377-വകുപ്പ് : ഭരണഘടനാബഞ്ച് പരിശോധിക്കും

Keralakumar | കേരളകുമാര്‍

ചീഫ് ജസ്റ്റിസ് ടി.എസ്.ഠാക്കൂര്‍ അധ്യക്ഷനായ സുപ്രീംകോടതി ബഞ്ച് ഇന്ത്യന്‍ ശിക്ഷാനിയമം 377-വകുപ്പ് സംബന്ധിച്ച പ്രതിവിധിഹര്‍ജി (curative petition) അഞ്ചംഗഭരണഘടനാ ബഞ്ചിന് വിട്ടു.

പോരാട്ടത്തിന്റെ നാള്‍വഴികള്‍

ജസ്റ്റിസ്‌ ഷാ

ജസ്റ്റിസ്‌ ഷാ

സ്വവര്‍ഗാനുരാഗികളെ ഉപദ്രവിക്കുവാനായി പരക്കെ ഉപയോഗിച്ചുവരുന്ന ഇന്ത്യന്‍ ശിക്ഷാനിയമം 377-വകുപ്പിനെതിരെ 2001-ല്‍ ദല്‍ഹി ഹൈക്കോടതിയില്‍ നാസ് ഫൌണ്ടേഷന്‍ ഹര്‍ജി സമര്‍പ്പിക്കുകയുണ്ടായി (Naz Foundation V. NCT Delhi). ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയാണ് നാസ് ഫൌണ്ടേഷന്‍. ലോകമൊട്ടാകെ സ്വാഗതം ചെയ്യപ്പെട്ട ഒരു സുപ്രധാന വിധിയിലൂടെ പരസ്പരസമ്മതപ്രകാരം സ്വകാര്യമായി ചെയ്യുന്ന സ്വവര്‍ഗലൈംഗികബന്ധം കുറ്റകരമല്ല എന്ന് 2009-ല്‍ ദല്‍ഹി ഹൈക്കോടതി വിധിച്ചു. സ്വവര്‍ഗലൈംഗികബന്ധം കുറ്റകരമായി കണക്കാക്കുന്ന 377-വകുപ്പ് ഭാഗികമായി ഭരണഘടനാവിരുദ്ധമാണെന്നും ജസ്റ്റിസ് അജിത്‌ പ്രകാശ് ഷാ, ജസ്റ്റിസ് മുരളിധര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഹൈക്കോടതി ബഞ്ച് പറഞ്ഞിരുന്നു.

ഈ വിധിക്കെതിരെ സുരേഷ് കുമാര്‍ കൌശല്‍ എന്ന ജ്യോത്സ്യന്‍ സുപ്രീംകോടതിയെ സമീപിക്കുകയും വാദങ്ങള്‍ക്കൊടുവില്‍ 2013 ഡിസംബറില്‍ ജസ്റ്റിസ് സിംഗ്‍വി, ജസ്റ്റിസ് മുഖോപാധ്യായ എന്നിവര്‍ ഉള്‍പ്പെട്ട സുപ്രീംകോടതി ബഞ്ച് ദല്‍ഹി ഹൈക്കോടതിയുടെ വിധി അസാധുവാക്കുകയും ചെയ്തു (Suresh Kumar Koushal and another V. Naz Foundation and Others). 377-വകുപ്പ് ഭരണഘടനയ്ക്ക് എതിരല്ല എന്ന് സുപ്രീംകോടതി അന്ന് അഭിപ്രായപ്പെട്ടിരുന്നു. “നിസ്സാരമായ” അംഗബലം മാത്രമുള്ള ഒരു ന്യൂനപക്ഷത്തിന് (minuscule minority) ഭരണഘടനയുടെ സംരക്ഷണം നല്‍കേണ്ടതില്ല എന്ന് വിധിയില്‍ സൂചിപ്പിച്ചിരുന്നു. ഫലത്തില്‍ ആ വിധിയിലൂടെ സ്വവര്‍ഗലൈംഗികബന്ധങ്ങള്‍ വീണ്ടും കുറ്റകരമായി മാറി.

