ഭിന്നലൈംഗികത മറ്റൊരു ശരീരാവസ്ഥയാണ് – മുഖപ്രസംഗം മാതൃഭൂമി ദിനപ്പത്രം – 11.04.2015
ഒറിജിനല്‍ ലിങ്ക്: ഇവിടെ ക്ലിക്ക് ചെയ്യുക.
ഭിന്നലൈംഗികതയുള്ള വ്യക്തികള്‍ കേരളസമൂഹത്തിന്റെയും യാഥാര്‍ഥ്യമാണ്. എന്നാല്‍, ആധുനികമെന്നും പ്രബുദ്ധമെന്നും ന്യൂനപക്ഷാനുകൂലമെന്നും നടിക്കുന്ന നമ്മുടെ സമൂഹം ആ ലൈംഗിക ന്യൂനപക്ഷത്തെയോ അതിന്റെ അവകാശങ്ങളെയോ അംഗീകരിക്കാന്‍ ഇനിയും സന്നദ്ധമായിട്ടില്ല. സാമൂഹികമായി മാത്രമല്ല, നിയമപരമായുമുള്ള അംഗീകാരത്തിന് അവര്‍ക്ക് അവകാശമുണ്ടെന്നകാര്യം നിസ്തര്‍ക്കമാണ്. ഹിജഡ, നപുംസകം തുടങ്ങിയ സംജ്ഞകള്‍കൊണ്ട് വ്യവഹരിക്കപ്പെടുന്ന ഭിന്നലൈംഗികവിഭാഗം ആണിനും പെണ്ണിനും പുറമേയുള്ള ഒരു മൂന്നാംലിംഗ വിഭാഗമാണെന്ന് ഇന്ന് അംഗീകരിക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. 2014 ഏപ്രില്‍ 15ന് സുപ്രീംകോടതിയുടെ ഡിവിഷന്‍ബെഞ്ച് പുറപ്പെടുവിച്ച ചരിത്രപ്രധാനമായ വിധി അവര്‍ മൂന്നാംലിംഗമാണെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. ഭരണഘടനയും കേന്ദ്ര, സംസ്ഥാനനിയമങ്ങളും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ടെന്നുപറഞ്ഞ കോടതി, സ്വന്തം ലിംഗമേതെന്ന് നിരീക്ഷിക്കാന്‍ അവര്‍ക്ക് അവകാശമുണ്ടെന്നും അത് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ അംഗീകരിക്കണമെന്നും വിധിച്ചു. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്കുതുല്യം പരിഗണിച്ച് മൂന്നാംലിംഗക്കാര്‍ക്ക് തൊഴില്‍സംവരണവും വിദ്യാഭ്യാസസംവരണവും ഏര്‍പ്പെടുത്താനും കോടതി വിധിച്ചിരുന്നു. പക്ഷേ, കാര്യങ്ങള്‍ പഴയപടിതന്നെയാണ് ഇപ്പോഴും.
‘ഞങ്ങളെ ആദ്യം മനുഷ്യരെന്ന് വിളിക്കൂ..’
