കേരളത്തിലെ എൽ.ജി.ബി.റ്റി.ഐ.ക്യൂ കമ്മ്യൂണിറ്റിയിൽപ്പെട്ടവരിൽ ഏറ്റവും ദൃശ്യത കുറഞ്ഞ ആളുകളുടെ കൂട്ടത്തിൽപ്പെടും ലെസ്ബിയൻ സ്ത്രീകൾ. ഐഡന്റിറ്റിയും, പ്രണയവുമൊക്കെ വെളിപ്പെടുത്തിയ സ്വവർഗാനുരാഗികളായ ആണുങ്ങൾ ചിലർ എങ്കിലും നമ്മുടെ നാട്ടിൽ ഉള്ളപ്പോഴും ഐഡന്റിറ്റി തുറന്ന് പറഞ്ഞ മലയാളികളായ സ്ത്രീ സ്വവർഗാനുരാഗികളെ നമുക്കടുത്ത് പരിചയം കാണില്ല. സ്വവർഗലൈംഗികതയുമായി ബന്ധപ്പെട്ട് 2018 സെപ്തംബർ 6 ന് വന്ന സുപ്രീം കോടതി വിധിയുടെ അന്ന് വൈകിട്ട് ക്വിയറളയുടെ ഫേസ്ബുക് പേജിൽ ധന്യ എന്ന് പേരുള്ള ഒരു മലയാളി യുവതിയുടെ സന്ദേശം വരികയുണ്ടായി ആത്‌മഹത്യ പ്രവണതയുണ്ടെന്നും ഇനിയും ആരോടെങ്കിലും തുറന്നു കാര്യങ്ങൾ സംസാരിച്ചില്ലെങ്കിൽ ഗുരുതര മാനസികപ്രശ്നങ്ങൾക്കടിമപ്പെടും എന്ന് സൂചിപ്പിച്ചൊരു സന്ദേശം. നിലവിൽ വീട്ടുകാരുടെ പിന്തുണയുള്ള ആ ലെസ്ബിയൻ വ്യക്തിയുമായി അന്ന് തുടങ്ങിയ സംഭാഷണങ്ങളും സൗഹൃദവും കമ്യുണിറ്റി ഒത്തുചേരലുകളും ഒരു വർഷത്തിനിപ്പുറം സെക്ഷ്വൽ ഓറിയന്റേഷൻ വെളിപ്പെടുത്താൻ അവർക്ക് പ്രേരകമായി. അവരുമായി ക്വിയറള നടത്തിയ സംഭാഷണം

ഹലോ ധന്യ, ക്വിയറളക്ക് ഈ അഭിമുഖം നൽകാൻ സന്നദ്ധത പ്രകടിപ്പിച്ചതിൽ നന്ദി. ഹെറ്ററോസെക്ഷ്വൽ വിവാഹം, തുടർന്നുള്ള വിവാഹമോചനം, സ്വവർഗപ്രണയം ഇവയൊക്കെ എങ്ങനെ നോക്കികാണുന്നു? സുപ്രീം കോടതി വിധി മറ്റനേകം ആളുകളെപ്പോലെ നിങ്ങളെ എത്രമാത്രം സ്വാധീനിച്ചു??
