എല്‍.ജി.ബി.ടി. കൈപ്പുസ്തകം – മലയാളത്തില്‍

ലൈംഗിക-ലിംഗത്വ ന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളും പദാവലിയും അനുബന്ധവിശദീകരണങ്ങളും, വിഷയത്തെക്കുറിച്ചുള്ള ശാസ്ത്ര-മനഃശാസ്ത്ര വശങ്ങളും, എൽ.ജി.ബി.റ്റി.ഐ.ക്യൂ. വ്യക്തികളുടെ മാതാപിതാക്കളും സുഹൃത്തുക്കളും അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങളും ഉൾകൊള്ളിച്ചിട്ടുള്ള കൈപ്പുസ്തകം പ്രകാശനം ചെയ്യപ്പെട്ടു. സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗം ഡോ. ഇക്‌ബാലിന്റേയും ചെന്നൈ ഐ.ഐ.ടി.യിലെ അദ്ധ്യാപകൻ ഡോ. റ്റിജു തോമസിന്റേയും നേതൃത്വത്തിൽ ക്വിയറളയും, ക്വിയറിഥവും ചേർന്ന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കായി  തയ്യാറാക്കിയിട്ടുളളതാണ് മലയാളത്തിലുള്ള ഈ കൈപ്പുസ്തകം.

മെയ് 3-തീയതി സി.ഡി.എസിൽ വെച്ച് നടന്ന ചടങ്ങിൽ ക്വിയറളയുടെ വൈസ് പ്രസിഡന്റും “രണ്ട് പുരുഷന്മാർ ചുംബിക്കുമ്പോൾ” എന്ന പുസ്തകത്തിന്റെ രചയിതാവുമായ കിഷോർ കുമാർ കില (KILA- കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ) ഡയറക്ടർ ഡോ. ജോയ് എളമണ്ണിന്‌ നൽകി ഈ കൈപ്പുസ്തകം പ്രകാശനം ചെയ്യുകയുണ്ടായി.  കഴിഞ്ഞ വർഷം സി.ഡി.എസ്സിൽ വെച്ച് നടന്ന ‘തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ലൈംഗിക-ലിംഗത്വ ന്യൂനപക്ഷങ്ങളും’  എന്ന വട്ടമേശ സമ്മേളനത്തിൽ കമ്മ്യുണിറ്റിയിൽ നിന്നുയർന്ന നിർദേശമായിരുന്നു മലയാളത്തിൽ എൽ.ജി.ബി.റ്റി.ഐ.ക്യൂ-വിനെ കുറിച്ചൊരു കൈപ്പുസ്തകം തയ്യാറാക്കുക എന്നുള്ളത്. സി.ഡി.എസ്സിലെ തന്നെ ‘ലോക്കൽ സെൽഫ് ഗവേർണൻസ്  റിസർച്ച് യൂണിറ്റാണ് (RULSG)  ലൈംഗിക-ലിംഗത്വ ന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള കൈപ്പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അന്നേ ദിവസം ക്വിയറള, ക്വിയറിഥo പ്രതിനിധി കില ഡയറക്ടറും പരിശീലകരുമായി നടത്തിയ ചർച്ചയിൽ പഞ്ചായത്തുകൾക്കായി നടത്തുന്ന വിവിധ പരിശീലന പരിപാടികളുടെ ഭാഗമായി കൈപ്പുസ്തകം ചേർക്കാനും സെക്ഷ്വൽ ഓറിയന്റേഷൻ ആൻഡ് ജൻഡർ ഐഡന്റിറ്റി (SOGI) ഉൾപ്പെടുന്ന പരിശീലന മൊഡ്യൂളുകൾ തയാറാക്കാനും തീരുമാനമായി. SOGI വിഷയത്തെക്കുറിച്ചുള്ള പരിശീലനം നടത്താൻ  ലൈംഗികന്യൂനപക്ഷവിഭാഗങ്ങളിൽപെട്ട ആളുകളെ തന്നെ നിയോഗിക്കണമെന്ന നിർദ്ദേശവും KILA ഡയറക്ടറോട് രേഖപ്പെടുത്തുകയും ചെയ്തു. വിഷയാനുബന്ധിയായ പരിശീലന മൊഡ്യൂളുകൾ തയ്യാറാക്കാനും പ്രാഥമിക പരിശീലനക്രമം നിശ്ചയിക്കാനും ഒരു ദ്വിദിന പരിശീലനക്കളരി KILA  ക്യാമ്പസ്സിൽ വെച്ച് ജൂൺ മാസം സംഘടിപ്പിക്കാനും തീരുമാനമായി.

പഞ്ചായത്തുകൾ,  പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, അധ്യാപക പരിശീലന ക്യാമ്പുകൾ, സർവകലാശാലകളുടെ അധ്യാപകവിഭവശേഷിവർദ്ധക പരിപാടികൾ, റസിഡന്റ്സ് അസോസിയേഷനുകൾ മുതലായവയിൽ SOGI വിഷയം എത്തിക്കാൻ സഹായകമാവുന്ന ഈ കൈപ്പുസ്തകം സാക്ഷാത്കരിക്കാൻ ഞങ്ങളെ സഹായിച്ച സി.ഡി.എസ്സിലെ പ്രൊഫസർ ഡോ. ജെ ദേവികയോട് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു. അതോടൊപ്പം കൈപുസ്തകത്തിനു വേണ്ടി വിവരസമാഹരണം നടത്തിയ മലയാളി എൽ.ജി.ബി.റ്റി.ഐ.ക്യൂ സുഹൃത്തുക്കളോടും പുഷ്‍കത്തിന്റെ കവർ ഡിസൈൻ ചെയ്ത ഞങ്ങളുടെ പ്രിയ ഗേ സുഹൃത്തിനോടും പ്രത്യേകം നന്ദി അറിയിക്കുന്നു.

പ്രസ്തുത കൈപ്പുസ്തകം ഈ ലിങ്കില്‍ നിന്ന് (PDF, 1.7 mb) ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

Loading

Leave a Comment

This site uses Akismet to reduce spam. Learn how your comment data is processed.