കേരള മെഡിക്കൽ രംഗവും സ്വവർഗലൈംഗികതയും

കേരളത്തിലെ മെഡിക്കൽ രംഗം സ്വവർഗലൈംഗികതയെ അഭിസംബോധന ചെയ്തേ മതിയാവൂ.

കേരളത്തിലെ മനഃശാസ്ത്ര/മാനസികാരോഗ്യ വിദഗ്ദ്ധരോടും അനുബന്ധ മെഡിക്കൽ സംഘടനകളോടും , മനുഷ്യാവകാശ കമ്മീഷനോടും, യുവജന കമ്മീഷനോടും, സാമൂഹിക നീതി വകുപ്പിനോടും ഒരു തുറന്ന അഭ്യർത്ഥന

ബഹുമാനപെട്ട അധികാരികൾ അറിയുന്നതിന് ,
കൗമാരക്കാരുടെ മാനസികാരോഗ്യവും, വിഷാദരോഗവുമായി ബന്ധപ്പെട്ട് മിക്ക ഡോക്ടർമാരും അച്ചടി/ഓൺലൈൻ മാധ്യമങ്ങളിൽ അധികമായി ഇടപെടൽ നടത്തിവരുന്ന കാര്യം അറിവുള്ളതാണല്ലോ. ഇവരിൽ ഡോ. സി.ജോൺ, ഡോ വർഗീസ് പുന്നൂസ് തുടങ്ങിയ ചിലരെങ്കിലും സ്വവർഗലൈംഗികതയെക്കുറിച്ചു ആധികാരികമായി പൊതു ചർച്ചകളിലും മറ്റും വിഷയത്തിന്റെ മനഃശാസ്ത്രസംബന്ധിയായ കാര്യങ്ങൾ അവതരിപ്പിച്ചു ക്ലാസുകൾ നടത്തുന്നുമുണ്ട്. എന്നാൽ ഇവരും സ്വവർഗാനുരാഗികളുടെ കൂട്ടായ്മകളും നോക്കുകുത്തികളാവുന്ന ചില വസ്തുതകൾ പറഞ്ഞുകൊള്ളട്ടെ.സ്വവർഗലൈംഗികതയുമായി ബന്ധപ്പെട്ട നിയമപോരാട്ടം ഇന്ത്യയിൽ അന്തിമതീരുമാനമാവാതെ തുടരുന്നതും, ലൈംഗികതയിലെ വ്യത്യസ്തതകളെക്കുറിച്ചു ഐ.എം.യുടെയോ, ഇന്ത്യൻ സൈകാട്രിക്ക് സൊസൈറ്റിയുടെയോ ഔദ്യോഗിക നയമില്ലാത്തതും സ്വവർഗാനുരാഗികളുടെ മനുഷ്യാവകാശപ്രശ്നങ്ങൾക്കുമപ്പുറം മാനസികാരോഗ്യതലത്തിലും വിലങ്ങുതടിയാവുന്നു. അതിന്റെ ചില വിഷദാംശങ്ങളിലേക്ക്-

