സ്വകാര്യത ഇനി ഒരു മൌലികാവകാശം

സ്വകാര്യത ഒരു മൌലികാവകാശം: ചരിത്രപ്രധാനമായ സുപ്രീംകോടതി വിധി

സ്വകാര്യത ഒരു മൌലികാവകാശമാണെന്ന് സുപ്രീംകോടതിയുടെ ഒമ്പതംഗബഞ്ച് വ്യാഴാഴ്ച ഐകകണ്‌ഠ്യേന വിധിച്ചു. സ്വകാര്യത എന്ന അവകാശം ജീവിക്കാനുള്ള അവകാശം, വ്യക്തിസ്വാതന്ത്ര്യം എന്നിവ സംരക്ഷിക്കുന്ന ഭരണഘടനാ ആര്‍ട്ടിക്കിള്‍ 21-ന്റെ ഒരു അനിവാര്യഘടകവും ഭരണഘടനയുടെ ഭാഗം-3 വാഗ്ദാനം ചെയ്യുന്ന സ്വാതന്ത്ര്യങ്ങളുടെ അംശമാണെന്നും 547 പേജ് വരുന്ന വിധിപ്രമാണത്തില്‍ സുപ്രീം കോടതി കല്പിച്ചു.

ആധാര്‍ പദ്ധതിയുടെ സ്വകാര്യതാകുരുക്കുകളും അവയുടെ ഭരണഘടനാസാധുതയും വിശകലനം ചെയ്യുന്ന ഒരു കേസിന്റെ ഭാഗമായാണ് ഈ ഭരണഘടനാബഞ്ച് രൂപീകരിക്കപ്പെട്ടത്. സ്വകാര്യത എന്ന അവകാശത്തെപ്പറ്റി ഭരണഘടനയില്‍ പ്രത്യക്ഷമായി പരാമര്‍ശിച്ചിട്ടില്ലെങ്കിലും ആര്‍ട്ടിക്കിള്‍ 21-ല്‍ (ജീവിക്കാനുള്ള അവകാശം) അത് പരോക്ഷമായി അന്തര്‍ഭവിച്ചിട്ടുണ്ടോ എന്ന് കോടതി പരിശോധിച്ചു. ഗേ ലൈംഗികബന്ധങ്ങള്‍ കുറ്റകരമായി ചിത്രീകരിക്കുന്ന ഐ.പി.സി. സെക്ഷന്‍ 377-ന് ഭരണഘടനാസാധുതയുണ്ടെന്നുള്ള സുപ്രീം കോടതിയുടെ 2013 ലെ വിധി ഇന്നലത്തെ കോടതിവിധിയില്‍ ശക്തമായി വിമര്‍ശിക്കപ്പെടുകയുണ്ടായി. “സ്വകാര്യത ഒരു സ്വാഭാവികമായ അവകാശമാണ്. അത് നല്കപ്പെട്ടതല്ല, അത് മുമ്പേതന്നെ സ്വായത്തമായതാണ്. അത് ഒരു വ്യക്തിയെ ബഹുമാനിക്കുന്നതിനെപ്പറ്റിയുള്ളതാണ്. വ്യക്തമായ കാരണങ്ങളില്ലാതെ ഒരു വ്യക്തിയുടെ സ്വകാര്യത ഖണ്ഡിക്കുന്നത് അനഭിലഷണീയമാണ്” കോടതി പറഞ്ഞു.

ജസ്റ്റിസ്‌ ഷാ

പ്രായപൂര്‍ത്തിയെത്തിയ സ്വവര്‍ഗാനുരാഗികളായ വ്യക്തികള്‍ പരസ്പരസമ്മതത്തോടെ ചെയ്യുന്ന ലൈംഗികബന്ധം കുറ്റകരമല്ലെന്നും ആ പരിധിവരെ ഐ.പി.സി. സെക്ഷന്‍ 377 ഭരണഘടനാവിരുദ്ധവും വിവേചനപരവുമാണെന്ന് 2009-ലെ ദല്‍ഹി ഹൈക്കോടതിവിധിയില്‍ ജസ്റ്റിസ്‌ എ.പി.ഷാ പറഞ്ഞിരുന്നു. ഈ വിധിയെ ജസ്റ്റിസ്‌ ജി.എസ്.സിംഗ്‌വിയും എസ്.കെ.മുഖോപാധ്യായയും ഉള്‍പ്പെട്ട സുപ്രീംകോടതി ബഞ്ച് 2013-ല്‍ അസാധുവാക്കി. ഐ.പി.സി. സെക്ഷന്‍ 377-ന് ഭരണഘടനാസാധുതയുണ്ടെന്നും അന്ന് സുപ്രീംകോടതി വിധിക്കുകയുണ്ടായി. ഫലത്തില്‍ 2013-ലെ വിധിയോടെ സ്വവര്‍ഗലൈംഗികത വീണ്ടും ഒരു കുറ്റകൃത്യമായി വ്യാഖ്യാനിക്കപ്പെട്ടു. ‘രാജ്യത്തെ ജനസംഖ്യയുടെ നിസ്സാരമായ അംശം’ മാത്രമാണ് ഐ.പി.സി. സെക്ഷന്‍ 377-നാല്‍ ബാധിക്കപ്പെടുന്നതെന്നും അതിനാല്‍ ആ സെക്ഷന്‍ വിവേചനപരമാണെന്ന് പറയാന്‍ സാധിക്കില്ലെന്നും അന്ന് ജസ്റ്റിസ്‌ ജി.എസ്.സിംഗ്‌വി പറഞ്ഞിരുന്നു.

സ്വകാര്യതാവകാശം സംബന്ധിച്ച ഇപ്പോഴത്തെ കേസ് ചീഫ് ജസ്റ്റിസ്‌ ജെ.എസ്.ഖേക്കര്‍, ജസ്റ്റിസ്‌ ആര്‍.കെ.അഗര്‍വാള്‍, ജസ്റ്റിസ്‌ എസ്.അബ്ദുള്‍ നസീര്‍, ജസ്റ്റിസ്‌ ഡി.വൈ.ചന്ദ്രചൂഡ്‌, ജസ്റ്റിസ്‌ ജെ.ചെലമേശ്വര്‍, ജസ്റ്റിസ്‌ എസ്.എ.ബോബ്ടെ, ജസ്റ്റിസ്‌ ആര്‍.എഫ്.നരിമാന്‍, ജസ്റ്റിസ്‌ എ.എം.സാപ്രെ, ജസ്റ്റിസ്‌ എസ്.കെ.കൌള്‍ എന്നിവര്‍ ഉള്‍പ്പെട്ട ഒന്‍പതംഗബഞ്ചാണ് പരിശോധിച്ചത്.

ചീഫ് ജസ്റ്റിസ്‌ ജെ.എസ്.ഖേക്കര്‍, ജസ്റ്റിസ്‌ ആര്‍.കെ.അഗര്‍വാള്‍, ജസ്റ്റിസ്‌ എസ്.അബ്ദുള്‍ നസീര്‍, ജസ്റ്റിസ്‌ ഡി.വൈ.ചന്ദ്രചൂഡ്‌ എന്നിവര്‍ക്ക് വേണ്ടി വിധി എഴുതിയ ജസ്റ്റിസ്‌ ഡി.വൈ.ചന്ദ്രചൂഡ്‌ താഴെ പ്രകാരം പ്രസ്താവിച്ചു.

“ഗേ, ലെസ്ബിയന്‍, ബൈസെക്ഷ്വല്‍, ട്രാന്‍സ്ജെണ്ടര്‍ വ്യക്തികള്‍ ‘രാജ്യത്തെ ജനസംഖ്യയുടെ നിസ്സാരമായ അംശം’ മാത്രമാണ് എന്നത് അവര്‍ക്ക് സ്വകാര്യത എന്ന അവകാശം നിഷേധിക്കാനുള്ള ഒരു കാരണമേയല്ല. നിയമസഭയുടെയോ ഭൂരിപക്ഷം പൌരന്മാരുടെയോ ആക്രമണമില്ലാതെ അവകാശങ്ങള്‍ നിര്‍വഹിക്കാന്‍ ന്യൂനപക്ഷത്തിനെ പ്രാപ്തരാക്കാന്‍ വേണ്ടിയാണ് ചില അവകാശങ്ങള്‍ ഭരണഘടന വാഗ്ദാനം ചെയ്യുന്ന മൌലികാവകാശങ്ങളായി ഉയര്‍ത്തപ്പെടുന്നത്. ഭരണഘടനാവകാശങ്ങളുടെ വാഗ്ദാനം ഭൂരിപക്ഷത്തിന്റെ താല്പര്യങ്ങളുമായി ബന്ധപ്പെട്ടതല്ല. ഭൂരിപക്ഷജനങ്ങള്‍ അംഗീകരിക്കുന്നുണ്ടോ ഇല്ലയോ എന്നത്‌ ഭരണഘടനാവകാശങ്ങള്‍ ലംഘിക്കാനുള്ള പ്രാമാണികമായ അടിസ്ഥാനവുമല്ല. തങ്ങളുടെ വീക്ഷണങ്ങള്‍, വിശ്വാസങ്ങള്‍, ജീവിതരീതികള്‍ എന്നിവ മുഖ്യധാരയില്‍ നിന്ന് അകന്നു നില്‍ക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ട് ചില ന്യൂനപക്ഷങ്ങള്‍ വിവേചനം എന്ന ഭീഷണമായ ആപത്ത് നേരിടുന്നു. എന്നിരുന്നാലും, നിയമവാഴ്ചയില്‍ അടിസ്ഥാനമായ ജനായത്തഭരണഘടന മറ്റു പൌരന്മാരെപ്പോലെ ആ ന്യൂനപക്ഷങ്ങളുടേയും സ്വാതന്ത്ര്യം, സ്വേച്ഛ മുതലായ അവകാശങ്ങള്‍ സംരക്ഷിക്കുന്നു. ലൈംഗികചായ്‌വ് സ്വകാര്യതയുടെ ഒരു സുപ്രധാനഭാഗമാണ്. ലൈംഗികചായ്‌വിനെ ആധാരമാക്കിയുള്ള വിവേചനം ഒരു വ്യക്തിയുടെ അന്തസ്സിനേയും സ്വാഭിമാനത്തിനെയും ആഴത്തില്‍ ബാധിക്കുന്നു. ഓരോ വ്യക്തിയുടെയും ലൈംഗികചായ്‌വ് സമൂഹത്തില്‍ തുല്യനിലയില്‍ സംരക്ഷിക്കപ്പെടെണ്ടതാണ്. സ്വകാര്യത എന്ന അവകാശവും ലൈംഗികചായ്‌വിന്റെ സംരക്ഷണവും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 15, 21 എന്നിവ വാഗ്ദാനം ചെയ്യുന്ന മൌലികാവകാശങ്ങളുടെ കാതലായ ഭാഗത്ത്‌ നിലകൊള്ളുന്നു.

ജസ്റ്റിസ്‌ ഡി.വൈ.ചന്ദ്രചൂഡ്‌ ഐ.പി.സി. സെക്ഷന്‍ 377-നെപ്പറ്റി ജസ്റ്റിസ്‌ ജി.എസ്.സിംഗ്‌വി 2013-ല്‍ പ്രസ്താവിച്ച വിധിയെ കൂടുതലായി വിശകലനം ചെയ്തു.

“എല്‍.ജി.ബി.ടി. വ്യക്തികളുടെ ‘അവകാശങ്ങളെന്ന് പറയപ്പെടുന്ന അവകാശങ്ങള്‍’ സംരക്ഷിക്കാനുള്ള ഉത്സുകതയില്‍ ദല്‍ഹി ഹൈക്കോടതി അന്താരാഷ്ട്ര കീഴ് വഴക്കങ്ങളെ അനാവശ്യമായി പ്രമാണമാക്കി എന്നുള്ള സുപ്രീംകോടതിയുടെ 2013-ലെ വീക്ഷണം നിലനില്‍ക്കില്ല. ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ്ജെണ്ടര്‍ വ്യക്തികളുടെ അവകാശങ്ങളെ ‘അവകാശങ്ങളെന്ന് പറയപ്പെടുന്ന അവകാശങ്ങള്‍’ എന്ന് വ്യാഖ്യാനിക്കാന്‍ സാധിക്കില്ല. ‘അവകാശങ്ങളെന്ന് പറയപ്പെടുന്ന’ എന്ന പദപ്രയോഗം ആ അവകാശങ്ങള്‍ യഥാര്‍ത്ഥമായ അവകാശങ്ങളല്ല എന്ന് വ്യംഗ്യമായി സൂചിപ്പിക്കുന്നു. എല്‍.ജി.ബി.ടി. വ്യക്തികളുടെ അവകാശങ്ങള്‍ ‘അവകാശങ്ങളെന്ന് പറയപ്പെടുന്ന അവകാശ’ങ്ങളല്ല, അതിനു വിരുദ്ധമായി, ബലവത്തായ ഭരണഘടനാസിദ്ധാന്തത്തെ ആധാരമാക്കിയുള്ള യഥാര്‍ത്ഥമായ അവകാശങ്ങളാണ്. അവ ജീവിക്കാനുള്ള അവകാശത്തില്‍ അന്തര്‍ലീനമാണ്. സ്വകാര്യതയിലും വ്യക്തികളുടെ അന്തസ്സിലും നിലകൊള്ളുന്നവയാണ്. സ്വാതന്ത്ര്യത്തിന്റെയും സ്വേച്ഛയുടെയും സാരാംശമാണ് അവ. ലൈംഗികചായ്‌വ് ഒരു വ്യക്തിയുടെ സ്വത്വത്തിന്റെ അന്തഃസാരമാണ്. തുല്യസംരക്ഷണം എന്ന മൌലികാവകാശം നിഷ്കര്‍ഷിക്കുന്നത് വിവേചനരഹിതമായി ഓരോവ്യക്തിയുടെയും സ്വത്വത്തിനെ സംരക്ഷിക്കണം എന്നാണ്.”

2013-ലെ ജസ്റ്റിസ്‌ ജി.എസ്.സിംഗ്‌വിയുടെ വിധിക്കെതിരായ പ്രതിവിധി ഹര്‍ജി ഇപ്പോള്‍ സുപ്രീംകോടതി ബഞ്ചിന്റെ പരിഗണനയിലാണ്. 2013-ലെ വിധിയെ ഇന്നലത്തെ വിധി അസാധുവാക്കുന്നില്ലെങ്കിലും ഈ വിധിയാല്‍ കോടതി സൂചിപ്പിക്കുന്നതെന്താണ് എന്ന് വ്യക്തം.

“മൌലികാവകാശങ്ങളുടെ മേലുള്ള കടന്നാക്രമണം ഭൂരിപക്ഷത്തിന്റെ മേല്‍ ആണെങ്കില്‍ മാത്രം അക്ഷന്തവ്യമായതല്ല. വിദ്വേഷാത്മകമായ വിവേചനം ഭരണഘടനാപരമായി അനുവദനീയമല്ല എന്നതെന്തെന്നാല്‍ ഒരു വ്യക്തി അവന്റെ അവകാശങ്ങളെ പ്രയോഗിക്കുന്നതില്‍ വിറങ്ങലിപ്പ്/സ്തംഭനം (chilling effect) അവ ഉളവാക്കുന്നു എന്നതിനാലാണ്…ഇത്തരം വിറങ്ങലിപ്പ് ഒരു വ്യക്തിയുടെ ലൈംഗികചായ്‌വ് സ്വേച്ഛമായി പൂര്‍ണതയില്‍ എത്തുന്നതിനെ ഭീഷണമായി തടയുന്ന അവസ്ഥ സംജാതമാക്കുന്നു. അതിനാല്‍ത്തന്നെ കുറച്ചുപേര്‍ മാത്രമാണ് സെക്ഷന്‍ 377-നാല്‍ പ്രോസിക്യൂട്ട് ചെയ്യപ്പെട്ടത് എന്നതുകൊണ്ട്‌ അത് അവകാശലംഘനമല്ല എന്നുള്ള വാദം അംഗീകരിക്കാനാവില്ല. തത്‌ഫലമായി, എല്‍.ജി.ബി.ടി. വ്യക്തികളുടെ ആത്മാഭിമാന-സ്വകാര്യതയെപ്പറ്റി 2013-ലെ വിധിയില്‍ പറഞ്ഞവിധത്തിനോട് ഞങ്ങള്‍ വിയോജിക്കുന്നു. എന്നാല്‍ സെക്ഷന്‍ 377 ഈ കോടതിയുടെ ഒരു വലിയ ബെഞ്ചിന്റെ പരിഗണയില്‍ ഇരിക്കുന്നതിനാല്‍ അതിന്റെ ഭരണഘടനാസാധുതയുടെ തീരുമാനം ഉചിതമായ നടപടിക്രമത്തിന് വിട്ടുകൊടുക്കുന്നു.” കോടതി പറഞ്ഞു.

അഞ്ജലി ഗോപാലന്‍

“ഞാന്‍ ഇപ്പോള്‍ ചന്ദ്രനും മുകളിലാണ്” 2001-ല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ സെക്ഷന്‍ 377-നെതിരെ ഹര്‍ജി സമര്‍പ്പിച്ച നാസ് ഫൌണ്ടെഷന്‍ സ്ഥാപകയായ അഞ്ജലി ഗോപാലന്‍ സന്തോഷം പ്രകടിപ്പിച്ചു.

നാസ് ഫൌണ്ടെഷന്റെ അഭിഭാഷകനായ അഡ്വ.ആനന്ദ് ഗ്രോവര്‍ ഇങ്ങനെ പ്രതികരിച്ചു: “ഭാവിയില്‍ സെക്ഷന്‍ 377-നെപ്പറ്റിയുള്ള തീരുമാനങ്ങളെ ഈ കല്‍പ്പന സ്വാധീനിക്കും. ആദ്യമായാണ്‌ സ്വര്‍ഗ്ഗലൈംഗികതയെപ്പറ്റി ഈ കോടതി പ്രതിപാദിക്കുന്നത്. ലൈംഗികതയുള്‍പ്പെടെയുള്ള വ്യക്തിപരമായ തീരുമാനങ്ങള്‍ എടുക്കാനുള്ള അവകാശം ഇന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്നു.”

ഗൌതം ഭാന്‍

“ഞാന്‍ ഈ വിധി സ്വാഗതം ചെയ്യുന്നു. ലൈംഗികതയെ അവകാശങ്ങളുടേയും അന്തസ്സിന്റെയും ഭാഷയില്‍ പ്രതിപാദിച്ചത് ഒരു വലിയ ആശ്വാസമാണ്” -പൊതുപ്രവര്‍ത്തകനും സെക്ഷന്‍ 377-നെതിരായ ആദ്യഹര്‍ജിക്കാരില്‍ ഒരാളുമായ പ്രൊഫസര്‍ ഗൌതം ഭാന്‍ പ്രതികരിച്ചു.

2014-ല്‍ ട്രാന്‍സ്ജെണ്ടര്‍ വ്യക്തികളുടെ അവകാശങ്ങളെ അംഗീകരിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയിലെ ഹര്‍ജിക്കാരിയായ അക്കയ്‌ പദ്മശാലി ഇങ്ങനെ പറഞ്ഞു: “ലൈംഗികതയെ ദുര്‍വ്യാഖ്യാനം ചെയ്യുന്ന മതമൌലികവാദികളുടെ ചെകിട്ടില്‍ കിട്ടിയ ഒരു അടിയാണ് ഇത്. ഭൂരിപക്ഷചിന്താഗതി അടിച്ചേല്‍പ്പിക്കാന്‍ സാധ്യമല്ല എന്ന വസ്തുത പാര്‍ലമെന്റിന്റെ കണ്ണ് തുറപ്പിക്കുമെന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു.”

വിധിയുടെ പൂര്‍ണരൂപം ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം.
സൂചന: വിധിയുടെ തര്‍ജമ പദാനുപദമല്ല.
കടപ്പാട്: ലൈവ്മിന്റ്, ഹിന്ദുസ്ഥാന്‍ ടൈംസ്‌, സ്ക്രോള്‍ ഡോട്ട് ഇന്‍.