ലൈംഗികതയുടെ നീതി – പൊതുബോധം

JJ2ആറാമത് കേരള ലൈംഗികസ്വാഭിമാന ഘോഷയാത്ര കഴിഞ്ഞിട്ട് വർഷം ഒന്നാവുമ്പോൾ സ്വവർഗാനുരാഗികളും, ട്രാൻസ്ജെന്റർസും ഉൾപ്പെടുന്ന ലൈംഗീകന്യൂനപക്ഷങ്ങൽക്കു മലയാളനാട്ടിൽ വർദ്ധിച്ച സ്വീകാര്യത ലഭിച്ചോ?

സർക്കാർ വക ട്രാൻസ്ജെന്റർ നയം നിലവിൽ വന്നതുകൊണ്ട് ലിംഗന്യൂനപക്ഷങ്ങളായ ട്രാൻസ്ജെന്റർ ആളുകൾക്ക് കുറച്ചെങ്കിലും ദൃശ്യത വന്നതും , ശീതൾ/ സൂര്യ/ ദീപ്തി/ സുജി മുതലായ പ്രിയ സുഹൃത്തുക്കളുടെ നിരന്തര പോരാട്ടങ്ങൾ മൂലം ട്രാൻസ്ജെന്റർ ജീവിതങ്ങൾ നേരിടുന്ന ഗുരുതര പ്രശ്നങ്ങൾ കൂടുതൽ ആളുകൾ മനസ്സിലാക്കിയതും, അതിനോടൊപ്പം കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ടി.ജി. വിഷയത്തിൽ സംഭാഷണ വേദികൾ അനുവദിക്കുന്നത് കൊണ്ടും മലയാള അച്ചടി/ ദൃശ്യ മാധ്യമങ്ങൾ പ്രസ്തുത വിഷയം വളരെ ഗൌരവമായി കൈകാര്യം ചെയ്യുന്നതും ഒക്കെ നമ്മുടെ നാട്ടിൽ ട്രാൻസ്ജെന്റർ വിഷയത്തിൽ അൽപ്പമെങ്കിലും അനുകൂല മാറ്റം വരുത്താൻ ഇടയാക്കിയിട്ടൊണ്ട്. അപ്പോഴും സെക്ഷ്വാലിറ്റിയെപ്പറ്റി മൌനം ഭജേ!

ജെന്റർ ജസ്റ്റിസ് ആൻഡ് സെക്ഷ്വാലിറ്റി (ലിംഗനീതിയും ലൈംഗികതയും) എന്ന പേരിൽ കഴിഞ്ഞ 1-2 വർഷമായി അനേകം യോഗങ്ങളും മറ്റും നടന്നു വരുമ്പോഴും ജസ്റ്റിസ് അഥവാ നീതി ജെന്റർ/ ലിംഗ-ത്തോട് മാത്രം ചേർത്ത് നിർത്തുകയാണ് പ്ര: യോഗ സംഘാടകർ ചെയ്തത്. ലൈംഗികതക്കും നീതി ബാധകമല്ലേ, തുല്യനീതി? ഇതുമായി ബന്ധപെട്ടു ഏറ്റവും പുരോഗമനപരവും പ്രതീക്ഷാഭരിതമായതുമായ ചർച്ച നടന്നത് ജനുവരിയിൽ തിരുവനന്തപുരത്ത് വെച്ച് നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അന്താരാഷ്ട്ര പഠന കോൺഗ്രസ്സില്‍ ആയിരുന്നു. ട്രാൻസ്ജെന്റർ ബില്ലുമായി ബന്ധപെട്ടു ഉണ്ടായ വളരെ പ്രതീക്ഷ ഉണർത്തിയ ഈ സമിതിയിൽ കേരളവും, ഇവിടുത്തെ രാഷ്ട്രീയ പാർട്ടികളും ലൈംഗീകന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കുറിച്ചുള്ള ചർച്ചകളിൽ കേവലം ലിംഗന്യൂനപക്ഷങ്ങളുടെ വിഷയത്തിൽ മാത്രം വാചാലരാവാതെ, ലൈംഗികതയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളും മുഖവിലക്കെടുക്കണം എന്നു അഭ്യർത്ഥിച്ചിരുന്നു. വളരെ നിരാശാജനകമെന്നു പറയട്ടെ, പിറ്റേന്ന് അച്ചടി മാധ്യമങ്ങളിൽ ഈ ചർച്ചയുമായി ബന്ധപെട്ടു വന്ന വാർത്തയിൽ ടി.ജി. ബിൽ സംബ്ധിച്ച വിവരം മാത്രമാണ് കൊടുത്തിരുന്നത്. പിന്നീടു നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു എൽ.ഡി.എഫ്-ഇന്റെ പ്രകടനപത്രികയിലും ഇതേ കാര്യം ആവർത്തിച്ചു. അവിടേയും ലൈംഗീക-ന്യൂനപക്ഷങ്ങളുടെ/ലൈംഗികതയുടെ കാര്യത്തിൽ മൌനം!!

