377-വകുപ്പ് ഭേദഗതി ബില്‍ ചര്‍ച്ചചെയ്യാതെ ലോക്സഭ തള്ളി

shashi tharoorസ്വവര്‍ഗലൈംഗികവേഴ്ച കുറ്റവിമുക്തമാക്കുന്നതിനായി കോണ്‍ഗ്രസ്‌ പാര്‍ലമെന്‍റ് അംഗം ഡോ. ശശി തരൂര്‍ അവതരിപ്പിച്ച വ്യതിഗത ബില്‍ ലോക്സഭ ചര്‍ച്ചക്കെടുക്കാതെ തള്ളിക്കളഞ്ഞു (18.12.2015).  ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377 വകുപ്പില്‍ ഭേദഗതി വരുത്തുവാന്‍ വേണ്ടി കൊണ്ടുവന്ന ബില്‍ ആണ് തള്ളിക്കളഞ്ഞത്. 

1860ല്‍ അന്നത്തെ ബ്രിട്ടീഷ് ഗവര്‍മെന്റ് ഇന്ത്യയില്‍ നടപ്പാക്കിയതാണ്‌ ഇന്ത്യന്‍ ശിക്ഷാനിയമം. ഇതിന്റെ 377-വകുപ്പ്പ്രകാരം പുരുഷനോടോ സ്ത്രീയോടോ ജന്തുക്കളോടോ ‘പ്രകൃതിവിരുദ്ധ’വേഴ്ചയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ജീവപര്യന്തം തടവോ, പത്തുവര്‍ഷംവരെ വെറുംതടവോ കഠിനതടവോ പിഴയോ ശിക്ഷയായി നല്‍കാവുന്നതാണ്.  സ്വവര്‍ഗലൈംഗികതയെപ്പറ്റി സ്പഷ്ടമായി ഇതില്‍ പ്രതിപാദിക്കുന്നില്ലെങ്കിലും സ്വവര്‍ഗപ്രേമികളെ പീഡിപ്പിക്കുവാനാണ് നിയമപാലകരും വ്യവസ്ഥിതിയും പ്രധാനമായും ഈ വകുപ്പ് ഉപയോഗിച്ചുവരുന്നത്. ഫലത്തില്‍ പരസ്പരതാല്പര്യത്തോടെയുള്ള മുതിര്‍ന്ന വ്യക്തികളുടെ ലൈംഗികവേഴ്ച പോലും കുറ്റകരമാണ്. ബ്രിട്ടീഷ് നിയമം വരുന്നതിനു മുമ്പ് സ്വവര്‍ഗലൈംഗികത ഇന്ത്യയില്‍ കുറ്റകരമായിരുന്നില്ല. ബ്രിട്ടന്റെ അടിമരാജ്യമായി ഇരുന്നൂറു വര്‍ഷത്തോളം ഇരുന്ന ഇന്ത്യ സ്വാതന്ത്ര്യപാപ്തിക്ക്ശേഷവും ബ്രിട്ടീഷ് കാടന്‍ നിയമങ്ങള്‍ പുല്‍കുന്ന കാഴ്ചയാണ് നാം കണ്ടത്. 1967ല്‍ ബ്രിട്ടന്‍ അവരുടെ നിയമം ഭേദഗതി ചെയ്ത് സ്വവര്‍ഗലൈംഗികത കുറ്റവിമുക്തമാക്കുകയും 2005 മുതല്‍ വിവാഹാവകാശം നല്‍കുകയും ചെയ്തു.

പരസ്പരസമ്മതത്തോടുകൂടിയുള്ള ഒരേ ലിംഗത്തില്‍പ്പെട്ടവരുടെ ലൈംഗികവേഴ്ച കുറ്റവിമുക്തമാക്കിക്കൊണ്ട് 2009-ല്‍ ദല്‍ഹി ഹൈക്കോടതി വിധി പ്രസ്താവിച്ചിരുന്നു. ലോകമൊട്ടാകെയുള്ള മനുഷ്യാവകാശപ്രവര്‍ത്തകരും എല്‍.ജി.ബി.ടി. വ്യക്തികളും ഈ വിധിയെ സ്വാഗതം ചെയ്യുകയുണ്ടായി. ഇതിനെതിരെ ചിലര്‍ സുപ്രീംകോടതിയെ സമീപിച്ചു. രണ്ടുവര്‍ഷത്തിനു ശേഷം “എല്‍.ജി.ബി.ടി. എന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യക്തികള്‍ തീരെ ചെറിയ ഒരു ന്യൂനപക്ഷമാണ് ” എന്ന പ്രസ്താവനയോടെ സുപ്രീം കോടതി ദല്‍ഹി ഹൈക്കോടതിയുടെ വിധി അസാധുവാക്കി. ഇതിനെപ്പറ്റി പാര്‍ലമെന്‍റ് ചര്‍ച്ചചെയ്തു തീരുമാനം എടുക്കാവുന്നതാണ് എന്നും സുപ്രീം കോടതി വിധിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ച് പരസ്പരസമ്മതത്തോടുകൂടിയുള്ള ലൈംഗികവേഴ്ച കുറ്റവിമുക്തമാക്കാനുള്ള നിയമഭേദഗതിബില്ലാണ് ഡോ. ശശി തരൂര്‍ കൊണ്ടുവന്നത്. ബില്‍ പാസ്സാക്കുന്നത്‌ പോവട്ടെ, ലക്ഷക്കണക്കിന്‌ സ്വവര്‍ഗാനുരാഗികളെ ബാധിക്കുന്ന ഈ വിഷയത്തെപറ്റി ചര്‍ച്ച ചെയ്യാന്‍ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ പോലും ഇന്ത്യന്‍ പാര്‍ലമെന്‍റ് ഒരുക്കമല്ല എന്നത് വളരെ നിരാശാജനകമാണ്.

