എന്റെ ജന്മദിനത്തിന്റെ അന്ന് ഞാൻ ലെസ്ബിയൻ ആണെന്ന് തുറന്ന് പറഞ്ഞു.

അന്തർദ്ദേശീയ ലെസ്ബിയൻ ദിനമായ ഒക്ടോബർ 8-ന് ക്വിയറളയുടെ റെയിൻബോ നെസ്റ്റിൽ ഒരു അഥിതി എത്തി. അടുത്തിടെ തന്റെ സ്വത്വം പൊതുസമൂഹത്തോട് വെളിപ്പെടുത്തിയ ധന്യ എന്ന സ്വവർഗാനുരാഗിയായ മലയാളി യുവതിയുടെ അനുഭവകഥ വായിച്ചറിഞ്ഞ പ്രിൻസി എന്ന ഈ വ്യക്തി തനിക്കും സമാന ജീവിതാനുഭവങ്ങൾ ഉണ്ടെന്ന് പങ്കുവെക്കുകയും ധന്യയുടെ നിർദ്ദേശപ്രകാരം ക്വിയറളയുമായി ബന്ധപ്പെടുകയുമായിരുന്നു. ലെസ്ബിയൻ ഐഡന്റിറ്റി വീട്ടിൽ വെളിപ്പെടുത്തിയ തന്റെ ജീവിതാനുഭവങ്ങൾ മറ്റുളളവരയുമായി പങ്കുവെച്ചാൽ  അത് തന്നെപ്പോലുള്ള   യുവതികൾക്കും  പെൺകുട്ടികൾക്കും  മനഃക്ലേശം ലഘൂകരിക്കാൻ ഉപകാരപ്രദവുമാവുമെന്ന് എന്ന് തികഞ്ഞ ആത്മവിശ്വാസത്തോടെ പറഞ്ഞ പ്രിൻസിയുമായി ക്വിയറള നടത്തിയ അഭിമുഖം ഇതാ.

ക്വിയറളക്ക് അഭിമുഖം നൽകുന്നതിന് നന്ദി, പ്രിൻസി. ധന്യയുടെ അഭിമുഖം കണ്ടപ്പോളാണോ നിങ്ങൾക്ക് ലെസ്ബിയൻ ഐഡന്റിറ്റി വെളിപ്പെടുത്തണം എന്ന ചിന്ത ഉണ്ടായത്?

എന്റെ വീട്ടിൽ കാര്യം ഞാൻ  ഈയടുത്തിടെ  അവതരിപ്പിച്ചിരുന്നു. എന്റെ ജന്മദിനം സെപ്റ്റംബർ മാസത്തിലാണ്. കഴിഞ്ഞ ജന്മദിനത്തിൽ സമ്മാനമായി എന്റെ അമ്മയോട് ഞാൻ ആവശ്യപ്പെട്ടത് ഈ കാര്യം പപ്പയുടെ അടുത്ത് പറയണം എന്നായിരുന്നു. കാര്യം നേരത്തെ അമ്മയോട് പറഞ്ഞിരുന്നു എങ്കിലും അമ്മയ്ക്ക് ഞാൻ ഒരു ലെസ്ബിയൻ പെൺകുട്ടി ആണെന്നുള്ള കാര്യം തുടക്കത്തിൽ സ്വീകാര്യകരമായിരുന്നില്ല. എന്നാൽ എന്റെ അമ്മയുടെ ഇളയ സഹോദരിക്ക് എന്നെപ്പോലെ ഒരു സുഹൃത്ത് ഉള്ളതുകൊണ്ട് ആന്റി എന്റമ്മയോട് വിഷയം വിശദമായി പറഞ്ഞു മനസ്സിലാക്കിയത് എനിക്ക് സഹായകമായി . ഞാൻ ആവശ്യപ്പെട്ടത് പോലെ അമ്മ എന്റെ ജന്മദിനത്തിന്റെ അന്ന് പാപ്പയോട് കാര്യമവതരിപ്പിച്ചു. എന്നോട് പൊതുവേ അധികം സംസാരിക്കാത്ത ഒരു പ്രകൃതകാരനായ അപ്പന്റെ  ഇത് നേരത്തെ തോന്നിയിരുന്നു എന്ന  പ്രതികരണം എന്നെ അത്ഭുതപ്പെടുത്തുകയാണുണ്ടായത്. 

