ജൻഡർ സർട്ടിഫിക്കറ്റ് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്..
കഴിഞ്ഞ വർഷം റ്റി.ജി തിരിച്ചറിയൽ കാർഡ് ഇറക്കിയപ്പോൾ അതിൽ വന്ന ചില ഗുരുതര പിഴവുകൾ പല ട്രാൻസ്‌ജെൻഡർ സുഹൃത്തുക്കളും സാമൂഹ്യനീതി വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു(പേര്, വയസ്സ് എന്നീ വിവരങ്ങൾക്ക് ശേഷം സെക്സ് കള്ളിയിൽ ആണ് ട്രാൻസ്‌ജെൻഡർ എന്ന് രേഖപ്പെടുത്തിയിരുന്നത്). അതോടൊപ്പം സർക്കാർമുദ്രയില്ലാത്തതും, ബാർ കോഡ് ഇല്ലാത്തതും ചൂണ്ടിക്കാണിച്ചിരുന്നു. ട്രാൻസ്‌ജെൻഡർ ആളുകൾക്ക് സർക്കാർ വക ആനുകൂല്യങ്ങൾ ലഭ്യമാവുന്നതിനു മാത്രം ഉതകുന്ന തിരിച്ചറിയൽ രേഖ എന്ന നിലക്കാണ് സാമൂഹ്യനീതിവകുപ്പിൽ നിന്നും അന്ന് പ്രതികരണം ലഭിച്ചത്. ഈ കാര്യം സംസ്ഥാന ട്രാൻസ്‌ജെൻഡർ ജസ്റ്റിസ് ബോർഡിൻറെ ശ്രദ്ധയിലുംപെടുത്തിയിരുന്നു. തുടർന്ന് ഇറക്കിയ തിരിച്ചറിയൽ കാർഡുകൾ പിൻവലിച്ചെന്നും പുതിയവ ഇറക്കും എന്നും അറിയിച്ചിരുന്നു. ഈക്കൊല്ലം ചില ട്രാൻസ്‌ജെൻഡർ ആളുകൾക്ക് ലഭിച്ച തിരിച്ചറിയൽ കാർഡിന്റെ മാതൃക ഇവിടെ ചേർത്തിരിക്കുന്നു.
നാൽസാ വിധി പ്രകാരം ട്രാൻസ്‌ജെൻഡർ ആളുകൾക്ക് അവരുടെ ലിംഗതന്മ ‘പെണ്ണെന്നോ, ആണെന്നോ, ട്രാൻസ്‌ജെൻഡർ’ എന്നോ സ്വന്തം ഇഷ്ടപ്രകാരം രേഖപ്പെടുത്താം എന്നിരിക്കെ എല്ലാ ട്രാൻസ്‌ജെൻഡർ ആളുകളെയും റ്റി.ജി എന്ന ഒറ്റകള്ളിയിൽ ആക്കുന്നത് മൂലം ഈ തിരിച്ചറിയൽ രേഖക്ക് അപേക്ഷിക്കാൻ പലർക്കും സാധിക്കാതെ വരുന്നു. ഉദാ: ഒരു ട്രാൻസ്‌മാൻ ആയിട്ടുള്ള ആൾക്ക് ‘ആൺ’ എന്ന ജൻഡർ രേഖപ്പെടുത്താൻ ആണാഗ്രഹമെങ്കിൽ, നാൽസാ ഉത്തരവ്പ്രകാരം അതിനു ആൾക്ക് അവകാശമുണ്ടെങ്കിലും സാമൂഹ്യനീതി വകുപ്പിന്റെ ഈ തിരിച്ചറിയൽ രേഖയിൽ അതിനു സാധിക്കാതെ വരുന്നു(ആരാണ്/ആരൊക്കെയാണ് ഈ തിരിച്ചറിയൽ രേഖയുടെ മാതൃക നൽകിയത് എന്നു കൃത്യമായി ഇതുവരെ അറിയില്ല). ഈ തിരിച്ചറിയൽ കാർഡിൽ എല്ലാ ട്രാൻസ്‌ജെൻഡർ ആളുകൾക്കും അവരവർ ആഗ്രഹിക്കുന്ന ജൻഡർ അടയാളപ്പെടുത്താൻ ഉള്ള വളരെ ലളിതമായ നിർദ്ദേശവും, മറ്റു തിരിച്ചറിയൽ രേഖകൾ മാറ്റികിട്ടാൻ സഹായകവുമായ ഒരു കാര്യവും ഉൾക്കൊള്ളിച്ചുകൊണ്ടു ക്വിയറള കഴിഞ്ഞ ആഴ്ച (23 May 2018) സംസ്ഥാന സംസ്ഥാന ട്രാൻസ്‌ജെൻഡർ സെൽ പ്രൊജക്റ്റ് ഓഫീസർ ശ്യാമ എസ് പ്രഭക്ക് (ഒരു പകർപ്പ് സാമൂഹ്യനീതി വകുപ്പ് ഡയറക്ടർക്കും) ഒരു കത്ത് സമർപ്പിച്ചിരുന്നു.