ഭൂരിഭാഗം വരുന്ന ഹെറ്ററോസെക്ഷ്വൽ ബോധത്തെ അതിജീവിക്കുക എന്നത് വളരെബുദ്ധിമുട്ടായ ഈ ലോകത്ത് അതുകൊണ്ട് തന്നെ സമാന്തര രേഖപ്പെടുത്തലുകൾ നടത്തിയാണ് ലൈംഗീകന്യൂനപക്ഷങ്ങൾ തങ്ങളുടെ സാന്നിധ്യം എല്ലാ നാട്ടിലും അറിയിച്ചിട്ടുള്ളത്. കേരളത്തിലെ സ്ഥിതി അപ്പോഴും ഭിന്നം തന്നെ! സ്വവർഗലൈംഗികത വിഷയമാക്കി സ്വവർഗാനുരാഗികൾ തന്നെ കഴിഞ്ഞ ഡിസംബറിൽ കൊച്ചിയിൽ നടത്തിയ ഒരു ചിത്രപ്രദർശനത്തോട് മലയാളമാധ്യമങ്ങൾ കാട്ടിയ വിമുഖത ഒരുദാഹരണം മാത്രം, അത്തരത്തിൽ ഒരു ലളിതകലാ പ്രദർശനം കേരളത്തിൽ ആദ്യമായിട്ടായിരുന്നു (സ്വവർഗലൈംഗികത വിഷയമാക്കി സ്വവർഗാനുരാഗികൾ തന്നെ നടത്തിയ) എന്നിരിക്കെ തന്നെ. കുറേ മാധ്യമ ചങ്ങാതിമാർ വന്നു കുറിപ്പുകൾ എഴുതിപോയെങ്കിലും അവയൊന്നും അച്ചടിമഷി പുരണ്ടില്ല. തിരക്കിയപ്പോൾ എഡിറ്റർമാർ സമ്മതിച്ചില്ല എന്നായിരുന്നു മറുപടി. കഴിഞ്ഞ 2-3 വർഷങ്ങൾ കൊണ്ട് ഗേ ആളുകളെ അഭിസംബോധനചെയ്യാൻ സജീവമായി ഉപയോഗിച്ച് വന്നിരുന്ന സ്വവർഗരതിക്കാർ എന്ന പ്രയോഗത്തിൽ നിന്നും സ്വീകാര്യമായ പദമായ സ്വവർഗാനുരാഗികൾ എന്നതിലേക്ക് പരിണമിച്ചു എന്നുള്ള വസ്തുത നന്ദിപൂർവ്വം സ്മരിക്കുന്നു എങ്കിൽ കൂടി. അവഗണിക്കപെട്ടവർ/ പാർശ്വവൽക്കരിക്കപ്പെട്ടവർ എന്നൊക്കെ ഞങ്ങളെ മുദ്രണം ചെയ്തു ലൈംഗീകന്യൂനപക്ഷങ്ങളുടെ അഭ്യുദയകാംക്ഷികളായ പലരും പൊതു ഇടങ്ങളിൽ നടത്തുന്ന ഇടപെടലുകൾ കാണുമ്പോഴും കേൾക്കുമ്പോഴും ഒണ്ടല്ലോ, സത്യം പറയുവാണേൽ നാട്ടീന് ഓടിപോവാനാ തോന്നുന്നേ. മാതൃഭൂമി ആഴ്ചപതിപ്പിൽ വന്ന ഒരു ലേഖനത്തിൽ ഒരാൾ പറയുവാ. വേഷം മാറി തൊഴിലിടങ്ങളിൽ പോവാൻ പറ്റാത്തതാണ് ഇവർ നേരിടുന്ന ഒരു വെല്ലുവിളി എന്ന്! പിന്നെ മറ്റൊന്ന്, ആൺ/ പെൺ സംജ്ഞകളിൽ ഒതുങ്ങി നില്ക്കാൻ പറ്റാത്തത്’ എന്നും. ജെന്റർ തിയറികളും മറ്റും മാത്രം നോക്കി ലൈംഗീകന്യൂനപക്ഷങ്ങളെ മൊത്തത്തിൽ ആൺ/ പെൺ കൂട്ടിൽ നിന്നും പുറത്ത് നിരത്തുന്ന ഇത്തരം എഴുത്തുകൾ (അവയുടെ ഉള്ളടക്കം സമകാലീന-സാമൂഹിക പ്രതിച്ഛായയിലൂന്നിയതാണെങ്കിലും) ശരീരത്തിന്റെ/ ലിംഗത്തിന്റെ ജീവശാസ്ത്രപരമായ യാഥാര്ത്ഥ്യത്തെ തടസ്സപ്പെടുത്തുക മാത്രമല്ലേ ചെയ്യുന്നത്?

വ്യക്തികളുടെ ലിംഗവുമായി ബന്ധപ്പെട്ടുള്ള മാനസികനില പല തലങ്ങളിൽ ആണെന്നിരിക്കെ തന്നേ, ലൈംഗീകന്യൂനപക്ഷങ്ങൾ മുഴുവൻ മൂന്നാമതൊരു തട്ടിൽ നിരത്തുന്ന ഇത്തരം ചിന്തകളും എഴുത്തുകളും നിലവിലുള്ള അബദ്ധധാരണകൾക്ക് ആക്കം കൂട്ടുകയേ ഒള്ളൂ! വേറെ ചിലർ ലൈംഗികതയിലെ വ്യതിയാനം എന്നൊക്കെ സ്വവർഗലൈംഗികതയെക്കുറിച്ച് എഴുതികാണുന്നു. ഹെറ്ററോസെക്ഷ്വാലിറ്റി അടിസ്ഥാനം ആക്കുന്നത് കൊണ്ടല്ലേ മറ്റെല്ലാം വ്യതിയാനങ്ങൾ ആവുന്നത്? ഒരേ വരയിലെ പല ബിന്ദുക്കളിൽ ഒന്നു മാത്രമല്ലേ ഇവയോരോന്നും?? ഹെറ്ററോസെക്ഷ്വാലിറ്റിയെ കൊണ്ടെ നടുക്ക് വെച്ചിട്ട് ബാക്കിയെല്ലാരും വ്യതിചലിച്ചവരാണെന്നൊക്കെയാ പല പുരോഗമന പിന്തുണക്കാരും പറയുന്നേ! ലൈംഗികതയുടെ കാര്യത്തിൽ വ്യതസ്തതകൾ എങ്ങനെ വ്യതിയാനമാവും? പല ഇടങ്ങളിലും ചർച്ചക്കൊക്കെ പോവുമ്പോൾ ശാസ്ത്രം ഇതിനെക്കുറിച്ച് അ മുതൽ അം വരെ എന്ത് പറയുന്നു എന്നവതരിപ്പിച്ചാൽ മാത്രമേ നമ്മൾ പറയുന്നത് എന്തെങ്കിലും തലകളിലേക്ക് കേറൂ. ഇതൊക്കെകൊണ്ട് തന്നെ ലൈംഗീകതയുടെ ചരിത്രോം , ജീവശാസ്ത്രോം മറ്റും അരച്ച്കലക്കി കുടിച്ചിട്ട് ബോധവൽക്കരണം നടത്താൻ സ്വവർഗാനുരാഗികളുടെ ഇടയിൽ നിന്ന് കൂടുതൽ ആളുകൾ മുന്നോട്ടു വരാൻ മടിക്കും. വേറൊരു രസം ഈ വിഷയത്തെ പിന്തുണയ്ക്കുന്ന പലരും പൊതു ഇടങ്ങളിൽ പറയുന്ന താരതമ്യപെടുത്തലുകലാണ്. സ്വവർഗലൈംഗീകത ഭാരത-സംസ്കാരത്തിന്റെ ഭാഗമായിരുന്നു എന്നൊക്കെ പറഞ്ഞിട്ട് നാരദൻ കുളിക്കാൻ ഏതോ കുളത്തിലിരങ്ങീട്ട് മുങ്ങി-പൊങ്ങിയപ്പോൾ സ്ത്രീയായി മാറി എന്നും, മഹാവിഷ്ണു പെണ്ണായിവന്നു പരമശിവനുമായി പരിപാടി നടത്തി അയ്യപ്പൻ ഉണ്ടായതുമൊക്കെ! ഇതൊക്കെ എങ്ങനെ സ്വവർഗലൈംഗികതയുടെ ഉദ്ദാഹരണങ്ങൾ ആവും? ഇനി അഥവാ ആണെങ്കിൽ തന്നെ കേവലം ഒരു പ്രത്യേക സന്ദർഭത്തിൽ മാത്രം സംഭവിച്ച ഒരു കാര്യത്തെ തികച്ചും ജൈവീകമായ ലൈംഗീകചായ്വുമായി (Sexual orientation) എങ്ങനെ ചേരുംപടി ചേർക്കാനൊക്കും?