കേരളത്തിലെ ഒരു മലയോരപ്രദേശത്ത് താമസമാക്കിയ ഒരു കുടുംബത്തിൽ നിന്നും വരുന്ന എനിക്ക് ഞാൻ ഒരു ലെസ്ബിയൻ ആണെന്ന് വളരെ വൈകിയാണ് മനസ്സിലായത്. കൗമാരകാലത്തും പിന്നീടും പെൺകുട്ടികളോട് അടുപ്പം തോന്നിയിരുന്നു എങ്കിലും അതൊക്കെ സവിശേഷസൗഹൃദം മാത്രമായി കാണാനേ എനിക്ക് കഴിഞ്ഞിരുന്നുള്ളൂ. പഠനശേഷം ജോലിയായപ്പോൾ തന്നെ വീട്ടിൽനിന്നും കല്യാണസമ്മർദ്ദം വരികയും ഞാൻ വിവാഹിതയാവുകയും ചെയ്തിരുന്നു. ഒരു ആണിനെ വിവാഹം ചെയ്യാനിടയായതാണ് എന്റെ ജീവിതത്തിൽ ഇതുവരെയുണ്ടായിട്ടുള്ള ഏറ്റവും സങ്കടകരമായ കാര്യം. അഞ്ച് വർഷം എങ്ങനെയൊക്കെയോ ഞാൻ ആ ബന്ധത്തിൽ ഒട്ടും താല്പര്യമില്ലാതിരുന്നിട്ട് കൂടി പിടിച്ചു നിന്നു. എന്നാൽ എന്റെയുള്ളിൽ കൂടിവന്നിരുന്ന മാനസികസംഘർഷം ആരോടും പങ്കുവെക്കാനാവാതെ ഞാൻ വീർപ്പുമുട്ടുകയായിരുന്നു. വൈവാഹികജീവിതം തുടരാൻ താല്പര്യമില്ല എന്ന് വീട്ടുകാരെ അറിയിച്ചിട്ടും അവർ അത് കാര്യമായി എടുത്തിരുന്നില്ല. ഇതിൽ നിന്നും പുറത്തു വരാൻ ഞാൻ എന്തുകൊണ്ട് ആഗ്രഹിക്കുന്നു എന്ന് കൃത്യമായി ആരോടും പറയാനും എനിക്കും സാധിക്കുമായിരുന്നില്ല. കുറേ നാളുകൾക്ക് ശേഷം ചില സുഹൃത്തുക്കൾ നടത്തുന്ന ഒരു സാങ്കേതിക ബിസിനസ് സംരംഭത്തിൽ പങ്കാളിയാവുകയും അതിൽ നിന്നും ലഭിക്കാൻ തുടങ്ങിയ സാമ്പത്തികവുമൊക്കെ എനിക്ക് എന്റെ വീട്ടിൽ നിന്നും മാറി ഒറ്റയ്ക്ക് നില്ക്കാൻ സഹായകമായി.
പതിയെപ്പതിയെ എന്റെ സെക്ഷ്വൽ ഓറിയെന്റഷനെക്കുറിച്ചു വീട്ടിലും ചില അടുത്ത സുഹൃത്തുക്കളോടും ഞാൻ വെളിപ്പെടുത്തുകയും പിന്നീട് വിവാഹമോചനം നേടുകയും ചെയ്തു.അന്ന് തോന്നിയ സമാധാനം മുൻപൊരിക്കലും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടേയില്ല.
പിന്നീട് എനിക്കൊരു പെൺകുട്ടിയുമായി പ്രണയമുണ്ടായി. എന്നെപ്പോലെ തന്നെയുള്ള മറ്റൊരു പെൺകുട്ടി. ഞങ്ങളുടെ പ്രണയം രണ്ടു വർഷത്തോളം നല്ല രീതിയിൽ പോയെങ്കിലും അവളുടെ വീട്ടിൽ കല്യാണസമ്മർദ്ദം ഉയർന്നപ്പോൾ ആ മാനസികപരീക്ഷണത്തെ അതിജീവിക്കാൻ അവൾക്കായില്ല. ഞാൻ ഒരിക്കലും അവളെ കുറ്റപ്പെടുത്തുന്നുമില്ല. ഞാനും അതേ സംഘർഷാവസ്ഥയിൽ കൂടി കടന്ന് പോയ ആളാണല്ലോ. എന്നാലും ഞാൻ ഇഷ്ടപ്പെട്ട പെൺകുട്ടിയോടൊപ്പമുള്ള ഒരു ജീവിതം ഇവിടെ സാധ്യമാവില്ല എന്ന തിരിച്ചറിവ് എന്നെ വല്ലാതെ വേദനിപ്പിക്കാൻ തുടങ്ങി. പണ്ട് ചില സൈക്കോളജിസ്റ്റുകളെ സന്ദർശിച്ചപ്പോൾ അവർ നൽകിയ തെറ്റായ വിവരങ്ങൾ എന്നെ വേട്ടയാടാൻ തുടങ്ങി. അവൾ വിഹാഹിതയായ ശേഷം എനിക്കെന്തോ മാനസികപ്രശ്നം ഉണ്ടെന്നും അതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നതെന്നുമുള്ള ചിന്തകൾ എന്നിൽ ആത്മഹത്യയെക്കുറിച്ചുള്ള വിചാരങ്ങൾ സൃഷ്ടിക്കുകയും പലതവണ ആത്മഹത്യ ശ്രമങ്ങൾ നടത്തുകയും ചെയ്തു.