അരക്കോടിയിലേറെ മൂന്നാംലിംഗക്കാര്‍ ഇന്ത്യയിലുണ്ടെന്നാണ് ഏകദേശ കണക്ക്; കേരളത്തില്‍ കാല്‍ലക്ഷത്തോളം പേരെങ്കിലും. സമൂഹത്തിന്റെ പരിഹാസവും വിവേചനവും ശത്രുതാമനോഭാവവുംമൂലം പരസ്യജീവിതത്തില്‍ത്തന്നെ രഹസ്യമായി ജീവിക്കേണ്ടിവരുന്ന വൈരുധ്യമാണ് അവരുടേത്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും മൂന്നാംലിംഗക്കാര്‍ക്ക് സ്ത്രീ, പുരുഷന്മാരെപ്പോലുള്ള പരിഗണനയും തുല്യനീതിയുമുണ്ട്. കേരളത്തില്‍ അങ്ങനെയൊരു അവസ്ഥയില്ല. അര്‍ധനാരീശ്വര സങ്കല്പത്തെയും കടന്നുനില്‍ക്കുന്ന ഭിന്നലിംഗം എന്ന സംവര്‍ഗത്തെ പ്രബുദ്ധകേരളം ഇരുപത്തൊന്നാം നൂറ്റാണ്ടിന് ശൈശവം പിന്നിട്ടിട്ടും അംഗീകരിച്ചിട്ടില്ല. സ്ത്രീയുടെ സ്വത്വമാണ് തങ്ങളുടേതെന്ന് പ്രഖ്യാപിക്കുന്ന മൂന്നാംലിംഗ മനുഷ്യരെ വ്യവസ്ഥാപിതമായ ആണ്‍, പെണ്‍ വിഭാഗങ്ങളിലൊന്നിലേക്ക് തള്ളാന്‍മാത്രമേ നമ്മുടെ നിയമത്തില്‍ വഴിയുള്ളൂ. അതുകൊണ്ടുതന്നെ വോട്ടവകാശമോ പരമോന്നത ന്യായാസനം നിര്‍ദേശിച്ച സംവരണാനുകൂല്യങ്ങളോ അവര്‍ക്കില്ല. പലതരം പീഡനങ്ങള്‍ അവര്‍ കേരളത്തില്‍ നേരിടുന്നുണ്ട്. പുരുഷന്റെ ഉടലില്‍ സ്ത്രീയുടെ ജന്മവാസനകളുള്ള ഒരു സവിശേഷ ശരീരാവസ്ഥയെ അംഗീകരിക്കാനും മനസ്സിലാക്കാനുമുള്ള വിവേകം ഇനിയുമാര്‍ജിച്ചിട്ടില്ലാത്ത നമ്മുടെ സമൂഹവും ഭരണവ്യവസ്ഥയും അവരെ ഒരു ഭ്രഷ്ടജനതയും അന്യരുമാക്കി മാറ്റുന്നു. അരികിലേക്ക് തള്ളലും അടിച്ച് പുറത്താക്കലുമല്ല, അംഗീകരിക്കലും അവകാശങ്ങള്‍ നല്‍കലുമാണ് ജനാധിപത്യത്തിന്റെ സ്വഭാവം. അതിന് നാം തയ്യാറാകേണ്ടിയിരിക്കുന്നു.
ഈ പശ്ചാത്തലത്തിലാണ് കഴിഞ്ഞദിവസം പാലക്കാട്ടുനടന്ന കേരളീയരായ മൂന്നാംലിംഗക്കാരുടെ സംസ്ഥാന സമ്മേളനത്തെയും അവിടെ ഉയര്‍ന്ന ആവശ്യങ്ങളെയും മനസ്സിലാക്കേണ്ടത്. ഭിന്നലൈംഗികതയുള്ളവര്‍ക്ക് പത്തുശതമാനം തൊഴില്‍സംവരണവും 60 വയസ്സ് കഴിഞ്ഞവര്‍ക്ക് വാര്‍ധക്യപെന്‍ഷനും തിരിച്ചറിയല്‍ കാര്‍ഡും റേഷന്‍കാര്‍ഡുമുള്‍പ്പെടെയുള്ള രേഖകളില്‍ മൂന്നാംലിംഗമെന്ന് രേഖപ്പെടുത്താനുള്ള കള്ളിയും അവര്‍ ആവശ്യപ്പെട്ടു. ആണ്‍പെണ്‍, നന്മതിന്മ, വെളുപ്പ്കറുപ്പ് തുടങ്ങി യുഗ്മങ്ങളായി മനുഷ്യവ്യവഹാരങ്ങളെ സ്ഥാനപ്പെടുത്തുന്ന വ്യവസ്ഥാപിത രീതിയില്‍നിന്ന് ഭിന്നമായി ഒരു മൂന്നാമിടമാണ് യഥാര്‍ഥത്തില്‍ ഭിന്നലൈംഗികതയുള്ളവര്‍ ചോദിക്കുന്നത്. ഇന്ത്യയുടെ പരമോന്നത നീതിപീഠംപോലും അത് അംഗീകരിച്ചിട്ടുണ്ട്. പക്ഷേ, കേരളീയസമൂഹം ഇപ്പോഴും പ്രാചീനമായ യുഗ്മയുക്തിയിലാണ്. ഭിന്നലൈംഗികതയുള്ളവരുടെ അവകാശങ്ങള്‍ മനുഷ്യാവകാശങ്ങളാണെന്ന് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ സമൂഹവും ