അയര്‍ലണ്ടില്‍ സ്വവര്‍ഗവിവാഹം നിയമവിധേയം

Keralakumar | കേരളകുമാര്‍

സ്വവര്‍ഗവിവാഹം നിയമവിധേയമാക്കണമോ എന്ന ചോദ്യം ആദ്യമായി ഉന്നയിക്കപ്പെട്ട ജനഹിതപരിശോധനയില്‍ 62% ഭൂരിപക്ഷത്തോട് കൂടി “വേണം” എന്ന് അയര്‍ലണ്ടിലെ ജനങ്ങള്‍ വോട്ടു ചെയ്തു. പുറംരാജ്യങ്ങളില്‍ ജീവിക്കുന്ന ഐറിഷ് ജനങ്ങള്‍ പോലും ഈ വോട്ടെടുപ്പില്‍ പങ്കെടുക്കാനായി എത്തിച്ചേര്‍ന്നിരുന്നു. യുവതീയുവാക്കളില്‍ കൂടുതല്‍ പേരും സ്വവര്‍ഗവിവാഹത്തിനു ഭരണഘടനാസാധുത നല്‍കുന്ന വോട്ടെടുപ്പില്‍ അനുകൂലമായി വോട്ടു ചെയ്തു.

വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ തടിച്ചു കൂടിയ ഗേ ദമ്പതികള്‍ ജനഹിതം അറിവായപ്പോള്‍ ആശ്ലേഷം ചെയ്തും ചുംബിച്ചും പരസ്പരം അഭിനന്ദിച്ചു.

https://twitter.com/karltims/status/601758957435297792

“ജനഹിതപരിശോധനയുടെ ഫലമായി ഭരണഘടനയില്‍ വിവാഹതുല്യത ഉറപ്പുവരുത്തുന്ന ആദ്യത്തെ രാഷ്ട്രമാണ് അയര്‍ലണ്ട്. ലോകത്തിലെ മറ്റു സ്ഥലങ്ങളില്‍ സ്വാതന്ത്ര്യത്തിന്റെയും തുല്യതയുടെയും വഴികാട്ടിയായി ഞങ്ങള്‍ മാറിയിരിക്കുന്നു. ഐറിഷ് ആയതില്‍ ഞങ്ങള്‍ വളരെ അഭിമാനിക്കുന്നു” എന്ന് ക്യാബിനറ്റ് മന്ത്രി ലിയോ വരദ്കര്‍ അഭിപ്രായപ്പെട്ടു. “ഞങ്ങളെ സംബന്ധിച്ച് ഇതൊരു ജനഹിത പരിശോധന ആയിരുന്നില്ല, പകരം ഒരു സാമൂഹികവിപ്ലവം തന്നെ ആയിരുന്നു” കുറച്ചു കാലം മുമ്പ് തന്നെ ഗേ ആയി പുറത്തു വന്ന അദ്ദേഹം പറഞ്ഞു.

1993-ല്‍ ആണ് കത്തോലിക്കര്‍ ഭൂരിപക്ഷമായ യാഥാസ്ഥിതിക രാജ്യമായ അയര്‍ലണ്ടില്‍ സ്വര്‍ഗ്ഗലൈംഗികത നിയമവിധേയമാക്കിയത്. ആ സമയത്ത് നടത്തിയ ജനഹിത പരിശോധനയില്‍ അതിനെ അനുകൂലിച്ചത് വെറും മൂന്നില്‍ ഒന്ന് ജനങ്ങള്‍ മാത്രമായിരുന്നു. എന്നാല്‍ ഇപ്പോള്‍ നടന്ന ജനഹിത പരിശോധനയില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മിക്കവാറും നേതാക്കളും അനുകൂലനിലപാടാണ് എടുത്തത്‌. 166 പേര്‍ ഉള്ള ഐറിഷ് പാര്‍ലമെന്റില്‍ ഗേ ആയി പുറത്തുവന്ന നാലുപേര്‍ മാത്രമാണ് ഉള്ളത്. സിവില്‍ വിവാഹപങ്കാളിത്തങ്ങള്‍ 2010 മുതല്‍ അയര്‍ലണ്ടില്‍ നിലവിലുണ്ട്. ഇപ്പോഴത്തെ ജനഹിത പരിശോധന മുഖേന പുരുഷന്റെയും സ്ത്രീയുടെയും ഇടയില്‍ മാത്രമായി നിജപ്പെടുത്തിയിരുന്ന വിവാഹം സ്വവര്‍ഗ ഇണകള്‍ക്കും ലഭ്യമാവും. കുടുംബങ്ങള്‍ക്ക് കൊടുക്കപ്പെട്ട സംരക്ഷണവും അവകാശങ്ങളും ഇനി സ്വവര്‍ഗദമ്പതികളുടെ കുടുംബങ്ങള്‍ക്കും ലഭിക്കും.