പിന്നീടാണ് വളരെ യാദൃശ്ചികമായി ധന്യചേച്ചിയുടെ അഭിമുഖം ഞാൻ കാണുന്നതും ചേച്ചിക്ക് സന്ദേശം അയക്കുന്നതും മറ്റും. പുള്ളിക്കാരിയുടെ അഭിമുഖത്തിൽ പറഞ്ഞ മിക്ക കാര്യങ്ങളും എന്നെക്കുറിച്ചുള്ളതും കൂടെയായിരുന്നു . ആ അഭിമുഖം എനിക്ക് കൂടുതൽ ആത്മവിശ്വാസം തന്നു . ഈ കഴിഞ്ഞ ദിവസം ഞാൻ ചേച്ചിയെ നേരിൽ കണ്ടിരുന്നു.

ആ ദിവസം എന്റെ   ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിനമായി ഞാൻ കരുതുന്നു. കാരണം, ഞാനല്ലാതെ വേറെ ഒരു ലെസ്ബിയൻ സ്ത്രീയെ ആദ്യമായാണ് ഞാൻ നേരിൽ കാണുന്നത്.

അന്ന് ഞങ്ങൾ വിശദമായി സംസാരിച്ചിരുന്നു. അങ്ങനെയാണ് ഐഡന്റിറ്റി വീട്ടിൽ വെളിപ്പെടുത്തിയ എനിക്ക് അത് പൊതുസമൂഹത്തോടും പറയണം എന്ന ചിന്ത വന്നത്. എന്റെ ജീവിതാനുഭവം ചിലർക്കെങ്കിലും ഉപകാരപ്രദമാവുമെങ്കിൽ അത് നല്ലതാണെന്ന് ഞാൻ കരുതുന്നു.

ധന്യയുടെ അഭിമുഖം ക്വിയറളയുടെ വെബ്സൈറ്റിൽ വന്ന ശേഷം ചില ഓൺലൈൻ മാധ്യമങ്ങൾ അത് വാർത്തയാക്കിയിരുന്നല്ലോ; ചില വീഡിയോ ഇന്റർവ്യൂകളൂം തുടർന്ന് വന്നിരുന്നു. സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കുവെക്കപ്പെടുന്ന വിഡിയോ അഭിമുഖങ്ങൾക്കൊക്കെ  മിക്കപ്പോഴും വളരെ മോശം കമന്റുകളും വരാറുള്ളത് ശ്രദ്ധിച്ചുകാണുമല്ലോ. നിങ്ങളുടെ അനുഭവം പ്രസിദ്ധീകരിക്കപ്പെടുമ്പോഴും ഇതേ അവസ്ഥയ്ക്കുള്ള സാധ്യതയെ നിങ്ങൾ എങ്ങനെ നോക്കിക്കാണുന്നു?

എറണാകുളത്തുള്ളൊരു ലത്തീൻ കത്തോലിക്കാ കുടുംബത്തിൽ നിന്നുള്ള ഒരാളാണ് ഞാൻ. ഞാനൊരു വിശ്വാസിയാണ്. പണ്ടുമുതലേ ഞാൻ ജീസസ് യൂത്ത് എന്ന  യൂത്ത് മൂവ്മെന്റിന്റെ സജീവമായി പ്രവർത്തിക്കുന്ന ഒരാളാണ്. എനിക്ക് തോന്നുന്നു സ്വവർഗാനുരാഗം പോലുള്ള വിഷയത്തോട് ആളുകളുടെ പ്രതികരണം കാലാനുസൃതമായി മാറിവരുന്ന ഒന്നാണെന്ന്. ഭൂരിഭാഗം പേരും ചീത്ത പറഞ്ഞാലും, നമ്മളെ മോശക്കാരായി മുദ്രകുത്തിയാലും നമ്മളെന്താണെന്ന് നമുക്ക് പൂർണ്ണബോധ്യമുണ്ടെങ്കിൽ മോശം പ്രതികരണങ്ങൾ നമ്മളെ ബാധിക്കില്ലെന്ന് ഞാൻ കരുതുന്നു. ഒപ്പം, സമാനമനസ്കരായ സുഹൃത്തുക്കളുടെ പിന്തുണ ഉണ്ടെങ്കിൽ ഇത്തരം അവസ്ഥകളെ നേരിടാനും സാധിക്കും.

