Misplacing Sexuality in contexts of Gender!

ഞാൻ മേരിക്കുട്ടി കണ്ടവർ അതിലെ ജൻഡർ വിഷയത്തിന് പകരം ലൈംഗികത എന്ന് വായിക്കുമ്പോൾ/എഴുതുമ്പോൾ:

സിനിമ കണ്ട അനേകം പേർ പ്രസ്തുത ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായപ്രകടങ്ങളിൽ സിനിമ ലൈംഗികതയെ വളരെ കൃത്യമായി അവതരിപ്പിച്ചിരിക്കുന്നു എന്ന മട്ടിൽ കുറിപ്പുകൾ എഴുതികാണുന്നു.

ട്രാൻസ്‌ജെൻഡർ കഥാപാത്രത്തിന്റെ ജീവിതം പറയുന്ന സിനിമയെ എങ്ങനെ ലൈംഗികതയായി വായിക്കാൻ സാധിക്കും? സിനിമയിൽ മേരിക്കുട്ടി തന്നെ ഒരു ഭാഗത്ത് ജൻഡർ എന്നതിന് പകരം സെക്ഷ്വൽ ഓറിയന്റേഷൻ എന്ന് പറയുന്നുണ്ട്. അതൊരു പിഴവാണ്! പിഴവ് തന്നെയാണ്. സിനിമയെ വിമർശിക്കുന്നില്ല. പക്ഷേ ഈ പറഞ്ഞ കാര്യം ഒന്നുകൊണ്ടു മാത്രം ജൻഡറും(ലിംഗതന്മ) സെക്ഷ്വാലിറ്റിയും(ലൈംഗികത) ഒന്നാണെന്ന് അനേകം പേർ തെറ്റായി കരുതുകയും അതേപടി എഴുതുകയും സംവദിക്കുകയും ചെയ്യുന്നു. എങ്ങനെയാണ് ജൻഡർ എന്നതിനെ ലൈംഗികത എന്ന് പറഞ്ഞു പോവുന്നത്

ചില നിരീക്ഷണങ്ങൾ:
1) ജൻഡറിലെയും ലൈംഗികതയിലേയും വ്യത്യസ്തത കണ്ടാൽ തിരിച്ചറിയാൻ സാധിക്കുന്നതാണെന്ന മിഥ്യാധാരണ: അതുകൊണ്ടു തന്നെ കണ്ടു മനസ്സിലാക്കേണ്ട വ്യത്യസ്തത ഒന്ന് മാത്രമാണ് ലൈംഗികന്യൂനപക്ഷങ്ങൾ തേടുന്ന സ്വീകാര്യത എന്ന ധാരണ.

2) ആണും പെണ്ണും അല്ലാത്ത ലൈംഗിക-ലിംഗത്വ ന്യൂനപക്ഷങ്ങൾ എന്ന കരുതൽ: വളരെ തെറ്റിദ്ധാരണാജനകമായ മറ്റൊരു സ്ഥിരം പറച്ചിൽ. എന്തിനാണ് ലൈംഗികന്യൂനപക്ഷങ്ങളെ മുഴുവൻ ആണും പെണ്ണും അല്ലാത്തവർ ആക്കുന്നത്? ആൺ-ആവുക പെൺ-അവുക എന്നതിനേക്കാൾ ആൺ-പെൺ സാമൂഹിക കർമങ്ങളിൽ നിന്നും വ്യത്യസ്തരായി നിൽക്കുകയല്ലേ ലൈംഗിക-ലിംഗത്വ ന്യൂനപക്ഷങ്ങൾ ചെയ്യുന്നത്? ട്രാൻസ്‌ജെൻഡർ പുരുഷന്മാരെ എങ്ങനെ ആണല്ല എന്ന് പറയാൻ സാധിക്കും, അവരും ആണുങ്ങൾ തന്നെയാണ്! സ്ത്രീവിരുദ്ധത ഇല്ലാത്ത, ആണധികാരഭാവങ്ങൾ പുലർത്താത്ത ആണുങ്ങൾ ഉണ്ടെങ്കിൽഅതും ഒരു ആണ്മ തന്നെയല്ലേ? കൂടാതെഹെറ്ററോനോർമാറ്റിവിറ്റിയിൽ നിന്നും മാറി നിൽക്കുന്നത് കൊണ്ട് മാത്രം സ്വവർഗാനുരാഗികളായ പുരുഷന്മാരെ ആണുങ്ങളായി കണക്കാക്കാതിരിക്കുന്നതെന്തിനാ??