സ്വവർഗാനുരാഗികൾ വർഷങ്ങളോളം അനുഭവിക്കുന്ന ആന്തരീക മാനസീക സംഘർഷം, തന്നെപോലെ വേറൊരാളെ കാണുന്നത് വരെ ഇതടക്കി പിടിച്ചു വെക്കേണ്ട അവസ്ഥ , തന്റെ ഈ വ്യത്യസ്തത വേറൊരാളും അറിയാതിരിക്കാൻ ദൈനംദിന ജീവിതത്തിൽ ഓരോ നിമിഷവും നടത്തുന്ന പെടാപ്പാട്, വീട്ടുകാരെ കാര്യം പറഞ്ഞു മനസിലാക്കാനൊള്ള ഭഗീരഥപ്രയത്നം, കുടുംബത്തിന്റെ വികാരവിക്ഷോഭത്തിൽപെട്ട് ഹെറ്ററോസെക്ഷ്വൽ കല്യാണം കഴിക്കേണ്ടി വരിക (ഇതൊരു ഗുരുതര സാമൂഹിക പ്രശ്നമാണ് ), ഇതെന്തോ മാരക വ്യാധിയാണ് എന്ന് കരുതി ചികിത്സിക്കാൻ കൊണ്ട് പോവൽ, ഇനി തുറന്നു പറഞ്ഞു അതിജീവിച്ചു ഇവിടെ ജീവിക്കാമെന്ന് കരുതിയാൽ , പൊതു/ ഓൺലൈൻ ഇടങ്ങളിലെ ഇടപെടലുകൾ കൊണ്ട് ദിവസോം കേൾക്കേണ്ടി വരുന്ന ചീത്ത, അങ്ങനെയങ്ങനെ. ട്രാൻസ്ജെന്റർ-മെയ്ൽസ്, ഇന്റർ സെക്സ് ആളുകളെ കുറിച്ച് അറിയുകപോലുമില്ല മലയാളികൾക്ക്. ഇത്രേം കാര്യങ്ങൾ നിൽക്കുമ്പോൾ ഇതിനെക്കുറിച്ചൊക്കെ എന്തെങ്കിലും ഇടപെടലുകളോ മറ്റോ നടത്താതെ രാഷ്ട്രീയശരികളിൽ മാത്രമൂന്നിയ, ലൈംഗീകന്യൂനപക്ഷങ്ങളെ മൂന്നാംലിംഗക്കാരായി മാത്രം കാണുന്ന മിത്രങ്ങളോട് കൂടാൻ സൊൽപ്പം ബുദ്ധിമുട്ടുണ്ട്. ആയിരകണക്കിന് ഗേ സുഹൃത്തുക്കൾ കേരളത്തിന് പുറത്തു പോയി ജീവിക്കുന്നത് ഈ അസഹിഷ്ണുത ഒരൊറ്റ കാരണം എന്നത് തന്നെ ഈ വിഷയത്തിന്റെ ഗൌരവത്തിലേക്ക് വിരൽചൂണ്ടുന്നു. അപ്പോൾ ചോദിക്കും തുറന്നു പറയാതിരുന്നൂടെ എന്ന്. ഹായ് ! ഒരു ഹെറ്ററോസെക്ഷ്വൽ-നു