മറ്റുള്ളവർ എന്ത് കരുതും എന്ന് കരുതി വർഷങ്ങളോളം മനസ്സിൽ ഒതുക്കിവെച്ച കാര്യം തുറന്ന് പറയുമ്പോൾ നേരിടുന്ന യുക്തിരഹിതമായ വിമർശങ്ങളെ നേരിടാൻ തക്ക ആത്മവിശ്വാസവും ധൈര്യവും ഇപ്പോളെനിക്കുണ്ട് . എന്റെ ഐഡന്റിറ്റി സമൂഹത്തോട് വെളിപ്പെത്തിയാൽ ഏറ്റവുമധികം എതിർപ്പ് നേരിടാൻ പോവുന്നത് മതകൂട്ടായ്മകളിൽ നിന്നാവുമെന്നെനിക്ക് നല്ലതുപോലെ അറിയാം. അതിനോട് വിശ്വാസത്തിൽ നിന്ന് കൊണ്ട് തന്നെ എങ്ങനെ പ്രതികരിക്കണം എന്നെനിക്ക് ഉറച്ച തീരുമാനവുമുണ്ട്.

ദൃശ്യതയുടെ കുറവാണല്ലോ നമ്മുടെ കമ്മ്യൂണിറ്റി ഇപ്പോഴും നേരിടുന്ന ഒരു പ്രശ്നം. സാധിക്കുമെങ്കിൽ , സാധിക്കുമെങ്കിൽ മാത്രം കൂടുതൽ ആളുകൾ ഐഡന്റിറ്റി തുറന്ന് പറയണം എന്ന് ഞാൻ കരുതുന്നു. നമുക്ക് വേണ്ടി നമ്മൾ തന്നെ അല്ലെ സംസാരിക്കേണ്ടത്. മോശം പറയുന്നവർ എത്ര നാൾ അത് പറഞ്ഞുകൊണ്ടിരിക്കും, നമ്മുടെ ജീവിതം നമ്മൾ തന്നെയാണ് ജീവിച്ച തീർക്കേണ്ടത്. സമൂഹത്തിന്റെ പ്രതികരണം എന്നെ ആശങ്കപെടുത്താനേ പോവുന്നില്ല.

ഈ കഴിഞ്ഞ വെള്ളപ്പൊക്കസമയത് ദുരിദാശ്വാസ പ്രവർത്തനപ്രചാരണത്തിന്റെ ഭാഗമായി ഇൻഫോപാർക്കിൽ ജീസസ് യൂത്ത് പ്രവർത്തകർ വിതരണം ചെയ്ത ലഘുലേഖകളിലൊന്നിൽ ‘സേ നോ റ്റു ഗേ സെക്സ് ‘ എന്ന വാചകം ഉണ്ടായിരുന്നു. വെള്ളപ്പൊക്കം പോലുള്ള പ്രകൃതിദുരന്തവിഷയത്തിൽ ഇടപെടുന്ന യുവജന കൂട്ടായ്മയായ ജീസസ് യൂത്ത് ഇത്തരമൊരു ഹോമോഫോബിക് പരാമർശം നടത്തിയതിനോട് ജീസസ് യൂത്തിന്റെ ഭാഗമായ ഒരാൾ എന്ന നിലയിൽ എങ്ങനെ പ്രതികരിക്കുന്നു?

മതത്തിനകത്ത് നിന്നുകൊണ്ട് അതിനെ വെല്ലുവിളിക്കേണ്ടത്തിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത് . ബൈബിളിൽ എന്ത് പറഞ്ഞിരിക്കുന്നു എന്ന് മാത്രം നോക്കിയല്ലല്ലോ ഇവരൊക്കെ ജീവിക്കുന്നത്. നമ്മുടെ കാര്യം വരുമ്പോൾ ഇവരെല്ലാംകൂടെ നമ്മളെ സാമൂഹ്യവിരുദ്ധരാക്കും. ഈ കൂട്ടായ്മയുടെ ഭാഗമായിട്ടുള്ള ചിലരെങ്കിലും എന്നെ മനസ്സിലാക്കുന്നവർ ഉണ്ടെന്നു പറയാതെ വയ്യ.  ജീസസ് യൂത്ത് എന്ന ഒരു കൂട്ടായ്മയേക്കാൾ ഫെയ്ത്ത് എന്ന വശത്ത് നിന്നുകൊണ്ട് ഇത്തരം പരാമർശങ്ങളെ വെല്ലുവിളിക്കേണ്ടി വരും .