3) നയപരമായ ഇടപെടലും അനുബന്ധ മാറ്റവും: നമ്മുടെ സംസ്ഥാനത്ത് ട്രാൻസ്‌ജെൻഡർ നയം രൂപീകരിച്ചത് കൊണ്ട് മാത്രം സർക്കാർ വകുപ്പുകളും, സാംസ്‌കാരിക ഇടങ്ങളും ട്രാൻസ്‌ജെൻഡർ വിഷയസംബന്ധിയായി ഒട്ടനേകം ചർച്ചകളും ക്ഷേമപരിപാടികളും അധികമായി സംഘടിപ്പിച്ചു വരുന്നു. ശ്രദ്ധിക്കണം ‘നയപരമായ ഇടപെൽ’. വിഷയത്തെക്കുറിച്ചു മനസ്സിലാക്കി സ്വീകാര്യത വരുത്താൻ ആഗ്രഹിക്കുന്ന ഓരോരുത്തരും അവരുടെ പ്രവർത്തനമേഖലയിൽ വിഷയസംബന്ധിയായി ഇടപെടൽ നടത്തിയാൽ മാത്രമേ ലൈംഗിക ന്യൂനപക്ഷങ്ങളുടെ അതിജീവന പ്രശ്നങ്ങൾ കൂടുതൽ ആളുകൾ മനസ്സിലാക്കൂ. ഉദാ: കേരള ഫ്രീ തിങ്കേഴ്‌സ് ഫോറം അവരുടെ വാർഷിക സമ്മേളനത്തിൽ ഒരു സെഷൻ എങ്കിലും എൽ.ജി.ബി.റ്റി.ഐ.ക്യൂ സംബന്ധിയായി ചേർക്കാറുണ്ട്‌. ഇത് ഒരു ഐക്യദാര്‍ഢ്യമാണ്. എന്നാൽ അടുത്തപടിയായി ഫ്രീ തിങ്കേഴ്‌സ് ഗ്രൂപ്പിന്റെ ഭാഗമായുള്ള ഡോക്ടർമാർ, അഭിഭാഷകർ, അധ്യാപകർ ഇവരൊക്കെ അവരുടെ പ്രവർത്തനമേഖലയിൽകൂടി വിഷയം എത്തിക്കുമ്പോൾ മാത്രമേ ഇടപെടൽ നയപരമാവൂ. ഇപ്പോഴും കേരളത്തിലെ മെഡിക്കൽ വിദ്യാർത്ഥികൾ സ്വവർഗലൈംഗികത അസ്വാഭാവികമായ കാര്യമാണെന്നാണ് പഠിച്ചുവരുന്നത് എന്ന് ആലോചിക്കണം. കൗമാരക്കാരുടെ കൗൺസിലിങ് നടത്തുന്ന അധ്യാപകർ അബദ്ധധാരണകൾ ആണ് മാതാപിതാക്കളോട് എൽ.ജി.ബി.റ്റി. സംബന്ധിയായി അറിയിക്കുന്നത് എന്നും നാം മനസ്സിലാക്കണം.

4) ഇടപെടൽ വേണ്ട മേഖലകൾ:
മാദ്ധ്യമരംഗം, നിയമരംഗം, ഹയർസെക്കണ്ടറി അധ്യാപകപരിശീലന പദ്ധതികൾ, ജൻഡർ:മനുഷ്യാവകാഷ ചർച്ചകൾ മുതലായവ.