1) തിരുവനന്തപുരം സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിൽ വെച്ച് ‘മാനവവൈവിധ്യ-സൗഹാർദ്ദ തദ്ദേശ സ്വയംഭരണ സംവിധാനങ്ങൾ’ എന്ന വിഷയത്തിൽ നടന്ന ഏകദിന വട്ടമേശ സമ്മേളനത്തിന്റെ ഭാഗമായുള്ള പാനൽ ചർച്ചയിൽ ക്വിയരള(കേരളത്തിലെ ലൈംഗികന്യൂനപക്ഷങ്ങൾക്കു വേണ്ടിയുള്ള ഒരു സംഘടന) അവർക്കു കഴിഞ്ഞ ലൈംഗീകതയുമായി ബന്ധപ്പെട്ട് നാല് വർഷങ്ങളായി ലഭിച്ച അന്വേഷണങ്ങളുടെ ഒരു ലഘു സ്ഥിതിവിവരക്കണക്ക്‌ അവതരിപ്പിച്ചിരുന്നു. ഇതിൽ പ്രധാനമായും സ്വവർഗലൈംഗികതയുമായി ബന്ധപെട്ടും, അത് തുറന്നു പറയാനുള്ള അനുകൂല സാമൂഹിക-ഗാർഹിക പശ്ചാത്തലങ്ങൾ ഇല്ലാത്തത് കൊണ്ടും, നിബന്ധിത ഹെറ്ററോസെക്ഷ്വൽ വിവാഹങ്ങൾ കൊണ്ടും സ്വവർഗാനുരാഗികൾ അനുഭവിക്കുന്ന മാനസികപ്രശ്നങ്ങളിലേക്കുള്ള ഒരു ചെറിയ വാതായനം മാത്രമായിരുന്നു തുറന്ന് കാട്ടിയത്. സ്വവർഗാനുരാഗികളായ ചെറുപ്പക്കാരെ രക്ഷകർതൃത്വം എന്ന വൈകാരികഉപാധിയിന്മേൽ നിശബ്ദരാക്കി അവരുടെ ലൈംഗികതയെ നേരെയാക്കാമെന്ന വ്യാമോഹത്തിന്മേൽ മാനസിക വ്യഥയിലായ്ത്തുന്ന മാതാപിതാക്കന്മാരും, ഈ അവസരത്തെ സാമ്പത്തികമായി മുതലാക്കുന്ന ചില ഡോക്ടർമാരും മറ്റും ഇതിനെക്കുറിച്ച് ഐഖ്യരാഷ്ട്രസഭയുടെ മനുഷ്യാവകാശസമിതിയും ലോകാരോഗ്യസംഘടനയുൾപ്പെടെയുള്ള അന്തർദേശീയ സംഘനകളൂം എന്താണ് പറഞ്ഞിരിക്കുന്നതെന്നു മനസ്സിലാക്കാൻ ശ്രമിക്കുകയോ ചെയ്യാത്തതും വിഷയത്തിന്റെ ഇടപെടലുകൾക്ക് വെല്ലുവിളിയാവുന്നു. നൂറു കണക്കിന് സ്വവർഗാനുരാഗികളാണ് അവരുടെ ഗാർഹികഇടങ്ങളിൽ മാനസികമായി നരകിച്ചു കഴിയുന്നത്.ഈ ഗുരുതര മനുഷ്യാവകാഷപ്രശ്‌നത്തിന് കാതലായ പൊതുഇടപെടൽ കൊണ്ടുവരാൻ ഒരു മുന്നേറ്റമെന്ന നിലയിലും, അക്കാഡമിക് ചർച്ചകൾ വഴിയും വളരെയേറെ പ്രയത്‌നം ഇവിടുത്തെ വിവിധ മനുഷ്യാവകാശപ്രവർത്തകരും ലൈംഗികന്യൂനപക്ഷങ്ങളുടെ സംഘടനകൾക്കും കഴിഞ്ഞിട്ടുണ്ടെകിലും മാനസികാരോഗ്യരംഗത്ത് നിന്നുമുള്ള മൗനം കാരണവും, വിഷയത്തെ അനുകൂലിക്കുന്ന ഡോക്ടർമാരെക്കാൾ എതിർത്ത് സംസാരിക്കുന്ന ഡോക്ടർമാരുടെ അടുത്തേക്കാണ് രക്ഷകർത്താക്കൾ തങ്ങളുടെ സ്വവർഗാനുരാഗികളായ മക്കളെ കൊണ്ടുചെല്ലുന്നതും എന്നുള്ളതും ശ്രദ്ധിക്കേണ്ടതാണ്.