ഇതിനിടെ പലപ്പോഴായി ഞാൻ എന്നെപ്പോലെ യുള്ള ആളുകളെകുറിച്ചറിയാൻ പലശ്രമങ്ങൾ നടത്തുകയുണ്ടായി. അതിന്റെ ഫലമായി ഇൻറ്ർനെറ്റിൽ നിന്നും ചില എൽജി.ബി.റ്റി കൂട്ടായ്മകളുടെ കോണ്ടാക്ടുകൾ ലഭിക്കുമായുമുണ്ടായി. ക്വിയറളയുടെ ഫേസ്ബുക് പേജ് ഫോളോ ചെയ്യുന്നുണ്ടായിരുന്നു എങ്കിലും അവരുടെ കൂട്ടായ്മയിലെ ആരെയും കോൺടാക്ട് ചെയ്യാൻ എനിക്ക് ധൈര്യമുണ്ടായിരുന്നില്ല. എന്നാൽ കഴിഞ്ഞ സെപ്റ്റംബർ ആറിന് സ്വവർഗലൈംഗികതയുമായി ബന്ധപ്പെട്ടുള്ള സുപ്രീം കോടതിവിധി വന്ന ദിവസം എനിക്കൊരിക്കലൂം മറക്കാൻ സാധിക്കുകയില്ല. അന്നേ ദിവസം വീട്ടിൽ ഒറ്റക്കിരുന്നു സകല മലയാളം ചാനലുകളിയെയും വാർത്തകൾ ഞാൻ നിർത്താതെ ഇരുന്നു കണ്ടു. കൂട്ടത്തിൽ മനോരമ ന്യൂസിലെ കൗന്ടർ പോയിന്റ് എന്ന പരിപാടിയിൽ ക്വിയറളയുടെ സ്ഥാപകാംഗമായ ജിജോയുടെ അഭിമുഖം ഉണ്ടായിരുന്നു. അപ്പോൾ തന്നെ രണ്ടും കൽപ്പിച്ചു അയാൾക്ക് ഞാൻ ഫെയ്‌സ്ബുക്കിൽ ഒരു സന്ദേശം അയച്ചു. എഫ്.ബി സുഹൃത്തല്ലാത്ത ഒരാളുടെ സന്ദേശം ആയതു കൊണ്ടാവാം എനിക്ക് പ്രതികരണം ഒന്നും ലഭിച്ചില്ല. മാനസിക സംഘർഷം കാരണം എനിക്ക് ആത്മഹത്യ പ്രവണത ഉണ്ടെന്ന് കാണിച്ചു ഞാൻ ഒരു മെസ്സേജ് കൂടി അയച്ചു നോക്കി. എന്റെ സന്തോഷത്തിനു വകയായി അയാളിൽ നിന്നും പ്രതികരണം ലഭിക്കുകയും തുടർന്ന് അന്ന് രാത്രി തന്നെ സുദീർഘമായ ഒരു സംഭാഷണം അയാളുമായി ഞാൻ നടത്തി.
അതിനു ശേഷം ലഭിച്ച ആശ്വാസം ആണ് പിന്നീടെനിക്ക് ജീവിക്കാൻ തന്നെ പ്രചോദനമായത്. അങ്ങനെ സുപ്രീം കോടതി വിധി എന്റെ ജീവിതത്തെ തന്നെ അനുകൂലമായി മാറ്റിമറിച്ചു.
ധന്യക്ക് നിലവിൽ ഒരു പ്രണയമുണ്ടല്ലോ! ഈ സമീപകാലത്ത് ഇന്ത്യയിൽ അരുന്ധതി കട്ജു മേനക ഗുരുസ്വാമി എന്നിവരെ പോലെയുള്ള ലെസ്ബിയൻ ദമ്പതികൾ അവരുടെ പ്രണയത്തെക്കുറിച്ചു തുറന്നു സംസാരിക്കുന്നു. നിങ്ങളുടെ പ്രണയത്തിൽ ഒരാൾ ദൃശ്യമായും മറ്റെയാൾ ഐഡന്റിറ്റി വെളിപ്പെടുത്താതെയുമുള്ള സാഹചര്യത്തെ എങ്ങനെ നോക്കിക്കാണുന്നു? ലെസ്ബിയൻ പ്രണയിനികൾ എന്ന നിലക്ക് നിങ്ങൾക്ക് ദൃശ്യരാവാൻ ആഗ്രഹമുണ്ടോ?
