസ്റ്റ് ചെയ്യപ്പെടുന്നതും. അതിനുശേഷമാണ് ആ സമരത്തിൽ പങ്കെടുത്ത ദീദി ദാമോദരൻ, പ്രേംചന്ദ് തുടങ്ങിയവരൊക്കെയുമായി ഒരു സിനിമയെക്കുറിച്ചുള്ള പ്രാരംഭ ചർച്ചകൾ ആരംഭിക്കുന്നത്. ഇത്തരം സമരങ്ങളുടെ കേവലമൊരു ഡോക്യുമെന്ററി മാത്രമായിരുന്നില്ല ഉദ്ദേശം. ഈ സമരങ്ങളുടെ പശ്ചാത്തലത്തിൽ ശരീരത്തെ, ലൈംഗികതയെ, സ്വന്തം ശരീരത്തിന്മേലുള്ള സ്വയം നിർണയാവകാശത്തെ കുറിച്ചുള്ള ഒരു fictionalized നറേറ്റീവ് ആയിരുന്നു ഉദ്ദേശം. അതിനായി ഇത്തരം സമരങ്ങളിൽ പങ്കെടുത്ത ആക്ടിവിസ്റ്റുകളായ ജോളി ചിറയത്ത്, ഷാഹിന, തസ്നിബാനു, ഹയറുന്നിസ, ക്വിയറളയിലെ ജിജോ കുര്യാക്കോസ്, സഹയാത്രികയിലെ ദീപ വാസുദേവൻ എന്നിവരുടെ വ്യക്തിപരമായ അനുഭവങ്ങളൊക്കെ മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ട്. സിനിമ അനൗൺസ് ചെയ്തു ന്യൂയോർക്കിൽ തിരിച്ചുപോയശേഷമാണ് കഥാഗതിയും പ്ലോട്ട് ലൈനുകളും മനസ്സിൽ ഉടലെടുത്തത്. രണ്ടുമാസത്തിനുശേഷം തിരിച്ചുവന്ന് കോഴിക്കോട് താമസിച്ചുകൊണ്ടാണ് തിരക്കഥാരചന ആരംഭിച്ചത്. ഇത്തരം സാമൂഹ്യ മുന്നേറ്റങ്ങളുമായി അടുത്തബന്ധമുള്ള ആളുകളായ ദീദി ദാമോദരൻ, പ്രേംചന്ദ്, ആഷ്‌ലി, ഹയറുന്നീസ, കിഷോർ കുമാർ തുടങ്ങിയവരുമായുള്ള നിരന്തരമായ ചർച്ചകളിലൂടെയാണ് സിനിമയുടെ ഇന്നത്തെ സ്ക്രിപ്റ്റ് രൂപം കൊണ്ടത്.
Q2) പപ്പീലിയോ ബുദ്ധ ഉൾപ്പെടെ ജയന്റെ മലയാള ചിത്രങ്ങൾക്കെല്ലാം അന്താരാഷ്ട്ര കാണികളെ ഉദ്ദേശിച്ചുള്ള ഇംഗ്ലീഷ് പേരുകളാണ്. ഇത്തരം വിചിത്രമായ പേരുകൾ മലയാളി പ്രേക്ഷകരെ സിനിമയിൽനിന്ന് മാനസികമായി അകറ്റുമെന്ന പേടിയില്ലേ? “ക ബോഡിസ്കേപ്സ്” എന്ന പേരിലേക്ക് എത്തിച്ചേർന്നതിനെകുറിച്ച്?
A2) ആദ്യമായി പറയട്ടെ, ഇത് മനപ്പൂർവ്വം ഇംഗ്ലീഷിൽ കണ്ടെത്തിയ പേരുകളല്ല. പപ്പിലിയോ ബുദ്ധ എന്നത് കേരളത്തിലെ പശ്ചിമഘട്ടത്തിൽ മാത്രം കണ്ടുവരുന്ന മലബാർ ബാൻഡഡ് പീകോക്ക് എന്നറിയപ്പെടുന്ന ഒരു ചിത്രശലഭത്തിന്റെ ശാസ്ത്രനാമമാണ്. ബുദ്ധശലഭം, ബുദ്ധമയൂരി എന്നൊക്കെയാണ് ജാഫർ പാലാട്ടിനെ പോലുള്ള lepidopteristകൾ അതിനെ മലയാളത്തിൽ വിളിക്കുന്നത്. 1800-കളിൽ ഇതിനെ ആദ്യമായി കണ്ടെത്തിയ ജാപ്പനീസ് ശാസ്ത്രജ്ഞൻമാരാണ് ബുദ്ധനോട് ചേർന്ന പേര് ഇതിന് നൽകിയത്. വംശനാശം നേരിടുന്ന ഇതിനെ 1982ലെ വൈൽഡ് ലൈഫ് ആക്ട് ഷെഡ്യൂൾ 2 പ്രകാരം സംരക്ഷിത ജീവിയായി പരിഗണിച്ചു പോരുന്നു. ഭരണഘടനാപരമായ സംരക്ഷണം ഉള്ളപ്പോഴും ബുദ്ധശലഭത്തെ പോലെ തങ്ങളുടെ ആവാസഇടങ്ങളിൽ വേട്ടയാടപ്പെടുന്ന വരാണ് ദളിത്-ആദിവാസി ജീവിതങ്ങൾ. അവരുടെ ഡിസ്പ്ലെയ്സ്മെന്റിന്റെയും ഭൂസമരങ്ങളുടെയും കഥപറയുന്ന ആ സിനിമയ്ക്ക് മറ്റൊരു പേര് ആലോചിക്കാനേ പറ്റില്ല. മാർക്കറ്റല്ല, സിനിമയുടെ പ്രമേയമാണ് പേര് നിശ്ചയിക്കുന്നത്.

“ക ബോഡിസ്കേപ്സ്” എന്നത് ശരീരത്തെക്കുറിച്ചുള്ള സിനിമയാണ്. “ക” എന്നത് ഒരു ഈജിപ്ഷ്യൻ മിത്തോളജിയിൽ Vital spark of the Body, Body Aura എന്നതിനെയൊക്കെ കുറിക്കുന്ന വാക്കാണ്. നമ്മുടെ യോഗയിൽ പ്രാണശരീരം എന്നൊക്കെ പറയുന്നതുപോലെ. ഈജിപ്ഷ്യൻ വിശ്വാസപ്രകാരം മനുഷ്യന്റെ മരണാനന്തരജീവിതവും മോക്ഷവും ഒക്കെയായി വളരെയധികം ബന്ധപ്പെട്ടതാണ് “ക”. മനുഷ്യൻ മരിക്കുമ്പോൾ “ബ” എന്ന ശരീരത്തിൽ നിന്ന് “ക” എന്ന ജീവാംശം മനുഷ്യമുഖമുള്ള ഒരു പക്ഷിയുടെ രൂപത്തിൽ പറന്നകലുന്നു എന്നാണ് വിശ്വാസം. പിന്നെ മരണാനന്തര യാത്രയിൽ “ക” സ്വന്തം ശരീരത്തെ തിരിച്ചറിയണം. അതിനായി ശരീരത്തെ ജീർണിക്കാതെ സൂക്ഷിക്കാനാണ് അവർ അതിനെ മമ്മി രൂപത്തിൽ പിരമിഡുകളിൽ സംരക്ഷിക്കുന്നത്. പുരുഷശരീരങ്ങളെ മാത്രം ആധാരമാക്കി ചിത്രങ്ങൾ വരയ്ക്കുന്ന ഒരു ഗേ ചിത്രകാരൻ നേരിടുന്ന വെല്ലുവിളികളാണ് സിനിമയുടെ പ്രമേയം. ആദ്യത്തെ ചിത്രപ്രദർശനത്തിന് അയാൾ ഇടുന്ന പേരാണ് “ക ബോഡിസ്കേപ്സ്”. അതാണ് ആ പേര് സിനിമയെ തിരഞ്ഞെടുക്കാനും സിനിമ ആ പേരിനെ തിരഞ്ഞെടക്കാനും ഉള്ള കാരണം. അത് ഒരിക്കലും ഒരു പ്രത്യേക മാർക്കറ്റിനെ ഉദ്ദേശിച്ചുകൊണ്ട് ഇട്ട പേരല്ല. ശരീരമാണ് ഈ സിനിമയുടെ കേന്ദ്രപ്രമേയം. ഭൗതികമായ അസ്തിത്വത്തിന് അപ്പുറം ഉടലിന് ആത്മീയവും രാഷ്ട്രീയവും ആയ മാനങ്ങൾ കൊടുക്കുന്ന ഒന്നാണ് അതിന്റെ ജീവോർജ്ജം. ഇതുവളരെ പൗരാണികമായ ഈജിപ്ഷ്യൻ ആശയമാണെങ്കിലും അതിന് ഈ സിനിമയുടെ പ്രമേയപരിസരവുമായി വളരെയധികം ബന്ധം ഉള്ളതിനാലാണ് അത്തരമൊരു പേര് തെരഞ്ഞെടുത്തത്. പിന്നെ ഇതിലെ വിഷ്ണു എന്ന കഥാപാത്രം ഒരു കബഡി കളിക്കാരനായത്തിനാൽ വേണമെങ്കിൽ അത്തരത്തിലുള്ള ഒരു വ്യാഖ്യാനവും ആവാം. അങ്ങിനെ നാനാവിധമായ വിശദീകരണങ്ങൾ ഇത്തരമൊരു പേരിന് നൽകാവുന്നതാണ്.
Q3) ശരീരം കൊണ്ടുള്ള രാഷ്ട്രീയം (body politics) വളരെയധികം ദൃശ്യവൽക്കരിക്കുന്ന സിനിമയാണ് “കബോഡി സ്കേപ്സ്”. അത്തരം സൂക്ഷ്മരാഷ്ട്രീയം നായകകഥാപാത്രമായ ഹാരിസ് വരയ്ക്കുന്ന ഹോമോ എറോട്ടിക് പെയിന്റിങ്ങുകളിൽ പോലും കാണാവുന്നതാണ്. എന്തുകൊണ്ടാണ് ഇത്തരം രാഷ്ട്രീയത്തിന് പ്രാധാന്യം കൊടുത്തത്?