സംസ്ഥാന റ്റി.ജി നയത്തിൽ പറഞ്ഞിരിക്കുന്ന ജൻഡർ ഐഡന്റിറ്റി സർട്ടിഫിക്കറ്റ്(കേരള സ്റ്റേറ്റ് റ്റി.ജി പോളിസി പേജ് 17, പോയിന്റ് 18) ഇഷ്യൂ ചെയ്യാൻ റ്റി.ജി സെല്ലിന് അധികാരമുണ്ട്. ഒരു ട്രാൻസ്‌ജെൻഡർ വ്യക്തി ആഗ്രഹിക്കുന്ന ലിംഗതന്മ(അത് പെണ്ണെന്നോ, ആണെന്നോ, റ്റി.ജിയെന്നോ) രേഖപ്പെടുത്തികൊണ്ടുള്ള ജൻഡർ ഐഡന്റിറ്റി സർട്ടിഫിക്കറ്റ് ലഭിക്കുകയാണെങ്കിൽ വോട്ടേഴ്‌സ് ഐ.ഡി, പാസ്പോര്ട്ട്, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് മുതലായ എല്ലാ തിരിച്ചറിയൽ രേഖകളും മാറ്റിയെടുക്കാം എന്നും ഈ പോയിന്റിൽ വളരെ കൃത്യമായി പറഞ്ഞിരിക്കുന്നു(നിലവിലുള്ള റ്റി.ജി ഐഡി കാർഡ് കൊണ്ട് ഇത് സാധ്യമാവുന്നില്ല). മാത്രവുമല്ല എല്ലാ ഡിപാർട്‌മെന്റുകളിലും, ഔദ്യോഗിക രേഖകളിലും, അർഹമായ സർക്കാർ പദ്ധതികൾക്കും ആനുകൂല്യങ്ങൾക്കും പ്രയോജനപ്പെടുന്നതായിരിക്കണം ഈ സെർട്ടിഫിക്കറ്റ് എന്നും പറഞ്ഞിരിക്കുന്നു.
സ്വാഭാവികമായും ഉണ്ടായേക്കാവുന്ന ചില സംശയങ്ങൾ.
1) ട്രാൻസ്‌ജെൻഡർ ആളുകൾ ട്രാൻസ്‌ജെൻഡർ എന്നുതന്നെയല്ലേ അറിയപ്പെടേണ്ടത്?
2 ) അവർക്കു സർക്കാർ ക്ഷേമപദ്ധതികൾക്കും മറ്റും അപേക്ഷിക്കാൻ ട്രാൻസ്‌ജെൻഡർ എന്ന ഐഡന്റിറ്റി അല്ലേ ഉപകാരപ്പെടുക?
3) ട്രാൻസ്‌ജെൻഡർ ആയിട്ടുള്ള ആളാണെങ്കിൽ പിന്നെ ആണെന്നോ, പെണ്ണെന്നോ അടയാലപ്പെടുത്തുന്നതെന്തിനാ??