അതേ! ഇപ്പോളെനിക്ക് എന്നെ ഇഷ്ടപ്പെടുന്ന, ഒരു ലെസ്ബിയൻ സ്ത്രീ എന്ന രീതിയിൽ എന്നെ മനസ്സിലാകുന്ന ഒരു പെൺകുട്ടിയുമായി പ്രണയമുണ്ട്. എന്നാൽ ഏതൊരു ആത്മബന്ധത്തിലും വേണ്ടപോലെ ഞങ്ങളുടെ ഇടയിലും പേർസണൽ സ്പേസ് , തീരുമാനം എന്നിവക്ക് ഞാൻ പ്രാധാന്യം കൊടുക്കുന്നു. ഞാൻ എന്റെ ഐഡന്റിറ്റി തുറന്നു പറയുന്നത് കൊണ്ട് മാത്രം ഞാൻ പ്രണയിക്കുന്ന പെൺകുട്ടി അതുപോലെ തന്നെ തുറന്ന് പറയണമെന്ന് ഞാൻ കരുതുന്നത് ശരിയല്ലല്ലോ. എന്റേത് പോലുള്ള തൊഴിൽ പശ്ചാത്തലമല്ല ആ കുട്ടിയുടേത്. എനിക്കുള്ളതുപോലെയുള്ള പിന്തുണ വീട്ടുകാരിൽ നിന്നും അയാൾക്ക് ഇപ്പോളില്ല. അവളുടെ പഠനശേഷം ഞങ്ങൾ ഒരുമിച്ചു ജീവിക്കണമെന്ന് തീരുമാനിച്ചിട്ടുണ്ട്. അയാൾക്ക് ഞങ്ങളുടെ പ്രണയം വെളിപ്പെടുത്തണം എന്ന് തോന്നുന്ന അല്ലെങ്കിൽ സാധിക്കുന്ന സമയമാവുമ്പോൾ ഞങ്ങൾ അത് ചെയ്യുകതന്നെ ചെയ്യും. എന്റെ കമ്മ്യുണിറ്റി സുഹൃത്തുക്കൾക്കൊക്കെ ഞങ്ങളുടെ പ്രണയത്തെക്കുറിച്ചറിയാം. ഇതൊക്കെ തന്നെ എന്നെ സംബന്ധിച്ചിടത്തോളം ഒരിക്കൽപോലും നടക്കുമെന്നു വിചാരിച്ച കാര്യങ്ങളേ അല്ല.
എങ്കിലും ഞങ്ങളെപ്പോലെയുള്ളവരുടെ പ്രണയത്തിനും റിലേഷൻഷിപ്പിനും നിയമപരിരക്ഷയില്ലാത്തത് ഒരു പ്രശ്‌നം തന്നെയാണ്.
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ എൽ.ജി.ബി.റ്റി.ഐ.ക്യൂ സംബന്ധിയായ കുറേ പൊതുപരിപാടികളിൽ പ്രേക്ഷകയായി താങ്കൾ പങ്കെടുത്തിട്ടുണ്ടല്ലോ; അതുപോലെ ക്വിയറള ചില പരിശീലനപരിപാടികളിലും കമ്മ്യുണിറ്റിമീറ്റിങ്ങുകളിലുമൊക്കെ: ഇതിന്റെയൊക്കെ നിരീക്ഷണങ്ങളിൽ നിന്നും ഇപ്പോൾ ലെസ്ബിയൻ ഐഡൻറിറ്റി വെളിപ്പെടുത്തുന്ന നിങ്ങൾ സ്വവർഗപ്രണയത്തെക്കുറിച്ച് കേരളത്തിൽ നടക്കേണ്ട അടിയന്തര ഇടപെടൽ എന്തായിരിക്കണമെന്നാണ് നിർദ്ദേശിക്കുന്നത്?
