മദ്രാസ് ഹൈക്കോടതി കൺവർഷൻ തെറാപ്പികൾ നിരോധിച്ചു

ലൈംഗിക ആഭിമുഖ്യം പരിഹരിക്കാനുള്ള ചികിൽസകൾ മദ്രാസ് ഹൈക്കോടതി നിരോധിച്ചു: എൽജിബിടി കമ്മ്യൂണിറ്റിയുടെ പരിരക്ഷണത്തിനുള്ള സമഗ്രമായ നിയമങ്ങൾ നിർദ്ദേശിച്ച് ജഡ്ജി.

ലേഖകൻ: വിഷ്ണു നാരായണൻ

കുടുംബങ്ങളിൽ നിന്ന് സംരക്ഷണം തേടിയ തമിഴ്‌നാട്ടിൽ നിന്നുള്ള ലെസ്ബിയൻ ദമ്പതികളുടെ കേസിൽ, മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് എൻ. ആനന്ദ് വെങ്കിടേഷ് വിധി പ്രഖ്യാപിച്ചുകൊണ്ട് സമഗ്രമായ മാറ്റതിനാണ് തുടക്കം കുറിച്ചിരിക്കുന്നത്.

എൽ‌ജിബിടി കമ്മ്യൂണിറ്റിക്കെതിരായ മുൻവിധികൾ നീക്കംചെയ്യാനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നുവെന്ന് ഉറപ്പാക്കാനും പൊലീസും ജുഡീഷ്യറിയും ഉൾപ്പെടെ സർക്കാരിൻ്റെ വിവിധ വകുപ്പുകളെ സംവേദനക്ഷമമാക്കുന്നതിന് മദ്രാസ് ഹൈക്കോടതി സമഗ്രമായ നടപടികൾ നിർദ്ദേശിച്ചു. ലൈംഗിക ആഭിമുഖ്യം പരിഹരിക്കാനും മാറ്റാനുമുള്ള ശ്രമങ്ങളിൽ ഏർപ്പെടുന്നതായി കണ്ടെത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കാനും കോടതി ഉത്തരവിട്ടു. എൽ‌ജിബിടി കമ്മ്യൂണിറ്റിയെ മനസിലാക്കുന്നതിനായി വിദ്യാർത്ഥികളെ ബോധവത്കരിക്കുന്നതിന് വിദ്യാലയ-സർവകലാശാല പാഠ്യപദ്ധതികളിൽ മാറ്റങ്ങൾ വരുത്തണമെന്ന് കോടതി നിർദ്ദേശിച്ചു.

വിവധ മേഖലകളിൽ വേണ്ട മാറ്റങ്ങൾ ഓരോന്നായി എടുത്ത് പറഞ്ഞുകൊണ്ട്, ലൈംഗിക ന്യൂനപക്ഷങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുകയാണ് കോടതി.

വിദ്യാഭ്യാസ മേഖല: എൽ‌ജിബിടി കമ്മ്യൂണിറ്റിയിലെ വിദ്യാർത്ഥികളെ സ്കൂൾ, കോളേജ് ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഉൾപ്പെടുത്തുന്നതിന് നയങ്ങളിലും വിഭവങ്ങളിലും ആവശ്യമായ ഭേദഗതി വരുത്തണം. എൽജിബിടി വിഷയങ്ങളിൽ മാതാപിതാക്കളിൽ അവബോധം ഉണ്ടാക്കുന്നതിനായി അധ്യാപക-രക്ഷാകർതൃ സംഘടനകളുടെ യോഗങ്ങൾ ഉപയോഗിക്കണം. ജെൻഡർ ന്യൂട്രൽ ശൗചാലയങ്ങൾ എല്ലാ വിദ്യാലയ-കലാലയങ്ങളിലും ഉണ്ടാവണം. കൂടാതെ എൽജിബിടി വിദ്യാർഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനായി എല്ലാ വിദ്യാലയ- കലാലയങ്ങളിലും കൗൺസിലർമാർ ഉണ്ടാവേണ്ടതാണ്.

കോടതി, നീതിന്യായ മേഖല: ലിസ്റ്റുചെയ്ത എൻ‌ജി‌ഒകളുമായും, എൽ‌ജിബിടി കമ്മ്യൂണിറ്റി പിന്തുണയുമായും ഏകോപിപ്പിച്ച് എല്ലാ തലങ്ങളിലുമുള്ള ജുഡീഷ്യൽ ഓഫീസർമാർക്കായി ബോധവൽക്കരണ പരിപാടികൾ നടത്തുക, എൽ‌ജിബിടി കമ്മ്യൂണിറ്റിയിലെ വ്യക്തികളോട് വിവേചനം കാണിക്കാതിരിക്കാൻ നിർദ്ദേശങ്ങളും ശുപാർശകളും നൽകുക.

പോലീസ്, ജയിൽ മേഖല: എൽ‌ജിബിടി കമ്മ്യൂണിറ്റിക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനും അവരെ പരിരക്ഷിക്കുന്നതിനും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കൃത്യമായ ഇടവേളകളിൽ പ്രോഗ്രാമുകൾ നടത്തണം. എൽ‌ജിബിടി കമ്മ്യൂണിറ്റിയുടെ നിയമപരമായ അവകാശങ്ങളെക്കുറിച്ച് കൃത്യമായ ഇടവേളകളിൽ ബോധവത്കരണം നടത്തുക.