2) സംസ്ഥാനത്ത് ട്രാൻസ്‌ജെൻഡർ ആളുകൾക്ക് വേണ്ടി പ്രത്യേക നയം സർക്കാർ രൂപീകരിച്ചത് കൊണ്ട് മാത്രം അതുമായി ബന്ധപെട്ടു ചില സുപ്രധാന ഇടപെടലുകൾ വിവിധ വകുപ്പുകളുടെയും ആരോഗ്യകേന്ദ്രങ്ങളുടെയും ഭാഗത്തുനിന്നുമുണ്ടാവുന്നത് അഭിനന്ദനാർഹമാണ്. കേരളത്തിലെ ആരോഗ്യ രംഗത്ത് നടക്കുന്ന വ്യാജചികിത്സാരീതികളെ ശക്തമായി എതിർത്ത് കൊണ്ട് ഓൺലൈൻ രംഗത്ത് ചർച്ച നടത്തി വരുന്ന ഇൻഫോക്ലിനിക്‌ എന്ന മെഡിക്കൽ കൂട്ടായ്മക്ക് പോലും സ്വവർഗലൈംഗികതയുടെ കാര്യത്തിൽ ഒരു ഉറച്ചനിലപാടെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. വിഷയാനുബന്ധിയായി ഒരു കുറിപ്പെങ്കിലും ഓൺലൈനിൽ രേഖപ്പെടുത്താൻ ബന്ധപ്പെട്ടവരോടാരാഞ്ഞപ്പോൾ ഞങ്ങൾ ഇതിനെക്കുറിച്ചു പഠിക്കട്ടെ എന്നാണ് മറുപടി ലഭിച്ചത്. അപ്പോൾ നിലവിൽ കേരളത്തിലെ മെഡിക്കൽ വിദ്യാഭ്യാസ പാഠ്യക്രമത്തിൽ സ്വവർഗലൈംഗികതയെക്കുറിച്ചു പരാമർശമില്ലേ? ചുരുക്കം ചില പരിപാടികളിലെ പൊതു ഡോക്ടർമാരുടെ സാന്നിധ്യം കൊണ്ടുമാത്രമോ, അവരുടെ വ്യകതിപരമായ അനുകൂലപരമർശങ്ങൾ കൊണ്ടുമാത്രമോ സ്വവർഗലൈംഗികതയുടെ സ്വാഭാവികത ആളുകളിൽ എത്തില്ല, പ്രത്യേകിച്ച് മലയാളി ഗാർഹികഇടങ്ങളിൽ. അതിനു ഐ.എം.എ യുടെ കേരള ഘടകത്തിന്റെയോ സമാന മെഡിക്കൽ സംഘടനകളുടെയോ അനുകൂല നിലപാട് വഴി മാത്രമേ സാധിക്കൂ. സ്വവർഗലൈംഗികതയെക്കുറിച്ചുള്ള ആരോഗ്യപരമായ ചർച്ചകൾ നടത്താൻ ദൃശ്യമാധ്യങ്ങൾ പോലും മടിക്കുന്ന സമയത്ത് ഗേ, ലെസ്ബിയൻ, ബൈസെക്ഷ്വൽ ആളുകളുടെ കടുത്ത അദൃശ്യതക്ക് അറുതി വരുത്താൻ പൊതു-സാംസ്കാരിക ഇടങ്ങളിൽ സംസാരിക്കാൻ ഇടം തരുന്നത് പോലുള്ള ദയാവായ്പുകൾ മതിയാവില്ല. രണ്ടാഴ്ച മുൻപ് കൂടി ഒരു മലയാളി ഡോക്ടർ ഒരു അച്ചടി മാധ്യമത്തിൽ സ്വവർഗപ്രണയം അൺ-നാച്ചുറൽ അട്ട്രാക്ഷൻ എന്ന രീതിക്കു എഴുതിയിരുന്നു. കാര്യം മാധ്യമത്തിനെ അറിയിച്ചപ്പോൾ അവർ കൈമലർത്തി; ഡോക്ടർടെ അഭിപ്രായമല്ലേ എന്ന മട്ടിലുള്ള പ്രതികരണം

3 ) വിഷാദരോഗത്തിൽ പെട്ടുപോവുന്ന ഒരു വലിയവിഭാഗം ആളുകൾ
ലൈംഗികതയിലെ വ്യത്യസ്തത ഒന്നുമാത്രമുളള ലൈംഗികന്യൂനപക്ഷങ്ങളാണ് എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇതിനാരാണുത്തരവാദി? മതങ്ങളും, നിയമവും പൂർണ്ണമായും എതിർനിൽക്കുമ്പോൾ ഇവ രണ്ടിനെയും വെല്ലുവിളിച്ചും, വീട്ടുകാരെ ഉപേക്ഷിച്ചും സ്വതന്ത്രമായി ജീവിക്കാൻ അധികമാർക്കും സാധിക്കാറില്ല. തങ്ങളുടെ ദൈനംദിന ജീവിത്തത്തിലെ സന്തോഷസൂചിക ഏറ്റവും താഴ്ന്നു നിൽക്കുന്ന ജനവിഭാഗങ്ങളിലൊന്നായ സ്വവർഗാനുരാഗികളുടെ ഇടയിലുള്ള ആത്മഹത്യാ നിരക്കും ആശങ്കാജനകമാണ്‌. കഴിഞ്ഞ നാല് വർഷത്തിനിടയിൽ ഞങ്ങൾക്ക് ലഭിച്ച ഒട്ടനേകം എൻക്വയറികളിൽ ചെറിയ ശതമാനം ആളുകളുടെ വിഷയത്തിൽ ഇടപെടാൻ സാധിച്ചു എങ്കിലും അതിൽ പതിമൂന്ന് പേർ ഈ കാലയളവിൽ ജീവനൊടുക്കി എന്നുള്ള വസ്തുത മാനസികാരോഗ്യരംഗത്തുള്ളവർ ഗൗരവമായെടുക്കുമെന്നു കരുതുതുന്നു. കേരളത്തിലെ മെഡിക്കൽ കൂട്ടായ്മകളുടെ തലപ്പത്തുളളവരെ നേരിട്ട് കാണാൻ ആരെയാണ് ഞങ്ങൾ സമീപിക്കേണ്ടത്?

4) മെഡിക്കൽ പാഠ്യപദ്ധതിയുടെ താളുകളിൽ സ്വവർഗലൈംഗികത ഒരു മാനസികപ്രശ്നമല്ല എന്നുംമറിച്ചു ഭിന്നവർഗലൈംഗികത(ഹെറ്ററോസെക്ഷ്വാലിറ്റി) പോലെ തന്നെ സ്വാഭാവികമായ ചോദനയാണെന്നും ചേർക്കേണ്ട കാലമായില്ലേ ഇവിടെയും? ഇതിനു വേണ്ടി ആർക്കാണ് നിർദ്ദേശം/ മെമ്മോറാണ്ടം സമർപ്പിക്കേണ്ടത് ?

5) സ്വവർഗപ്രണയിനികളായ സ്ത്രീകളുടെ കടുത്ത അദൃശ്യത കണക്കിലെടുക്കേണ്ടത് തന്നെ. ഈക്കൂട്ടർ നേരിടുന്ന ഗാർഹിക/ മാനസിക പീഡനങ്ങളുടെ കാര്യം പറയുകയും വേണ്ട, അത്രക്കും ഭീകരമാണ്. ഇതോടൊപ്പം വിവാഹസമ്മർദവുമായി ബന്ധപ്പെട്ടാണ് ഒരു വലിയ ശതമാനം ആളുകൾ ആശങ്കകൾ പങ്കുവെക്കുന്നതും. ഇവിടെ ഹെറ്ററോസെക്ഷ്വൽ പ്രണയവിവാഹങ്ങൾക്ക് തന്നെ ബുദ്ധിമുട്ടാണ് എന്ന ന്യായം സ്വവർഗാനുരാഗികളുടെ അതിജീവനപ്രശ്നവുമായി ചേർത്ത് വെക്കരുതേ! നിർബന്ധിത വിവാഹങ്ങളിൽ ചെന്നെത്തുന്ന സ്വവർഗ്ഗപ്രേമികൾ വിവാഹമോചനം നേടുന്നതും, അനുബന്ധ പ്രശ്നങ്ങളും വേറേ.