‘ഓടും രാജാ ആടും റാണി’ എന്ന മലയാള സിനിമയെക്കുറിച്ചും പറയേണ്ടിയിരിക്കുന്നു. 2014 ഇത് വിജു വർമ്മ സംവിധാനം ചെയ്തു അധികം ശ്രദ്ധിക്കപ്പെടാതെ പോയ ഈ സിനിമയെക്കുറിച്ചും ഒരു പത്രത്തിൽ വന്ന വാർത്തയുടെ ശകലം ഇതാ: സിനിമയുടെ വിഷയം ഒരു ട്രാൻസ്‌ജെൻഡർ സ്ത്രീയുടെ ജീവിതം ആണെന്ന് വാർത്തയിൽ പറയുന്നു പോലുമില്ല എന്ന് മാത്രമല്ല സിനിമ ഹോമോസെക്ഷ്വാലിറ്റി ആണ് കൈകാര്യം ചെയ്യുന്നതെന്നും എഴുതിയിരിക്കുന്നു.

ചില അവസരങ്ങളിൽ എങ്കിലും ഗേ, സ്വവർഗലൈംഗികത മുതലായ വാക്കുകൾ കൃത്യമായി തന്നെ പറയേണ്ടതുണ്ട്. 89ാമത് ഓസ്‌കാര്‍ അവാര്‍ഡുകള്‍(2017 ) പ്രഖ്യാപിച്ചപ്പോൾ . മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം മൂണ്‍ലൈറ്റ് എന്ന ചിത്രത്തിനായിരുന്നു. മികച്ച സിനിമക്കുള്ള അവാർഡെന്ന് രേഖപ്പെടുത്തുമ്പോൾ സിനിമയുടെ വിഷയവും കൂടെ പരാമർശിക്കപ്പെടും, പ്രത്യേകിച്ച് സിനിമ കണ്ടിട്ടില്ലാത്ത ആളുകൾ സിനിമയെ കുറിച്ചറിയണമെങ്കിൽ. (ഉദാ: കഴിഞ്ഞ ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പാർവതിക്ക് മികച്ച അഭിനേത്രിക്കുള്ള പുരസ്ക്കാരം ലഭിച്ചപ്പോൾ ടേക്ക് ഓഫ് എന്ന സിനിമയുടെ ഇതിവൃത്തം എല്ലാ മലയാള മാധ്യങ്ങളും സൂചിപ്പിച്ചിരുന്നു).

എന്നാൽ സ്വവർഗാനുരാഗിയായ ഒരു കറുത്തവർഗ്ഗക്കാരന്റെ ജീവിതകഥ പറഞ്ഞ മൂൺലൈറ്റ്‌ എന്ന സിനിമയുടെ ഓസ്കാർ വിജയ വാർത്ത പത്രത്തിൽ വന്നപ്പോൾ അതിൽ സ്വവർഗലൈംഗികതയുടെ പരാമർശമേയില്ല.

മലയാളമാദ്ധ്യമങ്ങൾ പുലർത്തുന്ന ഒരു തരം ഹോമോഫോബിയ ആണിതും. ജനപ്രതിനിധികളുടെ കാര്യവും മറിച്ചല്ല. കഴിഞ്ഞ വർഷം ശങ്കരാ-സർവകലാശാലയുടെ വഞ്ചിയൂർ പ്രാദേശിക കേന്ദ്രത്തിൽ വെച്ച് നടന്ന ‘ഷിഫ്റ്റിംഗ് പാരാഡിംസ് ഓഫ് ജൻഡർ ആൻഡ് സെക്ഷ്വാലിറ്റി’ എന്ന ത്രിദിന ദേശിയ സെമിനാറിൽ ലൈംഗികതയെ പറ്റി രണ്ടു പാനൽ ചർച്ചകളും പത്തിലധികം പ്രബന്ധാവതരണങ്ങളും നടന്നിരുന്നു. വളരെ രസകരമായിരുന്നു കാര്യങ്ങൾ അക്കാഡമിക് ഭാഷയിൽ ചർച്ചചെയ്ത പരിപാടിയെക്കുറിച്ചു അതിൽ പങ്കെടുത്ത വിദ്യാർത്ഥികൾ ഒഴികെ ഉളളവരെ അറിയിക്കാൻ ഉള്ള ഒരേയൊരു മാർഗം പരിപാടിയെക്കുറിച്ചു വന്ന പത്രവാർത്തകൾ ആയിരുന്നു. പരിപാടിയുടെ ഉദ്ഘാടനചടങ്ങിൽ വിഷയത്തെ അഭിസംബോധനചെയ്തു സംസാരിച്ച മന്ത്രി തോമസ് ഐസക്കും, യുവജനക്ഷേമ വകുപ്പ് അധ്യക്ഷ ചിന്താ ജെറോമും അവർ പ്രവൃത്തിക്കുന്ന സർക്കാർ വകുപ്പുകളിൽ ട്രാൻസ്‌ജെൻഡർ ആളുകളുടെ ക്ഷേമത്തിനുതകുന്ന പദ്ധതികളെപറ്റി സംസാരിക്കുകയും സ്വാഭാവികമായി സെമിനാറിനെക്കുറിച്ചു വന്ന എല്ലാ പത്രവാർത്തകളും സെമിനാർ ജൻഡർ സംബന്ധിയായ പരിപാടിയായിരുന്നു എന്നും കുറിച്ചു. ഇങ്ങനെ പല വിധത്തിൽ ലൈംഗികതയെക്കുറിച്ചുള്ള പരാമർശങ്ങൾ എവിടെയൊക്കെയോ മുങ്ങിപോവുന്നു.