ശാരീരിക-മാനസിക ആരോഗ്യ മേഖല: ലൈംഗികത, ലൈംഗിക ആഭിമുഖ്യം എന്നിവ മനസിലാക്കുന്നതിനും വൈവിധ്യത്തിന്റെ സ്വീകാര്യത പ്രോത്സാഹിപ്പിക്കുന്നതിനും മാനസികാരോഗ്യ ക്യാമ്പുകളും ബോധവൽക്കരണ പരിപാടികളും നടത്തണം. പരിശീലനത്തിനുള്ള ലൈസൻസ് പിൻവലിക്കൽ ഉൾപ്പെടെ, ഏതെങ്കിലും തരത്തിലുള്ള ലൈംഗിക ആഭിമുഖ്യം പരിഹരിക്കാനും മാറ്റാനുമുള്ള ശ്രമങ്ങളിൽ ഏർപ്പെടുന്നതായ ചികിത്സ പിന്തുടുന്ന ആരോഗ്യ പ്രവർത്തകർക്കെതിരെ കർശന നടപടി സ്വീകരിക്കണം.

ഇതിനു പുറമേ മറ്റു സർക്കാർ വകുപ്പുകൾക്കുള്ള കോടതിയുടെ നിർദ്ദേശങ്ങളും വിധിയിൽ പരാമർശിക്കുന്നു. സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം എൽ‌ജിബിടി കമ്മ്യൂണിറ്റി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് മതിയായ വൈദഗ്ധ്യമുള്ള എൽ‌ജിബിടി കമ്മ്യൂണിറ്റി അധിഷ്ഠിത ഗ്രൂപ്പുകൾ ഉൾപ്പെടെയുള്ള സർക്കാരിതര സംഘടനകളെ (എൻ‌ജി‌ഒ) ഉൾപ്പെടുത്തണം. അതിനായി സർക്കാരിതര എൽ‌ജിബിടി സംഘടനകളുടെ (എൻ‌ജി‌ഒ) ലിസ്റ്റ് തയ്യാറാക്കണം. ഈ വിധി കൈപ്പറ്റി 8 ആഴ്ചയ്ക്കുള്ളിൽ മേൽപ്പറഞ്ഞ എൽ‌ജിബിടി വ്യക്തികളുടെ ഇടയിൽ പ്രവർത്തിക്കുന്ന എൻ‌ജി‌ഒ സംഘടനകളുടെ ലിസ്റ്റ് സാമൂഹ്യനീതി മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തണം. പ്രശ്‌നം നേരിടുന്ന ഏതൊരു എൽ‌ജിബിടി വ്യക്തിക്കും അവരുടെ അവകാശങ്ങൾ പരിരക്ഷിക്കുന്നതിനുമായി എൻ‌ലിസ്റ്റുചെയ്ത ഏതെങ്കിലും എൻ‌ജി‌ഒകളെ സമീപിക്കാം. എൻജിഒകൾ ഇക്കാര്യത്തെ പറ്റിയുള്ള വിവരങ്ങൾ കയ്യിൽ വയ്ക്കേണ്ടതും വർഷത്തിൽ രണ്ടു പ്രാവശ്യം അത് സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തിന് കൈമാറേണ്ടതുമാണ്.

താമസ സൗകര്യങ്ങളുടെ അഭാവം ഉള്ളവർക്കായി, നിലവിലുള്ള ഷോർട്ട് സ്റ്റേ ഹോമുകൾ, അങ്കണവാടി ഷെൽട്ടറുകൾ, “ഗരിമ ഗ്രഹ്” എന്നിവയിൽ അനുയോജ്യമായ മാറ്റങ്ങൾ വരുത്തേണ്ടതാണ്. അവിടെ എൽ‌ജിബിടി കമ്മ്യൂണിറ്റിയിലെ ഏതൊരു അംഗത്തെയും പാർപ്പിക്കാൻ കഴിയാവുന്ന വിധത്തിൽ മാറ്റങ്ങൾ വരുത്തേണ്ടതാണ്. ഈ ഓർ‌ഡറിന്റെ പകർ‌പ്പ് സ്വീകരിച്ച തീയതി മുതൽ‌ 12 ആഴ്‌ചയ്‌ക്കുള്ളിൽ‌ സാമൂഹ്യ നീതി മന്ത്രാലയം ഇക്കാര്യത്തിൽ മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തണം എന്നും കോടതി കൂട്ടിച്ചേർത്തു.

എൽ‌ജിബിടി കമ്മ്യൂണിറ്റിക്കെതിരായ മുൻവിധികൾ ഇല്ലാതാക്കുന്നതിനും അവയെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരുന്നതിനും ആവശ്യമായ നടപടികൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സ്വീകരിക്കണം. യഥാക്രമം മറ്റ് മന്ത്രാലയങ്ങളുമായും / അല്ലെങ്കിൽ വകുപ്പുകളുമായും കൂടിയാലോചിച്ച് അത്തരം നടപടികളും നയങ്ങളും പ്രാവർത്തികമാക്കണം.

കോടതിയുടെ സമഗ്രമായ ഈ വിധിയിയെ ഒന്നടങ്കം ഉറ്റുനോക്കുക്കയാണ് എൽജിബിടി സമൂഹം. സർക്കാരോ, പോലീസോ, രാഷ്ട്രീയ പാർട്ടികളോ അല്ല നീതിന്യായ-കോടതി വ്യവസ്ഥയാണ് ഇന്ത്യയിലെ ലൈംഗിക ന്യൂനപക്ഷത്തിൻ്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നത് എന്നു നമ്മെ വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തുകയാണ് ഈ വിധിയിലൂടെ!

Loading

Leave a Comment

This site uses Akismet to reduce spam. Learn how your comment data is processed.