മെഡിക്കൽ പാഠപുസ്തക പരിഷ്കരണം : NMC നിർദേശം

LGBTQIA+ വ്യക്തികളെ അവഹേളിക്കുന്നതോ അപമാനിക്കുന്നതോ ആയ രീതിയിൽ മെഡിക്കൽ സ്ഥാപനങ്ങൾ വിദ്യാർത്ഥികളെ പഠിപ്പിക്കരുതെന്നും മെഡിക്കൽ പാഠപുസ്തകങ്ങളുടെ രചയിതാക്കൾ LGBTQIA+ സമൂഹത്തെക്കുറിച്ചുള്ള അശാസ്ത്രീയവും വിവേചനപരവുമായ എല്ലാ വിവരങ്ങളും നീക്കം ചെയ്യണമെന്നും ഇന്ത്യയിലെ പരമോന്നത മെഡിക്കൽ നിയന്ത്രണ സമിതിയായ ദേശീയ മെഡിക്കൽ കമ്മീഷൻ (എൻ‌എം‌സി) നിർദേശിച്ചു. സെൻട്രൽ ബോർഡ് ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ (CBME) പാഠ്യപദ്ധതിക്ക് കീഴിലുള്ള മെഡിക്കൽ സിലബസിൽ നിന്ന് LGBTQIA+ കമ്മ്യൂണിറ്റിയെക്കുറിച്ചുള്ള അപകീർത്തികരമോ അശാസ്ത്രീയമോ ആയ പരാമർശങ്ങൾ നീക്കം ചെയ്യാൻ മദ്രാസ് ഹൈക്കോടതി ദേശീയ മെഡിക്കൽ കമ്മീഷന് (NMC) നേരത്തെ നിർദേശം കൊടുത്തിരുന്നു.

വിവിധ മെഡിക്കൽ പാഠപുസ്തകങ്ങളിൽ, വിശേഷിച്ച് ഫോറൻസിക് മെഡിസിൻ, ടോക്സിക്കോളജി, സൈക്യാട്രി എന്നീ വിഷയങ്ങളിലെ പാഠപുസ്തകങ്ങളിൽ ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്ജെൻഡർ, ക്വിയർ, ഇന്റർസെക്സ്, സ്വവർഗ്ഗപ്രേമികൾ എന്നിവർക്കെതിരായ അശാസ്ത്രീയവും അപമാനകരവുമായ പരാമർശങ്ങൾ അടങ്ങിയിരിക്കുന്നു. “കന്യകാത്വം, LGBTQIA+ കമ്മ്യൂണിറ്റി, സ്വവർഗ്ഗാനുരാഗികൾ എന്നിവയെക്കുറിച്ചുള്ള അശാസ്ത്രീയവും അപകീർത്തികരവും വിവേചനപരവുമായ വിവരങ്ങൾ ഉള്ള പുസ്തകങ്ങൾ യൂണിവേഴ്സിറ്റികളും കോളേജുകളും സ്ഥാപനങ്ങളും ശുപാർശ ചെയ്യരുത് എന്ന് അഭ്യർത്ഥിക്കുന്നു” എൻഎംസി സെക്രട്ടറി ഡോ. അഞ്ജുള ജെയിൻ ഒപ്പിട്ട നിർദേശത്തിൽ പറഞ്ഞു.

“മദ്രാസ് ഹൈക്കോടതി വിധിയെ അടിസ്ഥാനമാക്കിയുള്ള എൻ‌എം‌സിയുടെ ഉപദേശങ്ങൾ ഇന്ത്യയുടെ മെഡിക്കൽ ചരിത്രത്തിലെ ദീർഘകാലമായി കാത്തിരുന്നതും സ്വാഗതാർഹവുമായ ഒരു നടപടിയാണ്. ഞാൻ അതിനെ ജാഗ്രതയോടെ ശുഭാപ്തിവിശ്വാസത്തോടെ അഭിനന്ദിക്കുന്നു, രാജ്യമെമ്പാടുമുള്ള രചയിതാക്കളും സ്ഥാപനങ്ങളും ഈ നിർദേശങ്ങൾ അനുസരിക്കുമെന്ന് മാത്രമേ പ്രതീക്ഷിക്കാനാകൂ”, കർണാടകയിലെ ആദ്യ ട്രാൻസ് വുമൺ ഡോക്ടർ ആയ ഡോ ത്രിനേത്ര ഹൽദാർ ഗുമ്മരാജു പറഞ്ഞു.

മെഡിക്കൽ യൂണിവേഴ്സിറ്റികളും കോളേജുകളും സ്ഥാപനങ്ങളും ലിംഗഭേദം, ക്ലിനിക്കൽ ചരിത്രം, ലക്ഷണങ്ങൾ തുടങ്ങിയവ യുജി, പിജി വിദ്യാർത്ഥികളെ പഠിപ്പിക്കുമ്പോൾ, ഏതെങ്കിലും വിധത്തിൽ LGBTQIA+ കമ്മ്യൂണിറ്റിയെ അപമാനിക്കുന്ന/വിവേചനപരമായ/അപമാനകരമാകുന്ന രീതിയിൽ പഠിപ്പിക്കരുത് എന്നാണ് നിർദേശം.

എൽജിബിടിക്യുഐഎ+ കമ്മ്യൂണിറ്റിക്ക് സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും പോലീസ് ഉദ്യോഗസ്ഥർ അവരെ ഉപദ്രവിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനും നടപടി സ്വീകരിക്കണമെന്ന് ജസ്റ്റിസ് എൻ ആനന്ദ് വെങ്കിടേഷ് നേരത്തെ സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. ഒരുമിച്ച് ജീവിക്കാൻ ചെന്നൈയിലെത്തിയ ഒരു ലെസ്ബിയൻ ദമ്പതികൾ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് ഈ നിരീക്ഷണം. റിപ്പോർട്ട് അനുസരിച്ച്, സ്വവർഗ്ഗ ദമ്പതികളെ പോലീസ് സേന പീഡിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ അദ്ദേഹം പിന്നീട് പോലീസ് വകുപ്പിന് നിർദേശം നൽകി.