മേല്‍പ്പറഞ്ഞ വിധിക്കെതിരെ എല്‍.ജി.ബി.ടി. സന്നദ്ധപ്രവര്‍ത്തകര്‍ സമര്‍പ്പിച്ച പുനപരിശോധനാഹര്‍ജികള്‍ (review petition) 2014 ജനുവരിയില്‍ സുപ്രീംകോടതി തള്ളിക്കളഞ്ഞിരുന്നു. ഇതിനെതിരെ എല്‍.ജി.ബി.ടി. സന്നദ്ധപ്രവര്‍ത്തകരും നാസ് ഫൌണ്ടേഷനും സുപ്രീംകോടതിയില്‍ പ്രതിവിധിഹര്‍ജി നല്‍കുകയായിരുന്നു.

എട്ടു പ്രതിവിധി ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണനയ്ക്കെടുത്തത്. ഉത്തരേന്ത്യയിലെ ചില ക്രിസ്ത്യന്‍ സഭകളും അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോര്‍ഡും സ്വവര്‍ഗലൈംഗികബന്ധം നിയമവിധേയമാക്കുന്നതിന് തങ്ങള്‍ എതിരാണ് എന്ന് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതി വിധിക്കെതിരല്ലെന്നും സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

ദൂരവ്യാപകമായ ഭരണഘടനാപ്രാധാന്യമുള്ള പ്രശ്നമാണ് ഇതെന്നും അതിനാല്‍ അഞ്ചംഗബഞ്ച് കേസ് പരിശോധിക്കണം എന്നും മുതിര്‍ന്ന അഭിഭാഷകനായ അഡ്വ. കപില്‍ സിബല്‍ കോടതിയോട് അഭ്യര്‍ഥിച്ചു. വ്യക്തികളുടെ ഏറ്റവും സ്വകാര്യവും അമൂല്യവുമായ ജീവിതഭാഗമാണ് ലൈംഗികത എന്നും അതിനെ ഹനിക്കുന്ന ഒരു നിയമമെന്നനിലയില്‍ 377-വകുപ്പിന്റെ സാധുത കോടതി പരിശോധിക്കണം എന്നും ശ്രീ. സിബല്‍ കോടതിയില്‍ അഭ്യര്‍ഥിച്ചു. 2012 മാര്‍ച്ചില്‍ ഉത്തരവ് പറയാന്‍ വച്ചിരുന്ന വിധി 2014 ഡിസംബറില്‍ ആണ് പുറപ്പെടുവിച്ചതെന്നും അതിനിടയിലുള്ള 21 മാസക്കാലയളവില്‍ നിയമഭേദഗതികള്‍ ഉള്‍പ്പെടെ കോടതി പരിശോധിക്കാതിരുന്ന പല സംഭവവികാസങ്ങളും ഉണ്ടായി എന്നും ഹര്‍ജിക്കാര്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഹൈക്കോടതി വിധിയെതുടര്‍ന്നു ആയിരക്കണക്കിന് എല്‍.ജി.ബി.ടി. വ്യക്തികള്‍ ഇക്കാലയളവില്‍ തങ്ങളുടെ ലൈംഗികതന്മ പുറത്തുപറഞ്ഞതായും അവര്‍ ഇപ്പോള്‍ നിയമനടപടിഭീഷണി നേരിടേണ്ടി വരുന്ന അവസ്ഥയാണെന്നും കോടതിയെ അവര്‍ അറിയിച്ചു.

ചുരുക്കത്തില്‍ വാദങ്ങള്‍ കേട്ടശേഷം, പ്രധാനപ്പെട്ട ഭരണഘടനാമാനങ്ങള്‍ ഉള്‍പ്പെട്ട പ്രശ്നമാണിതെന്നും അതിനാല്‍ അഞ്ചംഗഭരണഘടനാബഞ്ചിന് കേസ് വിടുകയാണെന്നും ജസ്റ്റിസ് ഠാക്കൂര്‍ പ്രസ്താവിച്ചു. വാദപ്രതിവാദത്തിനു ഹാജരാവാനുള്ള നോട്ടീസുകളൊന്നും ഇപ്പോള്‍ പുറപ്പെടുവിക്കുന്നില്ലെന്നും ആവശ്യമുണ്ടെങ്കില്‍ അഞ്ചംഗഭരണഘടനാബഞ്ച് അത് ചെയ്യുമെന്നും ജഡ്ജി പറഞ്ഞു. മുന്‍ബഞ്ച് പക്ഷഭേദപരമായി തീരുമാനമെടുത്തോ എന്ന് പരിശോധിക്കാനുള്ള പരിമിതഉത്തരവാദിത്തമുള്ള ഒരു പ്രതിവിധിബഞ്ചിനു പകരം സമഗ്രമായി വാദപ്രതിവാദം നടത്തി പ്രശ്നത്തില്‍ തീരുമാനമെടുക്കാനുള്ള ഭരണഘടനാബഞ്ചിനു കേസ് വിടുകയാണ് എന്ന്  നാസ് ഫൌണ്ടേഷനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ അഡ്വ. ആനന്ദ് ഗ്രോവറിനോട് കോടതി പറഞ്ഞു.