ഏറ്റവും ആദ്യം വേണ്ടത് സ്വവർഗപ്രണയം കേവലം സാഹചര്യപരമായ ഒരു കാര്യമല്ലെന്നും, ഇതൊരു ഘട്ടം മാത്രമാണെന്നുമുള്ള തെറ്റിദ്ധാരണ മാറ്റിയെടുക്കുക എന്നുളളതാണ്. എന്റെ കാര്യത്തിൽ തന്നെ പെൺകുട്ടികളോട് തോന്നുന്ന പ്രണയം എന്തോ കുഴപ്പം ആണെന്നാണ് ഞാൻ കരുതിയിരുന്നത്. സോനുവിന്റെയും നികേഷിന്റെയും അഭിമുഖങ്ങൾക്ക് താഴേ അനുകൂല പ്രതികരണങ്ങൾ ലഴിക്കുമ്പോഴും ഇനിയുമനേകം മറുപടികൾ തികച്ചും തെറ്റിദ്ധാരണാജനകമായിട്ടുള്ളവയാണ്. അതിലേറ്റവും കൂടുതൽ വരുന്നത് കല്യാണം കഴിച്ചാൽ ശരിയാകാവുന്നതേയുള്ളൂ എന്ന അബദ്ധമറുപടികൾ ആണ്. ഒരു സ്വവർഗാനുരാഗി ആയ ഞാൻ ഹെറ്ററോസെക്ഷ്വൽ വിവാഹം കഴിഞ്ഞനുഭവിച്ച പിരിമുറുക്കം വിശദീകരിക്കാനാവില്ല. പങ്കാളി ആയി വരുന്ന ആളിനോട് ഒരു തരത്തിലുമുള്ള വൈകാരിക അടുപ്പം തോന്നാതിരിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചേരാൻ വീണ്ടും വീണ്ടും സമൂഹം നമ്മളെ നിർബന്ധിക്കുമ്പോൾ അതുമൂലമുണ്ടാവുന്ന ബുദ്ധിമുട്ടുകൾ നമ്മൾ മാത്രമാണ് അനുഭവിക്കേണ്ടി വരിക. ഇതൊക്കെ ഓൺലൈൻ ഇടങ്ങളിലെ പ്രതികരണങ്ങൾ വഴിയായി എത്രയാന്ന് കരുതിയാണ് വിശദീകരിക്കാനാവുക. ഭൂരിഭാഗബോധം അവിടെ വർക്ക് ചെയ്യും. അതുകൊണ്ട് തന്നെ ഒരു പരിധിയിൽ കൂടുതൽ പ്രതികരിക്കാനുമാവില്ല.
എനിക്ക് തോന്നുന്നു ഇനിയും ഒന്നോ രണ്ടോ തലമുറ എങ്കിലും എടുക്കും നമ്മളെ പോലെയുളളവർക്ക് നമ്മളായി ജീവിക്കാൻ സാധിക്കുന്ന സമയം ആവാൻ. എനിക്ക് ചെയ്യാൻ സാധിക്കുന്നത് എന്റെ അനുഭവങ്ങളുടെ വെളിച്ചത്തിൽ എന്നെപ്പോലെയുള്ളവർക്ക് പ്രചോദനമാവാൻ വേണ്ടി സംസാരിക്കുക എന്നുള്ളതാണ് .
കേരളത്തിൽ സ്വവർഗലൈംഗികതയെക്കുറിച്ചു കൃത്യമായി ധാരണയുള്ള ചില ഡോക്ടർമാർ ഉണ്ടെങ്കിലും നമ്മളെപ്പോലെയുള്ളവരുടെ മാതാപിതാക്കൾ മിക്കപ്പോഴും ഇത് ശരിയാക്കിയെടുക്കാം എന്ന് പറയുന്ന സൈക്കോളജിസ്റ്റുകളുടെ വാക്കുകൾ ആയിരിക്കും വിശ്വസിക്കുക. അത്തരം സൈക്കോളജിസ്റ്റുകൾ പറയുന്നത് അബദ്ധം ആണെന്ന് മാതാപിതാക്കളെ മനസ്സിലാക്കിപ്പിക്കാൻ ശ്രമിച്ചാലും നടക്കാറില്ല എന്ന് എന്റെ ലെസ്ബിയൻ സുഹൃത്തുക്കൾ അനുഭവങ്ങൾ പങ്കുവെക്കാറുണ്ട്. ഇത്തരം തെറ്റായ രീതികൾ തുടരുന്ന സൈക്കോളജിസ്റ്റുകൾ, കൗണ്സിലിലേർസ് എന്നിവരുടെ അരികിലേക്ക് പോവേണ്ട എന്ന് നമ്മൾ പറഞ്ഞാൽ മാത്രം കേൾക്കുന്നവരല്ല മിക്ക മലയാളി മാതാപിതാക്കളും. അതുകൊണ്ടു സ്വവർഗലൈംഗികതയെതയുടെ സ്വാഭാവികതയെക്കുറിച്ച് കൂടുതൽ ഡോക്ടർമാർ സജീവമായി സംസാരിക്കേണ്ടിയിരിക്കുന്നു. സ്വവർഗാനുരാഗികളായ ആണുങ്ങളെ പോലേയല്ല സ്വവർഗാനുരാഗികളായ പെണ്ണുങ്ങളുടെ അവസ്ഥ. അത് കൂടുതൽ സങ്കീർണ്ണമാണ്. കേരളത്തിലെ ഫെമിസ്നിസ്റ്റ് /സ്ത്രീ അവകാശ സംഭാഷണ ഇടങ്ങളിലും സ്വവർഗാനുരാഗികളായ സ്ത്രീകളുടെ പ്രശ്നങ്ങൾ ചർച്ചക്ക് വരേണ്ടതുണ്ട്.
മലയാളികളായ അനേകം ലെസ്ബിയൻ പെണ്ണുങ്ങൾ ക്വിയറള ഉൾപ്പെടെയുള്ള സപ്പോർട്ട് ഗ്രൂപ്പുകളെ സമീപിക്കുന്നുണ്ട്. മിക്കവരും പങ്കുവെക്കുന്ന പൊതുകാര്യങ്ങളിൽ ഒന്നാണ് ഗാർഹിക പീഡനം. നിങ്ങൾക്കോ പരിചയമുള്ള ലെസ്ബിയൻ / ബൈസെക്ഷൻ സ്ത്രീകളുടെ അനുഭവത്തിലോ അങ്ങനെ ഉണ്ടായിട്ടുണ്ടോ?
എനിക്ക് എന്റെ വീട്ടിൽ നിന്നും പീഡനം നേരിട്ടിട്ടില്ല. മാനസിക സമ്മർദ്ദം എന്ന കാര്യം കുറെ വർഷങ്ങൾ അനുഭവിച്ചതല്ലാതെ. എന്നാൽ എനിക്ക് നേരിട്ട് പരിചയമുള്ള കുറെ ലെസ്ബിയൻ സ്ത്രീകൾക്ക് അവരുടെ സഹോദരന്മാരിൽ നിന്നും,അച്ഛന്മാരിൽ നിന്നും എന്തിനു അമ്മാവന്മാരിൽ നിന്നും വരെ നിരന്തരം അടി കിട്ടുന്നുണ്ട്. നമുക്കെന്ത് ചെയ്യാൻ പറ്റും? ചിലരുടെ ഒക്കെ അനുഭവങ്ങൾ അറിയുന്നത് തന്നെ വല്ലാത്ത പേടിയുളവാക്കും . ഈ പെൺകുട്ടികൾ ഒക്കെ ഇതൊക്കെ സഹിച്ചു ഇങ്ങനെ ജീവിതം തള്ളിനീക്കുകയാണ്.
മലയാളികളുടെ പുരോഗമനം ലൈംഗികതയുടെ വൈവിധ്യത്തെ മാനസ്സിലാക്കുന്നതിൽ എങ്ങുമെത്തിയിട്ടില്ല എന്നതിന് ഒരു ഉദാഹരണം മാത്രമാണിത്. സ്വകാര്യ സ്വഭാവമുള്ള കമ്മ്യുണിറ്റി മീറ്റിംഗുകൾക്കു വരാനോ, നമ്മളെ പോലെയുള്ളവരെ നേരിട്ട് കാണാനോ ഒക്കെ ആഗ്രഹം ഉള്ളവർ ഉണ്ടെങ്കിലും അതിനൊന്നും സാധിക്കാതെ വല്ലാതെ വേദനിക്കുന്ന, ആ വേദനയുടെ കാരണം വീട്ടുകാരോടും സുഹൃത്തുക്കളോടും പങ്കുവയ്ക്കാൻ പറ്റാതിരിക്കുന്ന എത്രയോ സ്വവർഗാനുരാഗികളായ പെണ്ണുങ്ങൾ ഉണ്ടെന്നറിയാമോ. ഒന്നുമേ ചെയ്യാനാവാതാവുന്ന അവസ്ഥയിൽ ജീവിക്കുന്നവർ.
