സ്വവര്‍ഗലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്ന 2009ലെ ദില്ലി ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (ജൂലായ് 19, 2009) കിഷോര്‍ കുമാര്‍ എഴുതിയ ലേഖനം. സ്വവര്‍ഗപ്രേമികളുടെ ജനിതകവും ശാരീരികവും മാനസികവും സാമൂഹികവുമായ പ്രശ്നങ്ങള്‍ ഈ ലേഖനം ചര്‍ച്ചചെയ്യുന്നു. സ്വവര്‍ഗപ്രേമികളായ ന്യൂനപക്ഷത്തെക്കുറിച്ച് വളരെയേറെ മിഥ്യാധാരണകള്‍ നിലനില്‍ക്കുന്ന രാജ്യത്ത് ഈ വിഭാഗത്തിന്റെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകതന്നെ വേണമെന്ന് അദ്ദേഹം വാദിക്കുന്നു. ദില്ലി ഹൈക്കോടതിയുടെ വിധി 2013ല്‍ സുപ്രീം കോടതി അസാധുവാക്കിയെങ്കിലും ഈ ലേഖനത്തിലെ വീക്ഷണങ്ങള്‍ക്ക് അതിനാല്‍ പ്രാധാന്യം കൂടിയിട്ടേയുള്ളൂ.
പ്രണയം ഒരു മനുഷ്യാവകാശ പ്രശ്നമാണ്
കിഷോര്‍ കുമാര്‍
ലൈംഗിക അഭിലാഷം, പ്രണയം എന്നിവ ഒരു വ്യക്തിയുടെ മനസ്സിനുള്ളില്‍ നടക്കുന്ന കാര്യങ്ങളാണല്ലോ. അതിനാല്‍ തന്നെ സ്വവര്‍ഗപ്രണയത്തിന്റെ ഉല്‍പത്തിയേയും മനശാസ്ത്രത്തേയും പറ്റി ആധികാരികതയോടെ എഴുതാന്‍ ഒരു സ്വവര്‍ഗപ്രണയിക്കുമാത്രമേ സാധിക്കുകയുള്ളൂ. സ്വവര്‍ഗലൈംഗികതയെക്കുറിച്ച് ഒരു സ്വവര്‍ഗപ്രണയിക്ക് തന്റെ മാതൃഭാഷയില്‍ എഴുതാനുള്ള സാഹചര്യം ഉണ്ടാകുക എന്നത് ഏതൊരു സമൂഹത്തിലേയും ഒരു നിര്‍ണായക ഘട്ടമാണ്.
സ്വവര്‍ഗപ്രണയത്തെക്കുറിച്ച് മലയാളത്തിലുള്ള ഏതു ചര്‍ച്ചയിലും സഭ്യമായ, കൃത്യമായ സാങ്കേതികപദങ്ങളുടെ അഭാവം ഒരു പ്രശ്നം തന്നെയാണ്. സ്വവര്‍ഗലൈംഗികത (Homosexuality) യെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ജനസംഖ്യയുടെ ഭൂരിപക്ഷത്തില്‍ കാണുന്ന ആണും പെണ്ണും പങ്കാളിയായ ലൈംഗികതയെപ്പറ്റി പരാമര്‍ശിക്കാതെവയ്യ. Heterosexuality എന്ന് ഇംഗ്ലീഷില്‍ പറയുന്ന ഇതിനെ “എതിര്‍വര്‍ഗലൈംഗികത” എന്ന് മലയാളത്തില്‍ മൊഴിമാറ്റം ചെയ്യാമെന്ന് തോന്നുന്നു. ആണിനോടും പെണ്ണിനോടും ആകര്‍ഷണം തോന്നുന്ന മാനസികാവസ്ഥയായ Bisexuality യെ “ഉഭയലൈംഗികത” എന്ന് മലയാളീകരിക്കാം. നിലവിലുള്ള പദങ്ങളായ സ്വവര്‍ഗപ്രണയി (Gay), സ്വവര്‍ഗപ്രണയിനി (Lesbian), ലൈംഗികന്യൂനപക്ഷം (Sexual Minority), തന്മ (Identity) എന്നിവയ്ക്ക് പുറമേ ട്രാന്‍സ് ജെന്‍ഡര്‍ (Transgender), മദ്ധ്യലിംഗര്‍ (Intersex), നിര്‍ലൈംഗികത (Asexuality), സ്വവര്‍ഗഭീതി (Homophobia), പുറത്തുവരല്‍ (Coming out) മുതലായ പദങ്ങള്‍ ലേഖനത്തിലുടനീളം ഉപയോഗിച്ചിട്ടുണ്ട്. “ലിംഗം” എന്ന വാക്ക് ഇംഗ്ലീഷിലെ Gender എന്ന അര്‍ത്ഥത്തിലാണ് പൊതുവേ ഉപയോഗിച്ചിട്ടുള്ളത്.
പ്രകൃതിവിരുദ്ധം?
എതിര്‍വര്‍ഗലൈംഗികത പ്രകൃതിജന്യവും സ്വവര്‍ഗലൈംഗികത പ്രകൃതിവിരുദ്ധവും ആയി വീക്ഷിക്കപ്പെടുന്നത് ലൈംഗികതയുടെ മനശാസ്ത്രത്തെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുകള്‍ ഇല്ലാത്തതിനാലാണ്. എതിര്‍വര്‍ഗലൈംഗികത സന്താനോല്പാദനത്തില്‍ കലാശിച്ചേക്കാം എന്ന ഒറ്റക്കാരണം കൊണ്ടാണ് പലരും അതിനെ മാത്രം പ്രകൃതിജന്യമായി കണക്കാക്കുന്നത്.
സ്വവര്‍ഗലൈംഗികതയെപ്പോലെ ചിലരിലെങ്കിലും അന്ധാളിപ്പും വെറുപ്പും ആശങ്കയും ഉണര്‍ത്തിയേക്കാവുന്ന മറ്റൊരു ചര്‍ച്ചാവിഷയം വേറെ ഉണ്ടാവുമെന്ന് തോന്നുന്നില്ല. സ്വവര്‍ഗപ്രണയികളെ ഹൃദയവിശാലതയോടെ മനസ്സിലാക്കാനും അംഗീകരിക്കാനും കഴിവുള്ള എതിര്‍വര്‍ഗപ്രണയികളായ ഇന്ത്യക്കാര്‍ ഏറെയുണ്ടെങ്കിലും പലര്‍ക്കും അവരുടെ കാഴ്ചപ്പാടുകള്‍ തുറന്നു പറയാന്‍ സാധിക്കുന്നില്ല. എന്നാല്‍, സ്വവര്‍ഗലൈംഗികതയുള്ളവരോട് വെറുപ്പ്, വിദ്വേഷം, ഭയം, അകല്‍ച്ച എന്നിവ വെച്ചുപുലര്‍ത്തുന്നവരാണ് ചില ഇന്ത്യാക്കാരെങ്കിലും. എതിര്‍വര്‍ഗപ്രണയികളില്‍ ഏറിയും കുറഞ്ഞും കാണപ്പെടുന്ന ഈ മാനസികാവസ്ഥ സ്വവര്‍ഗഭീതി (Homophobia) എന്ന് വിളിക്കപ്പെടുന്നു. ‘പ്രകൃതിവിരുദ്ധന്‍മാര്‍’ എന്ന് മുദ്രകുത്തപ്പെട്ടവരെപ്പറ്റി ചില യുവാക്കള്‍ അവരുടെ സ്വകാര്യസദസ്സുകളില്‍ അറപ്പോടെ ഫലിതം പറഞ്ഞുപരിഹസിക്കുന്നത് സാധാരണമാണ്. കുടുംബം, ജോലിസ്ഥലം എന്നീ ഇടങ്ങളില്‍ തന്റെ സാമൂഹികജീവിതം ഒതുക്കപ്പെട്ട ശരാശരി ഇന്ത്യന്‍സ്ത്രീക്ക് സ്വവര്‍ഗപ്രണയികളെ പറ്റി കേട്ടറിവ് പോലും വളരെ കുറവാണ് എന്ന് എനിക്ക് തോന്നുന്നു. സ്ത്രീകളുടെ സാമൂഹികഇടങ്ങള്‍ വളരെ പരിമിതമായതിനാല്‍ സ്വവര്‍ഗപ്രണയിനികളുടെ ലൈംഗികത പുരുഷസ്വവര്‍ഗലൈംഗികത പോലെ സാമൂഹികമായി പ്രകടിപ്പിക്കപ്പെടുന്നില്ല എന്നത് തന്നെയാവാം ഇതിനു കാരണം.
എതിര്‍വര്‍ഗലൈംഗികത പ്രകൃതിജന്യവും സ്വവര്‍ഗലൈംഗികത പ്രകൃതിവിരുദ്ധവും ആയി വീക്ഷിക്കപ്പെടുന്നത് ലൈംഗികതയുടെ മനശാസ്ത്രത്തെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുകള്‍ ഇല്ലാത്തതിനാലാണ്. എതിര്‍വര്‍ഗലൈംഗികത സന്താനോല്പാദനത്തില്‍ കലാശിച്ചേക്കാം എന്ന ഒറ്റക്കാരണം കൊണ്ടാണ് പലരും അതിനെ മാത്രം പ്രകൃതിജന്യമായി കണക്കാക്കുന്നത്. പക്ഷെ സന്താനോത്പാദനം മാത്രമാണോ മനുഷ്യലൈംഗികതയുടെ ലക്‌ഷ്യം? അങ്ങനെയാണെങ്കില്‍ ഇക്കാലത്ത് ആണ്‍ പെണ്‍ ദമ്പതിമാര്‍ ജീവിതത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമേ ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെടാന്‍ പാടുള്ളൂ എന്ന് ഞാന്‍ വാദിക്കും.
മനസ്സെന്ന ശാരീരിക അവയവം
‘സ്വവര്‍ഗലൈംഗികത എങ്ങനെ ഉടലെടുക്കുന്നു?’ എന്നതിനുത്തരം തേടിപ്പോയാല്‍ നാം ചെല്ലുന്നത് ‘എതിര്‍വര്‍ഗലൈംഗികത എങ്ങനെ ഉടലെടുക്കുന്നു?’ എന്ന മറുചോദ്യത്തിലാണ്. ലൈംഗിക ആകര്‍ഷണത്തിന്റേയും ചിന്തകളുടേയും ഉറവിടം പ്രധാനമായും മസ്തിഷ്കത്തില്‍ നടക്കുന്ന ദൃശ്യഉത്തേജന (Visual stimulation) മാണ്. മറ്റൊരു വ്യക്തിയുടെ ആകാരഭംഗി നോക്കിക്കാണുന്നതിലൂടെ തന്റെ ലൈംഗികാഭിലാഷങ്ങള്‍ മിക്ക മനുഷ്യരും ബാല്യദശയുടെ രണ്ടാം പകുതിയിലോ കൌമാരത്തിലോ തന്നെ സ്വയം തിരിച്ചറിയുന്നു. ഇക്കാര്യത്തില്‍ സ്വവര്‍ഗപ്രണയികളുടെ സ്ഥിതിയും ഒട്ടും വിഭിന്നമല്ല. മറ്റൊരു പങ്കാളിയുമായി ഏതെങ്കിലും തരത്തിലുള്ള ശാരീരികവേഴ്ചകളില്ലാതെതന്നെയാണല്ലോ മിക്ക എതിര്‍വര്‍ഗപ്രണയികളും തങ്ങളുടെ മനസ്സില്‍ കുടികൊള്ളുന്ന ലൈംഗികാകര്‍ഷണം ആദ്യമായി തിരിച്ചറിയുന്നത്.
സ്വവര്‍ഗലൈംഗികത പരിതസ്ഥിതികളാല്‍ ഉടലെടുക്കുന്നതാണെന്ന് ചിലരെങ്കിലും തെറ്റിദ്ധരിക്കുന്നു. അങ്ങനെയാണെങ്കില്‍ സാമൂഹികഇടങ്ങളില്‍ ശക്തമായ ആണ്‍പെണ്‍ വേര്‍തിരിവുകള്‍ (Gender Segregation) നിലനില്‍ക്കുന്ന ഇന്ത്യയിലേതുപോലുള്ള സമൂഹങ്ങളില്‍ സ്വവര്‍ഗലൈംഗികത ക്രമാതീതമായി അധികം കണ്ടുവരേണ്ടതല്ലേ? ലൈംഗികാകര്‍ഷണം എന്നത് മനുഷ്യമനസ്സില്‍ ഇച്ഛാതീതമായി (Involuntary) സംഭവിക്കുന്ന പ്രക്രിയയാണ്. അത് ഏതുതരത്തിലുള്ളതായിരിക്കുമെന്നത് മസ്തിഷ്കത്തില്‍ ജന്മനാതന്നെ ലിഖിതം ചെയ്യപ്പെട്ടിരിക്കുന്നു. ഭൂരിപക്ഷത്തിലും അത് എതിര്‍വര്‍ഗ്ഗത്തിന്റെ ആകാരഭംഗിയാല്‍ ആകര്‍ഷിക്കപ്പെടാന്‍ ഉതകുന്ന തരത്തില്‍ ദിശാവത്കരിക്ക (Orientation) പ്പെട്ടതാണെങ്കിലും ഒരു ന്യൂനപക്ഷത്തില്‍ അതിന്റെ ചായ്‌വ് സ്വവര്‍ഗത്തോട് ആകര്‍ഷണം തോന്നുന്ന തരത്തിലാണ് കാണപ്പെടുന്നത്. ഏതൊരു സ്വതന്ത്രമനുഷ്യസമൂഹത്തിലെയും 3% മുതല്‍ 4% വരെ ആള്‍ക്കാര്‍ പൂര്‍ണമായും സ്വവര്‍ഗത്തോട് മാത്രം ആകര്‍ഷണം തോന്നുന്നവരായിരിക്കാമെന്ന് സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നു. ‘സ്വതന്ത്രസമൂഹം’ എന്നത് ഞാന്‍ എടുത്തുപറയുന്നു, കാരണം മാനസികമായ അടിമത്തം അനുഭവിക്കുന്നവര്‍ക്ക് പ്രണയം ഉണ്ടാവില്ല!. ഭൂരിപക്ഷവും എതിര്‍വര്‍ഗത്തോടോ സ്വവര്‍ഗത്തോടോ മാത്രം ആകര്‍ഷിക്കപ്പെടുമ്പോള്‍ ഇരുവര്‍ഗങ്ങളോടും ആകര്‍ഷണം തോന്നുന്നവരാണ് ഉഭയലൈംഗികത (Bisexuality) യുള്ള ഏകദേശം 3% വരുന്ന മറ്റൊരു ന്യൂനപക്ഷം. യാതൊരുവിധ ലൈംഗികചോദനകളുമില്ലാതെ നിര്‍ലൈംഗിക (Asexual) മായി ജീവിക്കുന്നവരാണ് 1% ത്തില്‍ താഴെ വരുന്ന ഇനിയും ചെറിയൊരു ന്യൂനപക്ഷം എന്നതും ഇതിനോട് ചേര്‍ത്തുവായിക്കേണ്ട കാര്യമാണ്.
മനസ്സ്, ശരീരം എന്നിവ തീര്‍ത്തും വ്യത്യസ്തമായ സംഗതികളല്ലെന്നും മനസ്സെന്നത് മസ്തിഷ്കവും നാഡീവ്യൂഹവും ചേര്‍ന്നുള്ള ശരീരത്തിലെ മറ്റൊരവയവം മാത്രമാണെന്നുള്ളതും ആധുനിക മനശാസ്ത്രത്തിലെ സുപ്രധാനമായ ഒരു കാഴ്ചപ്പാടാണ്. അതിനാല്‍ത്തന്നെ ഉയരം, നിറം തുടങ്ങിയ ഘടകങ്ങളില്‍ മനുഷ്യശരീരങ്ങളില്‍ കാണപ്പെടുന്നത് പോലുള്ള വൈവിധ്യം മാനസിക ഘടകങ്ങളായ ബുദ്ധി, കലാഭിരുചി, ലൈംഗികത എന്നിവയില്‍ കാണുന്നത് സ്വാഭാവികം മാത്രം. ഭൂരിപക്ഷവും വലംകയ്യന്മാരായി ജനിക്കുമ്പോള്‍ ഒരു ന്യൂനപക്ഷം ഇടംകയ്യന്മാരായി ജനിക്കുന്നത് പോലെയുള്ള ഒരു മാനസികവൈവിധ്യമായാണ് സ്വവര്‍ഗലൈംഗികതയെ ശാസ്ത്രജ്ഞര്‍ ഇക്കാലത്ത് വീക്ഷിക്കുന്നത്.
ആണ്‍സ്വവര്‍ഗാനുരാഗികളുടെ മസ്തിഷ്കത്തിലെ ലൈംഗികതയുള്‍പ്പെടെയുള്ള വികാരങ്ങളെ നിയന്ത്രിക്കുന്ന ഭാഗങ്ങള്‍ സ്ത്രീകളുടെ മസ്തിഷ്കത്തിലേതിനോട് സമാനത പുലര്‍ത്തുന്നതായി ഈയടുത്തകാലത്ത് പുറത്തുവന്ന പഠനഫലങ്ങള്‍ പറയുന്നുണ്ട്. സമാനമായ ജീനുകൾ പങ്കുവയ്ക്കുന്ന ഇരട്ടക്കുട്ടികളിൽ നടത്തിയ പഠനങ്ങളും ഇരട്ടകളിൽ ഒരാൾ സ്വവർഗലൈംഗികതയുള്ളതാണെങ്കിൽ മറ്റേയാളും അങ്ങിനെ തന്നെ ആയിരിക്കാനുള്ള സാധ്യത വളരെയധികമാണെന്ന് ചൂണ്ടിക്കാണിക്കുന്നു. ഗര്‍ഭാശയത്തിലെ രാസസംതുലിതാവസ്ഥയിലുള്ള വ്യതിയാനങ്ങള്‍ ഗര്‍ഭസ്ഥശിശുവിന്റെ ലൈംഗികതയുടെ ദിശ നിര്‍ണയിച്ചേക്കാമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഗര്‍ഭാശയത്തിലെ രാസവ്യതിയാനങ്ങള്‍ മുന്‍പ്രസവങ്ങളാലോ ഗര്‍ഭകാലത്ത് മാതാവ് അനുഭവിക്കുന്ന മാനസികസംഘര്‍ഷങ്ങളാലോ ഉണ്ടായേക്കാം. മനുഷ്യജീവികളിലല്ലാതെ കാട്ടില്‍ സ്വതന്ത്രമായി ജീവിക്കുന്ന പരിണാമത്തിന്റെ ഉന്നതശ്രേണിയിലുള്ള മറ്റു ചില ജന്തുക്കളിലും ഒരു ന്യൂനപക്ഷത്തില്‍ സ്വവര്‍ഗലൈംഗികത കണ്ടുവരുന്നു. ഇതെല്ലാം നിസ്സംശയം സൂചിപ്പിക്കുന്നത് സ്വവര്‍ഗലൈംഗികതയുടെ ജീവശാസ്ത്രപരമായ ഉത്ഭവത്തെപ്പറ്റിയാണ്.
കലുഷിതമായ കൌമാരവും യൌവനവും
മിക്ക മനുഷ്യരും ബാല്യദശയുടെ രണ്ടാംപകുതിയിലോ കൌമാരത്തിലോതന്നെ തങ്ങളുടെ ലൈംഗികഅഭിലാഷങ്ങളെപ്പറ്റി ബോധവാന്മാരാകുന്നു. ഇക്കാര്യത്തില്‍ സ്വവര്‍ഗപ്രണയികളും എതിര്‍വര്‍ഗ്ഗപ്രണയികളും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. ബാല്യത്തില്‍ ഇതൊരു കൌതുകം മാത്രമായി തോന്നാമെങ്കിലും ലൈംഗികത ശക്തിപ്രാപിക്കുന്ന കൌമാരകാലം എല്ലാ മനുഷ്യര്‍ക്കും അനുഭൂതികളും അസ്വാസ്ഥ്യങ്ങളും നിറഞ്ഞതാണ്. യുവത്വത്തിലേക്ക് കാലെടുത്തുവയ്ക്കാന്‍ സജ്ജമാക്കുന്ന ഈ ഘട്ടം എതിര്‍വര്‍ഗപ്രണയികള്‍ക്ക് ലൈംഗികമായ മാനസികവളര്‍ച്ചയുടെയും വ്യക്തിത്വരൂപീകരണത്തിന്റെയും സാമൂഹികബന്ധങ്ങള്‍ സ്ഥാപിക്കുന്നതിന്റെയും കാലമാണ്. എന്നാല്‍ സ്വവര്‍ഗപ്രണയികളുടെ കൌമാരം സംഘര്‍ഷഭരിതമാണ്. തങ്ങളുടെ അസാധാരണമായ ലൈംഗികചോദനകള്‍ അവരെ ചിന്താക്കുഴപ്പത്തിലാക്കുന്നു. തങ്ങള്‍ എതിര്‍ലിംഗത്തില്‍പ്പെട്ടവരാണോ എന്ന ആശങ്ക (Gender confusion) ചിലരില്‍ ഉടലെടുക്കുന്നു. ചില പുരുഷ സ്വവര്‍ഗപ്രണയികള്‍ തങ്ങളുടെ ലൈംഗികതയെപ്പറ്റി ബോധാവാന്മാരാകുന്നതിനു മുന്‍പുതന്നെ ബാല്യകാലത്ത് ‘ലിംഗവ്യതിയാനസ്വഭാവങ്ങള്‍’ (Gender nonconformity) പ്രകടിപ്പിച്ചിരുന്നതായി അവരും അടുത്ത കുടുംബാംഗങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. സാധാരണ ആണ്‍കുട്ടികളില്‍ കാണപ്പെടാത്ത അതിവൈകാരികത, പാവകളോടുള്ള ഭ്രമം, സ്ത്രീകളുടെ വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, അടുക്കളജോലികള്‍ എന്നിവ പരീക്ഷിച്ചു നോക്കുന്നതിനുള്ള ജാള്യതയില്ലായ്മ എന്നിവയൊക്കെ ഭാവിയിലെ സ്വവര്‍ഗലൈംഗികതയുടെ സൂചനയായി ചിലരെങ്കിലും ബാല്യകാലത്ത് പ്രകടിപ്പിക്കുന്നു.
സ്കൂള്‍കാലഘട്ടത്തില്‍ പല സ്വവര്‍ഗപ്രണയികള്‍ക്കും സുഹൃത്തുക്കളോടും സഹപാഠികളോടും അധ്യാപകന്മാരോടുമൊക്കെ ആകര്‍ഷണം തോന്നുന്നത് സാധാരണമാണ്. തന്റെ സ്വവര്‍ഗലൈംഗികത പുറത്തറിഞ്ഞുപോയ വിദ്യാര്‍ഥികളെ സ്കൂളുകളില്‍ നിന്നും ഹോസ്റ്റലുകളില്‍ നിന്നും പുറത്താക്കുന്ന ഹീനമായ നടപടി കേരളത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നടക്കാറുണ്ട്. അതിനാല്‍ത്തന്നെ കുട്ടികളിലെ സ്വവര്‍ഗലൈംഗികതയെന്ന വളരെ സെന്‍സിറ്റീവായ വിഷയത്തെ എങ്ങനെ സമീപിക്കണമെന്നതിനെക്കുറിച്ചുള്ള ബോധവത്കരണം അധ്യാപകര്‍ക്ക് നല്‍കേണ്ടത് വളരെ അത്യാവശ്യമാണ്. സ്വവര്‍ഗലൈംഗികത കാരണം വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ട കുട്ടികള്‍ ആത്മഹത്യചെയ്യുന്ന സംഭവങ്ങള്‍ വിരളമല്ല. വളരെ താഴ്ന്ന സാമൂഹികസാമ്പത്തിക സാഹചര്യങ്ങളില്‍ നിന്നുള്ള കുട്ടികളിലെ സ്വവര്‍ഗലൈംഗികതതന്നെ സ്വവര്‍ഗലൈംഗികതൊഴിലാളികളായിത്തീരാനുള്ള സാഹചര്യങ്ങള്‍ ഒരുക്കുന്നു എന്ന് സാമൂഹികപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.
അധ്യാപകരുടെ പൂർണ്ണസമയ മേൽനോട്ടമുള്ള സ്കൂൾ അന്തരീക്ഷം കടന്ന് പ്ലസ്ടു/കോളേജ് തലത്തിലെ സ്വതന്ത്രമായ അന്തരീക്ഷത്തിലെത്തുന്ന കാലം എല്ലാവരിലും ലൈംഗികത ശക്തിപ്പെടുന്ന കാലഘട്ടമാണ്. സ്വവർഗപ്രണയികൾക്ക് എതിർവർഗപ്രണയികളായ ഭൂരിപക്ഷത്തിൽ നിന്നുള്ള തങ്ങളുടെ വ്യത്യാസവും ശക്തമായി അനുഭവപ്പെടാൻ തുടങ്ങുന്ന കാലമാണിത്. തന്റെ മനസ്സിന്റെ ചായ്‌വ് സ്വയം അംഗീകരിക്കാനോ തന്റെ പ്രിയപ്പെട്ടവരോട് തുറന്ന് പറയാനോ കഴിയാത്ത അവസ്ഥ തീക്ഷ്ണമായ മാനസിക സംഘർഷം സൃഷ്ടിക്കുന്നു. സാമൂഹികസന്ദര്‍ഭങ്ങളിലുള്ള അതിയായ ആകാംക്ഷ, ആത്മവിശ്വാസക്കുറവ്, കഠിനമായ ലജ്ജ, ഭയം, മാനസികസംഘര്‍ഷം, വിഷാദം എന്നിവയിക്കെ ഈ ഘട്ടത്തിലുള്ള സ്വവര്‍ഗപ്രണയികള്‍ അനുഭവിക്കുന്നു. എന്നാല്‍ തങ്ങളുടെ മാനസികപ്രശ്നങ്ങളുടെ ഉറവിടം അടിച്ചമര്‍ത്തപ്പെട്ട സ്വവര്‍ഗലൈംഗികതയാണെന്നുള്ള സത്യം ആ ഘട്ടത്തില്‍ അവര്‍ മനസ്സിലാക്കുന്നില്ല. ഇനി ഇത് പിന്നീട് മനസ്സിലാക്കിയാല്‍ത്തന്നെ ഇന്ത്യയിലെപ്പോലെ സ്വവര്‍ഗലൈംഗികതയ്ക്കെതിരെ കാടന്‍ നിയമങ്ങള്‍ ഉള്ളതിനാല്‍ തങ്ങളുടെ സംഘര്‍ഷാവസ്ഥ പ്രിയപ്പെട്ടവരോട് പറഞ്ഞു ആശ്വാസം കണ്ടെത്താന്‍ പോലും ഇവര്‍ക്ക് കഴിയുന്നില്ല, ഇങ്ങനെ കലുഷിതമായ ജീവിതം നയിക്കുന്ന യുവജനങ്ങളെ വിവാഹത്തിന് നിര്‍ബന്ധിക്കുന്ന ബന്ധുക്കളും സുഹൃത്തുക്കളും എരിതീയില്‍ എണ്ണയൊഴിക്കുകയാണ് ചെയ്യുന്നത്. ഇന്ത്യയിലെ ചെറുപ്പക്കാരുടെ വിഷാദരോഗത്തിന്റെയും ആത്മഹത്യയുടെയും മൂലകാരണം തലനാരിഴകീറി പരിശോധിച്ചാല്‍ അതില്‍ നല്ലൊരു ഭാഗം അടിച്ചമര്‍ത്തപ്പെട്ടതോ തുറന്നുപറയാനാവാത്തതോ അവിചാരിതമായി പുറത്തറിഞ്ഞതോ ആയ സ്വവര്‍ഗലൈംഗികതയാണെന്ന് കാണാം. സ്വവര്‍ഗലൈംഗികതയെ കുറ്റവത്കരിക്കുന്ന ഭരണകൂടനയങ്ങള്‍ ആണ് ഇതിനു പ്രധാന ഉത്തരവാദി.
രോഗത്തില്‍ നിന്ന് അനുരാഗത്തിലേക്ക്
സ്വവര്‍ഗലൈംഗികതയെ എതിര്‍വര്‍ഗലൈംഗികതയാക്കാനോ മറിച്ചോ ഒരു വൈദ്യശാസ്ത്രത്തിനും കഴിയില്ല. അടിച്ചമര്‍ത്തിയ സ്വവര്‍ഗാനുരാഗത്താല്‍ ഉളവാകുന്ന മാനസികരോഗങ്ങള്‍ക്കുള്ള ചികിത്സ, അനുരാഗം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യവും സാഹചര്യങ്ങളും ഉണ്ടാക്കുക എന്നത് മാത്രമാണ്.
സ്വവര്‍ഗലൈംഗികത എന്നത് സ്വയം വരുത്തിവയ്ക്കുന്ന ഒന്നല്ല എന്നതിനുള്ള ഏറ്റവും വലിയ തെളിവാണ് അത് മാറിക്കിട്ടാനായി മനോരോഗവിദഗ്ദ്ധനെ സമീപിക്കുന്ന സ്വവര്‍ഗപ്രണയികള്‍. സ്വവര്‍ഗലൈംഗികതയുടെ പ്രകൃതത്തെക്കുറിച്ച് അറിവില്ലാത്ത ബന്ധുക്കളാവാം ചിലപ്പോള്‍ ഇതിനു മുന്‍കൈ എടുക്കുന്നത്. എന്നാല്‍ പ്രണയം ഒരു രോഗമല്ലാത്തതിനാല്‍ അതിനെ ചികിത്സിച്ചു മാറ്റാന്‍ പറ്റില്ല. അംഗീകൃതമല്ലാത്ത അപകടം പിടിച്ച ചികിത്സാരീതികളുപയോഗിച്ച് ചില ഡോക്ടര്‍മാര്‍ ഇതിനെ ചികിത്സിക്കാമെന്ന് പാഴ് വാഗ്ദാനം നല്‍കുന്നു. അത്തരം ചികിത്സാരീതികളുപയോഗിച്ച് മനസ്സിലുള്ള ലൈംഗികതയെ നശിപ്പിച്ചു ഒരു മാംസപ്പാവയെ സൃഷ്ടിക്കാന്‍ പറ്റിയേക്കും. എന്നാല്‍ സ്വവര്‍ഗലൈംഗികതയെ എതിര്‍വര്‍ഗലൈംഗികതയാക്കാനോ മറിച്ചോ ഒരു വൈദ്യശാസ്ത്രത്തിനും കഴിയില്ല. പൊരുത്തപ്പെടാനാവാത്ത സ്വവര്‍ഗലൈംഗികതമൂലം ചിലരില്‍ കണ്ടുവരുന്ന വിഷാദരോഗത്തിന് ചികിത്സയും കൌണ്‍സലിങ്ങും ആവശ്യമാണ്. അടിച്ചമര്‍ത്തിയ സ്വവര്‍ഗാനുരാഗത്താല്‍ ഉളവാകുന്ന മാനസികരോഗങ്ങള്‍ക്കുള്ള ചികിത്സ, അനുരാഗം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യവും സാഹചര്യങ്ങളും ഉണ്ടാക്കുക എന്നത് മാത്രമാണ്. ഇവിടെയാണ് തന്റെ ലൈംഗികതയും പ്രണയവും എതിര്‍വര്‍ഗപ്രണയികളില്‍ കാണപ്പെടുന്ന പ്രണയത്തില്‍നിന്ന് ഒട്ടും വിഭിന്നമാല്ലെന്ന സ്വയംതിരിച്ചറിവിന്റെ പ്രസക്തി. രോഗം അനുരാഗമാണെന്ന ഈ തിരിച്ചറിവുണ്ടാക്കാന്‍ സാഹിത്യം, സംഗീതം, സിനിമ, നൃത്തം തുടങ്ങിയ കലാമാധ്യമങ്ങള്‍ക്ക് മാത്രമേ കഴിയൂ! ഹൃദയരക്തം ചാലിച്ച പരിശുദ്ധപ്രണയം രണ്ടു മനുഷ്യര്‍ക്കിടയില്‍ ഉടലെടുക്കുന്നതാണ്. അതിനു ആണെന്നോ പെണ്ണെന്നോ ഉള്ള വ്യത്യാസമില്ല. യഥാര്‍ത്ഥ പ്രണയം പരസ്പരം തുല്യരായി കരുതുന്ന രണ്ടു വ്യക്തികള്‍ക്കിടയിലേ ഉണ്ടാവൂ. അതിനാല്‍ത്തന്നെ സ്ത്രീപുരുഷ സമത്വം പ്രണയത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു.
ആണ്‍കോയ്മ അതിശക്തമായി ഇന്നും നിലനില്‍ക്കുന്ന ഇന്ത്യയിലേതുപോലെയുള്ള സമൂഹങ്ങളില്‍ സ്ത്രീപുരുഷസമത്വം കടലാസ്സില്‍ മാത്രമാണ് ഉള്ളത്. അതിനാല്‍ത്തന്നെ ലൈംഗികവികാരപ്രകടനം എന്നത് (എതിര്‍വര്‍ഗലൈംഗികതയുള്ള) പുരുഷന്റെ കുത്തകയാവുകയും പുരുഷന്‍ തന്റെ മാത്രം സംതൃപ്തിക്കായി സ്ത്രീയോട് ചെയ്യുന്ന ഒന്നായി പൊതുവേ വിവക്ഷിക്കപ്പെടുകയും ചെയ്യുന്നു. എന്നാല്‍ സ്ത്രീക്ക് പുരുഷനോട് ലൈംഗികവികാരം തോന്നുമെന്നും ആരോഗ്യകരമായ ലൈംഗികതയില്‍ സ്ത്രീക്കും പുരുഷനും തുല്യ പങ്കാളിത്തവും സംതൃപ്തിയും ലഭ്യമായിരിക്കണം എന്നതുമാണ് സത്യം. ഇന്ത്യയിലെ സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവുമായ പാര്‍ശ്വവത്കരണത്തിന്റെ പ്രധാന കാരണം ലൈംഗികബലതന്ത്രത്തിലുള്ള പുരുഷന്റെ ഈ മേല്‍ക്കൊയ്മയാണ്. ഇതും സ്വവര്‍ഗലൈംഗികതയുമായി എന്തുബന്ധം എന്ന് ചില വായനക്കാരെങ്കിലും ആശ്ചര്യപ്പെട്ടേക്കാം. ഒരു പുരുഷന്‍ തന്‍റെ സ്വവര്‍ഗലൈംഗികത പ്രണയം തന്നെയാണെന്ന് തിരിച്ചറിഞ്ഞ് സ്വയം അംഗീകരിച്ചാല്‍ പോലും പുരുഷനെ പ്രണയിക്കുന്നു എന്ന് പുറത്തുപറഞ്ഞാല്‍ സമൂഹത്തിലെ തന്റെ സ്ഥാനം സ്ത്രീയുടേതിനു തുല്യമായി വീക്ഷിക്കപ്പെടും എന്ന് അവന്‍ ഭയക്കുന്നു. ഒരു സ്ത്രീ തന്റെ സ്വവര്‍ഗലൈംഗികത പ്രണയം തന്നെയാണെന്ന് തിരിച്ചറിഞ്ഞ് സ്വയം അംഗീകരിച്ചാല്‍ പോലും പുരുഷനെ പ്രണയിക്കുന്നില്ല എന്ന് പുറത്തു പറഞ്ഞാല്‍ ആണ്‍മേല്‍ക്കോയ്മയുള്ള സമൂഹം അത് പുരുഷന്മാരോടുള്ള ധിക്കാരമായി വീക്ഷിക്കും എന്നവള്‍ ഭയക്കുന്നു. സ്ത്രീകള്‍ കുടുംബപരമായും സാമൂഹികമായും സാമ്പത്തികമായും വളരെ പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളില്‍ ഈ ഭയങ്ങള്‍ യാഥാര്‍ത്ഥ്യത്തില്‍ അധിഷ്ഠിതമാണ്. അതിനാല്‍ത്തന്നെ സ്വവര്‍ഗപ്രണയികളുടെ (പുരുഷന്റെയും സ്ത്രീയുടെയും) വിമോചനം സമൂഹത്തിലെ സ്ത്രീപുരുഷസമത്വവുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു. ഇന്ത്യയിലെ പുരുഷസ്വവര്‍ഗപ്രണയികള്‍ പലര്‍ക്കും അവരുടെ പ്രണയം തുറന്നുപറയാന്‍ സാധിക്കാത്തത് അവരുടെ മനസ്സിലുള്ള സ്ത്രീവിരുദ്ധത മൂലമാണ്. സ്വവര്‍ഗപ്രണയികള്‍ സ്ത്രീസ്വാതന്ത്യത്തിനായി പോരാടേണ്ടത് തങ്ങളുടെ നിലനില്‍പ്പിന്റെ ഭാഗമായി കരുതണം. മാധ്യമങ്ങളില്‍ സ്വവര്‍ഗപ്രണയികളെ കൊമാളികളും ആഭാസന്മാരുമായി മാത്രം പ്രതിനിധാനം ചെയ്യുന്നതിനെതിരെ മനുഷ്യത്വമുള്ള എല്ലാ ജനങ്ങളും ശബ്ദമുയര്‍ത്തേണ്ടതാണ്.
ഈ കടമ്പകളെല്ലാം കടന്നു ഒരു വ്യക്തി തന്റെ സ്വവര്‍ഗലൈംഗികതയെപ്പറ്റി മറ്റുള്ളവരോട് സ്വയം വെളിപ്പെടുത്തുന്ന പ്രക്രിയയെ ‘പുറത്തുവരല്‍’ (Coming out) എന്നുപറയുന്നു. ഇതിന്റെ ആദ്യപടി താന്‍ പൂര്‍ണമായും സ്വവര്‍ഗപ്രണയിയാണെന്ന് സ്വയം മനസ്സിലാക്കുകയും തന്നോടുതന്നെ പുറത്തുവരല്‍ നടത്തുകയും ചെയ്യുക എന്നതാണ്. അടുത്തപടി തന്റെ കുടുംബത്തെയോ ഏറ്റവും വിശ്വസ്തരായ സുഹൃത്തുക്കളേയോ അറിയിക്കുന്നതാണ്. ഇത് പ്രായപൂര്‍ത്തിയായി, സ്വന്തമായി ജീവിക്കാന്‍ പ്രാപ്തിയാകുന്ന ഘട്ടത്തില്‍ മാത്രം ചെയ്യുന്നതാണ് അഭികാമ്യം.
ഇങ്ങനെ പുറത്തുവരല്‍ പ്രക്രിയ നടത്തിയ സ്വവര്‍ഗപ്രണയികള്‍ക്ക് സ്വാഭിമാനം വീണ്ടെടുക്കാനും മറ്റുള്ള സ്വവര്‍ഗപ്രണയികളോടും അനുഭാവികളോടും സൌഹൃദങ്ങളും സാമൂഹികബന്ധങ്ങളും സ്ഥാപിക്കാനും കഴിയുന്നു. പുറത്തുവരല്‍ നടത്തിയ ലൈംഗികന്യൂനപക്ഷങ്ങളുടെ കൂട്ടായ്മകള്‍ ആരോഗ്യകരമായ വ്യക്തിജീവിതത്തിനും സ്ഥിരമായ പങ്കാളിയെ കണ്ടെത്തുന്നതിനും വഴിയൊരുക്കുന്നു.
തെറ്റുധാരണകള്‍
സ്വവര്‍ഗലൈംഗികത, ഭിന്നലിംഗത്വം ഇവ രണ്ടും ലൈംഗികന്യൂനപക്ഷത്തിന്റെ ഭാഗങ്ങളാണെങ്കിലും വളരെ വ്യത്യസ്തമായ അവസ്ഥാവിശേഷങ്ങളാണ്. ഭിന്നലിംഗത്വം പ്രണയത്തോട് ബന്ധപ്പെട്ടതല്ല. ശാരീരികമായ ലിംഗവും മാനസികമായ ലിംഗവും തമ്മില്‍ വ്യത്യാസം അനുഭവപ്പെടുന്നവരാണ് ഇവര്‍.
സ്വവര്‍ഗപ്രണയികളെ ട്രാന്‍സ് ജെന്‍ഡര്‍ (Transgender) ആയി ചിലരെങ്കിലും തെറ്റിദ്ധരിക്കുന്നു. സ്വവര്‍ഗലൈംഗികത, ട്രാന്‍സ് ജെന്‍ഡര്‍ ആയിരിക്കുന്ന അവസ്ഥ ഇവ രണ്ടും ലൈംഗികന്യൂനപക്ഷത്തിന്റെ ഭാഗങ്ങളാണെങ്കിലും വളരെ വ്യത്യസ്തമായ അവസ്ഥാവിശേഷങ്ങളാണ്. ലൈംഗികത, ലിംഗം എന്നീ വാക്കുകള്‍ തമ്മില്‍ അര്‍ത്ഥത്തിലുള്ള വ്യത്യാസം തിരിച്ചറിയേണ്ടത് വളരെ പ്രധാനമാണ്. ലൈംഗികത (Sexuality) എന്നത് ശാരീരിക ആകര്‍ഷണത്തെയും പ്രണയത്തേയും നിര്‍ണയിക്കുന്നു. എന്നാല്‍ ലിംഗം (Gender) എന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആണ്മ അല്ലെങ്കില്‍ പെണ്മ എന്ന അവസ്ഥ നിര്‍ണയിക്കുന്ന ഘടകമാണ്. ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തിത്വം ഉള്ളവരുടെ അവസ്ഥ പ്രണയത്തോട് ബന്ധപ്പെട്ടതല്ല. തങ്ങളുടെ ശാരീരികമായ ലിംഗവും മാനസികമായ ലിംഗവും തമ്മില്‍ വ്യത്യാസം അനുഭവപ്പെടുന്നവരാണ് ഇവര്‍. ഉദാഹരണമായി പുരുഷജനനേന്ദ്രിയത്തോടെ പിറന്നുവെങ്കിലും മനസാ താനൊരു സ്ത്രീയാണെന്ന് ഇവര്‍ ചെറുപ്പകാലത്തുതന്നെ തിരിച്ചറിയുന്നു. എപ്പോഴും സ്ത്രീകളുടെ വേഷം ധരിക്കാനും ഭാവഹാവാദികള്‍ പ്രകടിപ്പിക്കാനും ഇവര്‍ അതിയായി ആഗ്രഹിക്കുന്നു. അതുപോലെ തന്നെ സ്ത്രീജനനേന്ദ്രിയമുണ്ടെങ്കിലും മനസാ താനൊരു പുരുഷനാണെന്ന് തിരിച്ചറിയുന്നവരാണ് ഇക്കൂട്ടരില്‍ മറ്റു ചിലര്‍. ശക്തമായ ആണ്‍പെണ്‍ വേര്‍തിരിവുകള്‍ നിലനില്‍ക്കുന്ന സമൂഹങ്ങളില്‍ ജീവിക്കുന്ന ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ക്ക് മനസ്സും ശരീരവും തമ്മിലുള്ള ഈ ചേര്‍ച്ചയില്ലായ്മ തീക്ഷ്ണമായ മാനസികപ്രശ്നങ്ങള്‍ക്ക് വഴിതെളിയിച്ചേക്കാം. മനസ്സിനെ മാറ്റി സ്ഥാപിക്കാന്‍ ഒരു വൈദ്യശാസ്ത്രത്തിനും ഒരിക്കലും കഴിയില്ലല്ലോ. ആകെ കഴിയുന്നത് ഹോര്‍മോണ്‍ ചികിത്സ, ലിംഗമാറ്റശസ്ത്രക്രിയ എന്നിവയിലൂടെ ശരീരത്തിന്റെ ലിംഗം മനസ്സിന്റെ ലിംഗത്തോട് സമന്വയിപ്പിക്കുക എന്നതാണ്. ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികളുടെ പ്രണയം ചിലപ്പോള്‍ എതിര്‍വര്‍ഗത്തോടായിരിക്കാമെന്നത് വളരെ അദ്ഭുതകരമായ വസ്തുതയാണ്. അതായത് ഒരു പുരുഷന്‍ ലിംഗമാറ്റശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയെങ്കിലും മനസാ അയാള്‍/അവള്‍ മറ്റൊരു സ്ത്രീയെ പ്രണയിക്കുന്നു! ഇങ്ങനെ ലിംഗമാറ്റം ആഗ്രഹിക്കുന്നവരെ കൂടാതെ ലിംഗതന്മയില്‍ ആണ്മയ്ക്കും പെണ്മയ്ക്കും ഇടയില്‍ നില്‍ക്കുന്ന മധ്യലിംഗര്‍ (Intersex), ആണും പെണ്ണുമല്ലാത്ത നപുംസകങ്ങള്‍ (Eunuch) എന്നിവയാണ് ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ക്കിടയിലെ മറ്റു ഉപവിഭാഗങ്ങള്‍.
സ്വവര്‍ഗലൈംഗികതയുള്ളവര്‍ സാധാരണക്കാരായ ഭൂരിപക്ഷത്തില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നത് അവര്‍ക്ക് സ്വലിംഗത്തില്‍പ്പെട്ട ആളുകളോട് ശാരീരികവും വൈകാരികവുമായ ആകര്‍ഷണം തോന്നുന്നു എന്ന കാര്യത്തില്‍ മാത്രമാണ്. സ്വവര്‍ഗപ്രണയിയായ പുരുഷന് പുരുഷന്മാരോട് ആകര്‍ഷണം തോന്നുമെങ്കിലും അയാള്‍ സ്ത്രീയായി മാറാന്‍ ആഗ്രഹിക്കുന്നില്ല. ശാരീരികമായും മാനസികമായും അയാള്‍ ഒരു പുരുഷനായിത്തന്നെയാണ് സ്വയം വീക്ഷിക്കുന്നത്. അതുപോലെ സ്ത്രീയെ പ്രേമിക്കുന്നുവെങ്കിലും സ്വവര്‍ഗപ്രണയിനികള്‍ പുരുഷനായി മാറാന്‍ ആഗ്രഹിക്കുന്നില്ല. ഒരാള്‍ സ്വവര്‍ഗാനുരാഗിയാണോ എന്ന് കാഴ്ചയിലോ പെരുമാറ്റത്തിലോനിന്ന് മനസ്സിലാക്കാന്‍ സാധ്യമല്ല. ചില പുരുഷസ്വവര്‍ഗപ്രണയികള്‍ ശാരീരികമായി അല്പം സ്ത്രൈണതയുള്ളവരാണെങ്കിലും ഭൂരിപക്ഷവും കാഴ്ചയില്‍ ഒരു സവിശേഷതയും തോന്നിക്കാത്തവരാണ്. ഇത്തരം ശാരീരികമായ സ്ത്രൈണത ചില എതിര്‍വര്‍ഗപ്രണയികളില്‍ കണ്ടു വരുന്നതില്‍ നിന്നും വിഭിന്നമല്ല. സ്വവര്‍ഗപ്രണയികള്‍ക്ക് തങ്ങളുടെ പ്രണയത്തിലുള്ള വ്യത്യാസം സമൂഹത്തില്‍ നിന്ന് പൂര്‍ണമായി മറച്ചുവച്ച് അദൃശ്യരായി നിലനില്‍ക്കാന്‍ കഴിയും. സ്വവര്‍ഗാനുരാഗികളെ ‘അദൃശ്യ ന്യൂനപക്ഷം’ (Invisible minority) എന്ന് വിളിക്കുന്നത് ഇതിനാലാണ്. എന്നാല്‍ ഭിന്നലിംഗരുടെ വ്യത്യാസം അവര്‍ക്ക് സമൂഹത്തില്‍ നിന്ന് മറച്ചുവയ്ക്കുക പ്രയാസമാണ്. ഈ വസ്തുതയ്ക്കുദാഹരണമാണ് ഇന്ത്യയിലെ അതിപുരാതന ട്രാന്‍സ് ജെന്‍ഡര്‍ സമുദായമായ ഹിജഡകള്‍ എന്നറിയപ്പെടുന്ന വിഭാഗക്കാര്‍.
ഭൂരിപക്ഷത്തിന്റെയും ലൈംഗികത ഒരു വര്‍ഗത്തോട് മാത്രം ആകര്‍ഷണം തോന്നുന്ന തരത്തില്‍ ദൃഢമാണെങ്കിലും ഒരു ന്യൂനപക്ഷത്തില്‍ അത് ചാഞ്ചല്യത്തോടെ ആണിനോടും പെണ്ണിനോടും ആകര്‍ഷണം തോന്നുന്ന തരത്തിലാണ് കണ്ടുവരുന്നത്. ഇങ്ങനെ ഉഭയലൈംഗികതയുള്ളവരുടെ സ്വവര്‍ഗലൈംഗികത പുറത്തുവരുന്നത് പരിതസ്ഥിതികള്‍ക്കനുസരിച്ചായിരിക്കും. അത് മിക്കപ്പോറും താത്കാലികമായിരിക്കാനാണ് സാധ്യത. വിവാഹത്തിന് ശേഷം ഇവരില്‍ മിക്കവാറും പൂര്‍ണമായും എതിര്‍വര്‍ഗലൈംഗികതയില്‍ത്തന്നെ സംതൃപ്തി കണ്ടെത്തുന്നു. എന്നാല്‍ മറ്റു ചിലര്‍ കാലക്രമേണ പൂര്‍ണമായും സ്വവര്‍ഗാനുരാഗികളായി മാറുന്നതായും കണ്ടുവരുന്നു. ഇതേപോലെ തെറ്റുധാരണ പടര്‍ത്തുന്ന ഒന്നാണ് എതിര്‍വര്‍ഗപ്രണയികളില്‍ ചിലര്‍ക്ക് അനുഭവപ്പെടുന്ന സാന്ദര്‍ഭികസ്വവര്‍ഗലൈഗികത (Situational Homosexuality).
അസ്ഥാനത്തുള്ള ആശങ്കകള്‍
സ്വവര്‍ഗലൈംഗികതയെ ബാലപീഡനവുമായി താരതമ്യം ചെയ്യുന്നവര്‍ പ്രായപൂര്‍ത്തിയായവര്‍ തമ്മിലുള്ള സ്വവര്‍ഗപ്രണയത്തെക്കുറിച്ച് തീര്‍ത്തും അജ്ഞരാണ്. ബാലപീഡനം, ബലാത്സംഗം, പരസ്യരതി എന്നിവ എതിര്‍വര്‍ഗലൈംഗികതയിലാണെങ്കിലും സ്വവര്‍ഗലൈംഗികതയിലാണെങ്കിലും ക്രിമിനല്‍ കുറ്റങ്ങള്‍ തന്നെയാണ്.
സ്വവര്‍ഗപ്രണയികളോട് വെറുപ്പ്, വിദ്വേഷം, ഭയം, അകല്‍ച്ച എന്നിവ വെച്ചു പുലര്‍ത്തുന്ന സ്വവര്‍ഗഭീതി എന്ന മാനസികാവസ്ഥ പുരുഷന്മാരിലാണ് കൂടുതല്‍ കണ്ടുവരുന്നത്. എതിര്‍വര്‍ഗപ്രണയിയെന്ന തന്മ രൂപപ്പെട്ടുവരുന്ന കൌമാരത്തിലും യൌവനാരംഭത്തിലുംആണ് ഈ ഭീതി അതിന്റെ മൂർച്ഛിതാവസ്ഥയില്‍ എത്തുന്നത്. എന്നാല്‍ സ്വന്തമായി (എതിര്‍വര്‍ഗവുമായി) പ്രണയാനുഭവങ്ങള്‍, സംതൃപ്തമായ വിവാഹബന്ധം എന്നിവ ഉണ്ടാകുന്നതോടെ മിക്ക എതിര്‍വര്‍ഗപ്രണയികളുടെയും സ്വവര്‍ഗഭീതി കുറയുകയോ ഇല്ലാതാവുകയോ ചെയ്യുന്നു. കൌമാരക്കാരില്‍ എതിര്‍വര്‍ഗലൈംഗികത എന്ന തന്മ രൂപപ്പെടുന്നതിന്റെ സ്വാഭാവികമായ ഒരു ഭാഗമാണ് താത്കാലികമായ സ്വവര്‍ഗഭീതി എന്ന് ചില ചിന്തകന്മാര്‍ അഭിപ്രായപ്പെടുന്നു. എതിര്‍വര്‍ഗപ്രണയികളായ സാധാരണക്കാരില്‍ സ്വവര്‍ഗഭീതി ഉടലെടുക്കാന്‍ പല കാരണങ്ങളുണ്ടാകാം. അതില്‍ പ്രധാനം ലൈംഗികതയുടെ ജീവശാസ്ത്രത്തെക്കുറിച്ചുള്ള അജ്ഞത തന്നെ. സ്വവര്‍ഗപ്രണയികള്‍ സമൂഹത്തില്‍ അദൃശ്യരായി ജീവിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നത് അവരെക്കുറിച്ച് ആളുകളില്‍ വിചിത്രമായ ചിന്താഗതികള്‍ ഉടലെടുക്കാന്‍ കാരണമാകുന്നു. സ്വവര്‍ഗപ്രണയികള്‍ നിങ്ങളുടെയൊക്കെ സുഹൃത്തുക്കളോ സഹപ്രവര്‍ത്തകരോ അയല്‍ക്കാരോ കുടുംബാംഗങ്ങളോ ആണെന്ന കാര്യം ഓര്‍മയില്‍ വയ്ക്കുന്നത് നന്നായിരിക്കും. അവര്‍ക്ക് നിങ്ങളില്‍ നിന്നുള്ള ഏകവ്യത്യാസം അവരുടെ ലൈംഗികാകര്‍ഷണത്തിന്റെ ദിശയില്‍ മാത്രമാണ്. സ്വവര്‍ഗപ്രണയം എന്നത് ചികിത്സിച്ചു മാറ്റേണ്ടതോ മാറ്റാവുന്നതോ ആയ ഒരു മാനസികാവസ്ഥയല്ലെങ്കിലും എതിര്‍വര്‍ഗ പ്രണയികളുടെ സ്വവര്‍ഗഭീതി ബോധവത്കരണത്തിലൂടെ മാറ്റിയെടുക്കാവുന്നതാണ്.
ആണ്‍പെണ്‍ പ്രണയത്തെപ്പോലും സംശയദൃഷ്ടിയോടെയും ദുഷ്ചിന്തകളോടെയും മാത്രം വീക്ഷിക്കുന്നവരാണ് ചിലര്‍. മനുഷ്യജീവിതത്തിലെ അതിപ്രധാനമായ ലൈംഗികത എന്ന വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതുതന്നെ അരോചകമായി തോന്നുന്ന മറ്റുചിലര്‍ക്ക് സ്വവര്‍ഗലൈംഗികത അതിലും കൂടുതല്‍ അരോചകമായി തോന്നാം. സാമൂഹികപുരോഗതിക്കനുസരിച്ച് ഇത്തരം സാംസ്കാരികവിലക്കുകള്‍ ക്രമേണ ഇല്ലാതാവും. സ്വവര്‍ഗലൈംഗികതയെ താന്‍ അംഗീകരിക്കുന്നു എന്ന് മറ്റുള്ളവര്‍ അറിഞ്ഞാല്‍ താനും സ്വവര്‍ഗപ്രണയിയാണെന്ന് സമൂഹം സംശയിക്കുമോ എന്ന് ഭയക്കുന്നവരാണ് ചില എതിര്‍വര്‍ഗപ്രണയികള്‍. പൌരുഷത്തേയും അതിനോട് ബന്ധപ്പെട്ട അധികാരത്തെയും പറ്റി വികലമായ ധാരണകള്‍ വച്ച്പുലര്‍ത്തുന്ന പുരുഷന്മാരിലാണ് ഇത്തരം സ്വവര്‍ഗഭീതി കൂടുതലായി കടന്നുവരുന്നത്. ഇത്തരക്കാര്‍ തങ്ങളുടെ സുഹൃത്ത് സ്വവര്‍ഗപ്രണയിയാണെന്ന് അറിയാനിടയായാല്‍ അവരുമായി അകല്‍ച്ച പാലിക്കുന്നു. പക്ഷെ, ഇവരുടെ സ്വവര്‍ഗഭീതി കാലക്രമേണ മാറുന്നതായാണ് കണ്ടുവരുന്നത്.
സ്വവര്‍ഗലൈംഗികതയെക്കുറിച്ചുള്ള തുറന്ന ചര്‍ച്ചകള്‍ വളര്‍ന്നു വരുന്ന കുട്ടികളെ വഴിതെറ്റിക്കുമോ എന്ന് ചില മാതാപിതാക്കള്‍ ആശങ്കിക്കുന്നു. പക്ഷെ, മനുഷ്യലൈംഗികത എന്നത് പതിനെട്ടുവയസ്സിനുശേഷം മാത്രം ഉടലെടുക്കുന്ന ഒന്നല്ല എന്നതാണ് ഇവര്‍ വിസ്മരിക്കുന്ന വസ്തുത. ഇന്ത്യയിലെ ഹൈസ്കൂളുകളില്‍ പഠിക്കുന്ന മിക്ക ആണ്‍കുട്ടികള്‍ക്കും സ്വവര്‍ഗലൈഗികതയെപ്പറ്റി തമാശരൂപേണയുള്ള കേട്ടറിവെങ്കിലും ഉണ്ടായിരിക്കാമെന്നാണ് ഞാന്‍ കരുതുന്നത്. അതിനെപ്പറ്റി അറിഞ്ഞതുകൊണ്ടുമാത്രം എതിര്‍വര്‍ഗലൈംഗികത്വരയുള്ള ഭൂരിപക്ഷം അത് പരീക്ഷിക്കുമെന്ന് കരുതുന്നത് ന്യായമാണോ? സ്വവര്‍ഗലൈംഗികതയെക്കുറിച്ചുള്ള ശാസ്ത്രീയമായ വിവരങ്ങള്‍ ഹൈസ്കൂള്‍ തലത്തിലുള്ള ലൈംഗികവിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായിരിക്കേണ്ടതാണ്. സ്വവര്‍ഗപ്രണയികള്‍ക്ക് സ്വാതന്ത്ര്യം അനുവദിച്ചാല്‍ സമൂഹം ലൈംഗികഅരാജകത്വത്തിലേക്ക് കൂപ്പുകുത്തും എന്ന് ആത്മാര്‍ഥമായി വിശ്വസിക്കുന്നവരാണ് ചിലര്‍. എന്നാല്‍ സത്യം ഇതിനു നേര്‍വിപരീതമാണ്. നേര്‍വഴിക്ക് ലൈംഗികതയും പ്രണയവും അനുഭവിക്കാനുള്ള സാമൂഹികസാഹചര്യങ്ങള്‍ ഇല്ലാതാവുമ്പോഴാണ് അത് ക്രിമിനല്‍ സ്വാഭാവം കൈക്കൊള്ളുന്ന സാമൂഹികവിപത്തായി മാറുന്നത്. ഇത് സ്വവര്‍ഗലൈംഗികതയ്ക്കും എതിര്‍വര്‍ഗലൈംഗികതയ്ക്കും ഒരു പോലെ ബാധകമാണ്. സ്വവര്‍ഗലൈംഗികതയെ ബാലപീഡന (pedophilia) വുമായി താരതമ്യം ചെയ്യുന്നവര്‍ പ്രായപൂര്‍ത്തിയായവര്‍ തമ്മിലുള്ള സ്വവര്‍ഗപ്രണയത്തെക്കുറിച്ച് തീര്‍ത്തും അജ്ഞരാണ്. ബാലപീഡനം, ബലാത്സംഗം, പരസ്യരതി (public sex) എന്നിവ എതിര്‍വര്‍ഗലൈംഗികതയിലാണെങ്കിലും സ്വവര്‍ഗലൈംഗികതയിലാണെങ്കിലും ക്രിമിനല്‍ കുറ്റങ്ങള്‍ തന്നെയാണ്. എന്നാല്‍ പ്രായപൂര്‍ത്തിയായ രണ്ടു വ്യക്തികള്‍ക്ക് (സ്വവര്‍ഗമോ എതിര്‍വര്‍ഗമോ) പരസ്പരസമ്മതത്തോടെ തങ്ങളുടെ സ്വകാര്യതയില്‍ ലൈംഗികവേഴ്ച്ചയിലേര്‍പ്പെടാനുള്ള സ്വാതന്ത്ര്യം ഏതൊരു ജനാധിപത്യരാജ്യത്തിലെയും പൌരന്മാരുടെ മൌലികാവകാശമായിരിക്കണം. സ്വവര്‍ഗപ്രണയികള്‍ക്ക് സ്വാത്രന്ത്ര്യം അനുവദിച്ചാല്‍ മാരകമായ എയിഡ്സ് ഉള്‍പ്പെടെയുള്ള ലൈംഗികരോഗബാധകള്‍ വര്‍ദ്ധിക്കും എന്ന് കരുതുന്നവരുണ്ട്. എന്നാല്‍ എതിര്‍വര്‍ഗപ്രണയികളെപ്പോലെ ഒരു കൂരയ്ക്ക്കീഴില്‍ സുരക്ഷാമാര്‍ഗങ്ങലുപയോഗിച്ച് ലൈംഗികത ആസ്വദിക്കാനുള്ള സാഹചര്യമില്ലാത്തതിനാല്‍ മാത്രമാണ് സ്വവര്‍ഗപ്രണയികള്‍ക്ക് ലൈംഗികരോഗബാധയേല്‍ക്കാനുള്ള സാധ്യത കൂടുന്നത്. തന്റെ സ്വവര്‍ഗലൈംഗികത മറച്ചുവയ്ച്ച് ജീവിക്കേണ്ടിവരുന്നവര്‍ക്ക് സ്ഥിരമായ പങ്കാളികള്‍ ഉണ്ടാകാതിരിക്കുന്നതും രോഗബാധയുടെ നിരക്ക് വര്‍ധിപ്പിക്കുന്നു.
കുടുംബം വിവാഹം
മനുഷ്യന്‍ സാമൂഹികജീവിയാണ്. സമൂഹത്തിന്റെ ഏറ്റവും ചെറിയ യുണിറ്റാനല്ലോ കുടുംബം. സ്വവര്‍ഗപ്രണയികളെ കുടുംബവ്യവസ്ഥയെ കുളം തോണ്ടുന്ന സാമൂഹികവിരുദ്ധരായി താറടിച്ചുകാണിക്കുന്നവര്‍ സൌകര്യപൂര്‍വ്വം മറക്കുന്ന ഒരു വസ്തുതയുണ്ട്: പൂര്‍ണമായും സ്വവര്‍ഗാനുരാഗിയായ പുരുഷന് ഒരു സ്ത്രീയുമായി ലൈംഗികവേഴ്ച അസാധ്യമാണ്. സ്ത്രീസൌന്ദര്യം അയാളില്‍ യാതൊരുവിധ ഉത്തേജനവും ഉളവാക്കില്ല. അതുപോലെ, പൂര്‍ണമായും സ്വവര്‍ഗാഭിനിവേശമുള്ള സ്ത്രീക്ക് പുരുഷനുമായുള്ള വേഴ്ച യാതൊരു സംതൃപ്തിയും പ്രദാനം ചെയ്യുന്നില്ല. ശക്തമായ സ്വവര്‍ഗഭീതി നിലനില്‍ക്കുന്ന സമൂഹങ്ങളില്‍ പല സ്വവര്‍ഗപ്രണയികളും തന്റെ ലൈംഗികതയെ സ്വയം അടിച്ചമര്‍ത്തുകയോ നിഷേധിക്കയോ ചെയ്തുകൊണ്ട് ജീവിക്കേണ്ടി വരുന്നു. എതിര്‍വര്‍ഗത്തോടുള്ള തന്റെ താത്പര്യമില്ലായ്മ അറിഞ്ഞിട്ടും അത് സ്വയം അംഗീകരിക്കാനോ തന്റെ മനസ്സിന്റെ ചായ്‌വിനനുസരിച്ചു ജീവിക്കാനോ ഇന്ത്യയിലെ സ്വവര്‍ഗപ്രണയികള്‍ക്ക് പലപ്പോഴും സാധിക്കുന്നില്ല. നാട്ടുനടപ്പനുസരിച്ചുള്ള പ്രണയത്തിലധിഷ്ഠിതമല്ലാത്ത അറേഞ്ച്ഡ് വിവാഹങ്ങളില്‍ ചെന്നുചാടുന്ന അവര്‍ തങ്ങള്‍ക്കും അത്തരം വിവാഹങ്ങളില്‍ സത്യം അറിയാതെ പെടുന്ന നിഷ്കളങ്കരായ പങ്കാളിക്കും ഒരു ജീവിതകാലം നിലനില്‍ക്കുന്ന നരകം തന്നെയാണ് തീര്‍ക്കുന്നത്. പക്ഷെ, സമൂഹത്തില്‍ ശക്തമായ സ്വവര്‍ഗഭീതി നിലനില്‍ക്കുന്നിടത്തോളം കാലം ഈ സത്യാസന്ധതയില്ലായ്മയ്ക്ക് ആര്‍ക്കും അവരെ കുറ്റപ്പെടുത്താന്‍ സാധിക്കില്ല.
ലൈംഗികന്യൂനപക്ഷങ്ങളുടെ വിമോചനം
സ്വവര്‍ഗപ്രണയികള്‍, ഉഭയവര്‍ഗപ്രണയികള്‍, ഭിന്നലിംഗര്‍ എന്നിവരടങ്ങുന്ന വിഭാഗത്തെയാണ് ലൈംഗികന്യൂനപക്ഷം എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇംഗ്ലീഷില്‍ ഇത് LGBT (Lesbian-Gay-Bisexual-Transgender) എന്ന ചുരുക്കപ്പേരില്‍ വിളിക്കപ്പെടുന്നു. ലോകസംസ്കാരങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ ലൈംഗികന്യൂനപക്ഷങ്ങളില്‍ പെടുന്ന ആള്‍ക്കാര്‍ മനുഷ്യരാശി ആവിര്‍ഭവിച്ച കാലം മുതല്‍ക്കു തന്നെ ഉണ്ടായിരുന്നു എന്ന് അനുമാനിക്കേണ്ടി വരും. ഗ്രീസ്, റോം, ഇന്ത്യ, ചൈന എന്നിവയുടെ പുരാതന ചരിത്രങ്ങളില്‍ ലൈംഗികന്യൂനപക്ഷങ്ങളെപ്പറ്റി പരാമര്‍ശങ്ങളുണ്ട്. എന്നാല്‍ ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ ഭാഗമായി അവരുടെ വിക്ടോറിയന്‍ മൂല്യങ്ങള്‍ ലോകമെങ്ങാനും അടിച്ചേല്‍പ്പിക്കപ്പെട്ടപ്പോള്‍ ഇന്ത്യയുള്‍പ്പെടെയുള്ള പല കോളനികളിലും സ്വവര്‍ഗലൈംഗികത കുറ്റമോ പാപമോ ഒക്കെയായി മാറി. സ്വവര്‍ഗപ്രണയികളുടെ മനുഷ്യാവകാശങ്ങളെപ്പറ്റിയുള്ള ആദ്യ ലഘുലേഖ 1869ല്‍ ജര്‍മനിയിലാണ് പ്രസിദ്ധീകരിച്ചത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ജര്‍മനിയിലെ ലൈംഗികന്യൂനപക്ഷങ്ങള്‍ ഏറെ സ്വാതന്ത്ര്യമനുഭവിച്ചിരുന്നെങ്കിലും ഹിറ്റ്‌ലറുടെ ഏകാധിപത്യകാലത്ത് ആര്യവംശമഹിമയുടെ തലതെറിച്ച സിദ്ധാന്തപ്രകാരം ജൂതന്മാര്‍ക്കൊപ്പം സ്വവര്‍ഗപ്രണയികളും വന്‍തോതില്‍ കൊന്നൊടുക്കപ്പെടുകയുണ്ടായി. ലൈംഗികന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശങ്ങള്‍ക്കായുള്ള ബോധവത്കരണവും സമരങ്ങളും സാമ്പത്തികമായും സാമൂഹികമായും മുന്നാക്കം നില്‍ക്കുന്ന വികസിതരാജ്യങ്ങളായ യുറോപ്യന്‍ രാജ്യങ്ങള്‍, അമേരിക്ക, കാനഡ തുടങ്ങിയവയുടെ ചരിത്രത്തിന്റെ ഭാഗമാണിന്ന്. ലൈംഗികതയോടും പ്രണയത്തോടുമുള്ള ശാസ്ത്രീയമായ കാഴ്ചപ്പാട്, സാമ്പത്തികസ്വാതന്ത്ര്യത്തില്‍ നിന്നുളവാകുന്ന വ്യക്തിസ്വാതന്ത്ര്യം, വര്‍ധിച്ച സ്ത്രീപുരുഷ സമത്വം എന്നിവയൊക്കെ ലൈംഗികന്യൂനപക്ഷങ്ങളുടെ ശാക്തീകരണത്തിന് വഴിയൊരുക്കുന്ന ഘടകങ്ങളാണ്. സ്വവര്‍ഗപ്രണയികളെ കുറ്റവാളികള്‍, മാനസികരോഗികള്‍, ധാര്‍മികമൂല്യങ്ങളില്ലാത്ത മ്ലേച്ഛര്‍ എന്നൊക്കെ കണക്കാക്കിയിരുന്ന ഒരു കാലം ചില വികസിത രാജ്യങ്ങളില്‍ പോലും അധികം ദൂരെയല്ലാത്ത ഭൂതകാലത്തുതന്നെ ഉണ്ടായിരുന്നു. സ്വവര്‍ഗപ്രണയികളും ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികളും ഒത്തുചേരാറുണ്ടായിരുന്ന ന്യൂയോര്‍ക്കിലെ സ്റ്റോണ്‍വാള്‍ സത്രത്തില്‍ 1969 ജൂണ്‍ 28ന് പോലീസ് നടത്തിയ റെയ്ഡിനും അറസ്റ്റിനും നേരെ അവര്‍ നടത്തിയ ധീരമായ ചെറുത്തുനില്‍പ്പിനെയാണ് ലൈംഗികന്യൂനപക്ഷ വിമോചനസമരത്തിന്റെ തുടക്കമായി ലോകമെങ്ങും അംഗീകരിക്കുന്നത്. ഇതിനെത്തുടര്‍ന്നുണ്ടായ സംഘടിതമായ ബോധവത്കരണങ്ങള്‍, വിവേചനത്തിനെതിരായ സമരങ്ങള്‍ എന്നിവയ്ക്കൊപ്പം അമേരിക്കന്‍ സൈക്യാട്രിക് അസോസിയേഷന്‍ 1973ല്‍ സ്വവര്‍ഗലൈംഗികതയെ മാനസികരോഗങ്ങളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതും അമേരിക്കയിലെ ലൈംഗികന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശങ്ങളില്‍ വന്‍പിച്ച കുതിചുചാട്ടം തന്നെയുണ്ടാക്കി. ലൈംഗികന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശങ്ങളില്‍ ഏറെ മുന്നിട്ടു നില്‍ക്കുന്ന രാജ്യങ്ങളില്‍ ആണ്‍പെണ്‍വിവാഹത്തിന് തുല്യമായ സ്വവര്‍ഗവിവാഹം ഭരണഘടന തന്നെ വാഗ്ദാനം ചെയ്യുന്നു. കുട്ടികളുണ്ടാവാന്‍ അതിയായി ആഗ്രഹിക്കുന്ന സ്വവര്‍ഗദമ്പതികള്‍ കൃത്രിമബീജസങ്കലനത്തിലൂടെയോ ദത്തെടുക്കലിലൂടെയോ രക്ഷിതാക്കളായി മാറുന്നു. ലോകാരോഗ്യസംഘടന 1990ല്‍ സ്വവര്‍ഗലൈംഗികതയെ മനോരോഗങ്ങളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്തത് ലോകമെങ്ങുമുള്ള ലൈംഗികന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനുള്ള ആദ്യ ചുവടുവെയ്പ്പായി മാറി.