അയാൾ ഹെറ്ററോസെക്ഷ്വൽ ആണെന്ന് തുറന്നു പറയേണ്ടി വരില്ലായിരിക്കും (ഒരു സ്വവര്‍ഗാനുരാഗി പ്രണയാഭ്യർത്ഥന നടത്തിയാൽ ഒഴികെ) എന്നാൽ സ്വന്തം ലൈംഗീക സ്വത്വം തുറന്നുപറയാതെ ജീവിക്കുക എന്നത് ജീവിതം മൊത്തം ഉൾവലിഞ്ഞു നില്ക്കാൻ കാരണമാവുന്ന സ്വാതന്ത്ര്യമില്ലായ്മ തന്നെയാണ്. അത് മാറേണ്ടിയിരിക്കുന്നു! സ്വവർഗാനുരാഗികൾ മറ്റെതൊരാളെയും പോലെ തന്നെ ദൈനംദിന കൃത്യങ്ങളിൽ ഏർപ്പെട്ടു, പൗരബോധത്തിൽ ജീവിക്കുന്നവർ തന്നെയാനെന്നിരിക്കെ ഭൂരിഭാഗത്തിന്റെ സദാചാര-ലൈംഗീകതാ-ചിട്ടവട്ടങ്ങൾ പിന്തുടരുന്നില്ല എന്ന കാരണം കൊണ്ട് മാത്രം മോശക്കാർ ആവുന്നില്ല! പലർക്കും അറിയേണ്ടത് സ്വവർഗബന്ധങ്ങളിലെ റോളുകളെക്കുറിച്ചാണ്! ആരാണ് താഴെ, ആരാണ് മുകളിൽ തുടങ്ങിയ കുസൃതി സംശയങ്ങൾ. ഇവയൊക്കെ പെനട്രേറ്റിവ് സെക്സിൽ ആണ് മുകളിലും പെണ്ണ് താഴേയും എന്ന ബോധം കൊണ്ട്നടക്കുന്നവ തലകളിൽ നിന്ന് വരുന്നവ തന്നെ. ഗേ ബന്ധങ്ങളിൽ പെനട്രേറ്റ് ചെയ്യപ്പെടാൻ പെണ്ണൊരുത്തി ഇല്ല എന്നതും , ലെസ്ബിയൻ ബന്ധങ്ങളിൽ പെണ്ണിനെ പെനട്രേറ്റ് ചെയ്യാൻ ആണില്ല എന്നുമുള്ള ചിന്ത ഹെറ്ററോസെക്ഷ്വൽ പുരുഷബോധത്തെ കുറച്ചൊന്നുമല്ല വെറി പിടിപ്പിക്കുന്നത്. അതുകൊണ്ട് തന്നെയാണ് മഴവിൽ നിറം കാണാത്ത സമൂഹത്തിന്റെ കണ്ണിൽ ഞങ്ങളൊക്കെ കുണ്ടന്മാരും (ഇതിനു സമമായി സ്ട്രൈറ്റ് ആണുങ്ങളെ എന്ത് വിളിക്കണമേന്തോ) ലൈംഗീകന്യൂനപക്ഷങ്ങൾ പ്രകൃതിവിരുദ്ധരായതും.

