അയര്‍ലണ്ടില്‍ ഭരണകക്ഷി നേതാവായി ഇന്ത്യന്‍ വംശജനായ ലിയോ വരാട്കര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇതിനെ തുടര്‍ന്ന് ഇദ്ദേഹം അടുത്ത പ്രധാനമന്ത്രിയായി സ്ഥാനം ഏറ്റെടുത്തെക്കാം. 2015-ല്‍ ആണ് ഇദ്ദേഹം ഗേ ആയി പുറത്തു വന്നത്. ഗേ വിവാഹബന്ധങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള 2015-ലെ ഹിതപരിശോധനയ്ക്ക് ശേഷം അയര്‍ലണ്ടിലെ എല്‍.ജി.ബി.ടി. തുല്യതയിലേക്കുള്ള ഒരു വലിയ കാല്‍വെപ്പായി ഇത് കരുതപ്പെടുന്നു. മുന്‍ പ്രധാനമന്ത്രിയായ എന്‍ഡാ കെന്നി രാജിവയ്ച്ചതിനു ശേഷം പാര്‍ട്ടിക്കുള്ളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആണ് ലിയോ വരാട്കര്‍ ജയം നേടിയത്.
രാജ്യത്തിന്റെ ആദ്യ ഗേ പ്രധാനമന്ത്രി എന്നതിലുപരി അയര്‍ലണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി, ന്യൂനപക്ഷജനവിഭാഗത്തില്‍ നിന്നുള്ള ആദ്യ പ്രധാനമന്ത്രി എന്നീ വിശേഷണങ്ങളും 38-കാരനായ ലിയോ വരാട്കര്‍ സ്വന്തമാക്കും. ഈ മാസാവസാനം പാര്‍ലമെന്റ് കൂടുമ്പോള്‍ അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പാവുമോ എന്നറിയാം.
മുന്‍പ്രധാനമന്ത്രി എന്‍ഡാ കെന്നി തന്റെ എല്ലാ പിന്തുണയും വരാട്കറിന് വാഗ്ദാനം ചെയ്തു. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി പാര്‍ട്ടിയെ നയിക്കുന്ന കെന്നി ആറു വര്‍ഷത്തിലധികം പ്രധാന മന്ത്രിപദം അലങ്കരിച്ചിട്ടുണ്ട്.
മുംബൈ സ്വദേശിയാണ് ലിയോ വരാട്കറിന്റെ പിതാവായ അശോക്. മാതാവായ മിറിയം ഐറിഷ് കാരിയാണ്. 1960-കളില്‍ ഒരു ഇംഗ്ലീഷ് ആശുപത്രിയില്‍ ജോലിയെടുക്കവെയാണ് ഇവര്‍ തമ്മില്‍ പരിചയപ്പെടുന്നതും വിവാഹിതരാവുന്നതും.
മധ്യ-വലതുപക്ഷ യാഥാസ്ഥിതികപരമാണ് ലിയോ വരാട്കറിന്റെ രാഷ്ട്രീയചായ് വ് എങ്കിലും നവീനവും പുരോഗമനോന്മുഖവുമായ ഒരു അയലണ്ടിന്റെ ചിത്രമാണ് അദ്ദേഹം വരച്ചു കാട്ടുന്നത്. ഒരു റേഡിയോ അഭിമുഖത്തിലൂടെ ഗേ ആയി വരാട്കര്‍ പുറത്തുവന്ന് ഏതാനും മാസങ്ങള്‍ക്കുള്ളിലാണ് അയര്‍ലണ്ടില്‍ സ്വവര്‍ഗവിവാഹങ്ങള്‍ നിയമാനുസൃതമായത്.
അയര്‍ലണ്ടിലെ എല്‍.ജി.ബി.ടി. കൂട്ടായ്മകള്‍ വരാട്കറുടെ ഉയര്‍ച്ചയെ സ്വാഗതം ചെയ്തു. വരാട്കറുടെ വ്യക്തിപരമായ ലൈംഗികതയില്‍ ഊന്നാതെ അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രത്യയശാസ്ത്രത്തില്‍ മാത്രം കേന്ദ്രീകരിച്ച് തിരഞ്ഞെടുപ്പ് നടന്നു എന്നത് അയര്‍ലണ്ട് എത്രമാത്രം പുരോഗമിച്ചുവെന്നതിന് തെളിവാണ് എന്ന് ഒരു ഗേ കൂട്ടായ്മ വാര്‍ത്താപത്രത്തിന്റെ എഡിറ്റര്‍ പ്രസ്താവിച്ചു. ഒരു പത്തു വര്‍ഷം മുമ്പ് പോലും ഇത് സാധ്യമാവുമായിരുന്നോ എന്ന് സംശയമാണ് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡബ്ലിനിലെ ട്രിനിറ്റി കോളേജില്‍ മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഡോക്ടര്‍ ആണ് ലിയോ വരാട്കര്‍. പ്രാദേശിക തെരഞ്ഞെടുപ്പില്‍ അയ്യായിരത്തോളം വോട്ടുകള്‍ നേടി 2004-ലാണ് അദ്ദേഹം ഐറിഷ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. മൂന്ന് വര്‍ഷത്തിനു ശേഷം ആ പ്രദേശത്തിന്റെ പാലമെന്റിലേക്കുള്ള പ്രതിനിധിയായി അദ്ദേഹം. 2014-ല്‍ വരാട്കര്‍ അയര്‍ലണ്ടിന്റെ ആരോഗ്യമന്ത്രിയായി സ്ഥാനാരോഹണം ചെയ്തു. പിന്നീട് അദ്ദേഹം സാമൂഹിക സുരക്ഷാ മന്ത്രിയായി.
2015-ല്‍ ആര്‍.ടി.ഇ. റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ലിയോ വരാട്കര്‍ ഇങ്ങനെ പറഞ്ഞു: “എന്നെ നിര്‍വചിക്കുന്ന ഒന്നല്ല അത്…ഒരു പാതി ഇന്ത്യാക്കാരനായ രാഷ്ട്രീയപ്രവര്‍ത്തകനോ രാഷ്ട്രീയക്കാരനായ ഒരു ഡോക്ടറോ ഒരു ഗേ രാഷ്ട്രീയക്കാരനോ അല്ല ഞാന്‍. ഞാന്‍ എന്താണോ എന്നതിന്റെ ഭാഗങ്ങള്‍ മാത്രമാണ് അത്. അവ എന്നെ പൂര്‍ണമായി നിര്‍വചിക്കുന്നില്ല. എന്റെ വ്യക്തിത്വത്തിന്റെ ഭാഗങ്ങള്‍ ആണ് അവയെല്ലാം എന്ന് ഞാന്‍ വിചാരിക്കുന്നു.”
കടപ്പാട്: ഗാര്‍ഡിയന്‍