എല്ലാത്തിനുമുള്ള ഉത്തരം നാൽസാ വിധിയിൽ പറഞ്ഞിരിക്കുന്നു. ഒരു ട്രാൻസ് -വുമൺ ആയിട്ടുള്ള ആൾ പെൺ/ സ്ത്രീ എന്നോ ഒരു ട്രാൻസ്-മാൻ ആയിട്ടുള്ള ആൾ ആൺ/പുരുഷൻ എന്നോ സ്വന്തം ജൻഡർ ഐഡന്റിറ്റി രേഖപ്പെടുത്തിയത് കൊണ്ട് ആൾടെ ട്രാൻസ്-ലൈഫ് എക്സ്പീരിയൻസ് ഇല്ലതാവുന്നില്ല. അതിനെ മാനിക്കാൻ ആണ് വിധി പറയുന്നത്. അതിന്റെ നേരിട്ടുള്ള പ്രായോഗിക സമീപനവുമാണ് മേൽപറഞ്ഞ ജൻഡർ-ഐഡന്റിറ്റി സർട്ടിഫിക്കറ്റും. ഈ സർട്ടിഫിക്കറ്റ് പ്രകാരം ജൻഡർബൈനറിയിൽ അറിയപ്പെടാൻ ആഗ്രഹിക്കാത്ത ട്രാൻസ്‌ജെൻഡർ ആളുകൾക്ക് ട്രാൻസ്‌ജെൻഡർ എന്നും ഐഡൻറ്റിറ്റി രേഖപ്പെടുത്തിക്കിട്ടും. എന്നാൽ നിലവിലെ റ്റി.ജി ഐ.ഡി കാർഡ് നിർബന്ധമായും എല്ലാ ട്രാൻസ്‌ജെൻഡർ ആളുകളെയും റ്റി.ജി എന്ന കള്ളിയിലാക്കുന്നു.
നിലവിൽ നൽകികൊണ്ടിരിക്കുന്ന ഐ.ഡി കാർഡുകൾ ഏകീകൃതവുമല്ല, ഓരോ ജില്ലയിലും നൽകുന്ന കാർഡ് മാതൃക വ്യത്യസ്തങ്ങളാണ്(ചില ഐ.ഡി കാർഡുകളിൽ ജൻഡർ എന്ന കോളം പോലുമില്ല, വെറുതെ ട്രാൻസ്‌ജെൻഡർ എന്ന് എഴുതിയിരിക്കുകയാണ്). ഈ സ്ഥിതി മാറേണ്ടതുണ്ട്. സംസ്ഥാന സാമൂഹ്യ നീതിവകുപ്പാണോ, റ്റി.ജി സെൽ ആണോ ഈകാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടതെന്നു അറിവില്ല. എങ്കിലും ബന്ധപ്പെട്ടവർ എത്രയും പെട്ടന്ന് ഇടപെടുമെന്നു വിശ്വസിക്കുന്നു. (മുകളിൽ കൊടുത്തിരിക്കുന്ന ഐ.ഡി കാർഡിന്റെ ചിത്രം ശ്രദ്ധിക്കുക, അതിൽ പറഞ്ഞിരിക്കുന്നു ബേസ്‌ഡ് ഓൺ ട്രാൻസ്‌ജെൻഡർ പോളിസി എന്ന് ). സംസ്ഥാന ട്രാൻസ്‌ജെൻഡർ പോളിസിയിൽ പരാമർശിച്ചിട്ടേയില്ലാത്ത ഇപ്പോൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന റ്റി.ജി ഐ.ഡി കാർഡ് പിൻവലിക്കേണ്ടതുമുണ്ട്; റ്റി.ജി പോളിസി പ്രകാരമുള്ള ജൻഡർ ഐഡന്റിറ്റി സർട്ടിഫിക്കറ്റ് നിലവിൽ വരട്ടെ! അതിൻപ്രകാരം തുടർരേഖകളും തിരിച്ചറിയൽ കാർഡുകളും വരട്ടേ!!
ടീം ക്വിയറള
P.S: റ്റി.ജി സെല്ലിന് സമർപ്പിച്ച കത്തിന്റെ പൂർണ്ണരൂപം.