കാഴ്ചപ്പാടുകൾ പെട്ടന്നങ്ങനെ മാറില്ലല്ലോ. ഇൻസ്റ്റാഗ്രാമിലും വാട്സാപ്പിലുമൊക്കെ ഞാൻ സ്ഥിരം സ്വവർഗപ്രണയവും ഏകാന്തതയും ഒക്കെ സൂചിപ്പിച്ച് ഞാൻ ചില ക്വോട്ട്സ് ഇടയ്ക്കിടെ ഇടാറുണ്ട്. അത് കണ്ടിട്ട് ഒരു കാര്യവുമില്ലാതെ ഉപദേശിക്കാൻ വരുന്നവരേക്കാൾ കാര്യം വിശദമായി മനസ്സിലാക്കാൻ ശ്രമം നടത്തുന്നവരുമായി സംസാരിക്കാനാണ് എനിക്ക് താല്പര്യം.

പ്രണയവുമായി ബന്ധപ്പെട്ട് എനിക്ക് പറയാനുള്ള കാര്യങ്ങൾ തുടർന്നും ഞാൻ എഴുതിക്കൊണ്ടേയിരിക്കും, ആരെന്ത് പറഞ്ഞാലും.! അപ്പോഴും മതനേതൃത്വത്തിൽ നിന്നും അനുകൂല ഇടപെടൽ വന്നാലേ  മാറ്റമുണ്ടാവൂ.!!

കേരളത്തിന്റെ പശ്ചാത്തലത്തിൽ ഹെറ്ററോസെക്ഷ്വൽ പരമല്ലാത്ത അനുരാഗങ്ങളുടെ വർണ്ണനകളും മറ്റും ഇപ്പോഴും ലഭ്യമലല്ലോ. ഒരു കാതോലിക്കാ കുടുംബത്തിൽ വളർന്ന ആളെന്ന നിലക്ക് ലെസ്ബിയൻ ഐഡൻറ്റിറ്റിയുമായി ബന്ധപ്പെട്ട അത്തരം പ്രതിനിധാനങ്ങളുടെ അഭാവം ഒരു ബുദ്ധിമുട്ടായി തോന്നിയിട്ടുണ്ടോ?

എനിക്ക് തോന്നുന്നു എല്ലാത്തരം വർണ്ണനകളുടേയും ആരംഭം നമ്മുടെ മനസ്സിൽ നിന്ന് തന്നെയാണെന്ന് . അത് വേറെ എവിടേം ലഭിച്ചില്ലെങ്കിലും ഞാൻ ഇപ്പോഴും കുറിച്ചു വെക്കുമായിരുന്നു. എനിക്കുണ്ടായിരുന്ന സവിശേഷ സൗഹൃദങ്ങളെക്കുറിച്ചൊക്കെ. കൗമാരത്തിന്റെ തുടക്കത്തിലേ എനിക്ക് മനസ്സിലായിരുന്നു എനിക്ക് ആണുങ്ങളോട് യാതൊരു ആകർഷണവുമില്ലെന്ന കാര്യം. അതിനെക്കുറിച്ചു മറ്റാരോടും പങ്കു വെയ്ക്കാൻ സാധിച്ചിരുന്നില്ല. എങ്കിലും ജീവിതസാഹചര്യങ്ങൾ അതിനേക്കാൾ കഠിനമായതിനാൽ ഇതിനെക്കുറിച്ച് കൂടുതലറിയാൻ ശ്രമിച്ചിരുന്നില്ല . എന്നാൽ ഞാൻ വളരുന്നതിനനുസരിച്ച് ഈ വിഷയം എന്നെ അലട്ടാൻ തുടങ്ങി. പഠനം പൂർത്തിയാക്കി എനിക്കൊരു ജോലിയാവുന്നത് വരെ ഇതാരോടും പറയില്ല എന്ന് ഞാനുറപ്പിച്ചിരുന്നു.

ജോലികിട്ടിയ ശേഷം കഴിഞ്ഞ മൂന്നു വർഷക്കാലയളവിൽ ഞാൻ പഠിച്ച ഒരു കാര്യമുണ്ട്. സാമ്പത്തികസ്വാതന്ത്രമാണ് ഒരു സ്ത്രീക്ക് ആത്മവിശ്വാസം നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന്.