സാധാരണഗതിയില്‍ വ്യതിഗതബില്ലുകള്‍ പാര്‍ലമെന്‍റ് പാസ്സാക്കാറില്ല. പക്ഷെ ഇത്തരം ബില്ലുകള്‍ പാര്‍ലമെന്‍റ് പരിഗണിക്കുകയും അതിന്മേല്‍ ഫലപ്രദമായ ചര്‍ച്ചകള്‍ നടത്തുകയും ചെയ്യാറുണ്ട്. ഈ പതിവിനുവിരുദ്ധമായി ശശി തരൂരിന്റെ ബില്ല് ചര്‍ച്ചക്കെടുക്കാന്‍ പോലും ലോകസഭ തയ്യാറായില്ല. ബില്‍ ചര്‍ച്ചക്കെടുക്കണമോ എന്ന പ്രമേയം 24-നെതിരെ 71 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. 545 അംഗങ്ങള്‍ ഉള്ള ലോക്സഭയില്‍ വെറും 95 പേര്‍ മാത്രമാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്.

ബി.ജെ.പി. അംഗങ്ങള്‍ ബില്ലിനെ നിശിതമായി എതിര്‍ത്തു. തൃണമൂല്‍ കോണ്‍ഗ്രസ്‌, ബിജു ജനതാദള്‍ മുതലായ രാഷ്ട്രീയപാര്‍ട്ടികള്‍ ബില്‍ ചര്‍ച്ചചെയ്യുന്നതിന് അനുകൂലമായി വോട്ടുചെയ്തു. പല കോണ്‍ഗ്രസ്‌ അംഗങ്ങളും ലോക്സഭയില്‍ നിന്ന് വോട്ടെടുപ്പില്‍ പങ്കെടുക്കാതെ ഇറങ്ങിപ്പോകുകയുണ്ടായി.  പരസ്പരസമ്മതത്തോടുകൂടിയുള്ള സ്വവര്‍ഗലൈംഗികബന്ധങ്ങള്‍ പോലും സുപ്രീംകോടതി കുറ്റകരമാക്കിയിട്ടുണ്ട് എന്ന് ബി.ജെ.പി. പാര്‍ലമെന്‍റ് അംഗം നിഷികാന്ത് ദുബെ വാദിച്ചു. അതിനാല്‍ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ പാടില്ല എന്ന് അദ്ദേഹം നിലപാട് വ്യക്തമാക്കി. പാര്‍ലമെന്‍റ് ഈ വിഷയം ചര്‍ച്ച ചെയ്തു തീരുമാനിക്കണം എന്ന് സുപ്രീംകോടതി വിധിച്ച കാര്യം തരൂര്‍ അപ്പോള്‍ ചൂണ്ടിക്കാണിച്ചു. ഈ ബില്‍ ഇനിയും പാര്‍ലമെന്റിന്റെ പരിഗണനയില്‍ കൊണ്ടുവരും എന്ന് ഡോ. ശശി തരൂര്‍ പിന്നീട് പറഞ്ഞു.

ഊണിലും ഉറക്കത്തിലും “വികസനം” എന്ന മന്ത്രം ഉരുവിടുന്ന ഇന്ത്യന്‍ രാഷ്ട്രീയവ്യവസ്ഥയും ജനാധിപത്യപരം എന്ന് അവകാശപ്പെടുന്ന നിയമവ്യവസ്ഥയും എല്‍.ജി.ബി.ടി. വ്യക്തികളുടെ നിസ്സാരമനുഷ്യാവകാശ പ്രാര്‍ത്ഥനകളോട് ഇനിയും എത്രകാലം പുറംതിരിഞ്ഞ് നില്‍ക്കും എന്ന് കണ്ടുതന്നെ അറിയാം.