6) ക്വിയറളക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന (2013 ജൂൺ മുതൽ )എൻക്വയറികളിൽ നിന്നുമുള്ള ഒരേകദേശ സൂചികകൾ വെച്ച് മലയാളികളായ ലൈംഗികന്യൂനപക്ഷത്തിൽപെട്ടവരുടെ വിവിധതലത്തിലുള്ള പ്രശ്നങ്ങൾ പഠനറിപ്പോർട്ടുകളായി തയ്യാറാക്കികൊണ്ടിരിക്കുന്നു. ഇവയുടെ സംഗ്രഹം സംസ്ഥാന ആരോഗ്യവകുപ്പിനും മനുഷ്യാവകാശകമ്മീഷനും, യുവജനകമ്മീഷനും സമർപ്പിക്കാൻ ആഗ്രഹിക്കുന്നു. സ്വവർഗാനുരാഗികളുടെ അവകാശങ്ങൾ മനുഷ്യാവകാശമായി ഇവിടുത്തെ മനുഷ്യാവകാശ കമ്മീഷൻ കണക്കാകുമോ? സ്വവർഗാനുരാഗികളായ യുവതീയുവാക്കളെ സംസ്ഥാനയുവജന കമ്മീഷൻ ശ്രദ്ധിക്കുമോ?? നിയമം ഞങ്ങൾക്ക് അനുകൂലമല്ലെന്ന ഒറ്റകാരണത്താൽ മാത്രംഇതുമായി ബന്ധപ്പെട്ട പൊതു ഇടപെടലുകളിലേക്ക് ഇറങ്ങി വരാൻ പല സ്വവർഗാനുരാഗികൾക്കുമാവുന്നില്ല എന്നുള്ളപ്പോൾ അതിനു സ്വീകാര്യത വരുത്താൻ മേൽപ്പറഞ്ഞ കമ്മീഷനുകൾക്ക് സാധിക്കും. ഓൺലൈൻ കുറിപ്പികളിലും, രഹസ്യ ഗ്രൂപ്പുകളിലും, ഒതുങ്ങി നിൽക്കുന്ന സ്വവർഗാനുരാഗികളുടെ യഥാർത്ഥ പ്രശ്നങ്ങൾ നിങ്ങൾ വഴി മാത്രമേ വിപുലമായ ചർച്ചകളായി മാറൂ.

നിങ്ങൾ പറയൂ, ഞങ്ങൾ ആരെയാണ് കാണേണ്ടത്? എന്താണ് ചെയ്യേണ്ടത്?? നാലുവർഷ കാലയളവിൽ ലഭിച്ച മൂവായിരത്തിയഞ്ഞൂറിലധികം എൻക്വയറികളിൽ കേവലം പതിനൊന്നു ശതമാനം ആളുകളെ മാത്രമേ ഏതെങ്കിലും തരത്തിൽ പിന്തുണക്കാൻ സാധിച്ചുള്ളൂ എന്നുള്ളത് ഞങ്ങളുടെ പരിമിതിയാണ്, നിസ്സഹായതയാണ്! ഇതിലുമെത്രയോയധികം വരും പുറത്തു വരാതെ ആരുമാലും വിനിമയം നടത്താൻ സാധിക്കാത്ത ലൈംഗികന്യൂനപക്ഷത്തിൽ പെടുന്നവരുടെ എണ്ണം. കേരളത്തിലെ മെഡിക്കൽ രംഗം സ്വവർഗലൈംഗികതയെ ഓദ്യോഗികമായി അഭിസംബോധന ചെയ്തേ മതിയാവൂ; അത് ഐക്യദാര്‍ഢ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള വെറുമൊരു അഭ്യർത്ഥന മാത്രമല്ല, ഇന്നിന്റെ അത്യാവശ്യം കൂടിയാണ്.

സങ്കടപൂർവം
ടീം ക്വിയരള
പി.എസ്- കൂടെ ചേർത്തിരിക്കുന്ന സ്ലൈഡുകൾ സി.ഡി.എസ്സിൽ വെച്ച് നടന്ന വട്ടമേശ സമ്മേളനത്തിൽ സ്വവർഗാനുരാരാഗികളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച കണക്കുകളുടെ ഒരേകദേശ രൂപം.

References:
1) http://www.thehindu.com/todays-paper/tp-national/tp-kerala/focus-on-lgbt-inclusive-policies-by-local-bodies/article18621484.ece
2) http://www.deccanchronicle.com/nation/in-other-news/310517/forced-marriage-haunts-gays.html
3) https://queerala.org/sould-out/

Loading

Leave a Comment

This site uses Akismet to reduce spam. Learn how your comment data is processed.