ireland archbishop

ദുബ്ലിന്‍ ആര്‍ച് ബിഷപ്‌

ഹിതപരിശോധനയില്‍ “വേണ്ട” എന്ന് കത്തോലിക്കാസഭ ആര്‍ച്ബിഷപ്പ് രേഖപ്പെടുത്തി. ഗേ വ്യക്തികള്‍ക്ക് മനുഷ്യാവകാശങ്ങള്‍ നല്‍കണമെങ്കിലും വിവാഹത്തിന്റെ നിര്‍വചനങ്ങളില്‍ ഭേദം വരുത്താന്‍ സമയമായില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. കത്തോലിക്കാസഭ ചെറുപ്പക്കാരുടെ അഭിലാഷങ്ങളില്‍ നിന്ന് അകന്നു പോയിരിക്കുന്നു. ഒരു സ്വയംവിലയിരുത്തല്‍ നടത്താന്‍ സഭയ്ക്ക് സമയമായി എന്ന് അദ്ദേഹം പിന്നീട് അഭിപ്രായപ്പെട്ടു. ഇതൊരു സാമൂഹികവിപ്ലവമാണ്, സഭ സത്യത്തിനു നേരെ മുഖം തിരിക്കരുത് എന്നും അദ്ദേഹം പറഞ്ഞു.

ബ്രിട്ടീഷ് മനുഷ്യാവകാശപ്രവര്‍ത്തകനായ പീറ്റര്‍ താചല്‍ പറഞ്ഞു: “ഐറിഷ് ജനത സ്നേഹത്തിനും തുല്യതക്കും വേണ്ടി വോട്ട് ചെയ്തിരിക്കുന്നു. ഓസ്കാര്‍ വൈല്‍ഡ്‌ ഇപ്പോള്‍ അഭിമാനിക്കുന്നുണ്ടാവും. ഇഷ്ടപ്പെടുന്ന വ്യക്തിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന ലോകത്തെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഗേ ഇണകള്‍ക്ക്  ഈ വോട്ടെടുപ്പ്  പുതുപ്രതീക്ഷ നല്‍കുന്നു. വിവാഹതുല്യത തടയാനാവാത്ത ഒരു സര്‍വലൌകിക പ്രവണതയാണ്. വിവേചനത്തിനും മുന്‍വിധിയ്ക്കുമെതിരെ പ്രേമം വിജയിക്കുമെന്നതിന്റെ തെളിവാണ് ഐറിഷ് തിരഞ്ഞെടുപ്പ് ഫലം.”

ഓസ്കാര്‍ വൈല്‍ഡ്

ഓസ്കാര്‍ വൈല്‍ഡ്

വിക്ടോറിയന്‍ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ലോകപ്രശസ്ത ഐറിഷ് എഴുത്തുകാരനായ ഓസ്കാര്‍ വൈല്‍ഡ് ഈ അവസരത്തില്‍ സ്മരിക്കപ്പെട്ടു. സ്വവര്‍ഗാനുരാഗത്തിന് കഠിനശിക്ഷ വിധിക്കപ്പെട്ട അദ്ദേഹം 1887-ലാണ് അയര്‍ലണ്ട് ജയിലില്‍ നിന്ന് ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയത്.

Irelandബ്രിട്ടന്‍ന്റെ പടിഞ്ഞാറ് ഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന ദ്വീപാണ് അയര്‍ലണ്ട്. ഭൂമിശാസ്ത്രപരമായി അയര്‍ലണ്ടിന്റെ ഭാഗമാണെങ്കിലും വടക്കേ അയര്‍ലണ്ട് (Northern Ireland) ബ്രിട്ടന്റെ അധീനതയിലാണ്. വടക്കേ അയര്‍ലണ്ടില്‍ സ്വവര്‍ഗവിവാഹം ഇപ്പോഴും നിയമവിരുദ്ധമാണ്. ഏപ്രില്‍ മാസത്തില്‍ വടക്കേ അയര്‍ലണ്ടിലെ അസ്സംബ്ലി ഇക്കാര്യം ചര്‍ച്ച ചെയ്തെങ്കിലും 47നെതിരെ  49 വോട്ടുകള്‍ക്ക് അത് പരാജയപ്പെടുകയായിരുന്നു. അയര്‍ലണ്ട് റിപ്പബ്ലിക്കിലെ ജനഹിതപരിശോധന വടക്കേ അയര്‍ലണ്ടിലെ യാഥാസ്ഥിതിക രാഷ്ട്രീയ നേതാക്കള്‍ക്ക് തലവേദനയാവും. ബ്രിട്ടന്റെ നാലുഭാഗങ്ങളില്‍ മറ്റു മൂന്നു ഭാഗങ്ങളിലും (ഇംഗ്ലണ്ട്, വെയില്‍സ്, സ്കോട്ട് ലാന്‍ഡ്‌) സ്വവര്‍ഗവിവാഹം നിയമവിധേയമാണ്.

ബ്രിട്ടന്‍ ഉള്‍പ്പെടെ ലോകത്തെമ്പാടും ഉള്ള 19 രാഷ്ട്രങ്ങളില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമായിരുന്നു. ഇപ്പോള്‍ ഈ സംഖ്യ 20 ആയി.

same-sex marriage

ലോകരാഷ്ട്രങ്ങളില്‍ സ്വവര്‍ഗബന്ധങ്ങളുടെ നിയമസ്ഥിതി

കടപ്പാട്: ബിബിസി, അസോസിയേറ്റട് പ്രസ്‌, ടൈംസ്‌ ഓഫ് ഇന്ത്യ, ട്വിറ്റെര്‍, വിക്കിപ്പീഡിയ