A3) സിനിമ പ്രതിപാദിക്കുന്ന വിഷയം ശരീരമാണ്. സ്വന്തം ശരീരം തന്നെ ഒരു സമരായുധമായി ഉപയോഗിക്കുന്ന പ്രതിഷേധങ്ങൾ ധാരാളമായി ഉണ്ടാവുന്ന കാലഘട്ടത്തിൻറെ രാഷ്ട്രീയം കൂടിയാണത്. ചരിത്ര പുരുഷന്മാരായ രണ്ട് വ്യക്തികളുടെ പോട്രേറ്റുകൾ, ഗേ രതി ആഘോഷിക്കുന്ന എറോട്ടിക് പെയിന്റിങ്ങുകൾ എന്നിങ്ങനെ രണ്ടുതരത്തിലുള്ള ചിത്രങ്ങൾ നായകനായ ഹാരിസിന്റെ സ്റ്റുഡിയോറൂമിൽ കാണാം. പോട്രേറ്റുകളിൽ ഒന്ന് ഫ്രഞ്ച് കവിയും നാടകകൃത്തും ചിത്രകാരനും ഫിലിം മേക്കറുമായ ഴാങ് ഷെനെ (Jean Genet) യുടെതാണ്. തന്റെ ഗേ സ്വത്വം തുറന്നു പറഞ്ഞതിനാൽ ജയിലിലടയ്ക്കപ്പെട്ട കലാകാരൻ കൂടിയായിരുന്നു ഷെനെ. പ്രണയകഥയായി അദ്ദേഹം ചെയ്ത ഏക ഷോർട്ട് ഫിലിം വളരെ ഹോമോഎറോട്ടിക് ആയിട്ടുള്ള ഒന്നാണ്. ഫ്രഞ്ച് നടനും ചിത്രകാരനുമായ റോളണ്ട് കയൂ ( Roland Caillaux ) ഷെനെയുടെ കവിതകളെക്കുറിച്ച് The five poems I have read of Genet എന്ന ഇല്ലസ്ട്രേറ്റഡ് ബുക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആ പുസ്തകത്തിലെ ചിത്രീകരണങ്ങളിൽ പുരുഷന്മാർ തമ്മിലുള്ള ഗുദരതി ഉൾപ്പെടെയുള്ള വിവിധ രതികേളികൾ വളരെ വ്യക്തമായിത്തന്നെ ചിത്രീകരിച്ചിട്ടുണ്ട്. ഈ പുസ്തകം ഫ്രാൻസിൽ നിരോധിക്കപ്പെട്ട കാലത്ത് ഷെനെ ജയിലിലാണ്. ലോകമാകെ അദ്ദേഹത്തെ ജയിലിൽനിന്ന് മോചിപ്പിക്കാനുള്ള ക്യാമ്പയിൻ നടക്കുന്നതിന്റെ ഭാഗമായാണ് സാർത്ര് Saint Genet എന്ന പുസ്തകം എഴുതുന്നത്. കേരളത്തിൽ എഴുപതുകളിലും എൺപതുകളിലും ഷെനെയെക്കുറിച്ച് തർജ്ജമകളിലൂടെ വായിക്കപ്പെടുകയും പി.എച്ച്.ഡി. തീസിസ് പോലും അവതരിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിലും എല്ലാവരും അദ്ദേഹത്തിന്റെ സ്വവർഗലൈംഗികത പൂർണ്ണമായും അവഗണിച്ചിരുന്നു. സിനിമയിലെ നായകനായ ഹാരിസിന്റെ സ്റ്റുഡിയോയിൽ കാണുന്ന ചില ചിത്രങ്ങൾ അദ്ദേഹം പുനർസൃഷ്ടിച്ച, കയൂ ഒറിജിനൽ വരച്ച, എറോട്ടിക് ചിത്രങ്ങളാണ്. ലോകത്തിലെ തന്നെ ആദ്യകാല ഹോമോ എറോട്ടിക് ഇല്ലിസ്റ്റ്രേഷൻസ് എന്ന ചരിത്രപ്രാധാന്യം കയൂവിന്റെ ചിത്രങ്ങൾക്കുണ്ട്. കൂടാതെ ഹാരിസ് വരച്ച കയൂവിന്റെ പോർട്രേയിറ്റും സ്റ്റുഡിയോയിൽ കാണാം. ഇങ്ങനെ ഗേ ചിത്രരചനയുടെ ചരിത്രത്തെക്കുറിച്ചുള്ള പല സൂചനകളും അടങ്ങിയതാണ് സിനിമയിലെ ചിത്രങ്ങൾ. ഇവയ്ക്ക് അടുത്തായി എൽ.ജി.ബി.ടി അവകാശങ്ങളുടെ പ്രതീകമായ മഴവിൽ പതാകയും ഇന്ത്യയിൽ സ്വവർഗരതി കുറ്റകൃത്യമാക്കുന്ന 377 വകുപ്പിനെതിരെ Fuck IPC 377 എന്ന മുദ്രാവാക്യവും കാണാം. ഇന്ത്യയിൽ സ്വവർഗരതി ക്രിമിനൽ കുറ്റമായിരുന്ന കാലത്താണ് ഈ സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നത്. നായകനായ ഹാരിസിനെ ഒരു ഗേ ആക്ടിവിസ്റ്റ് പെയിന്ററായി കൃത്യമായ അടയാളപ്പെടുത്തുന്നവയാണ് ഈ ഐക്കണോഗ്രാഫികൾ. സിനിമയ്ക്ക് വേണ്ടി ചിത്രങ്ങൾ വരച്ചത് എം.എം മഞ്ചേഷ് എന്ന പ്രതിഭാധനനായ ചിത്രകാരനാണ്.

സിനിമയിലെ നായികയായ സിയയും ജോലിസ്ഥലത്ത് ഉണ്ടാകുന്ന പ്രശ്നങ്ങളിലൂടെ അവളുടെ ശരീരത്തെക്കുറിച്ച് ബോധവതിയാവുകയാണ്. ഇപ്പോൾ സുപ്രീംകോടതിയുടെ ശബരിമല വിധിയെ തുടർന്ന് ആർത്തവശുദ്ധി വലിയ ചർച്ചാവിഷയമായിരിക്കുകയാണല്ലോ. ഇതൊക്കെ ഒരു prophecy പോലെ സിനിമയിൽ ആർത്തവസമരത്തിലൂടെ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. വ്യക്തിയുടെ ശരീരം എന്നത് വെറും ഭൗതികമായ ഒന്നുമാത്രമല്ല. അതിന് ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ അയാളുടെ ആത്മീയവും സാമൂഹികവുമായ അസ്തിത്വത്തെ ബാധിക്കുന്ന ഒന്നാണ്. ശരീരത്തിന്റെ രാഷ്ട്രീയം നായകന്റെ ചിത്രങ്ങളിൽ മാത്രമല്ല, ഈ സിനിമയിൽ മാത്രമല്ല, ശബരിമലയിലെ ആർത്തവശുദ്ധി വിവാദങ്ങളിലൂടെ ഇന്ന് കേരളത്തിലെ തെരുവുകളിലും തിളച്ചുമറിയുന്ന ഒന്നാണ്. വിശപ്പ്, കാമം, സ്വാതന്ത്ര്യം എന്നിങ്ങനെ അടിസ്ഥാനപരമായ എല്ലാ ആവശ്യങ്ങളും ശാരീരിക കാമനകളിൽ അധിഷ്ഠിതമാണ്. അതിനാൽതന്നെ അതിനെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയത്തിൽ ഉടലുകൾ വലിയൊരു ആയുധമാവുന്നുണ്ട്.
Q4) ഗേ കമിതാക്കളുടെ വേഷം ചെയ്ത ജയ്സണും രാജേഷും യഥാർത്ഥ ജീവിതത്തിൽ ഗേ അല്ലാത്ത വ്യക്തികളാണ്. ഹാരിസിനെ പോലെ ഇത്രയും കൂസലില്ലാത്ത, irreverent ആയിട്ടുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻമാത്രം കേരളത്തിലെ ഗേ കമ്യൂണിറ്റി വളർന്നിട്ടുമില്ല. ഈ കാസ്റ്റിംഗ് ചെയ്യാൻ നേരിട്ട വിഷമതകളെകുറിച്ച് പറയാമോ?

A4) ഗേ ആയിട്ടുള്ള രണ്ട് നായകന്മാരുടെ കാസ്റ്റിംഗ് വളരെ വിഷമം പിടിച്ച ഒന്നായിരുന്നു. മുഖ്യധാരയിൽ നിന്നുള്ള ചില നടന്മാർ കഥാപാത്രത്തിന്റെ സ്വഭാവം മനസ്സിലാക്കിയതിനുശേഷം പേടിച്ച് പിന്മാറുകയായിരുന്നു. എന്റെ ആഗ്രഹം ഗേ കമ്മ്യൂണിറ്റിയിൽ നിന്നുള്ള ഒരു നടനെ കൊണ്ടുതന്നെ ഈ റോളുകൾ ചെയ്യിക്കണം എന്നായിരുന്നു. കമ്മ്യൂണീറ്റിയിൽ സജീവമായ ചിലസുഹൃത്തുക്കളെ വച്ച് അതിനായുള്ള പരിശീലനമൊക്കെ നടത്തിയെങ്കിലും ആ ശ്രമം വിജയം കണ്ടെത്തിയില്ല. ഹാരിസ് എന്ന കഥാപാത്രം കേവലം ഭാവനാസൃഷ്ടം എന്നതിലുപരി എനിക്ക് പരിചയമുള്ള പല വ്യക്തികളുടെയും സ്വഭാവസവിശേഷതകളെ സമന്വയിപ്പിച്ചുകൊണ്ട് ഉണ്ടാക്കിയതാണ്, കൂടാതെ കുറയെക്കെ അത്മാശംവും ആ കഥാപാത്രത്തിന്റെ നിർമ്മതിയിലുണ്ട്. ഞാനൊരു ചിത്രകാരൻ അല്ലെങ്കിലും തൊണ്ണൂറുകളിലെ എന്റെ കവിതകളിൽ സ്വവർഗലൈംഗികതയുടെ ബഹുമുഖമായ പ്രകടനങ്ങൾ ആവിഷ്കരിക്കാൻ ശ്രമിച്ചിട്ടുണ്ട് . എങ്ങനെയുള്ള ആളുകൾ ആയിരിക്കണം ഗേ എന്നതിനെക്കുറിച്ച് വളരെ സ്റ്റീരിയോടിപ്പിക്കൽ ആയിട്ടുള്ള ധാരണകളാണ് മലയാളി സമൂഹത്തിനുള്ളത്. അത്തരം വാർപ്പുമാതൃകകളെ അതിലംഘിക്കുക എന്നതും എന്റെ ലക്ഷ്യമായിരുന്നു. ഗേ കമ്മ്യൂണിറ്റിയിലുള്ള എല്ലാവരും മൃദുആണത്തത്തിന്റെ മൂശയിൽ വാർത്തവരല്ല. ന്യൂയോർക്കിൽ എന്റെ പരിചയത്തിലുള്ള ഗേസ് പലരും വളരെ പൗരുഷമുള്ളവരും കാര്യങ്ങളെ ധൈര്യപൂർവ്വം നേരിടുന്നവരുമാണ്. ഹാരിസിനെ പോലുള്ള ആളുകളും ഒരു യാഥാർത്ഥ്യമാണ്. കൂടാതെ കാഴ്ചയിൽ ഹാരിസിനെക്കാൾ കൂടുതൽ പൗരുഷം തോന്നിക്കുന്ന വിഷ്ണു പെരുമാറ്റത്തിൽ മൃദുസ്വഭാവക്കാരനാണ്. അതും ഒരു യാഥാർത്ഥ്യം തന്നെ.