സ്വവര്‍ഗപ്രണയികളായ പ്രതിഭകള്‍
സ്വവര്‍ഗലൈംഗികതയ്ക്ക് പണ്ഡിതര്‍, പാമരര്‍, പണക്കാര്‍, പാവപ്പെട്ടവര്‍, ഈശ്വരവിശ്വാസി, നിരീശ്വരവാദി തുടങ്ങിയ വിവേചനങ്ങളൊന്നുമില്ല. സമൂഹത്തിലെ ഏതു തട്ടിലെയും ഒരു ന്യൂനപക്ഷം സ്വവര്‍ഗലൈംഗികതയുള്ളവരായിരിക്കും. ലോകപ്രശസ്തരായ ചില പ്രതിഭാശാലികള്‍ സ്വവര്‍ഗപ്രണയികളായിരുന്നുവെന്നത് ഇന്ന് പരസ്യമായ വസ്തുതയാണ്. പുരുഷസൌന്ദര്യം ശില്പങ്ങളിലും ചിത്രങ്ങളിലും ആവാഹിച്ച
ഇറ്റാലിയന്‍ കലാകാരന്‍ മൈക്കലാന്‍ജലോ (1475-1564) സ്വവര്‍ഗപ്രണയി ആയിരുന്നുവെന്നത് ഇന്ന് തര്‍ക്കമില്ലാതെ അംഗീകരിക്കപ്പെടുന്ന വസ്തുതയാണ്. പ്രശസ്ത ഇംഗ്ലീഷ് നോവലിസ്റ്റ് ഓസ്കാര്‍ വൈല്‍ഡ് (1854-1900) തന്റെ സ്വവര്‍ഗലൈംഗികത മൂലം ബ്രിട്ടനിലെ അക്കാലത്തെ യാഥാസ്ഥിതിക നിയമപ്രകാരം കാരാഗൃഹത്തിലടച്ചു പീഡിപ്പിക്കപ്പെട്ടവനാണ്.
കമ്പ്യൂട്ടറിന്റെ ഗണിതമാതൃക ആദ്യമായി തയ്യാറാക്കി കമ്പ്യൂട്ടര്‍ സയന്‍സിന്റെ പിതാവ് എന്നറിയപ്പെടുന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ അലന്‍ റ്റ്യൂറിംഗ് (1912-1954) സ്വവര്‍ഗലൈംഗികതയെ ക്രിമിനല്‍ കുറ്റവും മാനസികരോഗവുമൊക്കെയായി കണ്ടിരുന്ന പഴയകാലത്തെ കാടന്‍ നിയമങ്ങളാല്‍ ഇതേപോലെ പീഡിപ്പിക്കപ്പെട്ടവനാണ്.
തന്റെ സ്വവര്‍ഗലൈംഗികത മറച്ചുവച്ച് ഹോളിവൂഡിലെ പ്രണയനായകനായി സ്ത്രീഹൃദയങ്ങള്‍ കീഴടക്കിയ ജനപ്രിയതാരം റോക്ക് ഹട്സന്‍ (1925-1985) എയിഡ്സ് ബാധിച്ചു മരണശയ്യയിലായതിനു ശേഷം മാത്രമാണ് തന്റെ ലൈംഗികതയുടെ ചായ്‌വിനെപറ്റിയുള്ള സത്യം ലോകത്തോട് തുറന്നു പറഞ്ഞത്.
സമകാലീനലോകത്തേക്കു വന്നാല്‍ ടെന്നീസ് താരം മാര്‍ട്ടീന നവ്‌രത്തലോവ, പോപ് ഗായകനായ എല്‍ട്ടണ്‍ ജോണ്‍, ഹാസ്യതാരവും ടോക് ഷോ അവതാരകയുമായ എല്ലന്‍ ഡീജനറസ്, സി.എന്‍.എന്‍. വാര്‍ത്താ അവതാരകനായ ആന്‍ഡേഴ്‌സണ്‍ കൂപ്പര്‍ എന്നിവരൊക്കെ സ്വവര്‍ഗപ്രണയികളായിട്ടും തങ്ങളുടെ മേഖലകളില്‍ അത്യുന്നത വിജയം കൈവരിച്ചു ലോകപ്രശസ്തരായവരാണ്.
സ്വവര്‍ഗപ്രണയിയായ ഗായകന്‍ എല്‍ട്ടണ്‍ ജോണിന് ഇംഗ്ലണ്ടിലെ പരമോന്നത ബഹുമതിയായ ‘സര്‍’ പദവി വരെ നല്‍കുകയുണ്ടായി. സ്വവര്‍ഗപ്രണയികള്‍ക്ക് തങ്ങളുടെ ലൈംഗികതയും പ്രണയവും സമൂഹത്തില്‍ നിന്ന് മറച്ചുവെക്കാതെ ജീവിക്കാന്‍ കഴിഞ്ഞപ്പോഴുണ്ടായ ഗുണകരമായ മാറ്റങ്ങള്‍ക്കുദാഹരണങ്ങളാണ് ഈ പ്രതിഭകള്‍. സ്വവര്‍ഗപ്രണയിയായതുകൊണ്ടുമാത്രം ഒരാള്‍ കഴിവുകെട്ടവനാകുന്നില്ലെന്ന് തന്റെ സ്വവര്‍ഗലൈംഗികത തിരിച്ചറിയാന്‍ തുടങ്ങുന്ന കൌമാരപ്രായക്കാരും, തിരിച്ചറിഞ്ഞിട്ടും അതുമായി പൊരുത്തപ്പെടാന്‍ കഴിയാത്ത യുവജനങ്ങളും അറിഞ്ഞിരിക്കേണ്ട വസ്തുതയാണ്. ജീവിതത്തെപ്പറ്റി ശുഭാപ്തിവിശ്വാസം നല്‍കുന്ന ഇത്തരം ജീവനമാതൃക (Role Model) കളുടെ അഭാവം ഇന്ത്യയിലെ ലൈംഗികന്യൂനപക്ഷങ്ങള്‍ക്ക് ഒരു പ്രശ്നം തന്നെയാണ്.
ഇന്ത്യയില്‍
‘സ്വവര്‍ഗപ്രണയം ഇന്ത്യന്‍ സംസ്കാരത്തിന്റെ ഭാഗമല്ല’ എന്ന് വീമ്പ് പറയുന്നവര്‍ സ്വവര്‍ഗലൈംഗികതയുടെ പ്രകൃതിജന്യമായ ഉല്‍പ്പത്തിയെക്കുറിച്ചോ വൈവിധ്യങ്ങളുടെ കേളീനിലമായിരുന്ന ഇന്ത്യന്‍ സംസ്കാരത്തെക്കുറിച്ചോ അജ്ഞരാണ്. ബ്രിട്ടീഷ് ആധിപത്യത്തിന്റെ ഭാഗമായാണ് ഇന്ത്യയിലെ ന്യൂനപക്ഷലൈംഗികത പില്‍ക്കാലത്ത് അടിച്ചമര്‍ത്തപ്പെട്ടത്. സംസ്കാരത്തിന് നിയന്ത്രിക്കാന്‍ കഴിയുന്നത് പ്രണയം, ലൈംഗികത എന്നിവ സാമൂഹികമായി എങ്ങനെ പ്രകടിപ്പിക്കപ്പെടുന്നു എന്നുള്ളത് മാത്രമാണ്. ജാതിപരമായും ലിംഗപരമായും കൂടുതല്‍ സമത്വത്തിലേക്ക് കുതിക്കുന്ന സാമൂഹികസ്ഥിതിക്കനുസരിച്ച് പരിണമിക്കുന്നതായിരിക്കണം മനുഷ്യസംസ്കാരം. ലൈംഗികന്യൂനപക്ഷങ്ങളെ ‘തൃതീയ പ്രകൃതം’ (Third gender) എന്നരീതിയില്‍ നോക്കിക്കാണുന്ന കാഴ്ചപ്പാടുകള്‍ പുരാണങ്ങളിലുണ്ട്.
ഹിജഡകള്‍ എന്നറിയപ്പെടുന്ന ഇന്ത്യയിലെ പരമ്പരാഗത ട്രാന്‍സ് ജെന്‍ഡര്‍ സമുദായം നൂറ്റാണ്ടുകളോളം പഴക്കമുള്ളതാണ്. ലൈംഗികതയെപ്പറ്റിയുള്ള ആദ്യഗ്രന്ഥമായ കാമസൂത്രത്തില്‍ സ്വവര്‍ഗരതിയെക്കുറിച്ച് പരാമര്‍ശങ്ങളുണ്ട്. ചില പുരാതന ഇന്ത്യന്‍ ക്ഷേത്രശില്പസമുച്ചയങ്ങളില്‍ എതിര്‍വര്‍ഗലൈംഗികതയ്ക്കൊപ്പം സ്വവര്‍ഗലൈംഗികതയും ചിത്രീകരിക്കപ്പെട്ടിരിക്കുന്നത് കാണാം.
ഉന്നതവിദ്യാഭ്യാസം നേടിയ നല്ലൊരു വിഭാഗം സ്വവര്‍ഗപ്രണയികളും ആധുനിക ഇന്ത്യയിലെ തങ്ങളുടെ ദുരവസ്ഥ മനസ്സിലാക്കി പാശ്ചാത്യരാജ്യങ്ങളിലേയ്ക്ക് പ്രവാസികളായി ചേക്കേറുന്നു. അതിനാല്‍ത്തന്നെ ഇന്ത്യക്കാരായ സ്വവര്‍ഗപ്രണയികളുടെ ക്ഷേമത്തിനായുള്ള സംഘടനകള്‍ ആദ്യമായി രൂപവത്കരിക്കപ്പെട്ടത് വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ പ്രവാസികളുടെ ഇടയിലാണ്. അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോ നഗരത്തില്‍ എന്‍ജിനീയര്‍മാരായിരുന്ന അരവിന്ദ്കുമാറും സുവീര്‍ദാസും ചേര്‍ന്ന് 1986ല്‍ രൂപവത്കരിച്ച ‘ത്രികോണ്‍’ (http://www.trikone.org) ആണ് അത്തരത്തിലുള്ള ആദ്യസംഘടന. ‘ത്രികോണ്‍’ എന്ന പേരില്‍ ലൈംഗികന്യൂനപക്ഷങ്ങള്‍ക്കായുള്ള മാസികയും ഇവര്‍ പ്രസിദ്ധീകരിക്കുന്നു. ഇതിനെത്തുടര്‍ന്ന് അമേരിക്ക, യൂറോപ്പ്, കാനഡ തുടങ്ങിയ ഇടങ്ങളിലെ പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ച് ഇന്ത്യക്കാരായ സ്വവര്‍ഗപ്രണയികളുടെ ക്ഷേമത്തിനായുള്ള സംഘടനകള്‍ രൂപവത്കരിക്കപ്പെട്ടു.
ഉന്നതവിദ്യാഭ്യാസം നേടിയവര്‍ക്ക് മാത്രം സാധിക്കുന്ന പാശ്ചാത്യപ്രവാസം ഇന്ത്യയിലെ ലൈംഗിക ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമേ അല്ല. ഇന്ത്യയിലെ സ്വവര്‍ഗപ്രണയികളുടെ വിമോചനത്തിനായി ആദ്യമായി ശബ്ദമുയര്‍ത്തിയത് മുംബൈയില്‍ ജനിച്ച പത്രപ്രവര്‍ത്തകനായ അശോക് റോ കവി ആണ്. മനോരമ, ഇന്ത്യന്‍ എക്സ്പ്രസ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ച അശോക് 1986ല്‍ തന്റെ സ്വവര്‍ഗലൈംഗികതയെക്കുറിച്ച് പരസ്യമായി സംസാരിച്ചത് ഇന്ത്യയിലെ സ്വവര്‍ഗപ്രണയികളുടെചരിത്രത്തിലെ ഏറ്റവും പ്രധാനമായ നാഴികക്കല്ലാണ്. തന്റെ ലൈംഗികത സമൂഹം അംഗീകരിക്കില്ല എന്ന വിശ്വാസത്താല്‍ സംന്യാസജീവിതം സ്വീകരിച്ചു രാമകൃഷ്ണമിഷനില്‍ ചേര്‍ന്നതും അവിടത്തെ ഗുരുവര്യന്മാരോട് തന്റെ രഹസ്യം തുറന്നുപറഞ്ഞതുമെല്ലാം അശോക് തന്റെ ആത്മകഥയില്‍ വിവരിക്കുന്നുണ്ട്. ജീവിതത്തില്‍ നിന്ന് ഒളിച്ചോടുന്നവര്‍ക്കുള്ളതല്ല ആത്മീയത എന്ന ഉപദേശത്തോടെ തന്നെ സ്വവര്‍ഗപ്രണയികളുടെ മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്നതിനായി അനുഗ്രഹിച്ചു തിരിച്ചയച്ച രാമകൃഷ്ണമിഷനിലെ ഋഷിവര്യന്മാരെ അശോക് നന്ദിപൂര്‍വ്വം സ്മരിക്കുന്നുണ്ട്. പല ഭാഷക്കാരും പല വേഷക്കാരും പല സാമ്പത്തികനിലയിലുള്ളവരും തിങ്ങിപ്പാര്‍ക്കുന്ന മുംബൈ, ബാംഗ്ലൂര്‍, കൊല്‍ക്കത്ത, ചെന്നൈ, ഡല്‍ഹി പോലുള്ള മെട്രോനഗരികള്‍ ‘വൈവിധ്യങ്ങളുള്ള നിരവധി ഗ്രൂപ്പുകള്‍ക്കിടയിലെ മറ്റൊരു ഗ്രൂപ്പ്’ എന്ന രീതിയില്‍ സ്വവര്‍ഗപ്രണയികളുടെ കൂട്ടായ്മകള്‍ക്ക് നിലനില്‍ക്കാനുള്ള വേദിയൊരുക്കുന്നു. സ്വവര്‍ഗപ്രണയികള്‍ക്കായുള്ള ആദ്യ ഇന്ത്യന്‍ മാസിക ‘ബോംബെ ദോസ്ത്’ 1990ല്‍ അശോക് ആരംഭിച്ചു. തുടര്‍ന്ന് മുംബൈയിലെ ലൈംഗികന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനും എയിഡ്സ് പ്രതിരോധതിനുമായി 1994ല്‍ ‘ഹംസഫര്‍ ട്രസ്റ്റ്’ എന്ന സംഘടന അദ്ദേഹം രൂപവത്കരിച്ചു.
സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ നാടകകൃത്തും സിനിമാസംവിധായകനുമായ മഹേഷ് ദത്താനി, എഴുത്തുകാരായ വിക്രം സേത്ത്, ഹോഷങ് മെര്‍ച്ചന്റ്, സ്വവര്‍ഗപ്രണയികളുടെ കൌണ്‍സലിംഗിനായുള്ള മുംബൈയിലെ സംഘടനയായ ‘ആന്‍ചല്‍ ട്രസ്റ്റ്’ നയിക്കുന്ന ഗീത കുമാന, കൊല്‍ക്കത്തയിലേ ‘സാഫോ ട്രസ്റ്റ്’ നയിക്കുന്ന മാളവിക എന്നിവരൊക്കെ ഇന്ത്യയിലെ പ്രമുഖരായ സ്വവര്‍ഗപ്രണയികളാണ്.