മറ്റൊരു വശത്ത് പരമോന്നത നീതിപീഠം പറഞ്ഞത് എങ്ങനെ തെറ്റാവും എന്ന് വാദിക്കുന്നവർ. ഭരണഘടനയിലെ ബ്രിട്ടീഷ് സദാചാരനിർമിത ഉപവാക്യത്തിലൂന്നിയ ഐ.പി.സി 377 ഭേദഗതി ചെയ്യുന്നതിലേക്കായി വർഷങ്ങളായി നടന്നുവരുന്ന നിയമപോരാട്ടം സഫലമാവാൻ കൊല്ലങ്ങളെടുക്കും. അതും കഴിഞ്ഞു വീണ്ടും ആണ്ടുകളെടുക്കും സ്വവർഗവിവാഹങ്ങൾ നിയമവിധേയമാവാൻ. ആദ്യപടി സ്വവർഗലൈംഗികത കുറ്റകരമല്ലാതാക്കുക എന്നതാണ്. അനുബന്ധമായി ലൈംഗീകതയുമായി ബന്ധപെട്ടു വൈദ്യശാസ്ത്ര/ മന:ശാസ്ത്ര/ പാഠ്യപദ്ധതികളിൽ കാതലായ മാറ്റം കൊണ്ടുവരേണ്ടതും അത്യാവശ്യമല്ലേ? നമ്മുടെ ഇവിടെ / മന:ശാസ്ത്ര/ നിയമ സംഘടനകൾ ഒന്നും തന്നെ സ്വവർഗലൈംഗീകതയുമായി ബന്ധപെട്ടു ഒരു അനുകൂല നിലപാടും എടുത്തിട്ടില്ല എന്നുള്ളതും ഒരു വലിയ വെല്ലുവിളിയായി നിൽക്കുമ്പോൾ തങ്ങളുടെ തന്മയെ ആഘോഷമാക്കുന്ന സംഗമങ്ങളിലും, സാംസ്കാരീകഇടങ്ങളിലും ആവുന്നത്ര സാനിദ്ധ്യമാവുന്ന ന്യൂനപക്ഷങ്ങളിൽപെട്ട ചുരുക്കം ചിലരുടെ ദൃശ്യമായ ഇടപെടലുകൾക്കുമപ്പുറം പുറത്ത് വരാൻ പറ്റാതെ നില്ക്കുന്ന അനേകമനേകം ആളുകൾ ജീവിക്കുന്നു. അതേസമയം സാമൂഹിക-സ്വീകാര്യത ഒട്ടുമേയില്ലാത്ത പൊതു ഇടങ്ങളിൽ സ്വന്തം സ്വകാര്യത പഠനവസ്തുവാക്കാൻ ലൈംഗീകന്യൂനപക്ഷവിഭാഗത്തിൽപ്പെട്ട ഭൂരിഭാഗമാളുകളും ആഗ്രഹിക്കുന്നുമില്ല. വിമതലൈംഗികതയെ പൂർണ്ണമായും മനസ്സിലാക്കി അതിനു വേണ്ടി നിരന്തര ഇടപെടലുകൾ നടത്തുന്ന കുറേയാളുകൾ ഉണ്ടെങ്കിലും മേൽപ്പറഞ്ഞ ഊരാകുടുക്കിനെ അഴിക്കാൻ കൂടുതൽ മഴവിൽ ജീവിതങ്ങളെ അടുത്തറിയാതെ സാധ്യമാകുമെന്നു തോന്നുന്നില്ല. അടുത്തറിഞ്ഞ ആ ജീവിതങ്ങളെക്കുറിച്ച് പറയാൻ , അവർക്ക് മാത്രം അവതരിപ്പിക്കാൻ സാധിക്കുന്ന തരത്തിൽ/ അവർ ആഗ്രഹിക്കുന്ന തരത്തിൽ പ്രതിനിധാനങ്ങൾ കൊണ്ടുവരാൻ ചില മഴവിൽ കൂട്ടായ്മകൾക്ക് അല്പ്പമെങ്കിലും സാധിക്കുന്നു എങ്കിൽ കൂടി ലൈംഗീകതയുമായി ബന്ധപെട്ടു പൊതുബോധത്തിന് മാറ്റം വരാൻ നാമെല്ലാവരും ആവുന്നപോലെ ശ്രമിക്കേണ്ടിയിരിക്കുന്നു. ജീവിക്കാതെ ജീവിക്കുന്ന ഒട്ടനേകം മഴവിൽരക്തസാക്ഷികൾക്ക് വേണ്ടിയെങ്കിലും!!

നന്ദി. സ്നേഹം
ജിജോ കുരിയാക്കോസ്
ഫൌണ്ടർ മെംബർ, ക്വിയറള

Loading

Leave a Comment

This site uses Akismet to reduce spam. Learn how your comment data is processed.