Q5) വളരെ ബോൾഡ് ആയിട്ടുള്ള ഒരു നായികാ കഥാപാത്രമാണ് നസീറ അവതരിപ്പിച്ച സിയ. സിനിമയുടെ അവസാനം രണ്ട് നായകൻമാർക്കും എന്ത് സംഭവിച്ചു എന്ന് കൃത്യമായി പറയുന്നുണ്ട്. പക്ഷേ നായികയായ സിയക്ക് എന്തു സംഭവിച്ചുവെന്ന് ചിത്രം പറയുന്നില്ല. തന്റെ ഉറ്റസുഹൃത്തായ ഹാരിസിന്റെ കൂടെ ജീവിക്കാം എന്ന് വിചാരിച്ച് കുടുംബത്തെ ഉപേക്ഷിച്ച് വീടുവിട്ടിറങ്ങിയതാണ് അവൾ. വീടുവിട്ടിറങ്ങുന്ന ഒരു മലയാളി സ്ത്രീയുടെ ജീവിതം എന്തായിത്തീരുമെന്ന് കലയിലൂടെ പോലും പറയാൻ കഴിയാത്തവിധം സ്ത്രീവിരുദ്ധമാണ് നമ്മുടെ സമൂഹം എന്ന് തോന്നുന്നു.
A5) മലയാളി സമൂഹം വളരെ സ്ത്രീ വിരുദ്ധം തന്നെയാണ് എന്ന കാര്യത്തിൽ സംശയമൊന്നുമില്ല. പക്ഷേ എന്റെ സിനിമകളിൽ നായകൻ, നായിക തുടങ്ങിയ സാമ്പ്രദായിക സങ്കൽപ്പങ്ങളൊന്നും ഉണ്ടാകാറില്ല. വലുതും ചെറുതുമായ എല്ലാ കഥാപാത്രങ്ങളും പ്രാധാന്യം അർഹിക്കുന്നുണ്ട്. സിനിമയിൽ സിയ എന്നത് വളരെ മേജർ ആയിട്ടുള്ള ഒരു കഥാപാത്രമാണ്. എന്നാൽ സിയയേക്കാൾ തീക്ഷ്ണവും അരക്ഷിതവുമായ ജീവിതാവസ്ഥകളിലൂടെ കടന്നുപോയ മലയാളികളായ സ്ത്രീ സുഹൃത്തുക്കൾ എനിക്കുണ്ട്. ഉദാഹരണത്തിന് സിയ വീട്ടിൽനിന്ന് ഇറങ്ങിപോകുമ്പോൾ എന്റെ സുഹൃത്തായ തസ്നി ബാനുവിനെ വീട്ടിനകത്ത് പൂട്ടിയിടുകയാണ് ഉണ്ടായത്. കേരളത്തിൽ ജീവിച്ച് വളരെ യാഥാസ്ഥിതികമായ കുടുംബ-സാമൂഹ്യ സാഹചര്യങ്ങൾ നേരിടുകയും അതേസമയം വളരെ വിദഗ്ധമായ മെയ്‌വഴക്കത്തോടെ പ്രതിസന്ധികളെ തരണം ചെയ്യുകയും ചെയ്യുന്ന ഹയറുന്നിസയെപ്പോലുള്ള സുഹൃത്തുക്കൾ ഉണ്ട്. തീക്ഷ്ണമായ അനുഭവങ്ങൾ മറികടന്ന ഷാഹിനയെ പോലെ, സിയയെ അവതരിപ്പിച്ച നടിയായ നസീറയെ പോലുള്ളവർ ഉണ്ട്. ഇങ്ങനെ എന്നോട് അനുഭവങ്ങൾ പങ്കുവെച്ച പല യഥാർത്ഥ സ്ത്രീകളിൽ നിന്നുമാണ് സിയ എന്ന് കഥാപാത്രം ജനിക്കുന്നത്. ഈ സിനിമയിൽ ഒരു ensemble cast ഉണ്ടെങ്കിലും ഹാരിസിന്റെ ജീവിതയാത്ര ഒരു കേന്ദ്ര നറേറ്റീവ് ആയി കാണിക്കുകയും അയാളുടെ ജീവിതത്തിലേക്ക് പല ഘട്ടങ്ങളിലായി കടന്നുവരികയും ഇറങ്ങിപ്പോവുകയും ചെയ്യുന്നവരാണ് മറ്റുള്ളവർ. പ്രധാന കഥാപാത്രങ്ങളുടെ ആദിമധ്യാന്തം ചിത്രീകരിക്കുന്ന സാധാരണ ഹോളിവുഡ് നറേറ്റീവുകളിൽനിന്നും വ്യത്യസ്തമായ ഒരു പാറ്റേണാണ് സിനിമയിൽ ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള ഒരു കഥാപാത്രത്തിന് ഭാവിയിൽ എന്തു സംഭവിക്കും എന്നുള്ള കാണികളുടെ ജിജ്ഞാസ തന്നെയാണ് ഈ സിനിമയുടെ കാഴ്ചാനന്തര രാഷ്ട്രീയം. കുടുംബത്തിൻറെ നിയന്ത്രണത്തിൽ തന്റെ കാമനകൾ അടക്കിവെച്ച കഴിയുന്നവനാണ് വിഷ്ണു എങ്കിലും ഹാരിസിന്റെ സ്നേഹത്തിന് മുന്നിൽ ഒരു പതർച്ചയോടെ അവൻ കീഴടങ്ങുന്നുണ്ട്. പക്ഷെ വിഷ്ണുവിന്റെ യാത്ര അവസാനിക്കുന്നത് സ്വവർഗലൈംഗികത ചികിത്സിച്ച് മാറ്റുമെന്ന് പരസ്യം ചെയ്യുന്ന ഒരു ക്ലിനിക്കിലാണ്. നമ്മൾക്കറിയാം എത്രയോ സ്വവർഗപ്രേമികൾ കേരളത്തിലെ അത്തരം ക്ലിനിക്കുകളിൽ നരകയാതന അനുഭവിക്കുന്നു. ആധുനിക ശാസ്ത്രത്തിന്റെ വെളിച്ചത്തിൽ പാശ്ചാത്യരാജ്യങ്ങൾ തള്ളിക്കളഞ്ഞ കാലഹരണപ്പെട്ട ചികിത്സാരീതികൾ നമ്മുടെ നാട്ടിൽ ഇന്നും തുടർന്നുകൊണ്ടിരിക്കുകയാണ്. അത്തരം ക്ലിനിക്കുകളിൽ പോയി ഇലക്ട്രിക് ഷോക്ക്, രാസഷണ്ഡീകരണം എന്നിവ പോലും അനുഭവിച്ച ആളുകൾ കേരളത്തിലുണ്ട്. ഇന്ത്യയിലെ രാഷ്ട്രീയ-സാമൂഹ്യ സാഹചര്യങ്ങളിൽ ഹാരിസിനെ പോലെ തീരെ കൂസലില്ലാത്ത ഒരു ആക്ടിവിസ്റ്റിന് എന്താണ് സംഭവിക്കുക എന്ന് നമുക്കെല്ലാവർക്കും അറിയാം.
വിഗ്രഹഭഞ്ജകരായ ഇത്തരം ആളുകളെ നമ്മുടെ സമൂഹം ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. സിനിമയിലേക്കാൾ ലഘുവായ കാര്യങ്ങൾ ചെയ്ത ഗൗരി ലങ്കേഷിനെ, കൽബുർഗിയെ, കോയമ്പത്തൂരിലെ ഫാറൂഖിനെ ഒക്കെ വെടിവെച്ചുകൊന്നു. പക്ഷേ കബോഡിസ്കേപ്സ്സ് അത്തരമൊരു കൊലപാതകത്തിൽ അവസാനിക്കുന്നില്ല. യഥാർത്ഥ ജീവിതത്തിൽ എട്ട് ഗുണ്ടകളാൽ ആക്രമിക്കപ്പെടുന്ന ഒരാൾ കൊല്ലപ്പെടും. എന്നാൽ എന്റെ സിനിമ അത്ര pessimistic ആവുന്നില്ല. അയാൾ പ്രതിഷേധത്തോടെ നഗ്നനായി കടലിലേക്ക് സ്വയമിറങ്ങി പോവുകയാണ്. കൊലചെയ്യപ്പെടാൻ ഇടയുള്ള പ്രതിസന്ധിഘട്ടത്തിലും അയാൾ തന്റെ ശരീരത്തിന്മേലുള്ള സ്വയംനിർണയാവകാശം സ്ഥാപിക്കുകയാണ്; ശരീരംകൊണ്ട് പ്രതിഷേധം രേഖപ്പെടുത്തുകയാണ്. ഈ “കര വിട്ട് കടലിലേക്ക് പോകൽ” പലതരത്തിൽ വ്യാഖ്യാനിക്കാവുന്ന പ്രതീകാത്മകമായ ഒരു അന്ത്യമാണ്. സരയു നദിയിൽ ആത്മഹത്യ ചെയ്ത രാമനെപ്പോലെ ആവാമത്. അല്ലെങ്കിൽ ഇന്ത്യയിൽനിന്ന് കടൽ കടന്ന് പാശ്ചാത്യരാജ്യങ്ങളിൽ പ്രവാസികളായി പോകുന്ന സ്വവർഗപ്രേമികളുടെ അവസ്ഥയാവാം. സാമ്പ്രദായികമായ ക്ലൈമാക്സ് കാണുവാൻ ആഗ്രഹിക്കുന്ന കാണികളുടെ ആക്രാന്തം സിനിമ പ്രോത്സാഹിപ്പിക്കുന്നില്ല. open ended ആയിട്ടുള്ള ഒരു ക്ലൈമാക്സ് ആണിവിടെ. ആവിഷ്കാരസ്വാതന്ത്ര്യമില്ലാത്ത സമകാലീന സാംസ്കാരിക-ചരിത്ര സാഹചര്യങ്ങളിൽ ജീവിക്കുന്ന മനുഷ്യരുടെ mindscape അടയാളപ്പെടുത്തുക എന്നതുമാത്രമേ സിനിമകൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ
Q6) സ്ത്രീ സ്വയംഭോഗം മലയാളസിനിമയിൽ വാക്കുകളാൽ പോലും ചെറുതായി പരാമർശിക്കപ്പെടുന്നത് ഈ അടുത്ത് വന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ.മ.യൗ സിനിമയിൽ മാത്രമാണ്. ജയന്റെ ഈ സിനിമയിൽ നായികയുടെ അല്പം ദൈർഘ്യമുള്ള സ്വയംഭോഗ സീൻ കാണിക്കുന്നുണ്ട്. അതിന്റെ പിന്നിലുള്ള ശരീരരാഷ്ട്രീയത്തെക്കുറിച്ച് വിശദമാക്കാമോ?
