“ഗേ” എന്നതിന്‍റെ മലയാളം – എഡിറ്റോറിയല്‍

സ്വവര്‍ഗപ്രണയികളുടെ മനുഷ്യാവകാശങ്ങളെ പിന്തുണയ്ക്കുന്നു എന്ന് അവകാശപ്പെടുന്ന ചിലര്‍ പോലും “കുണ്ടന്‍” എന്ന വാക്ക് പുരുഷ സ്വവര്‍ഗപ്രേമികളെ സൂചിപ്പിക്കാനായി ഉപയോഗിക്കുന്നത് ഇന്ന്‍ വലിയ ചര്‍ച്ചാവിഷയമായിരിക്കുകയാണല്ലോ. ആത്യന്തികമായി ഏതൊരു ന്യൂനപക്ഷഗ്രൂപ്പും തങ്ങള്‍ എങ്ങനെ വിളിക്കപ്പെടണമെന്നത് സ്വയം തീരുമാനിക്കേണ്ട ഒരു കാര്യമാണ്.

വാക്കുകളിലെ  ശ്ലീലവും അശ്ലീലവും നിര്‍ണ്ണയിക്കുന്നത് അത് ഉപയോഗിച്ചിരിക്കുന്ന വാചകത്തിലെ  സാന്ദര്‍ഭിക-അര്‍ത്ഥമാണ് (Contextual Meaning). “കുണ്ടന്‍” എന്ന വാക്ക് ഗേസ്വവര്‍ഗപ്രേമി എന്നൊക്കെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുമ്പോള്‍ അതൊരു തെറിവാക്ക് തന്നെയാണ്. അതിന്‍റെ ഉത്ഭവം സ്വവര്‍ഗപ്രേമത്തെ വെറും ഗുദരതി (Anal Sex) മാത്രമായി കാണുന്ന “കുണ്ടിയടി”, “കുണ്ടനടി” തുടങ്ങിയ വാക്കുകളില്‍ നിന്നാണ്. ഹിന്ദി ഭാഷയിലെ സമാനമായ തെറിവാക്കാണ്‌ “ഗാണ്ടു”.  മനുഷ്യാവകാശങ്ങളില്‍ ഒരു വ്യക്തിയുടെ ആത്മാഭിമാനം വളരെ പ്രധാനപ്പെട്ടതാണ്. വര്‍ഷങ്ങളോളം നീണ്ട മാനസികസംഘര്‍ഷങ്ങള്‍ക്ക് ശേഷം താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് സുഹൃത്തുക്കളോട് വെളിപ്പെടുത്തിയ ഒരാളും തങ്ങളെ മ്ലേച്ചമായ ഈ വാക്കുപയോഗിച്ച് വിളിക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ സ്വവര്‍ഗപ്രണയികളുടെ മനുഷ്യാവകാശങ്ങളെ പിന്തുണയ്ക്കുന്നുവെങ്കില്‍ ഈ തെറ്റായ പ്രയോഗം ഉടന്‍ തന്നെ തിരുത്തേണ്ടതാണ്. പകരമായി ഗേ, സ്വവര്‍ഗപ്രേമി, സ്വവര്‍ഗപ്രണയി,  സ്വവര്‍ഗാനുരാഗി എന്നൊക്കെ ഉപയോഗിക്കാവുന്നതാണ്‌. ഇനി informal  ആയി തമാശകളിലും മറ്റും ഉപയോഗിക്കാനാണെങ്കില്‍ “അവന്‍ ഗേയാണ്/  ഹോമോയാണ് / സ്വവര്‍ഗക്കാരനാണ് / സ്വവര്‍ഗരതിക്കാരനാണ് / മറ്റേതാണ്” എന്നൊക്കെ ഉപയോഗിക്കാം.  “കുണ്ടന്‍” എന്നുള്ള തെറിവിളിക്ക് അതേ നാണ്യത്തില്‍ തന്നെയുള്ള തിരിച്ചടിയായ “പൂറന്‍” എന്ന തെറിവാക്ക് മാത്രമേ അനുയോജ്യമായ മറുപടിയാവൂ!

മലബാര്‍ പ്രദേശത്തെ പഴമക്കാര്‍ “കുണ്ടന്‍” എന്ന വാക്ക് സ്വവര്‍ഗരതിയുമായി ബന്ധമില്ലാതെ “ആണ്‍കുട്ടി”, “യുവാവ്”, “കുഴിഞ്ഞ” തുടങ്ങിയ അര്‍ത്ഥങ്ങളില്‍ ഉപയോഗിക്കാറുണ്ട്. ഉദാഹരണം: കോളേജ് കുണ്ടന്മാര്‍,  കുണ്ടന്‍ പിഞ്ഞാണം etc.  മാധവിക്കുട്ടി, വി.കെ.എന്‍ തുടങ്ങിയവരുടെ പഴയകാല കൃതികളില്‍ ഈ അര്‍ത്ഥത്തിലുള്ള പദപ്രയോഗം കാണാവുന്നതാണ്. ഇത് എതിര്‍ക്കപ്പെടേണ്ടതല്ലെങ്കിലും മലബാറിലെ പുതിയ തലമുറ ഈ വാക്ക് ഇക്കാലത്ത് ഉപയോഗിക്കുന്നത് (അതിന്‍റെ മറ്റ് അശ്ലീലഅര്‍ത്ഥങ്ങള്‍ കാരണം) കുറഞ്ഞുവരികയാണ്.

–ടീം, ക്വീയറള