നയപരമായ ഇടപെടലിന്റെഒരു മികച്ച ഉദാഹരണം ഇതാ:

‘മനുഷ്യലൈംഗികതയിലെ വൈവിധ്യത്തെക്കുറിച്ചു മനസ്സിലാക്കി അനുയോജ്യമായ ഇടപെടൽ നടത്താൻ വൈകിയതിൽ ഞങ്ങൾ പശ്ചാത്തപിക്കുന്നു

‘: എന്ന പ്രസ്താവന:

പറഞ്ഞിരിക്കുന്നത് ഇന്ത്യയിലെ ക്രിസ്ത്യൻ സഭകളുടെ ദേശിയ കൂട്ടായ്മയായ എൻ.സി.സി.ഐ (നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് ഇന്ത്യ-2017 ഫെബ്രുവരിയിൽ ബാംഗ്ലൂർ വെച്ച് സംഘടിപ്പിച്ച സമ്മേളനത്തിൽ വെച്ച്) . ബൈബിൾ അടിസ്ഥാനമാക്കി സ്വവർഗാനുരാഗികളെ മോശക്കാരായി കാണുന്ന പ്രവണതയെ തരണം ചെയ്യാൻ ക്വിയർ തെയോളോജി, ഇൻക്ലൂസീവ് ചർച്ചസ് എന്നീ വിഷയങ്ങളിൽ ഒരു അന്തർദേശിയ സമ്മേളനം സംഘടിപ്പിക്കുകയും അതിൽ വിവിധസഭാമേലധ്യക്ഷന്മാർ പങ്കെടുത്തു അവരുടെ തെറ്റിധാരണ തിരുത്തുകയും വാചക-ഐക്യദാര്‍ഢ്യത്തിനു പുറമേ ക്രിസ്ത്യൻ കുടുംബങ്ങളിൽ വിഷയം എങ്ങനെ എത്തിക്കാം എന്നതിനെക്കുറിച്ചും സജീവ ചർച്ച നടന്നിരുന്നു. ഒരു വർഷത്തിനകം
സെക്ഷ്വാലിറ്റി , ജൻഡർ എന്നീ കാര്യങ്ങളിലെ വൈവിധ്യത്തെ മനഃശാസ്ത്ര-വൈദികപഠന-മാധ്യമ-കുടുംബ, കമ്മ്യൂണിറ്റിപ്രവർത്തന-മനുഷ്യാവകാശ രംഗത്ത് നിന്നുള്ള പ്രതികരണങ്ങൾ ഉൾകൊള്ളിച്ചു കൊണ്ട് രണ്ടു പുസ്തകങ്ങൾ എൻ.സി.സി.ഐ പുറത്തിറക്കി. സെക്ഷ്വാലിറ്റി , ജൻഡർ എന്നിവക്കായി രണ്ടു വെവ്വേറെ പുസ്തകങ്ങൾ അവർ പ്രസിദ്ധീകരിച്ചു എന്നുള്ളത് വളരെ ശ്രദ്ധേയമാണ്. ഇതിനും മുന്നേ 2016 ഇൽ കേരളത്തിലെ ചില ക്രിസ്ത്യൻ പള്ളികളിലും, പുരോഹിതപഠനകേന്ദ്രങ്ങളിലും ഹോമോബോബിയ വിഷയമാക്കി ക്ലാസുകൾ നടത്തിയതും അവിശ്വസനീയമായി തോന്നാം. എന്നാൽ ഇത്തരം ഒരു പ്രായോഗിക ഇടപെടൽ ഒന്ന് കൊണ്ട് മാത്രമാണ് 5 വർഷത്തോളം നിരന്തരമായി ശ്രമിച്ചിട്ടും എന്റെ സ്വവർഗലൈംഗികതാ തന്മയെ മനസ്സിലാക്കാൻ സാധിക്കാതിരുന്ന എന്റെ മാതാപിതാക്കൾക്ക് പെട്ടെന്ന് കാര്യം പിടികിട്ടിയത്.

ഇതിന്റെ മറുപുറം
സ്വവർഗലൈംഗികത സ്വാഭാവികമാണെന്ന് അനുകൂലമായി സംസാരിക്കുന്ന ഡോക്ടർമാരുള്ളപ്പോൾ തന്നെ അതങ്ങനെയല്ല മാറ്റിയെടുക്കാം എന്ന് പ്രചരിപ്പിക്കുന്ന ഡോക്ടർമാരുടെ ദൃശ്യശകലങ്ങങ്ങൾക്കാണ് കൂടുതൽ പ്രചാരം. ഇതിനെതിരെ നിരത്താൻ കേരളത്തിലെ ഡോക്ടർമാരുടെ ഭാഗത്തു നിന്നുമുള്ള ഒരു ഔദ്യോഗിക പ്രസ്താവനകളും ഇല്ല.

മാതാപിതാക്കളെ കാര്യം പറഞ്ഞു മനസ്സിലാക്കാൻ ഫേസ്ബുക് പോസ്റ്റുകൾ തികയാതെ വരുന്നിടത്താണ് നയരൂപീകരണത്തിന്റെ ആവശ്യം.

ജൻഡർ എന്ന് പറയേണ്ടിടത്ത് ലൈംഗികത എന്ന് പറയുന്നത് തെറ്റ് തന്നെയാണ്. ഇതാ മറ്റൊരു ഉദാഹരണം.
ട്രാൻസ്‌ജെൻഡർ ആളുകൾക്ക് അപേക്ഷാ ഫോമിൽ അവരുടെ ജൻഡർ ഐഡന്റിറ്റി രേഖപ്പെടുത്താൻ മഹാ രാജാസ് കോളേജ് ഒരു അധിക കോളം ചേർത്തു എന്നതിനെ സംബന്ധിച്ച വാർത്ത. കലാലയങ്ങളിൽ
സെക്ഷ്വൽ ഓറിയെന്റഷൻ ആൻഡ് ജൻഡർ ഐഡന്റിറ്റി എന്നിവ കാരണം വിവേചനം നേരിടുന്ന സാഹച ര്യത്തിൽ അത് റാഗിംഗിന്റെ പരിധിയിൽപെടുമെന്നും പരാതികൾ യൂ.ജി .സി യെ നേരിട്ട് അറിയിക്കാമെന്നുമിരിക്കെ 2016 ഇൽ ‘സെക്ഷ്വൽ ഓറിയെന്റഷൻ ആൻഡ് ജൻഡർ ഐഡന്റിറ്റി’ കൂടി ഉൾപ്പെടുത്തി ഭേദഗതി ചെയ്യപ്പെട്ട യൂ.ജി.സി ആന്റി റാഗിങ്ങ് പോളിസിയുടെ കാര്യം വിദ്യാർത്ഥിപ്രതിനിധികളെ നിരന്തരമായി അറിയിച്ചിട്ടും അതിന്റെ ഒരു പകർപ്പ് പോലും ഇപ്പോഴും കലാലയങ്ങളിൽ കാണാൻ സാധിക്കുന്നില്ല. നയം നടപ്പിലാക്കേണ്ട ഉത്തരവാദിത്വം മുടങ്ങി കിടക്കുന്നിടത്താണ് ട്രാൻസ്‌ജെൻഡർ ആളുകൾക്ക് വേണ്ടി കോളം ചേർത്തതിനെ ‘ലൈംഗികവൈവിധ്യത്തോടുള്ള സമീപനത്തിന്റെ മാറ്റമായി മഹാരാജാസ് കോളേജ് യൂണിയൻ ചെയർപേഴ്സൺ എഴുതിയിരിക്കുന്നത്.

എന്തൊരു അബദ്ധം ആണിത്. കേരളത്തിലെ ഏതെങ്കിലും കോളേജ് 2016 ഇൽ ‘സെക്ഷ്വൽ ഓറിയെന്റഷൻ ആൻഡ് ജൻഡർ ഐഡന്റിറ്റി’ കൂടി ഉൾപ്പെടുത്തി ഭേദഗതി ചെയ്യപ്പെട്ട യൂ.ജി.സി ആന്റി റാഗിങ്ങ് പോളിസിയുടെ കാര്യം മിണ്ടുന്നുണ്ടോ?? അത് ചൂണ്ടിക്കാണിച്ചാൽ ഞങ്ങൾ കോളം ചേർത്തില്ലേ എന്ന പ്രതികരണം കേട്ട് മടുത്തു.

വിഷയവുമായി ബന്ധപെട്ടു അഭ്യുദയകാംക്ഷികൾ നടത്തുന്ന ഇടപെടലുകളെ കുറച്ചുകാണുന്നില്ല. എന്നാൽ ഇടപെടലുകളിലെ അപാകതകൾ ചൂണ്ടികാണിക്കാതെ തരമില്ല.

ഈപ്രകാരം സാധ്യമായ ഇടങ്ങളിലും മേഖലകളിലും സെക്ഷ്വാലിറ്റി ആൻഡ് ജൻഡർ ഐഡന്റിറ്റി വിഷയത്തിൽ നയപരമായ ഇടപെടൽ ആവശ്യമാണ്. ലൈംഗികന്യൂനപക്ഷങ്ങൾ മുന്നോട്ടു വെക്കുന്ന രാഷ്ട്രീയം ജൻഡർ-റോളുകൾ മാറ്റിമറിക്കുന്നത് മാത്രമല്ല എന്ന് ഇനിയെങ്കിലും മനസ്സിലാക്കണം, അത് ഹെറ്ററോനോർമാറ്റിവിറ്റിയെകൂടി ചോദ്യം ചെയ്യുന്നതാണ്. എതിർ-ലിംഗത്തിൽപെട്ടവർ മാത്രം തമ്മിലേ പ്രണയവും, ശാരീരികവിനിമയങ്ങളും, രതിയും, വിവാഹവും, കുടുംബജീവിതവും സാധ്യമാവൂ എന്നും അത് മാത്രമാണ് സാമൂഹിക ശരി എന്നു ഭൂരിഭാഗകരുതലിനെ കൂടിയാണ് ലൈംഗികന്യൂനപക്ഷങ്ങൾ വെല്ലുവിളിക്കുന്നത്. ജൻഡർ വൈവിധ്യത്തിൽ ജൻഡർ നോൺ-കോൺഫിർമിങ് ആളുകളെയും കൂടി കാണാൻ സാധിക്കണം. ഹെറ്ററോനോർമാറ്റിവിറ്റി ചോദ്യം ചെയ്യപ്പെടാതെ സ്വവർഗാനുരാഗികൾക്കു തങ്ങളായി തന്നെ ജീവിക്കാൻ സാധിക്കില്ല. മാറ്റത്തിന്റെ തോത് കണക്കാക്കാൻ ദൃശ്യതയും ഒരു അളവാകുമെങ്കിൽ സ്വവർഗാനുരാഗികളുടെ ജീവിതങ്ങൾക്ക് അധികമാറ്റം ഒന്നും സംഭവിച്ചിട്ടില്ല കേരളത്തിൽ.

ഇനിയെങ്കിലും ജൻഡർനു പകരം ലൈംഗികത എന്നെഴുതി ബുദ്ധിമുട്ടിപ്പിക്കരുത്, അതാരായാലും!

References:
1) https://www.deccanchronicle.com/nation/current-affairs/140418/kerala-universities-still-not-aware-of-lgbtq-rights.html
2) https://queerala.org/1827-2/