A6) മുഖ്യധാരാ മലയാളസിനിമയുടെ നറേറ്റീവ് പാരമ്പര്യത്തിന്റെ പിന്തുടർച്ചയല്ല കബോഡിസ്കേപ്സിലെ കഥാപാത്രങ്ങളൂം പ്രേമേയവും. മുഖ്യധാരയിൽ തന്നെ വളരെ വ്യത്യസ്തമായ പ്രമേയങ്ങൾ എടുത്ത് വിനോദമൂല്യമുള്ള സിനിമകൾ അടുത്തകാലത്ത് വരുന്നുണ്ട്. കൂടാതെ അടൂർ, അരവിന്ദൻ, കെ.ജി ജോർജ്ജ്, ജോൺ എബ്രാഹം എന്നിവരുടെ വർക്കുകളിലൂടെ വികസിച്ച ആർട് ഹൗസ്/സമാന്തര സിനിമ പാര്യമ്പര്യത്തിന്റെ തുടർച്ചയും ഇന്നുണ്ട്. സിനിമയിലെ മറ്റുരണ്ട് നായകന്മാരെ പോലെ ഒരു പ്രണയബന്ധത്തിൽ ഏർപ്പെടാതെ സ്വതന്ത്രയായി നിലകൊള്ളുന്ന ഒരു വ്യക്തിയാണ് നായികയായ സിയ. അങ്ങിനെ യാതൊരുവിധ പ്രണയബന്ധങ്ങളും ഇല്ലാതെ ജീവിക്കുന്ന അനേകം വ്യക്തികളെ എനിക്ക് പരിചയമുണ്ട്. എന്നാൽ അവരാരും നിർലൈംഗികർ (asexual) അല്ല. സിയയെ പോലുള്ള ഒരു സ്ത്രീ അവളുടെ ശരീരത്തിലും അവളുടെ ലൈംഗികസുഖത്തിനായുള്ള തെരഞ്ഞെടുപ്പുകളിലും സ്വയംപര്യാപ്തത ഉള്ള വ്യക്തിയാണ്. സ്വയം ഒരു സ്വതന്ത്ര റിപ്പബ്ലിക്കാണ് എന്ന പ്രഖ്യാപനമാണ് സിയയുടെ സ്വയംഭോഗം. ഒരു കാമുകൻ/ഭർത്താവ് ഇല്ലാതെതന്നെ അവൾ പരിപൂർണ്ണയാണ്, സ്വയംപര്യാപ്തയാണ്. ആ സ്വയംഭോഗ സീനിന്റെ ദൈർഘ്യം വളരെ ബോധപൂർവം, യഥാർത്ഥ ജീവിതത്തിനോട് ചേർന്നുനിൽക്കുന്ന നിലയിൽ നിശ്ചയിച്ചതാണ്. അങ്ങനെ സ്ത്രീ സ്വയംഭോഗത്തെ ഒരു ലോങ്, സിംഗിൾ, ബോറിംങ്, ലാഗിങ് ഷോട്ടിലൂടെ കാണിക്കുന്നത് ഒരുതരത്തിൽ കാണികളുമായി, മനുഷ്യ ലൈഗീകതയും അതിനോട് ബന്ധപ്പെട്ട ആത്മസുഖാന്വേഷണങ്ങളൂം അവരുടെ സ്വാഭാവിക ചര്യാനൈര്യന്തരങ്ങളുടെ ഭാഗം മാത്രമാണെന്നും ഇന്നു പരക്കെ സിനിമകളിൽ ഗ്ലാമറൈസ് ചെയ്യപ്പെടുന്ന, എക്സോട്ടിസൈസ് ചെയ്യപ്പെടുന്ന തരത്തിൽ ഒരു ‘വൻ കാര്യ’മല്ലെന്ന ആശയം സംവേദിക്കുവാനാണ് ശ്രമിക്കുന്നത്. അത് വേണമെങ്കിൽ മുഖത്തിന്റെ ക്ലോസപ്പുകളിലൂടെ, കട്ടുകളിലൂടെ ഒക്കെ കൂടുതൽ എറോട്ടിക്കായി കാണിക്കാമായിരുന്നു. അത്തരത്തിലുള്ള സീനുകൾ കാണികളിൽ ലൈംഗികവികാരം ഉണർത്താറുണ്ട്. എന്നാൽ ഇത് അങ്ങനെയല്ല ഉദ്ദേശിച്ചത്. വളരെ ഏകാന്തവും വളരെ ദീർഘവുമായ, സ്വയം സമാശ്വസിപ്പിക്കലിനുള്ള ഒരു അനുഷ്ഠാനമാണ് ഉറക്കത്തിനു മുമ്പുള്ള സിയയുടെ സ്വയംഭോഗം.

Q7) വിഷ്ണുവിന്റെ സുന്ദരമായ ശരീരദൃശ്യങ്ങൾ ഒരു മനോഹരമായ ലാൻഡ്സ്കേപ്പ് പോലെ സിനിമയിൽ ഉടനീളം കാണിക്കുന്നുണ്ട്. സ്ത്രീ ശരീരം പോലെ പുരുഷ ശരീരവും കാമനകൾ ഉണർത്തുന്നതാണന്നും സ്ത്രീകൾക്കും ഗേ പുരുഷന്മാർക്കും അതിൽ താല്പര്യം ഉണ്ടാവുമെന്നുമുള്ള വസ്തുത മലയാളസിനിമ ബോധപൂർവ്വം അവഗണിക്കുന്നതായി തോന്നാറുണ്ട്. മലയാളസിനിമയിലെ ഈ ബാലൻസ് ഇല്ലാത്ത പ്രതിനിധാനത്തെ കുറിച്ച് എന്തുപറയുന്നു?
A7) മലയാളസിനിമയുടെ സ്ത്രീ പ്രതിനിധാനത്തെ കുറിച്ച് പറയാൻ ഞാനൊരു ക്രിട്ടിക് അല്ല. മീന ടി പിള്ളയെപ്പോലുള്ള അക്കദമിഷ്യൻസും നിരൂപകരും മലയാളസിനിമയിലെ സ്ത്രീകളെക്കുറിച്ച്, ശരീരത്തെക്കുറിച്ച് ഒക്കെ ഗവേഷണം നടത്തി അക്കാദമിക് ജേർണലുകളിൽ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പക്ഷേ എന്റെ ചെറുപ്പകാലത്ത് ഞാൻ ജനിച്ചുവളർന്ന കേരളീയ സാഹചര്യങ്ങളിൽ അർദ്ധനഗ്നരായ പുരുഷന്മാർ, ഷർട്ട് ഇടാത്തവരും മുണ്ട് മടക്കിക്കുത്തിയവരുമെല്ലാം, വളരെ സാധാരണമായിരുന്നു. എന്റെ അപ്പനും ജ്യേഷ്ഠന്മാരും അമ്മൂമ്മയും ഒക്കെ അങ്ങനെയായിരുന്നു. എന്റെ ബാല്യകാലത്ത് അമ്മൂമ്മയുടെ മടിയിൽ കിടന്ന് അവരുടെ മുലകൾ പന്തുപോലെ തട്ടിക്കളിച്ചിരുന്നത് ഞാനോർക്കുന്നു. കൊളോണിയൽ ക്രിസ്റ്റിൻ മോറാലിറ്റി നമ്മുടെ സോഷ്യൽ മോറാലിറ്റിയായി രൂപപ്പെട്ടതോടെയായിരിക്കാം കേരളത്തിൽ സ്ത്രീകളുടെ മുലകൾ ലൈംഗികവൽക്കരിക്കപ്പെട്ടതും നമ്മൾ അവ മറയ്‌ക്കാനും തുടങ്ങിയത്. മലയാളസിനിമയുടെ ആദ്യകാലങ്ങൾ മുതൽതന്നെ സ്ത്രീശരീരങ്ങൾ ലൈംഗിക വൽക്കരിക്കപ്പെട്ടു. അതിന് കാരണം ഭൂരിപക്ഷ കാണികളും സിനിമ എഴുതുന്നവരും സംവിധാനം ചെയ്യുന്നവരും എല്ലാം ഹെറ്റ്രോസെക്ഷ്യൽ പുരുഷന്മാരും അവരുടെ വിപണി പൗരുഷകാമനകാളാൽ നിയന്ത്രിക്കപ്പെട്ടിരിന്നതായിരുന്നു വെന്നള്ളതുമാകാം . അത്തരമൊരവസ്ഥയിൽ അവർക്ക് പുരുഷലൈംഗികാസക്തികളെ തൃപ്തിപ്പെടുത്തേണ്ടതുണ്ട്. അത് മാർക്കറ്റിംഗ്, സാമ്പത്തികലാഭം എന്നിവയുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. പുരുഷശരീരം സ്ത്രീകൾക്ക് വേണ്ടി ലൈംഗിക വൽക്കരിക്കപ്പെടുന്ന ഒരു കാലം സ്ത്രീകൾ ധാരാളമായി സിനിമ കാണുന്ന, സിനിമ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്യുന്ന, അവരുടെ അഭിരുചികൾ വിപണി നിയന്ത്രിക്കുകയും ചെയ്യുന്ന ഒരുകാലത്ത് വന്നേക്കാം. പക്ഷേ കബോഡിസ്കേപ്സിനെ സംബന്ധിച്ചടത്തോളം വടിവൊത്ത ശരീരമുള്ള വിഷ്ണു മാത്രമല്ല, ഹാരിസും ഏതാണ്ട് മിക്ക സീനുകളിലും അർദ്ധനഗ്നനാണ്. ശരീരത്തിലെ ചില ഭാഗങ്ങളെ ഒരു ഭൂപ്രദേശത്തിന്റെ ലാൻഡ്സ്കേപ് പോലെ പർവതീകരിച്ച് ചിത്രീകരിക്കുന്നതിനെയാണ് ബോഡിസ്കേപ് എന്ന് പറയുന്നത്. അത്തരത്തിലുള്ള ഒരു ശ്രമം നടത്തുന്നില്ലെങ്കിലും ഈ സിനിമ പ്രാഥമികമായി ശരീരത്തെ കുറിച്ചുള്ളതാണ്, അതിന്റെ കാമനകളെയും സ്രവങ്ങളെയും കുറിച്ചുള്ളതാണ്. ശരീരത്തെക്കുറിച്ചുള്ള വിലക്കുകൾ (taboo), അതിനെ അതിലംഘിക്കുന്നത്, ആ ശ്രമത്തിന്റെ രാഷ്ട്രീയം എന്നതൊക്കെയാണ് സിനിമ പറയുന്നത്. ഈ സിനിമയുടെ പ്രമേയവും സ്ക്രിപ്റ്റും സ്പിരിറ്റും ആവശ്യപ്പെടുന്നത് കൊണ്ടാണ് നഗ്നത സിനിമയിൽ ഒരു പ്രധാന ഘടകം ആവുന്നത്. അല്ലാതെ ഏതെങ്കിലും മാർക്കറ്റിനെ തൃപ്തിപ്പെടുത്താൻ വേണ്ടിയല്ല.