നാലാൾ കൂടുന്നിടത്ത് ഒന്നും മിണ്ടാത്ത ഞാൻ ഇപ്പോൾ അങ്ങനെയല്ല; കാരണം എന്റെ കാര്യങ്ങൾ നോക്കുന്നത് ഞാൻ തന്നെയാണ്. ആരുടേയും ഭരണത്തിൻ കീഴിലോ നിയന്ത്രണത്തിലോ അല്ല ഞാനിപ്പോൾ ജീവിക്കുന്നതും. കമ്മ്യുണിറ്റിയിലെ ചെറുപ്പക്കാരോട് എനിക്ക് പറയാനുള്ളതും ഇത് തന്നെയാണ്. എങ്ങനെയും പഠനം പൂർത്തിയാക്കി സ്ഥിരവരുമാനമുളളവരാവൂ എന്ന്!

സാംസ്കാരിക/രാഷ്ട്രീയ/ചലച്ചിത്ര രംഗത്തുള്ള ആരോടേലും ക്രഷ് തോന്നിയിട്ടുണ്ടോ?

പിന്നേ! സണ്ണി ലിയോണിനെ എനിക്കിഷ്ടമാണ് . ഒരു പക്ഷെ ഇഷ്ട്ടത്തേക്കാൾ എനിക്കവരോട് പ്രത്യേകമൊരു ബഹുമാനം ഉണ്ട്.

നിങ്ങളുടെ കലാലയ ജീവിത കാലയളവിൽ ലെസ്ബിയൻ ആയത്കൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ടോ?

ഉണ്ട് . എറണാകുളം സെയിന്റ് തെരേസാസ് കോളേജിൽ ആയിരുന്നു ഞാൻ ഡിഗ്രിക്ക് പഠിച്ചിരുന്നത്. ലിറ്ററേച്ചർ പഠിച്ച് ഭാവിയിൽ ഒരു എഴുത്തിന്റെ മേഖലയിൽ മികവ് തെളിയിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷേ ഡിഗ്രിക്ക് മാത്‍സ്-നു ചേരാൻ അമ്മ നിർബന്ധിച്ചത് കൊണ്ട് ഇഷ്ടമില്ലാഞ്ഞിട്ട് കൂടി അതിന് ചേരേണ്ടിവന്നു. പഠനകാലയളവിൽ എന്റെ ഒരു സീനിയർ പെൺകുട്ടിയുമായി എനിക്കടുപ്പമുണ്ടായി . ഏതൊക്കെയോ കുട്ടികൾ ഈ കാര്യം ചില അദ്ധ്യാപകരെ അറിയിച്ചു. അവിടെനിന്നു കന്യാസ്ത്രീയായ വകുപ്പ് മേധാവിയുടെ അടുത്തും വിവരമെത്തി. എന്നെ വളരെ മോശമായ രീതിയിൽ കണ്ട അവർ വിശദമായി ഉപദേശിക്കുകയും താക്കീത് നൽകി വിടുകയും ചെയ്തു . പിന്നീട് പഠനം എങ്ങനേലും പൂർത്തിയാക്കുക  മാത്രമായിരുന്നു എന്റെ ഒരേയൊരു ലക്‌ഷ്യം.. സെയിന്റ് തെരേസാസ് കോളേജിൽ ഈയടുത്തിടെ ട്രാൻസ്‌ജെൻഡർ ആളുകൾക്ക് വേണ്ടി ഭാഷാപരിശീലനകോഴ്സ് നടക്കുന്നുണ്ടെന്നറിഞ്ഞിരുന്നു.

ജെണ്ടർ വൈവിധ്യത്തെക്കുറിച്ചു സംസാരിക്കുമ്പോഴും സ്വവർഗാനുരാഗവും ലെസ്ബിയൻ ഐഡന്റിറ്റിയുമൊക്കെ സെയിന്റ്. തെരേസാസ് കോളേജിൽ ചർച്ചാവിഷയമാവുമോന്ന് കണ്ടറിയണം. എനിക്ക് പരിചയമുള്ള കുറേ ലെസ്ബിയൻ ആളുകൾ അവിടെ പഠിച്ചവരാണ്. അവരുടെ ഒക്കെ ജീവിതാനുഭവങ്ങൾ പേടിപ്പെടുത്തുന്നതാണെന്നുളളതാണ് സത്യം!