തുറന്ന കോടതിയില്‍ കേസിന്റെ വാദം കേട്ട് വിധി പറഞ്ഞ ന്യായാധിപന്മാര്‍ തന്നെയാണ് തങ്ങളുടെ മുറിക്കുള്ളില്‍ അതിന്റെ പുനപരിശോധനാഹര്‍ജികളും (review petition) പരിഗണിക്കുക. ഇരുഭാഗത്തുമുള്ള അഭിഭാഷകര്‍ ആ സമയത്ത് ഹാജരായിരിക്കില്ല. പുനപരിശോധനാഹര്‍ജികള്‍ തള്ളപ്പെടുകയാണ് പതിവ്. പുനപരിശോധനാ ഹര്‍ജി തള്ളപ്പെടുന്നതോടെ കേസ് അവസാനിക്കുന്നു. 2002-ലാണ് പുനപരിശോധനാഹര്‍ജിക്ക് മുകളിലായി പ്രതിവിധിഹര്‍ജി (curative petition) എന്ന പുതിയ ആശയം കോടതി മുന്നോട്ടുവയ്ക്കുന്നത്. ന്യായാധിപന്മാരുടെ മുറിക്കുള്ളില്‍ തന്നെയാണ് പ്രതിവിധിഹര്‍ജികളുടെ തീരുമാനവും എടുക്കുകപതിവ്. ഇതിനു വിപരീതമായി തുറന്ന കോടതിമുറിയിലാണ് ഇന്നലെ പ്രതിവിധിഹര്‍ജിയില്‍ കോടതി വാദം കേട്ടത്.

അഞ്ജലി ഗോപാലന്‍

അഞ്ജലി ഗോപാലന്‍

എട്ടു ഹര്‍ജിക്കാരില്‍ ഒന്നായ നാസ് ഫൌണ്ടേഷന്റെ സ്ഥാപകയായ അഞ്ജലി ഗോപാലന്‍ കോടതിവിധി അറിഞ്ഞശേഷം സന്തോഷം പങ്കുവച്ചു. അടഞ്ഞുപോയി എന്ന് കരുതിയ നിയമവ്യവസ്ഥയുടെ വഴി തുറന്നുകിട്ടിയതിലും കോടതിയുടെ മനോവിചാരത്തില്‍ മാറ്റം വന്നു എന്ന് അറിയാന്‍ കഴിഞ്ഞതിലും വലിയ സന്തോഷമുണ്ട് എന്ന് അവര്‍ പറഞ്ഞു.

ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികളെപ്പറ്റിയുള്ള വിധി: ഏപ്രില്‍ 2014-ല്‍ ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികളുടെ അവകാശങ്ങള്‍ പ്രഖ്യാപിച്ചു കൊണ്ട് ജസ്റ്റിസ് രാധാകൃഷ്ണന്‍, ജസ്റ്റിസ് സിക്രി എന്നിവരുള്‍പ്പെട്ട സുപ്രീംകോടതിബഞ്ച് പുറപ്പെടുവിച്ച വിധിയില്‍ 2013 വിധിയെ പരോക്ഷമായി വിമര്‍ശിച്ചിരുന്നു (National Legal Services Authority v. Union of India). “നിസ്സാര” അംഗസംഖ്യ മാത്രമേയുള്ളൂ എങ്കിലും ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ക്കും ഭരണഘടന പ്രദാനം ചെയ്യുന്ന മൌലികാവകാശങ്ങള്‍ക്ക് അവകാശമുണ്ട്‌ എന്ന് കോടതി നിരീക്ഷിച്ചിരുന്നു. മൌലികാവകാശങ്ങളുടെ സംരക്ഷണത്തിനായി രാഷ്ട്രീയക്കാര്‍ നിയമം നിര്‍മിക്കുന്നതിനായി കാത്തിരിക്കേണ്ട എന്നാണ് കോടതിയുടെ പക്ഷം.