Q8) സിനിമ കണ്ട ചില ഗേ സുഹൃത്തുക്കൾ അതിൽ സ്വവർഗ പ്രണയികൾ നേരിടുന്ന പ്രശ്നങ്ങൾ കുറച്ചുകൂടി വിശദമായി ചിത്രീകരിക്കാമായിരുന്നു എന്ന അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ സിനിമ കൂടുതൽ തൃപ്തിപ്പെടുത്തിയത് മതമൗലികവാദികളെ എതിർക്കുന്ന യുക്തിവാദികളെയും സ്വതന്ത്രചിന്തകരെയുമാണ് എന്ന് തോന്നുന്നു. മതമാണോ സ്വവർഗപ്രേമികളുടെ പ്രധാന എതിരാളി? മതത്തിന് അത്ര പ്രാധാന്യം കൊടുക്കാത്ത മലയാളി കുടുംബസാമൂഹ്യ സാഹചര്യങ്ങളിൽ പോലും ഒരാൾക്ക് ഗേ ആയി വെളിപ്പെടുത്തൽ നടത്തുന്നത് വളരെ പ്രയാസമുള്ള കാര്യമാണ്.
A8) എനിക്ക് പരിചയമുള്ള പല നിരീശ്വരവാദികളും യുക്തിവാദികളും വളരെയധികം സ്വവർഗഭീതി (Homophobia) ഉള്ളവരാണ്. എന്നാൽ ദൈവവിശ്വാസികളായ എന്റെ ചില സുഹൃത്തുക്കൾ വളരെ അനുഭാവപൂർവ്വം ആണ് എൽ.ജി.ബി.ടി കമ്മ്യൂണിറ്റിയെ കാണുന്നത്. സ്വവർഗലൈംഗികത എന്നത് ജീവശാസ്ത്രപരമായ ഒരു ലൈംഗികഅഭിവിന്യാസം (Sexual Orientation) മാത്രമാണ്. അതിന് മതപരമോ മറ്റ് പ്രത്യയശാസ്ത്രപരമായോ ഉള്ള വ്യത്യാസങ്ങളൊന്നുമില്ല. പക്ഷേ യാഥാസ്ഥിക മതങ്ങൾ അവരുടെ നിലനിൽപ്പിനും അതിജീവനത്തിനും ആധാരമായി കാണുന്നത് ഭിന്നവർഗ ലൈംഗികതയിൽ അധിഷ്ഠിതമായ ആൺ-പെൺ ദമ്പതികളെയും അവർ ഉൽപാദിപ്പിക്കുന്ന കുട്ടികളെയുമാണ്. വളരെ ചെറുപ്പം മുതൽ കുട്ടികളെ ഒരു പ്രത്യേക മതത്തിന്റെ ചിട്ടകളിൽ വളർത്താനുള്ള പദ്ധതികളാണ് കുടുംബങ്ങളിൽ നാം കാണുന്നത്. അതിന് അനുരൂപമായിട്ടുള്ള, ആൺകോയ്‌മയിൽ അധിഷ്ഠിതമായ, പിതൃവാഴ്ചയിൽ വാർത്തെടുത്ത ഹെറ്ററോനോർമൽ കുടുംബഘടന അടിസ്ഥാനപരമായി മതങ്ങൾക്ക് ആവശ്യമാണ്. അതിനാലാണ് ആൺ-പെൺ വിവാഹം എന്ന സ്ഥാപനത്തിന് പുറത്തുള്ള എല്ലാ ലൈംഗികതയും ലിംഗത്വങ്ങളും യാഥാസ്ഥിതിക മതങ്ങളെ വെകിളി പിടിപ്പിക്കുന്നത്. ഈ സിനിമ ഏതെങ്കിലുമൊരു പ്രത്യേക കമ്മ്യൂണിറ്റിയെ തൃപ്തിപ്പെടുത്താൻ വേണ്ടി എടുത്തതല്ല. ഒരു ഫിലിം മേക്കർ എന്നനിലയിൽ എന്റെ ഊർജ്ജം എന്നത് സമകാലിക സാമൂഹ്യ മുന്നേറ്റങ്ങളാണ്. അത് എൽ.ജി.ബി.ടി മൂവ്മെൻറ് മാത്രമല്ല; യുക്തിവാദം, ഫെമിനിസം, ദളിത് രാഷ്ട്രീയം ഉൾപ്പെടെയുള്ള മറ്റ് സ്വത്വരാഷ്ട്രീയ പ്രസ്ഥാനങ്ങൾ എന്നിവയെല്ലാം ഉൾപ്പെടും. എൽ.ജി.ബി.ടി എന്നതുതന്നെ ഏകശിലാത്മകമായ ഒരു കമ്മ്യൂണിറ്റി അല്ല. അതിനുള്ളിൽ തന്നെ സ്വവർഗപ്രേമികളുടെ, ട്രാൻസ് ജെൻഡർ വ്യക്തികളുടെ, ഇന്റർസെക്സ് ആളുകളുടെ ഒക്കെ ഐഡൻറിറ്റിയും അവർ നേരിടുന്ന പ്രശ്നങ്ങളും എല്ലാം വളരെ വ്യത്യസ്തങ്ങളാണ്. ഇതിലെ എല്ലാ ഉപവിഭാഗങ്ങളെയും തൃപ്തിപ്പെടുത്തി കൊണ്ട് ഒരു സിനിമ ചെയ്യാൻ പ്രയാസമാണ് .ഞാൻ ജീവിക്കുന്ന സാഹചര്യങ്ങളോട്, ചരിത്രത്തോട്, കാലത്തോട് ഒക്കെയുള്ള പ്രതികരണമാണ് എന്റെ കല. ഇത് ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിനോ മിത്തോളജിക്കോ എതിരായിട്ടുള്ള സിനിമയല്ല. ഞാനൊരു സ്റ്റോറി ടെല്ലർ മാത്രമാണ്. കഥകൾ ദൃശ്യാത്മകമായി പറയുകയെന്നതാണ് എന്റെ ജോലി. ഏതെങ്കിലും വിഭാഗങ്ങളെ തൃപ്തിപ്പെടുത്തുകയോ അവഹേളിക്കുകയോ എന്റെ ജോലിയല്ല. പക്ഷെ എന്റെ വ്യക്തിപരമായ ബോധ്യങ്ങളും അഭിരുചികളും fallacyകളും എന്റെ സിനിമകളിൽ പ്രതിഫലിക്കും.
Q9) ഇതിനെക്കുറിച്ച് ഒരു തുടർചോദ്യം ചോദിക്കട്ടെ. സ്വവർഗപ്രണയത്തെ അംഗീകരിച്ചാൽ ആണും പെണ്ണും ദമ്പതിമാരായ കുടുംബവ്യവസ്ഥയും പ്രത്യുൽപാദനവും തകർന്നു തരിപ്പണമാകും എന്ന മിഥ്യാധാരണ എല്ലാ മതപൗരോഹിത്യത്തിലും ഉണ്ടെന്ന് തോന്നുന്നു. സ്വവർഗലൈംഗികത എന്നത് ഒരു ന്യൂനപക്ഷത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്ന കാര്യമാണെന്നത് അവർ വിസ്മരിക്കുന്നുണ്ട്. മതപുരോഹിതന്മാർക്ക് അവരുടെ തന്നെ ലൈംഗികതയിലുള്ള വ്യതിയാനങ്ങളെ സ്വയം അംഗീകരിക്കാൻ കഴിയാത്തതിനാലുണ്ടാവുന്ന വിഭ്രാന്തികൾ കാരണമാണ് ഇത്തരം പൊള്ളയായ വാദങ്ങൾ ഉയർത്തുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. മതപുരോഹിതരും ആത്മീയാചാര്യരും ഒക്കെയായിത്തീരുക എന്നത് വിവാഹത്തിൽനിന്ന് രക്ഷപ്പെടാനായി ചില സ്വവർഗപ്രേമികൾ സ്വീകരിക്കുന്ന പാതയാണ്.

A9) സ്വവർഗപ്രണയത്തെ അംഗീകരിച്ചാൽ ആണും പെണ്ണും ദമ്പതിമാരായ കുടുംബവ്യവസ്ഥയും പ്രത്യുൽപാദനവും തകർന്നു തരിപ്പണമാകും എന്നത് ഒരു അബദ്ധധാരണ തന്നെയാണ്. ഈ പ്രപഞ്ചത്തിലെ ജീവജാതികളിൽ ഇണചേരൽ പ്രജനനത്തിനുള്ള ഉപാധിയായി ആചരിക്കുന്ന എതാണ്ട് എല്ലാ സ്പീഷിസിലും ഒരു നിശ്ചിത ശതമാനം സവർഗ്ഗരതിയിൽ താത്പര്യം കാണിക്കുന്നതായി ശാസ്ത്രീയ നിരീക്ഷണങ്ങൾ ഉണ്ടായിട്ടൂണ്ട്. മതപൗരോഹിത്യവും അവരെ ചോദ്യം ചെയ്യാതെ അനുസരിക്കുന്ന കുഞ്ഞാടുകളും തങ്ങളുടെ വിശ്വാസ വ്യസ്ഥയും അതിന്റെ ആണിക്കല്ലായ ദൈവസങ്കല്പങ്ങളും ഉത്പത്തികഥകളൂം മെനഞ്ഞുയർത്തിയിരിക്കുന്നത് പ്രജനനത്തെക്കുറിച്ചും ലൈഗീകതയെക്കുറിച്ചുമുള്ള ഹെറ്റ്രോസെന്റ്രിക് ആയ ഒരുണ്ഡലത്തിലാണ്, അതു തകരുമ്പോഴുള്ള അവരുടെ അങ്കാലാപ്പാണ് പലപ്പോഴും കുടുബം തകരുന്നു മനുഷ്യവംശം നശിക്കുന്നുവെന്നൊക്കെയുള്ള യാഥാസ്തികരുടെ മുറവിളിക്ക് പിന്നിൽ എന്നു തോന്നുന്നു ഇത് അടിസ്ഥാനരഹിതമായ ഭയം മാത്രമാണെന്നു ഞാൻ വിചാരിക്കുന്നു.
Q10) നിലമ്പൂർ ആയിഷ, ജയപ്രകാശ് കൂഴൂർ, നായികയുടെ അമ്മയായി അഭിനയിച്ച പുഷ്പ കോഴിക്കോട്, നളിനി ജമീല എന്നിങ്ങനെ മുഖ്യധാരാ സിനിമയിൽ അധികം കാണാത്ത ചില പ്രഗൽഭരെ അണിനിരത്താൻ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അവരുമായുള്ള ഷൂട്ടിംഗ് അനുഭവങ്ങളെക്കുറിച്ച് പറയാമോ?
A10) വളരെ പ്രസക്തമായ ഒരു ചോദ്യമാണിത്. നിലമ്പൂർ ആയിഷ എന്നത് മലയാളത്തിലെ നവോത്ഥാന നാടകവേദിയിലും മലയാളസിനിമയിലും വളരെ സജീവമായി നിലനിന്നിരുന്ന മഹാമേരുവായ നടിയാണ്. അവരുടെ കൂടെ ഈ സിനിമയിൽ സഹകരിക്കുവാൻ സാധിച്ചതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്. ഒരു കഥാപാത്രത്തിനെ അതിന്റെ പൂർണ്ണതയിലെത്തിക്കാൻ ഏതറ്റംവരെയും പോകുന്ന ഒരു കലാകാരിയാണ് അവർ. നാടകവേദിയിൽ തന്റെ കഴിവുതെളിയിച്ച പുഷ്പ ഏടത്തിയെ ഞാൻ പരിചയപ്പെടുന്നത് കുഴൂർ മാഷ് വഴിയാണ്. കുഴൂർ മാഷ് എന്നത് കേവലം സിനിമാനടൻ മാത്രമല്ല മറിച്ച് കേരളത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന നാടകാചാര്യൻമാരിൽ പ്രധാനപ്പെട്ട ഒരാളാണ്. അദ്ദേഹം വഴിയാണ് ഹാരിസ് ആയി അഭിനയിച്ച ജയ്സൺ ചാക്കോയിലേക്ക് ഞാൻ എത്തപ്പെട്ടത്. ഞാനൊരു മെന്ററുടെ സ്ഥാനം കൊടുത്തിരിക്കുന്ന ജയപ്രകാശ് കുഴൂരിന്റെ കൂടെ ജോലിചെയ്യാൻ സാധിച്ചത് അതീവ ആഹ്ലാദം പകർന്ന ഒരു അനുഭവമായിരുന്നു. നളിനി ജമീല ചേച്ചി കേരളത്തിലെ സിവിൽ റൈറ്റ്സ് ആക്ടിവിസ്റ്റ് മൂവ്മെന്റിലെ ഒരു പ്രധാന കണ്ണിയാണ്. ഇന്ത്യയിൽ ഒരു ലൈംഗിക തൊഴിലാളിയുടെ ആത്മകഥ ആദ്യമായി എഴുതിയ പ്രശസ്തയായ എഴുത്തുകാരി കൂടിയാണവർ. വർഷങ്ങൾ മുൻപ് തന്നെ കേരളത്തിലെ ക്വിയർ പ്രൈഡ് ഘോഷയാത്രയിൽ വെച്ച് അവരെ ഞാൻ പരിചയപ്പെട്ടിട്ടുണ്ട്. മനുഷ്യരുടെ മനഃശാസ്ത്രത്തെക്കുറിച്ച്, ലൈംഗികതയെക്കുറിച്ച് എല്ലാം അക്കാദമികമല്ലാത്ത, വളരെയധികം intuitive ആയ ഉൾക്കാഴ്ചകൾ ഉള്ള ഒരു വ്യക്തിയാണ് അവർ. ഏതാണ്ട് ആയിരത്തിലധികം പുരുഷന്മാരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് ആത്മകഥയിലൂടെ പറഞ്ഞ അവരെ കുടുംബസ്ഥയായ ഒരു കുലസ്ത്രീയായാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. അങ്ങിനെ ഒരു സ്റ്റീരിയോടൈപ്പിന്റെ മറിച്ചിടൽ കൂടി ഈ കാസ്റ്റിങ്ങിൽ ഉണ്ട്. അതിനാൽതന്നെ അവരുടെ സാന്നിധ്യവും കാസ്റ്റിങ്ങും എല്ലാം വളരെ പൊളിറ്റിക്കൽ ആണ്.
Q11) അരുന്ധതി, ശീതൾ ശ്യാം, ജോളി ചിറയത്ത് എന്നീ ആക്ടിവിസ്റ്റുകളെ സിനിമയിൽ ആക്ടിവിസ്റ്റ് റോളിൽ തന്നെ കാണുന്നത് കൗതുകകരമായിരുന്നു. അണിയറപ്രവർത്തകരിലെ ആക്ടിവിസ്റ്റ് സാന്നിധ്യത്തെക്കുറിച്ച് പറയാമോ?
A11) ജോളി ചിറയത്ത് കേരളത്തിലെ അറിയപ്പെടുന്ന ആക്ടിവിസ്റ്റ് മാത്രമല്ല, ഇപ്പോൾ മുഖ്യധാരയിൽ അറിയപ്പെടുന്ന ബ്രില്ല്യൻറ് ആയ നടി കൂടെയാണ്. കേരളത്തിലെ ഫെമിനിസ്റ്റ് വ്യവഹാരങ്ങളെ തെരുവിലെ യാഥാർത്ഥ്യമാക്കാൻ (Street Application) പ്രവർത്തിക്കുന്നവരിൽ പ്രധാനിയാണ് അവർ. ആക്ടിവിസ്റ്റുകളായ അരുന്ധതി, ദീപ വാസുദേവൻ, ശരത് ചേലൂർ, ജുനൈസ്, അസിസ്റ്റൻറ് ഡയറക്ടർമാരായി കിഷോർ കുമാർ, ജിജോ കുര്യാക്കോസ്, തസ്നി ബാനു, ബിന്ദു തങ്കം കല്യാണി, നദീ ഗുൽമോഹർ, സന്ദീപ് രവീന്ദ്രനാഥ്, ജിഷ്ണു ദത്ത് , ബിശ്വാസ് ബാലൻ, കിരൺ ഡാനിയൽ തിരക്കഥാരചനയിൽ സഹകരിച്ച ദീദി ദാമോദരൻ, പ്രേംചന്ദ്, ആഷ്‌ലി, ഹയറുന്നിസ, ഷാഹിന എന്നിങ്ങനെ ക്യാമറക്കും മുന്നിലും പിന്നിലുമായി ആക്ടിവിസ്റ്റുകളും സുഹൃത്തുക്കളും ആയ നിരവധിപേർ അണിനിരന്നിട്ടുണ്ട്. നായിക വേഷം ചെയ്ത നസീറയും ഒരു ആക്ടിവിസ്റ്റാണ്. ഇന്നത്തെ അറിയപ്പെടുന്ന ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റായ ശീതൾ അതേപേരിലുള്ള ഒരു ട്രാൻസ്ജെൻഡർ വ്യക്തിയായാണ് സിനിമയിൽ അഭിനയിക്കുന്നത്. മറ്റൊരു പ്രത്യേകത എന്താണെന്നുവെച്ചാൽ ഷൂട്ടിംഗ് നടന്ന കാലത്ത് ശീതൾ ഇന്നത്തെപ്പോലെ നിത്യജീവിതത്തിൽ സാരി ഉടുത്തിരുന്നില്ല. ഇപ്പോൾ ഇത്രയും വർഷങ്ങൾ വൈകി റിലീസായ സിനിമ കാണുമ്പോൾ ശീതൾ സിനിമയ്ക്കുവേണ്ടി കോസ്റ്റ്യൂം അണിഞ്ഞതായി തോന്നാം. പക്ഷേ അക്കാലത്തെ ശീതളിന്റെ നിത്യജീവിതത്തിലെ വേഷവിധാനം തന്നെയാണ് സിനിമയിൽ നാം കാണുന്നത്. അങ്ങനെ ശീതൾ എന്ന ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റിന്റെ ജീവിതത്തിലെ ഒരു ഘട്ടം കൃത്യമായി അടയാളപ്പെടുത്തുന്ന സിനിമ കൂടിയാണിത്.