നിങ്ങൾ  ജോലി ചെയ്യുന്ന കമ്പനിയിൽ നിങ്ങളുടെ സുഹൃത്തുക്കൾക്കൊക്കെ നിങ്ങളെക്കുറിച്ചു അറിയാമോ? അവരുടെയൊക്കെ പ്രതികരണം അനുകൂലമായിരുന്നോ??

ഇപ്പോൾ മൂന്ന് വർഷമാവുന്നു ഇൻഫോപാർക്കിലെ ഒരു സ്വകാര്യകമ്പനിയിൽ ഞാൻ ജോലിക്ക് പ്രവേശിച്ചിട്ട് . തുടക്കത്തിൽ ഞാൻ ലെസ്ബിയൻ ആണെന്ന് പറഞ്ഞപ്പോൾ വെറും രസമായിരിക്കും എന്നാണ് പലരും കരുതിയത്. എന്നാൽ അങ്ങനല്ല  തങ്ങളുടെ സഹപ്രവർത്തക സ്വവർഗാനുരാഗിയായ ഒരു സ്ത്രീയാണ് എന്ന് അവർ മനസ്സിലാക്കിയപ്പോൾ ചിലർക്ക് ഒരു തരം അങ്കലാപ്പായിരുന്നു. എന്നാൽ ചിലർ പൂർണസൗഹൃദത്തോടു കൂടി തന്നെ അവാവശ്യചോദ്യങ്ങളൊന്നുമില്ലാതെ എന്ന ഞാനായി തന്നെ കാണാൻ തുടങ്ങി. എന്റടുത്തിരുന്നു കാര്യങ്ങൾ വിശദമായി മനസ്സിലാക്കിയ സഹപ്രവർത്തകർ ഉള്ളതൊക്കെ എനിക്ക് അധിക ആത്മവിശ്വാസത്തിന് വകനൽകി. എന്നാലിപ്പോഴും ചിലരെങ്കിലും എന്നെക്കുറിച്ചു ശരിയായരീതിയിലല്ല മനസ്സിലാക്കിയിരിക്കുന്നതെന്ന് എന്നെനിക്ക് തോന്നാറുണ്ട്. സോനുവിന്റെയും നികേഷിന്റെയും അഭിമുഖം കണ്ട എന്റൊരു സഹപ്രവർത്തക അവർ കുട്ടിയെ ദത്തെടുത്തിട്ട് എന്ത് ചെയ്യാനാ എന്ന പരാമർശം നടത്തിയപ്പോൾ അയാളെ തിരുത്താൻ എനിക്ക് സാധിച്ചു. എന്റെ ഐഡന്റിറ്റിയിൽ ആത്മവിശ്വാസമുള്ളത് കൊണ്ട് മാത്രമാണ് എനിക്കതിനു സാധിച്ചത് .

തൊഴിലിടങ്ങളിലെ മികവിന്റെ മാനദണ്ഠങ്ങളിലേക്കെത്തിപ്പെടാൻ തടസമായുള്ള വിഷമങ്ങളിൽ ഒന്ന് സഹപ്രവർത്തകരുടെ പ്രതികൂലമനോഭാവം ആണെന്നുള്ളത് ഐഡന്റിറ്റി വെളിപ്പെടുത്താത്ത ഗേ, ലെസ്ബിയൻ ആളുകളെ സംബന്ധിച്ചിടത്തോളം എത്രയോ വേദനാജനകമായ കാര്യമാണ്.

ഇൻഫോപാർക് പോലുള്ള സ്ഥലത്തെ കമ്പനികൾ നിർബന്ധമായും എൽ.ജി.ബി.റ്റി.ഐ.ക്യൂ വിഷയത്തെക്കുറിച്ചു നയപരമായും ബോധവൽക്കരണരൂപേണയും ഇടപെടൽ നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ഇൻഫോപാർക്കിലെ കമ്പനികൾക്ക് ഈ കാര്യം ചെയ്യാൻ അത്ര ബുദ്ധിമുട്ടെണ്ടന്നു ഞാൻ കരുതുന്നില്ല. നമ്മളെപോലെയുള്ള ആളുകളുടെ അദൃശ്യതയും തൊഴിലിടങ്ങളിലെ നേരിട്ടും അല്ലാതെയുമുള്ള വിവേചനങ്ങളും ഇവർ മനസ്സിലാക്കി കാലാനുസൃതമായി പ്രവർത്തിച്ചിരുന്നെകിൽ എത്രെയോപേരുടെ തൊഴിൽജീവിതം സുഗമമായേനെ….

