ജര്‍മന്‍ പാര്‍ലമെന്റ് സ്വവര്‍ഗവിവാഹം അംഗീകരിച്ചു

ബെര്‍ലിന്‍: ജര്‍മന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ സ്വവര്‍ഗവിവാഹം അംഗീകരിച്ചുകൊണ്ടുള്ള നിയമഭേദഗതി അംഗീകരിച്ചു. ഇതോടുകൂടി അയര്‍ലണ്ട്, ഫ്രാന്‍സ്, സ്പെയിന്‍ മുതലായ സ്വവര്‍ഗവിവാഹം അംഗീകരിച്ചിട്ടുള്ള ഒരു ഡസന്‍ യൂറോപ്യന്‍ രാജ്യങ്ങളിലൊന്നായി ജര്‍മനി മാറിയിരിക്കുകയാണ്.

ഗ്രീന്‍ പാര്‍ട്ടി അംഗങ്ങള്‍ പാര്‍ലമെന്റില്‍ നിയമഭേദഗതി ആഘോഷിക്കുന്നു ചിത്രത്തിന് കടപ്പാട്: ദി ടെലഗ്രാഫ്

ജര്‍മന്‍ ചാന്‍സലര്‍ എന്ജേല മേര്‍ക്കെല്‍ തന്റെ യാഥാസ്ഥിതിക പാര്‍ട്ടിയുടെ ഗേ വിരോധ നിലപാട് പൊടുന്നനെ മയപ്പെടുത്തിയതിനെ തുടര്‍ന്നാണ്‌ നിയമഭേദഗതി സാധ്യമായത്. തന്റെ ക്രിസ്ത്യന്‍ ഡെമോക്രാറ്റ് പാര്‍ട്ടിയുടെ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് അവരുടെ മന:സാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യാന്‍ അവര്‍ നിര്‍ദ്ദേശം കൊടുത്തിരുന്നു. അതേസമയം എന്ജേല മേര്‍ക്കെല്‍ സ്വന്തം വോട്ട് നിയമഭേദഗതിക്കെതിരായി ചെയ്തു എന്നതും ശ്രദ്ധേയമാണ്.

ഇടതുപക്ഷ പാര്‍ട്ടി, ഗ്രീന്‍ പാര്‍ട്ടി, മധ്യ-ഇടതുപക്ഷ പാര്‍ട്ടിയായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി തുടങ്ങിയവയാണ് പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചത്. പാര്‍ലമെന്റ് സമ്മേളനം അവസാനിക്കുന്നതിനു തലേദിവസം പൊടുന്നനെയാണ് ഇതില്‍ വോട്ടെടുപ്പ് നടത്തണം എന്ന് ഇടതുപക്ഷപാര്‍ട്ടികള്‍ ആവശ്യപ്പെട്ടത്. അടുത്ത തെരഞ്ഞെടുപ്പ് സപ്തംബറില്‍ നടക്കാനിരിക്കുകയാണ്.

സ്വന്തം ജീവിതം തങ്ങളുടെ ഇഷ്ടപ്രകാരം ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് ഭരണഘടനയുടെ ഏറ്റവും പ്രധാനപ്പെട്ട തത്വം എന്ന് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടിയുടെ പാര്‍ലമെണ്ടറി നേതാവ് തോമസ്‌ ഒപ്പര്‍മാന്‍ പറഞ്ഞു. “ഗേ വിവാഹം യാഥാര്‍ത്ഥ്യമായാല്‍ ആര്‍ക്കും കോട്ടം ഉണ്ടാവില്ല എന്ന് മാത്രമല്ല, കുറെപ്പേര്‍ക്ക് നേട്ടം ഉണ്ടാവുകയും ചെയ്യും” എന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. പുരുഷനും സ്ത്രീയും തമ്മില്‍ മാത്രമായി വിവാഹത്തെ നിജപ്പെടുത്തുന്ന നിലപാടുള്ള യാഥാസ്ഥിതിക പാര്‍ട്ടിയുടെ അംഗങ്ങളെ ഗേ അനുകൂല വോട്ട് കുത്താന്‍ പ്രേരിപ്പിക്കുകയായിരുന്നു അദ്ദേഹം. സ്വവര്‍ഗപങ്കാളികള്‍ക്ക് കുട്ടികളെ ദത്തെടുക്കാന്‍ അനുവദിച്ചാലും വിവാഹം എതിര്‍വര്‍ഗപങ്കാളികള്‍ക്ക് മാത്രമായി നിജപ്പെടുത്തണം എന്നതായിരുന്നു എന്ജേല മേര്‍ക്കെലിന്റെ നിലപാട്.

 

പാര്‍ലമെന്റ് മന്ദിരത്തിനു മുമ്പില്‍ ജനങ്ങള്‍ ആഹ്ലാദ പ്രകടനം നടത്തുന്നു. കടപ്പാട്: ദി ടെലഗ്രാഫ്

2001 മുതല്‍ ജര്‍മനിയില്‍ സ്വവര്‍ഗ പങ്കാളികളുടെ സിവില്‍ ഉടമ്പടി അംഗീകൃതമാണ്. സ്വവര്‍ഗവിവാഹത്തെ കൂടുതല്‍ പൌരന്മാരും അംഗീകരിക്കുന്നു എന്ന് അഭിപ്രായവോട്ടെടുപ്പുകള്‍ തെളിയിച്ചിട്ടുണ്ടെങ്കിലും സ്വവര്‍ഗപ്രേമികളുടെ തുല്യാവകാശത്തെ നിഷേധിക്കുന്ന നിലപാട് ആയിരുന്നു യാഥാസ്ഥിതികപാര്‍ട്ടി എടുത്തിരുന്നത്. ഈ പ്രശ്നം പാര്‍ലമെന്റില്‍ ഉന്നയിക്കുന്നത് തടയുക എന്ന ഉപായമായിരുന്നു യാഥാസ്ഥിതിക പാര്‍ടി ഇതുവരെ സ്വീകരിച്ചിരുന്നത്. സോഷ്യല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയും ഗ്രീന്‍ പാര്‍ട്ടിയും പ്രശനം ഏറ്റെടുക്കുകയും യാഥാസ്ഥിതിക നിലപാടുകള്‍ക്കെതിരെ ഒരു കൂട്ടായ്മ ഉണ്ടാക്കുകയും ചെയ്തതോടെ മാറ്റം സാധ്യമായി.

226 നെതിരെ 393 വോട്ടുകള്‍ക്കാണ് നിയമഭേദഗതി പാര്‍ലമെന്റ് അംഗീകരിച്ചത്.  യാഥാസ്ഥിതിക പാര്‍ട്ടിയുടെ 70ല്‍ പരം അംഗങ്ങള്‍ ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു. സ്വന്തം പാര്‍ട്ടിയിലെ ഭിന്നിപ്പ് മനസ്സിലാക്കിയതിനെ തുടര്‍ന്നാണ്‌ മനസ്സാക്ഷി വോട്ട് ചെയ്യാന്‍ പാര്‍ടി അംഗങ്ങളോട് ചാന്‍സലര്‍ നിര്‍ദ്ദേശിച്ചത്.

കടപ്പാട്. ന്യൂയോര്‍ക്ക്‌ ടൈംസ്‌