ഈ സിനിമ സാധ്യമാക്കിയത് ഫ്ലാഷ് മോബ് പോലെ പെട്ടെന്ന് ഒത്തുകൂടുകയും പ്രക്ഷോഭം നടത്തിയതിനുശേഷം പിരിഞ്ഞുപോവുകയും ചെയ്യുന്ന കേരളത്തിലെ ആക്ടിവിസ്റ്റ് കൂട്ടങ്ങൾ നടത്തിയ ചെറുസമരങ്ങൾ തന്നെയാണ്. അതിനാൽതന്നെ അവരുടെ വലിയ സാന്നിധ്യമുള്ള ഈ സിനിമയുടെ നിർമാണത്തിന്റെ ഓരോ ഘട്ടത്തിലുള്ള ക്രൂവിനും ഈ ഫ്ലാഷ് മോബ് സ്വഭാവം ഉണ്ടായിരുന്നു എന്നുപറയാം. ഈ ആക്ടിവിസ്റ്റുകളും അവർ ഇന്ന് നിർമ്മിക്കുന്ന കേരളത്തിന്റെ ചരിത്രവും അവർ എന്നോട് പങ്കുവെച്ച അനുഭവങ്ങളും ഇല്ലായിരുന്നുവെങ്കിൽ ഈ സിനിമ ഉണ്ടാകുമായിരുന്നില്ല. സിനിമയിലെ പോലുള്ള സംഭവങ്ങൾ യഥാർത്ഥത്തിൽ നടന്നിട്ടുണ്ട്. എന്നാൽ കഥാകഥനത്തിലെ വിശദാംശങ്ങളിൽ ഫിക്ഷൻ കലർത്തിയിട്ടുണ്ട്. ഞാൻ പപ്പിലിയോ ബുദ്ധയുടെ തിരക്കഥയിലും ഇതേ സങ്കേതം തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. There is nothing called pure non-fiction. കേവല യാഥാർത്ഥ്യം എന്നത് ചരിത്രത്തിൽ പോലും ഉണ്ടെന്ന് തോന്നുന്നില്ല. ഓരോ മാധ്യമങ്ങളിലെയും ഓരോ റിപ്പോർട്ടറും ഓരോ തരത്തിലാണ് സംഭവങ്ങളെ നോക്കിക്കാണുന്നത്. സമകാലീന ചരിത്രമെന്നത് ഒരിക്കലും ഏകശിലാത്മകമായ ഒന്നല്ല. പോളിഫോണിക് ആയിട്ടുള്ള, വളരെ വൈവിധ്യമാർന്ന, ഫിക്ഷൻ കലർന്ന ചെറു സത്യങ്ങളുടെ ഒരു സംഘാതമാണ് അത്. ചരിത്രമെന്നത് കള്ളങ്ങളുടെ നദിയാണെന്ന് ഒരു ചൊല്ലുണ്ട്. ആ നദിയിലേക്ക് ഒരു ചെറിയ അരുവിയായി ഈ സിനിമയും ചെന്നുചേരുന്നു (ചിരിക്കുന്നു)
Q12) സെൻസർ ബോർഡുമായി രണ്ടുവർഷത്തിലേറെ നീണ്ടുനിന്ന നിയമ യുദ്ധത്തിന് ശേഷമാണ് ചില മാറ്റങ്ങളോടെ സിനിമ 2018 ഒൿടോബർ 5ന് റിലീസ് ആകുന്നത്. സെൻസർ ബോർഡുമായുള്ള അനുഭവങ്ങൾ പങ്കുവയ്ക്കാമോ? മറ്റെന്തെല്ലാം എതിർപ്പുകൾ നേരിട്ടു?
A12) പപ്പിലിയോ ബുദ്ധ എന്ന സിനിമയ്ക്ക് വേണ്ടി സെൻസർ ബോർഡുമായി എനിക്ക് ഇതിനുമുൻപും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ ഇത് വളരെ സുദീർഘവും uniqueഉം ആയിട്ടുള്ള ഒരു ഏറ്റുമുട്ടൽ ആയിരുന്നു. സിനിമയുടെ വേൾഡ് പ്രീമിയർ 2016 മാർച്ചിൽ ലണ്ടനിലെ എൽ.ജി.ബി.ടി ഫെസ്റ്റിവൽ ആയ BFI Flairൽ നടന്നു. അതിനടുത്ത മാസമാണ് സിനിമ സെൻസർ ബോർഡിന് അയക്കുന്നത്. മെയ് മാസത്തിൽ യാതൊരു കാരണവും പറയാതെ സിനിമയ്ക്ക് സർട്ടിഫിക്കേഷൻ നിഷേധിക്കുകയും റിവൈസിംഗ് കമ്മിറ്റിയിലേക്ക് അയക്കുകയും ചെയ്തു. തിരുവനന്തപുരത്ത് സിനിമ കാണാൻ ആളുകൾ ഇല്ല എന്ന കാരണം പറഞ്ഞ് മാസങ്ങൾക്കുശേഷം റിവൈസിംഗ് കമ്മിറ്റി സ്ക്രീനിങ് വച്ചത് ചെന്നൈയിലാണ്. പക്ഷേ എന്തൊക്കെയോ കാരണങ്ങൾ പറഞ്ഞ് ആ സ്ക്രീനിങ് ക്യാൻസൽ ചെയ്തപ്പോൾഞങ്ങൾ ചെന്നൈ CBFC ഡയറക്ടർക്ക് ഒരു വക്കീൽ നോട്ടീസ് അയച്ചു. അതിനുശേഷം നടന്ന സ്ക്രീനിങ്ങിൽ എല്ലാ കമ്മിറ്റി മെമ്പർമാരും ഏകകണ്ഠമായി സിനിമയ്ക്ക് സർട്ടിഫിക്കേഷൻ നിഷേധിച്ചു. ഹിന്ദുമതത്തെ അപകീർത്തിപ്പെടുത്തുന്നു, സ്ത്രീവിരുദ്ധത, സ്വവർഗലൈംഗികത പ്രചരിപ്പിക്കുന്നു എന്നീ കാരണങ്ങളാണ് പറഞ്ഞത്. അപ്പോൾ ഞങ്ങൾ കേരള ഹൈക്കോടതിയിൽ ഇതിനെതിരായി കേസ് ഫയൽ ചെയ്തു. കലയിലെ നഗ്നത ഒരു കാരണവശാലും സെൻസറിങ് നിഷേധിക്കാനുള്ള കാരണമാവാൻ പാടില്ല എന്നും 30 ദിവസത്തിനകം സെൻസറിങ് നടത്തണമെന്നുള്ള കോടതിവിധി സെപ്റ്റംബറിലാണ് വന്നത്. CBFC ഈ കോടതിവിധിയെ അവഗണിക്കുകയാണുണ്ടായത്. ഇതിനിടെ സെപ്റ്റംബറിൽ ഹൈദരാബാദിൽ നടക്കുന്ന ഒരു ഫിലിം ഫെസ്റ്റിവലിലും ഡിസംബറിലെ കേരള ഫിലിം ഫെസ്റ്റിവലിലും (IFFK) സിനിമ തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ ഈ ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കാനുള്ള അനുമതി ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം നിഷേധിച്ചു. IFFK അനുമതിക്കായി ഞാൻ വീണ്ടും കേരള ഹൈക്കോടതിയിൽ പെറ്റീഷൻ കൊടുത്തു. CBFC അപ്പോഴാണ് 30 ദിവസത്തിനുള്ളിൽ സർട്ടിഫിക്കേഷൻ കൊടുക്കണം എന്ന മുൻപുള്ള വിധി നടപ്പാക്കാത്തതിൽ മാപ്പ് പറയുകയും അപ്പീൽ വഴി എക്സ്റ്റൻഷൻ വാങ്ങിക്കുകയും ചെയ്തത്. കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് മൂന്ന് പ്രദർശനങ്ങൾ IFFKയിൽ നടത്താനുള്ള ഒരു ഇന്‍ററിം ഓർഡർ പുറപ്പെടുവിച്ചു. അങ്ങനെ സിനിമ ഹിന്ദുത്വ ഗ്രൂപ്പുകളുടെ എതിർപ്പുകളോടെ IFFKയിൽ പ്രദർശിപ്പിക്കപ്പെട്ടു. ഡിവിഷൻ ബെഞ്ചിന് മുമ്പിലുള്ള CBFCയുടെ അപ്പീലിൽ ദീർഘമായ വാദപ്രതിവാദങ്ങൾക്കു ശേഷം സിനിമ സെൻസർ ബോർഡിന്റെ പരമോന്നത സമിതി കണ്ട് 90 ദിവസങ്ങൾക്കകം സർട്ടിഫിക്കേഷൻ കൊടുക്കണമെന്ന വിധിയുണ്ടായി. ഈ 90 ദിവസത്തിനിടയിൽ തന്നെ CBFC ചെയർമാനായ പഹ്‌ലാജ് നിഹ് ലാനി സിനിമയുടെ ഒരു പ്രദർശനം ബോംബെയിൽ ഫിലിം ഡിവിഷൻ തിയേറ്ററിൽ വെച്ച് ഒരു സമിതിക്കുവേണ്ടി കാണിക്കണമെന്ന് ആവശ്യപ്പെട്ടു. ആ പ്രദർശനത്തിനുശേഷം അവർ സിനിമ ഹിന്ദുമതത്തെ അവഹേളിക്കുന്നതായി പല ആരോപണങ്ങളും എന്നോട് നേരിട്ട് പറഞ്ഞു. “എനിക്ക് നിങ്ങളുടെ സിനിമയ്ക്ക് സർട്ടിഫിക്കേഷൻ തരാൻ പറ്റില്ല, പക്ഷേ അതിനുള്ള കാരണം പറയാൻ പറ്റില്ല” എന്നാണ് പഹ്‌ലാജ് വ്യക്തിപരമായി പറഞ്ഞത്. ഏതാനും ദിവസങ്ങൾക്കുശേഷം മുൻപ് പറഞ്ഞതുപോലുള്ള കാരണങ്ങൾ തന്നെ ചൂണ്ടിക്കാട്ടി സെൻസറിംഗ് നിഷേധിച്ചുകൊണ്ടുള്ള കത്താണ് ലഭിച്ചത്. മുൻപുള്ള കോടതി വിധിപ്രകാരം 90 ദിവസത്തിനുശേഷവും സർട്ടിഫിക്കേഷൻ ലഭിക്കാഞ്ഞതിനാൽ ഞാൻ കോടതിയലക്ഷ്യത്തിന് കേസ് ഫയൽ ചെയ്തു. അപ്പോഴാണ് നമ്മൾ അറിയുന്നത് ബോംബെയിലെ സ്ക്രീനിങ് യഥാർത്ഥ CBFC ബോർഡിന് മുമ്പിൽ ആയിരുന്നില്ല എന്ന്! കോടതിയലക്ഷ്യക്കേസിൽ എനിക്ക് അനുകൂലമായി വിധി വരികയും CBFCയുടെ പരമോന്നത സമിതി പഹ്‌ലാജിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സിനിമ കാണുകയും ചെയ്തു. സർട്ടിഫിക്കേഷൻ കൊടുക്കണോ എന്ന കാര്യത്തിൽ ബോർഡ് അംഗങ്ങൾക്ക് സമ്മിശ്രമായ പ്രതികരണങ്ങളായിരുന്നു. ഇതിനിടെ കോടതിയലക്ഷ്യക്കേസിൽ പഹ്‌ലാജ് ശിക്ഷിക്കപ്പെടുകയും അദ്ദേഹത്തിന്റെ CBFC ചെയർമാൻ സ്ഥാനം തെറിക്കുകയും ചെയ്തു. പ്രസൂൺ ജോഷിയായിരുന്നു പുതിയ ചെയർമാൻ. അപ്പോഴേക്കും സർട്ടിഫിക്കേഷന് ബോർഡിന്റെ ഐകകണ്ഠ്യേനയുള്ള അഭിപ്രായം ആവശ്യമില്ല എന്നും ഭൂരിപക്ഷ അഭിപ്രായപ്രകാരം തീരുമാനിക്കാമെന്നും ഉള്ള ജഡ്ജിയുടെ നിരീക്ഷണം വന്നു. അതിനെത്തുടർന്ന് ബോർഡിന്റെ ഒരു സ്ക്രീനിങ്ങിനും കൂടി ശേഷമാണ് സർട്ടിഫിക്കേഷൻ ലഭിക്കുന്നത്. പക്ഷേ സർട്ടിഫിക്കേഷൻ ഓർഡറിൽ പറഞ്ഞിരുന്നത് മുൻപുള്ള കാര്യങ്ങൾ ഒന്നുമായിരുന്നില്ല. ആർ.എസ്.എസ് നേതാക്കളുടെ പടങ്ങൾ, കാവി കൊടികൾ എന്നിവ മായ്ക്കുക, സ്ത്രീ സ്വയംഭോഗ സീനിൽ പുതപ്പിനടിയിൽ ഉള്ള കൈയുടെ ചലനങ്ങൾ മായ്ക്കുക, നായകന്റെ ഹനുമാൻ രൂപത്തിലുള്ള ചിത്രത്തിലെ ലിംഗം മറയ്ക്കുക എന്നിവയായിരുന്നു അവർ നിർദ്ദേശിച്ച മാറ്റങ്ങൾ. ഇതൊക്കെ ചെയ്തതിനുശേഷവും വളരെയേറെ കാലതാമസത്തിന് ശേഷമാണ് അഡൽട്ട് സർട്ടിഫിക്കറ്റോടെ സിനിമ സെൻസർ ചെയ്യപ്പെടുന്നത്. ഇന്ത്യയിൽ സ്വവർഗരതി നിയമവിധേയമാക്കി കൊണ്ടുള്ള 2018 സെപ്റ്റംബറിലെ സുപ്രീംകോടതി വിധിക്ക് ഏതാനും ദിവസങ്ങൾ മുൻപായിരുന്നു അത്. അങ്ങനെ അഞ്ച് സ്ക്രീനിങ്ങുകളോടെ രണ്ടര വർഷം നീണ്ട നിയമയുദ്ധമാണ് ഇതിനുവേണ്ടി ചെയ്യേണ്ടിവന്നത്.

Q13) അമേരിക്കയിൽ ജീവിച്ചുകൊണ്ട് കേരളത്തിൽ സിനിമ ചെയ്യുക എന്നതിന് പോസിറ്റീവും നെഗറ്റീവും ആയ വശങ്ങൾ ഉണ്ടെന്നു തോന്നുന്നു. വിശദമാക്കാമോ?
A13) ഞാൻ 30 വർഷത്തോളമായി അമേരിക്കയിൽ ന്യൂയോർക്കിൽ ജീവിക്കാൻ തുടങ്ങിയിട്ട്. പക്ഷേ ഞാൻ ജനിച്ചതും ബിരുദം വരെ പഠിച്ചു വളർന്നതുമെല്ലാം കേരളത്തിലാണ്. അതിനാൽതന്നെ ലോകത്തിൽ എവിടെ ജീവിച്ചാലും ഞാൻ അടിസ്ഥാനപരമായി ഒരു മലയാളിയാണ്. കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ സാഹചര്യങ്ങളെക്കുറിച്ച് ഉത്കണ്ഠപ്പെടുന്ന, കേരളത്തിലെ സാംസ്കാരിക മണ്ഡലത്തോട് നിരന്തരം പ്രതികരിക്കുന്ന, മലയാളത്തിൽ അനുകാലികങ്ങളിൽ കവിതകൾ എഴുതുന്ന ഒരു സധാരണമലയാളിയാണ്. കേരളത്തിൽ ജീവിച്ചതിനേക്കാൾ കൂടുതൽ കാലം ഞാൻ അമേരിക്കയിൽ ജീവിച്ചിട്ടുണ്ട്. എന്നാൽ എനിക്ക് ഒരിക്കലും പൂർണ്ണമായി അമേരിക്കക്കാരൻ ആവാൻ കഴിയില്ല. അതിന് ഞാൻ ശ്രമിച്ചാൽ പോലും അമേരിക്കൻ സമൂഹം എന്നെ ഒരിക്കലും അവരിലൊരാളായി കാണില്ല. കേരളത്തിൽ വന്ന് സിനിമ ചെയ്യുമ്പോൾ ഇവിടെ ഞാൻ ഒരു ‘അമേരിക്കൻ-NRI എന്ന വരത്തൻ’ ആവുകയാണ്. പപ്പീലിയോ ബുദ്ധ എന്ന സിനിമ ദേശീയ അവാർഡിനായി മത്സരിക്കുമ്പോൾ ഞാൻ ഓവർ സീസ് പൗരനാണെന്ന (OCI) കാരണത്താൽ അതിന്റെ എൻട്രി അവർ തിരസ്കരിച്ചു. സത്യത്തിൽ ഒരു കലാകാരൻ എന്ന നിലയിൽ ഞാൻ അവിടെയും ഇവിടെയും ഇടമില്ലാത്തവനാണെന്നതാണ് യഥാർത്യം. പോസിറ്റീവ് ആയ ഒരു കാര്യം എന്താണെന്നുവെച്ചാൽ നമ്മുടെ സംസ്കാരത്തെ പുറത്തുനിന്ന് ആത്മ വിമർശനത്തോടെ നോക്കിക്കാണാനും നമ്മുടെ fallacyകളെ തിരിച്ചറിയാനും എനിക്ക് ചിലപ്പോൾ കഴിയാറുണ്ട്. അതിൻറെ ഗുണം എന്റെ കലാപരമായ പ്രവർത്തനങ്ങളിൽ ഉപകാരപ്രദമായിട്ടുണ്ട്. നെഗറ്റീവായ കാര്യം എന്താണെന്നുവെച്ചാൽ അവിടെയും ഇവിടെയും സ്വന്തമാണെന്ന് തോന്നാത്ത തരത്തിലുള്ള permanent outsider എന്ന അവസ്ഥതന്നെയാണ്. പക്ഷേ വ്യക്തിപരമായി എന്നെ ഏറ്റവുമധികം പീഡിപ്പിച്ചത് കഴിഞ്ഞ രണ്ടരവർഷം ഈ സിനിമയ്ക്കുവേണ്ടി സെൻസർ ബോർഡുമായി നടത്തേണ്ടിവന്ന നിയമയുദ്ധം ആണ്. ഞാൻ ഫിലിം സ്കൂളിൽ പഠിച്ച ആളാണ്. ഞാൻ പഠിപ്പിക്കുന്നതും കലാനിർമ്മാണത്തെക്കുറിച്ചാണ്. കലാബാഹ്യമായ സെൻസർഷിപ്പിലേക്കും നിയമവ്യവഹാര ത്തിലേക്കും എല്ലാം വലിച്ചിഴക്കപ്പെടുന്നത് എന്റെ സർഗ്ഗാത്മകതയെ നശിപ്പിക്കുന്നുണ്ട്. അതാണ് CBFC തലപ്പത്തിരിക്കുന്നവരുടെ ഉദ്ദേശവും. സ്വതന്ത്രമായി ചിന്തിക്കുന്ന, ഭരണകൂട അഭിരുചിക്ക് നിരക്കാത്ത ആശയങ്ങൾ പ്രകടിപ്പിക്കുന്ന സിനിമാ പ്രവർത്തകരെ ഒതുക്കാനുള്ള ഒരു ഉപാധിയായി ഇന്ത്യയിലെ സെൻസർബോർഡ് മാറിയിട്ടുണ്ട്. മുഖ്യധാരാസിനിമ എന്നത് കോടികൾ മറിയുന്ന, താരരാജാക്കന്മാർ വിഹരിക്കുന്ന ലോകമാണ്. സമ്പന്നതയുടെ ഈ ഗ്ലാമർ ലോകത്തിലേക്ക് വ്യവസ്ഥിതിക്ക് അനുകൂലമായി മെരുക്കപ്പെടാൻ വിസമ്മതിക്കുന്ന കലാകാരന്മാരെ തടയാനും അവരുടെ സർഗ്ഗാത്മകതയെ നശിപ്പിക്കുവാനും ഉള്ള ഒരു ഉപകരണം കൂടിയാണ് സെൻസർഷിപ്പ്. അത് ഒരു ഫാസിസ്റ്റ് സാമൂഹ്യ വ്യവസ്ഥയുടെ, അതിന്റെ ഭരണകൂടത്തിന്റെ, വളരെ കൃത്യമായ സ്വഭാവമാണ്.