സ്വവർഗാനുരാഗിയാണെന്ന് വീട്ടിൽ തുറന്ന് പറയുമ്പോഴും നമ്മുടെയൊക്കെ വീട്ടുകാരെ ആകുലപ്പെടുത്തുന്ന പ്രധാനകാര്യം ബന്ധുമിത്രാദികളുടെ അനാവശ്യ അന്വേഷങ്ങൾ ആണല്ലോ. തന്റെ വീട്ടിൽ തുറന്നു പറഞ്ഞ ശേഷം അതിനെ അമ്മയച്ഛന്മാർ എങ്ങനെയാണ് നേരിട്ടത്?

ഞാൻ സൂചിപ്പിച്ചിരുന്നല്ലോ , എന്റെ അമ്മയെ കാര്യം പറഞ്ഞു മനസ്സിലാക്കിയത് അമ്മയുടെ ഏറ്റവുമിളയ സഹോദരിയാണ് . എന്റെ ഓൺലൈൻ സ്റ്റാറ്റസുകൾ ഒക്കെ കണ്ടു ചില ബന്ധുക്കൾ കാര്യം തിരക്കി അമ്മയെ ബുദ്ധിമുട്ടിക്കാൻ ശ്രമിച്ചപ്പോൾ അമ്മയവരോടൊക്കെ ഒരൊറ്റ കാര്യം മാത്രമേ പറഞ്ഞുള്ളു. ‘അവളെക്കുറിച്ച് എനിക്കറിയാം , അവളുടെ അപ്പനോടും ഞാൻ കാര്യം പറഞ്ഞിട്ടുണ്ട് . വേറെ ആരെയും ബോധിപ്പിക്കേണ്ട കാര്യമില്ല’ എന്ന് . ഇത് തന്നെയാണ് എനിക്കും പറയാനുള്ളത് .

എന്നെക്കുറിച്ച് ഞാൻ എന്റെ മാതാപിതാക്കളോട് പറഞ്ഞു കഴിഞ്ഞു! ഇനി ആരെയാണ് ഞാൻ ബോധിപ്പിക്കേണ്ടത്! എന്റെ അമ്മയുടെ പൂർണ്ണ പിന്തുണ എനിക്കുള്ളപ്പോൾ എനിക്കൊന്നിനേയും കൂസാക്കേണ്ടതില്ല.

പ്രണയം , ആത്മബന്ധം ഇവയെക്കുറിച്ചെന്തെങ്കിലും ചിന്തകൾ?

എന്റെയുള്ളിലുള്ള  ചിന്തകളുടെ ആകത്തുകയെ പ്രണയമെന്ന് വിളിക്കാം. അത് പൂർണമായും പ്രകടിപ്പിക്കാനോ , ആസ്വദിക്കുവാനോ എനിക്കിതുവരെ സാധിച്ചിട്ടില്ല. സ്വവർഗപ്രണയം തെറ്റാണ് , പാപമാണ് എന്ന് കരുതുന്ന ഇടത്ത് അതങ്ങനെയല്ല എന്ന് സ്വയം വെളിപ്പെടുത്തിയതേ ഉള്ളെല്ലോ ഞാൻ. പ്രണയത്തിനായുള്ള എന്റെ അന്വേഷണങ്ങൾ നിലയ്ക്കുന്നില്ല. എന്റെ ഇഷ്ടാനിഷ്ടങ്ങൾ മനസ്സിലാക്കുന്ന, എനിക്ക് തിരിച്ചും കരുതൽ നൽകാൻ സാധിക്കുന്ന ഒരു ലെസ്ബിയൻ പെൺകുട്ടി എന്റെ ജീവിതത്തിൽ വരും.

ആ , സമയമുണ്ടല്ലോ!

മലയാളികളായ LGBTQIA+ വ്യക്തികളുടെ ജീവിതാനുഭവങ്ങൾ അവർ തന്നെ പങ്കുവെക്കുന്ന ക്വിയറളയുടെ “വീ ആർ ഹിയർ!” എന്ന പ്രോജക്ടിന്റെ (പ്രൊജക്റ്റ് WAH!) ഭാഗമായുള്ള ലേഖന പരമ്പരയിലെ മൂന്നാമത്തേതാണ് ഈ അഭിമുഖം

Loading