പൌരാണിക കാലം തുടങ്ങിയുള്ള ഇന്ത്യന്‍ സാഹിത്യത്തിലേയും ചരിത്രത്തിലെയും സ്വവര്‍ഗപ്രണയപ്രതിനിധാനങ്ങളെക്കുറിച്ചുള്ള അക്കാദമിക് ഗവേഷണങ്ങള്‍ എഡിറ്റ് ചെയ്ത് ‘Same sex Love in India’ എന്ന ബൃഹത്തായ ഗ്രന്ഥം രൂത് വനിത, സലിം കിദ്വായ് എന്നിവര്‍ 2000ല്‍ പ്രസിദ്ധീകരിച്ചത് ഇന്ത്യന്‍ ന്യൂനപക്ഷലൈംഗികതയുടെ താത്വിക അടിത്തറ ബലപ്പെടുത്തിയ മറ്റൊരു നാഴികക്കല്ലാണ്.
ഈയടുത്തകാലത്ത് ഗുജറാത്തിലെ രാജകുടുംബാംഗമായ മാനവേന്ദ്ര ഗോഹില്‍ തന്റെ സ്വവര്‍ഗലൈംഗികതയെപ്പറ്റി പുറംലോകത്തെ അറിയിച്ചത് വാര്‍ത്തയായിരുന്നു. നാട്ടുനടപ്പനുസരിച്ചു സ്വമേധയാ നടത്തിയ വിവാഹത്തിന്റെ ആദ്യരാത്രിയില്‍ ഭാര്യയുടെ മുന്നില്‍ ‘തലവേദന’ അഭിനയിച്ചു തിരിഞ്ഞുകിടന്നുറങ്ങിയതും പിന്നീടു വിഷാദരോഗഗ്രസ്തനായതും വിവാഹമോചനത്തില്‍ കലാശിച്ചതുമെല്ലാം മാനവേന്ദ്ര ലോകപ്രശ്ത ടെലിവിഷന്‍ ടോക് ഷോ അവതാരകയായ ഓപ്ര വിന്‍ഫ്രെയുമായുള്ള അഭിമുഖത്തില്‍ തുറന്നു പറഞ്ഞിട്ടുണ്ട്. ഗുജറാത്തിലെ ലൈംഗികന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി ‘ലക്ഷ്യ ട്രസ്റ്റ്’ എന്ന സംഘടന അദ്ദേഹം രൂപവത്കരിച്ചിട്ടുണ്ട്.
ബുദ്ധിജീവികളുടെ നഗരമായ കൊല്‍ക്കത്തയിലാണ് 1993ല്‍ ‘കൌണ്‍സല്‍ ക്ലബ്’ എന്ന പേരില്‍ സ്വവര്‍ഗപ്രണയികള്‍ക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ സംഘടന ജന്മം കൊണ്ടത്. ഇപ്പോള്‍ ഇന്ത്യയിലെ എല്ലാ വന്‍നഗരങ്ങളിലും സ്വവര്‍ഗപ്രണയികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ രൂപവത്കരിക്കപ്പെട്ടിട്ടുണ്ട്. സ്വവര്‍ഗലൈംഗികതയെക്കുറിച്ചുള്ള ബോധവത്കരണത്തിലും സംഘാടനത്തിലും ഇന്റര്‍നെറ്റ് വലിയൊരു പങ്കുവഹിക്കുന്നു.
അമേരിക്കയിലെ ചരിത്രപ്രധാനമായ സ്റ്റോണ്‍വോള്‍ പ്രക്ഷോഭത്തിന്റെ വാര്‍ഷികമായ ജൂണ്‍ മാസം ലോകമെങ്ങുമുള്ള ലൈംഗികന്യൂനപക്ഷങ്ങള്‍ ‘അഭിമാനമാസം’ (Pride month) ആയി ആചരിക്കുന്നു. സ്വവര്‍ഗപ്രണയികളുടെ മനുഷ്യാവകാശങ്ങളെപ്പറ്റി സമൂഹത്തെ ബോധവത്കരിക്കാനുള്ള സെമിനാറുകള്‍, അഭിമാനറാലികള്‍ (Pride Parade) എന്നിവ ജൂണ്‍ മാസത്തില്‍ ലോകമെങ്ങും നടക്കുന്നു. മനുഷ്യമനസ്സിലെ പ്രണയവര്‍ണങ്ങള്‍ക്ക് വൈവിധ്യമുണ്ട് എന്നതിന്റെ പ്രതീകമായി ‘മഴവില്‍ പതാക’ (Rainbow flag) ലൈംഗികന്യൂനപക്ഷാവകാശത്തിന്റെ പ്രതീകമായി ലോകമെങ്ങും അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. 1999ല്‍ കൊല്‍ക്കത്തയിലാണ് ഇന്ത്യയിലെ സ്വവര്‍ഗപ്രണയികള്‍ 14 പേര്‍ മാത്രമുള്ള ആദ്യത്തെ പൊതുറാലി നടത്തിയത്. എന്നാല്‍ 2008 മുതല്‍ ദേശീയ തലത്തില്‍ എല്ലാ വന്‍ മെട്രോനഗരങ്ങളിലും ജൂണ്‍ മാസത്തില്‍ സംഘടിപ്പിക്കുന്ന അഭിമാനറാലിയില്‍ ആയിരക്കണക്കിന് സ്വവര്‍ഗപ്രണയികളും അനുഭാവികളും പങ്കെടുത്തു വരുന്നു.
ഇന്ത്യയുള്‍പ്പെടെയുള്ള പല രാജ്യങ്ങളിലും സ്വവര്‍ഗലൈംഗികത കുറ്റവത്കരിക്കപ്പെട്ടത് ബ്രിട്ടീഷ് ആധിപത്യത്തിന്റെ ഭാഗമായാണ്. 1861ല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യന്‍ നിയമാവലിയില്‍ എഴുതിച്ചേര്‍ത്ത 377 വകുപ്പ് പ്രകാരം ‘പ്രകൃതിവിരുദ്ധ രതി’ ശിക്ഷാര്‍ഹമാണ്. ബാലപീഡനം, സ്വവര്‍ഗബലാല്‍സംഗം, മൃഗരതി എന്നിവയെ ശിക്ഷിക്കാന്‍ 377 വകുപ്പ് ആവശ്യമാണ്. പരസ്പരസമ്മതത്തോടെയുള്ള പ്രായപൂര്‍ത്തിയായവരുടെ സ്വവര്‍ഗരതിയെ ആധുനികകാലത്ത് ഈ നിയമപ്രകാരം ശിക്ഷിക്കാറില്ലായിരുന്നുവെങ്കിലും അദൃശ്യരായി ജീവിക്കുന്ന ലൈംഗികന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്താനും തേജോവധം ചെയ്യാനും പണം പിടുങ്ങാനും ലൈംഗികമായി പീഡിപ്പിക്കാനും എല്ലാം ഈ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നു. പ്രായപൂര്‍ത്തിയായവര്‍ പരസ്പരസമ്മതത്തോടെ നടത്തുന്ന സ്വവര്‍ഗരതിയെ 377ന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ഇന്ത്യയിലെ മനുഷ്യാവകാശപ്രവര്‍ത്തകര്‍ 1993 മുതല്‍ തന്നെ വാദിക്കാന്‍ തുടങ്ങിയിരുന്നു. ദല്‍ഹി ഹൈക്കോടതിയിലെ നീണ്ട നിയമയുദ്ധത്തിന് ശേഷം ഈ ഭേദഗതിക്കായുള്ള ‘നാസ് ഫൌണ്ടേഷന്‍’ന്റെ അപ്പീലില്‍ 2009 ജൂലായ് 2ന് അനുകൂലമായ ഉത്തരവുണ്ടായി. ഭരണഘടന വാഗ്ദാനം ചെയ്യുന്ന സമത്വം, വൈവിധ്യം, മതേതരത്വം എന്നിവ ഉയര്‍ത്തിപ്പിടിച്ച ഈ വിധിപ്രഖ്യാപനം പുറത്തുവന്ന ജൂലൈ 2 ഇന്ത്യയിലെ ലൈംഗികന്യൂനപക്ഷങ്ങളുടെ സ്വാതന്ത്ര്യ ദിനമായി വരും തലമുറകള്‍ ആഘോഷിക്കുമെന്ന് തീര്‍ച്ച. സ്വവര്‍ഗലൈംഗികതക്കെതിരായ ഇത്തരം കാടന്‍ നിയമങ്ങള്‍ ഇന്ത്യന്‍ നിയമാവലിയില്‍ എഴുതിച്ചേര്‍ത്ത ബ്രിടീഷുകാര്‍ അവരുടെ രാജ്യത്ത് ഇത്തരം നിയമങ്ങള്‍ എത്രയോ മുമ്പ് തന്നെ ഭേദഗതി ചെയ്തിരുന്നു എന്നത് ചിന്തനീയമായ വസ്തുതയാണ്.
നിയമത്തിന്റെ കുരുക്കഴിഞ്ഞുവെങ്കിലും ഇന്ത്യയിലെസ്വവര്‍ഗപ്രണയി കുടുംബത്തിലും ജോലിസ്ഥലത്തും സമൂഹത്തിലും നേരിടുന്ന പ്രശ്നങ്ങളും വെളുവിളികളും നിരവധിയാണ്. എതിര്‍വര്‍ഗപ്രണയിയെങ്കിലും സ്വവര്‍ഗപ്രണയികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസ്സിലാക്കുകയും അവരുടെ മനുഷ്യാവകാശങ്ങള്‍ക്കായി ശക്തിപൂര്‍വം വാദിക്കുകയും ചെയ്യുന്ന പല ബുദ്ധിജീവികളും കലാകാരന്മാരും സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകരും ഇന്ത്യയിലുണ്ട്. ഇത്തരം അനുഭാവികളുടെ പിന്‍ബലത്തോടെ സ്വവര്‍ഗപ്രണയിയും എഴുത്തുകാരനുമായ വിക്രം സേത്ത് ലൈംഗികന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന സാമൂഹിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് കേന്ദ്ര ഗവര്‍മെന്റിനും നിയമമന്ത്രാലയത്തിനും 2006ല്‍ ഒരു തുറന്ന കത്ത് സമര്‍പ്പിച്ചിരുന്നു. അമര്‍ത്യ സെന്‍, ക്യാപ്റ്റന്‍ ലക്ഷ്മി, സ്വാമി അഗ്നിവേശ്, അരുന്ധതി റോയ്, ശ്യാം ബെനഗല്‍, ഗിരീഷ് കര്‍ണാട്, ശോഭ ദേ തുടങ്ങി നൂറോളം പ്രമുഖ അനുഭാവികള്‍ ഈ തുറന്ന കത്തിന് തങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിലെ അവസ്ഥയെപ്പറ്റി അനുഭാവിയായ ഹിന്ദി സിനിമാതാരം താര ദേശ്പാണ്ഡെ പറയുന്നു “രഹസ്യമാക്കി വയ്ക്കുന്ന സ്വവര്‍ഗലൈംഗികത ഇന്ത്യയെപ്പോലെ അറേഞ്ച്ഡ് വിവാഹങ്ങള്‍ നടക്കുന്ന സമൂഹത്തില്‍ മറ്റു സമൂഹങ്ങളിലെക്കാള്‍ കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. അതിനാല്‍ തന്നെ സ്വവര്‍ഗലൈംഗികത എന്ന യാഥാര്‍ഥ്യവുമായി എത്രയും പെട്ടെന്ന് ഇന്ത്യന്‍സമൂഹം പോരുത്തപ്പെടുന്നുവോ അത്രയും അത് ഗുണകരമായി ഭവിക്കും”.
അയല്‍രാജ്യമായ നേപ്പാളില്‍ സ്വവര്‍ഗപ്രണയിയായ സുനില്‍ ബാബു പന്ത് എന്ന പാര്‍ലമെന്റ് നേതാവിന്റെ നേതൃത്വത്തില്‍ ഇന്ത്യയേക്കാള്‍ മുമ്പ് തന്നെ സ്വവര്‍ഗവിവാഹത്തെയും നിയമവത്കരിച്ചിട്ടുണ്ട്. ഇന്ത്യയുടെയും നേപ്പാളിന്റെയും മാതൃകയില്‍ തെക്കേ ഏഷ്യയിലെ മറ്റുരാജ്യങ്ങളും കാലതാമസം കൂടാതെ പിന്തുടരുമെന്നാശിക്കാം.
കേരളത്തില്‍
പ്രണയത്തെ ശരാശരി മലയാളി പാടിപ്പുകഴ്ത്തുകയും വായിച്ചു പുളകം കൊള്ളുകയും സിനിമകളില്‍ കണ്ടാസ്വദിക്കുകയും ചെയ്യുന്നുവെങ്കിലും അത് സ്വന്തം ജീവിതത്തില്‍ അനുഭവിക്കാന്‍ കഴിയുന്നവര്‍ ഇന്നും വിരളമാണ്. ആണ്‍പെണ്‍ പ്രണയത്തിന്റെ കാര്യം തന്നെ ഇങ്ങനയാകുമ്പോള്‍ സ്വവര്‍ഗപ്രണയികളുടെ കാര്യം ഊഹിക്കാമല്ലോ. എന്നാല്‍ എതിര്‍വര്‍ഗലൈംഗികതയ്ക്ക് പ്രണയതിലധിഷ്ഠിതമല്ലാത്ത അറേഞ്ച്ഡ് കല്യാണങ്ങളില്‍ കൂടി സാഫല്യമുണ്ടാവുമ്പോള്‍ സ്വവര്‍ഗപ്രണയികള്‍ക്ക് അത്തരം വിവാഹങ്ങള്‍ ഒരു പേടിസ്വപ്നം മാത്രമാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സാമ്പത്തികമായും സാമൂഹികമായും ബുദ്ധിപരമായും പൊതുവേ മുന്നിട്ടു നില്‍ക്കുന്ന കേരളത്തിലെ ജനങ്ങള്‍ ലൈംഗികതയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധത്തിലും അതിന്റെ പ്രകടനത്തിലും മുന്നിട്ടു നില്‍ക്കുന്നുണ്ട്. പക്ഷെ പ്രണയിക്കുന്ന യുവതീയുവാക്കള്‍ക്ക് വിലങ്ങുതടിയായി നില്‍ക്കുന്ന സാമൂഹിക മനസ്ഥിതിയാണ് പലരും ഇന്നും വച്ചുപുലര്‍ത്തുന്നത്. എങ്കിലും വളര്‍ന്നുവരുന്ന പുതിയ തലമുറ പ്രണയത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നുണ്ട് എന്ന് എനിക്ക് തോന്നുന്നു.
സ്വവര്‍ഗലൈംഗികത പ്രണയമായോ രതിയായോ തമാശയായോ വൈകൃതമായോ അസഭ്യമായോ ഒക്കെ മലയാള സാഹിത്യത്തിലും സിനിമയിലും ബ്ലോഗിലുമെല്ലാം അങ്ങിങ്ങായി പരാമര്‍ശിക്കപ്പെടുന്നുണ്ട്. ‘സ്വവര്‍ഗരതിക്കാര്‍’, ‘പ്രകൃതിവിരുദ്ധര്‍’ തുടങ്ങിയ തരം താഴ്ത്തുന്ന വാക്കുകളാണ് മുഖ്യധാരാമാധ്യമങ്ങളില്‍ പോലും കണ്ടുവരാറ്. എന്നാല്‍ സ്വവര്‍ഗലൈംഗികത പ്രണയത്തിന്റെ ഒരു വകഭേദം മാത്രമാണ് എന്നര്‍ത്ഥം വരുന്ന ‘സ്വര്‍ഗ്ഗപ്രേമി’ എന്ന വാക്ക് മലയാളത്തില്‍ ആദ്യമായി ഉപയോഗിച്ചത് മാധവിക്കുട്ടിയാണെന്ന് തോന്നുന്നു. ഹൃദയവിശാലരായ മലബാറിലെ ജനങ്ങള്‍ പണ്ട് മുതല്‍ക്കുതന്നെ സ്വവര്‍ഗപ്രണയികളോട് മറ്റു കേരളീയര്‍ക്കുള്ള ശത്രുതാമനോഭാവം വച്ചുപുലര്‍ത്തിയിരുന്നില്ല. കേരളത്തിലെ ഉയര്‍ന്ന സാക്ഷരത, മലയാളഭാഷയുടെ പ്രകടനശക്തി, സ്ത്രീസമത്വത്തിലും പെണ്ണെഴുത്തിലും നടന്ന മുന്നേറ്റങ്ങള്‍, മാധ്യമങ്ങളുടെ ബാഹുല്യം എന്നിവ ലൈംഗികന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള ബോധവത്കരണത്തിന് ആക്കം കൂട്ടുന്നു. എന്നാല്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് തലസ്ഥാനനഗരിയില്‍ മാത്രം കേന്ദ്രീകരിച്ചുള്ള വികസനത്തിന്റെ ഫലമായുണ്ടാവുന്ന ബഹുസ്വരതയുള്ള വന്‍ മെട്രോനഗരി കേരളത്തിലില്ല. അതിനാല്‍ത്തന്നെ അത്തരം വന്‍ വ്യാവസായികനഗരികളെ കേന്ദ്രീകരിച്ചുണ്ടാകുന്ന പുറത്തുവരല്‍ നടത്തിയവരുടെ കൂട്ടായ്മകള്‍ കേരളത്തില്‍ ഇല്ല എന്നാണറിവ്. എന്നിരുന്നാലും കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ നഗരങ്ങളെ കേന്ദ്രീകരിച്ച് ലൈംഗികന്യൂനപക്ഷങ്ങളുടെ കൂട്ടായ്മകളും അവര്‍ക്ക് മാത്രം ഒത്തുചേരാനായുള്ള സാമൂഹിക ഇടങ്ങളും കാലക്രമേണ ഉരുത്തിരിയും എന്നാണു പ്രതീക്ഷ.
കേരളത്തിലെ സ്വവര്‍ഗപ്രണയിനികളുടെ വര്‍ധിച്ച നിരക്കിലുള്ള ആത്മഹത്യകളെപ്പറ്റി പഠിക്കാനും പരിഹാരങ്ങള്‍ തേടാനുമായി ചില മഹിളാവകാശ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച സന്നദ്ധ സംഘടനയാണ് ‘സഹയാത്രിക’. 2002ല്‍ നിലവില്‍ വന്ന ഈ സംഘടനയാണ് കേരളത്തില്‍ ആദ്യമായി രൂപം കൊണ്ട ലൈംഗികന്യൂനപക്ഷ കൂട്ടായ്മ. സഹയാത്രികയുടെ നേതൃത്വത്തില്‍ 2008 സപ്തംബറില്‍ തൃശൂരിലെ സാഹിത്യ അക്കാദമി ഹാളില്‍ വച്ച് നടത്തിയ ലൈംഗികന്യൂനപക്ഷാവകാശ കണ്‍വെന്‍ഷനില്‍ കേരളത്തിലെ പ്രമുഖരായ സാമൂഹിക സാംസ്കാരിക പ്രതിഭകള്‍ പങ്കെടുത്തിരുന്നു.
മലയാളിയെങ്കിലും ചെന്നൈ കേന്ദ്രീകരിച്ചു ‘സഹോദരര്‍’ എന്ന സംഘടന നയിക്കുന്ന സുനില്‍ മേനോനാണ് ഇന്ത്യയിലെ സ്വവര്‍ഗപ്രണയികളുടെ നേത്രുത്വനിരയിലുള്ള മറ്റൊരു പ്രമുഖന്‍. സമൂഹത്തിന്റെ വളരെ താഴ്ന്ന തട്ടിലുള്ള ലൈംഗികന്യൂനപക്ഷങ്ങളുടെ എയിഡ്സ് പ്രതിരോധത്തിനും ക്ഷേമത്തിനുമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ‘സഹോദരര്‍’. അമേരിക്കന്‍ പ്രവാസിയും മഹിളാവകാശപ്രവര്‍ത്തകയുമായ ലിജി പുല്ലപ്പള്ളി രചന-സംവിധാനം നിര്‍വഹിച്ച ‘സഞ്ചാരം’ (2004) കേരളീയരായ ലൈംഗികന്യൂനപക്ഷങ്ങള്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചിട്ടുണ്ട്.
ജീവശാസ്ത്രപരമായ ഉല്‍പ്പത്തിയുള്ള സ്വവര്‍ഗലൈംഗികതയുടെ രാഷ്ട്രീയത്തെ ഇടതുപക്ഷം, വലതുപക്ഷം, ഹൈന്ദവം എന്നിങ്ങനെയുള്ള കള്ളികളില്‍ എതെങ്കിലുമോന്നില്‍ മാത്രം ഒതുക്കുന്നത് ന്യായീകരിക്കാവുന്നതല്ല. സ്വവര്‍ഗപ്രണയികളുടെ മനുഷ്യാവകാശങ്ങള്‍ വിശാലമായ അര്‍ത്ഥത്തില്‍ പൊതുവായ മനുഷ്യാവകാശങ്ങളുടെ ഭാഗം മാത്രമാണ്. അടിച്ചമര്‍ത്തപ്പെട്ട ന്യൂനപക്ഷങ്ങള്‍ക്ക് താങ്ങും തണലുമാകേണ്ട ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് പോലും സ്വവര്‍ഗലൈംഗികതയെ ‘ബൂര്‍ഷ്വാ മുതലാളിത്ത സംസ്കാരത്തില്‍ നിന്നുളവായ രതിവൈകൃതം’ എന്ന രീതിയില്‍ നോക്കിക്കാണുന്ന താത്വികമായ പിഴവ് പറ്റിയിട്ടുണ്ട്. എന്നാല്‍ ബൃന്ദ കാരാട്ട്, സുഭാഷിണി അലി തുടങ്ങിയ നേതാക്കള്‍ ഈയിടെ ലൈംഗികന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശങ്ങളെ പരസ്യമായിത്തന്നെ പിന്തുണച്ചിട്ടുണ്ട്. കേരളത്തിലെ ആദ്യകാല സ്ത്രീപക്ഷവാദികള്‍ സ്വവര്‍ഗപ്രണയിനികളുടെ മനുഷ്യാവകാശങ്ങളെ തങ്ങളുടെ അജണ്ടയില്‍ ഉള്‍പ്പെടുത്തുന്നതില്‍ അവഗണന കാണിച്ചു എന്ന് സിവിക് ചന്ദ്രന്‍ ഈയിടെ പ്രസ്താവിച്ചിരുന്നു. കേരളത്തില്‍ നിന്നുള്ള പുരുഷരാഷ്ട്രീയ നേതാക്കളില്‍ ലൈംഗികന്യൂനപക്ഷങ്ങളോട് പരസ്യമായി അനുഭാവം പ്രകടിപ്പിച്ചിട്ടുള്ളത് (എന്റെ അറിവില്‍) എഴുത്തുകാരനും ഐക്യരാഷ്ട്രസഭയുടെ മുന്‍ അണ്ടര്‍സെക്രട്ടറിയും ഇപ്പോള്‍ പാര്‍ലമെന്റ് അംഗവുമായ ശശി തരൂര്‍ മാത്രമാണ്. ലൈംഗികന്യൂനപക്ഷങ്ങളെ പൊതുധാരയില്‍ കൊണ്ടുവരുന്നതിന് കേരള ഗവര്‍മെന്റിനുള്ള ഉത്തരവാദിത്വം എച്.ഐ.വി. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ മാത്രം അവസാനിക്കുന്നില്ല. രാഷ്ട്രീയപ്രബുദ്ധരുടെ നാടായ കേരളത്തില്‍ ലൈംഗികന്യൂനപക്ഷങ്ങള്‍ നേരിടുന്ന മനുഷ്യാവകാശലംഘനങ്ങളെപ്പറ്റി ജനനേതാക്കള്‍ കൂടുതല്‍ ബോധവാന്മാരാകേണ്ടിയിരിക്കുന്നു.
പ്രണയത്തിന്റെ ശക്തി
ലൈംഗികതയും പ്രണയവും രണ്ടു വ്യത്യസ്തമായ ഭാവങ്ങളാണെങ്കിലും അവ പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്നു. പ്രണയമില്ലാതെ ലൈംഗികതയുണ്ടാവാമെങ്കിലും ലൈംഗികത (യാഥാര്‍ഥ്യത്തിലോ ഭാവനയിലോ) ഇല്ലാതെ പ്രണയമില്ല. സുഹൃത്തുക്കള്‍ തമ്മിലുള്ള സ്നേഹം, ബന്ധുക്കള്‍ തമ്മിലുള്ള സ്നേഹം എന്നിവയില്‍ നിന്ന് പ്രണയത്തെ വേര്‍തിരിക്കുന്നത് അതിന്റെ അവിഭാജ്യഘടകമായ ലൈംഗികതയുടെ അടിയോഴുക്കാണല്ലോ. ലൈംഗികത എല്ലാ ജന്തുജാലങ്ങളിലും കാണപ്പെടുന്നുവെങ്കിലും അതിനെ വൈകാരികവും കാല്പനികവുമായ പ്രണയത്തിന്റെ തലത്തിലേക്ക് ഉയര്‍ത്താന്‍ പരിണാമശ്രേണിയില്‍ ഉയര്‍ന്നു നില്‍ക്കുന്ന മനുഷ്യനു മാതമേ കഴിയൂ. ‘പ്രണയിക്കാന്‍ കഴിവുള്ള ജന്തു’ എന്ന് മനുഷ്യനെ നിര്‍വചിക്കാമെന്നു തോന്നുന്നു. ആയതിനാല്‍ത്തന്നെ പ്രണയം നിഷേധിക്കപ്പെട്ടവര്‍ അതിനായി പൊരുതുന്നത് തന്റെ മനുഷ്യത്വം വീണ്ടെടുക്കുന്നതിനും കൂടിയാണ്. ലൈംഗികതയെന്ന ശാരീരികമായ പരസ്പരാകര്‍ഷണത്തില്‍ തുടങ്ങുന്നുവെങ്കിലും അതിനെ രണ്ടു വ്യക്തികള്‍ തമ്മിലുള്ള വൈകാരികമായ അടുപ്പത്തിന്റെയും അന്യോന്യമുള്ള ആരാധനയുടെയും ഉച്ചകോടിയായ പ്രണയത്തിലെത്തിക്കാന്‍ മനുഷ്യനു കഴിയുന്നു. ‘രണ്ടു വ്യക്തികള്‍’ എന്നുള്ളത് അടിവരയിട്ടുതന്നെ പറയേണ്ടതാണ്. സ്വവര്‍ഗലൈംഗികതയുള്ളവരില്‍ നാമ്പെടുക്കുന്ന പ്രണയം ആണ്‍പെണ്‍ പ്രണയബന്ധത്തില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല.
സ്വവര്‍ഗപ്രണയികള്‍ പോലും പ്രണയത്തിന്റെ ബാലപാഠങ്ങള്‍ പഠിക്കുന്നത് മനുഷ്യസംസ്കാരത്തിന്റെ കാതലായ ആണ്‍പെണ്‍ പ്രണയസങ്കല്‍പ്പങ്ങളില്‍ നിന്നാണ്. പ്രണയമെന്ന വികാരം മനുഷ്യസംസ്കാരത്തോളം തന്നെ പഴക്കമുള്ളതാണെങ്കിലും പ്രണയത്തെ എഴുത്തിലൂടെയും സംഗീതത്തിലൂടെയും ചലച്ചിത്രത്തിലൂടെയും പുനരാവിഷ്കരിക്കുന്നത് മാധ്യമങ്ങളാല്‍ പരിപോഷിതമായ ആധുനിക മനുഷ്യസംസ്കൃതിയുടെ മുഖമുദ്രയാണ്. സംസ്കാരത്തിന്റെ വാഹനമായ ഭാഷ പൂര്‍ണവളര്‍ച്ചയെത്തിയതിന്റെയും അച്ചടി, ആലേഖനം (Recording) എന്നിവയുടെ സാങ്കേതികവിദ്യ വികാസം പ്രാപിച്ചതിന്റെയും പരിണതഫലമാണിത്. അതിനാല്‍ത്തന്നെ ആധുനിക കാലത്ത് സ്വവര്‍ഗപ്രണയികള്‍ തങ്ങളുടെ മനസിന്റെ ചായ്‌വിനെപ്പറ്റി ലോകത്തോട് വിളിച്ചുപറയുന്നത് മനുഷ്യസംസ്കൃതിയുടെ ഗുണകരമായ പരിണാമഫലങ്ങളില്‍ ഒന്നായി മാത്രമേ വീക്ഷിക്കാന്‍ പറ്റൂ. പ്രണയത്തിന്റെ ശക്തി അധീശവര്‍ഗം സമൂഹത്തില്‍ അടിച്ചേല്‍പ്പിച്ച ജാതിമത വംശ-ലിംഗപരമായ വിവേചനങ്ങളും ഉച്ചനീചത്വങ്ങളും തകര്‍ത്തെറിയുക തന്നെ ചെയ്യും.