ധന്യ താമസിക്കുന്ന അതേ ഫ്ലാറ്റ് സമുച്ചയത്തിൽ ആണെല്ലോ നമ്മുടെ സുഹൃത്തുക്കളായ സോനുവും നികേഷും താമസിക്കുന്നത്. അയൽവക്കത്തിൽ കമ്മ്യുണിറ്റി സുഹൃത്തുക്കൾ ഉള്ളത് നല്ല സന്തോഷമുള്ള കാര്യമല്ലേ?
പിന്നല്ലാതെ! ഗേ സുഹൃത്താക്കളുടെ സാമീപ്യം അത് വേറെ ലെവലാണ്. പറഞ്ഞറിയിക്കാനാവാത്ത ഒരു സുരക്ഷിതത്വം തോന്നും ഗേ ആളുകളുടെ അടുത്ത് നിന്നും. സ്കൂൾ കോളേജ് സുഹൃത്തുക്കളുടെ ഒത്തുചേരലുകൾക്കു പോവുന്ന ഒരാളാണെങ്കിലും അവിടൊക്കെയുള്ള സംഭാഷണങ്ങൾ എന്നെ പോലെയൊരാൾക്ക് നീരസം ഉളവാക്കാറുണ്ട് . അതെങ്ങനാ വിശദീകരിക്കുക: ഒരു തരാം അന്യതാ ഫീലിംഗ്, എന്തോ ഒരു ഏലിയനേഷൻ!
ഒരേ ഫ്ലാറ്റ് സമുച്ചയത്തിൽ ആണ് താമസിക്കുന്നതെങ്കിലും നികേഷിനെയും സോവുവിനേയും എനിക്ക് നേരിട്ട് അറിയുമായിരുന്നില്ല , ക്വിയറള അവരെ എനിക്ക് പരിചയെപ്പെപ്പടുത്തും വരെ. ഞാൻ ഇപ്പോൾ വളരേ ഹാപ്പിയാണ്. സമയം കിട്ടുമ്പോൾ ഒക്കെ നികേഷിന്റെയും സോനുവിന്റെയും അടുത്തേക്കോ ക്വിയറയുടെ റെയിൻബോ നെസ്റ്റിലേക്കോ ഞാൻ പോവും. അവിടെ നിന്നും ലഭിച്ച ഇതുവരെ ഇല്ലാതെപോയ ചില ആത്മാർത്ഥ സൗഹൃദങ്ങളാണ് ഇപ്പോളെന്റെ മുതൽക്കൂട്ട്. രണ്ടാഴ്ച്ച മുന്നേ ഞങ്ങൾ എല്ലാം കൂടെ എന്റെ വീട്ടിൽ ഒത്തുകൂടിയിരുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന എന്നെ സംബന്ധിച്ചിടത്തോളം തൊട്ടടുത്ത തന്നെ താമസിക്കുന്ന ഒരു ഗേ കപ്പിൾ ഉള്ളത് വളരെ സന്തോഷമുള്ള കാര്യം തന്നെയാണ്.
ധന്യയുടെ കമിങ് ഔട്ട് കൂടിയായ ഈ അഭിമുഖം നമ്മുടെ വെബ്സൈറ്റിലും ഫേസ്ബുക് പേജിലുമൊക്കെ വരുമ്പോൾ അനേകം ആളുകൾ ഇത് ഷെയർ ചെയ്യാൻ സാധ്യതയുണ്ട്. ചിലപ്പോൾ ഓൺലൈൻ മീഡിയകളും . അപ്പോളുണ്ടാവാൻ സാധ്യതയുള്ള പ്രതികൂല പ്രതികരണങ്ങളെക്കുറിച്ച് ആകുലപ്പെടുന്നുണ്ടോ???
എന്റെ വീട്ടുക്കാർ എന്നെ മനസിലാക്കുന്നു. എന്നെ ഞാനായി അംഗീകരിക്കുന്ന കമ്മ്യുണിറ്റി സൃഹുത്തുക്കൾ എനിക്കുണ്ട് ഇപ്പോൾ. പിന്നെന്തിന് ഞാൻ ഭയക്കണം. മറ്റുള്ളർ എന്നെക്കുറിച്ച് എന്ത് പറയുമെന്നോർത്തു ജീവിതത്തിലെ വളരെ വിലപ്പെട്ട കുറേ വർഷങ്ങൾ പോയ ഒരാളാണ് ഞാൻ. ഇപ്പോൾ ഞാൻ മറിച്ചാണ് ചിന്തിക്കുന്നത്. എന്നെക്കുറിച്ചോ . എൽ.ജി.ബി.റ്റി.ഐ.ക്യൂ ആളുകളെകുറിച്ചോ ആരെങ്കിലും എന്തെങ്കിലും മോശം പറഞ്ഞാൽ അത് പറയുന്നവരുടെ അറിവില്ലായ്മ അല്ലേ? അതോർത്ത് നഷ്ടപെടുത്താൻ ഇനിയുമെനിക്ക് സമയമില്ല. ജീവിതത്തതിൽ കുറേ കാര്യങ്ങൾ ചെയ്യാനുണ്ടെനിക്ക്.
കമ്മ്യുണിറ്റിക്ക് ഗുണപ്രദമാവുന്ന എന്തെങ്കിലും ബിസിനസ് സംരംഭം തുടങ്ങണമെന്നുണ്ട്. വരും നാളുകളിൽ മലയാളികളായ ലെസ്ബിയൻ സ്ത്രീകൾക്ക് വേണ്ടി എന്നാലാവും വിധം ശബ്‌ദിക്കാനും ഞാൻ ശ്രമിക്കും.
ഹെറ്ററോസെക്ഷ്വൽ–പരമല്ലാത്ത പ്രണയത്തെക്കുറിച്ചും റിലേഷൻഷിപ്പിനെക്കുറിച്ചും മലയാളി പൊതു സമൂഹത്തോട് നിങ്ങൾക്ക് എന്താണ് പറയാനുള്ളത് ??
എൽ.ജി.ബി.റ്റി ആളുകളിൽ ചിലരുടെ പ്രണയവും ബന്ധങ്ങളും നേരിട്ടു കാണുമ്പോൾ അതിലൊക്കെയുള്ള അഗാധമായ ഇഷ്ടവും കരുതലും എന്നെ കൊതിപ്പിക്കാറുണ്ട്. ആർക്കും ഉപദ്രവം ഉണ്ടാക്കാത്ത ഇത്തരം പ്രണയത്തെയാണെല്ലോ മലയാളികൾ സാംസ്കാരിക-സദാചാരങ്ങളുടെ പേരിൽ പുച്ഛിക്കുന്നത്. എൽ.ജി.ബി.റ്റി ആളുകളുടെ ആത്മബന്ധങ്ങളും ലെസ്ബിയൻ പ്രണയവുമൊക്കെ തനതായി കാണിക്കുന്ന സിനിമകൾ മലയാളത്തിലും വരട്ടെ എന്നും ഞാൻ ആഗ്രഹിക്കുന്നു. പ്രണയത്തിന്റെ വിവിധ രൂപങ്ങൾ മനസ്സിലാക്കാൻ എല്ലാവർക്കും സാധിക്കട്ടെ എന്ന് മാത്രമാണ് എന്റെ ആഗ്രഹം.
മലയാളികളായ LGBTQIA+ വ്യക്തികളുടെ ജീവിതാനുഭവങ്ങൾ അവർ തന്നെ പങ്കുവെക്കുന്ന ക്വിയറളയുടെ “വീ ആർ ഹിയർ!” എന്ന പ്രോജക്ടിന്റെ (പ്രൊജക്റ്റ് WAH!) ഭാഗമായുള്ള ലേഖന പരമ്പരയിലെ രണ്ടാമത്തേതാണ് ഈ അഭിമുഖം.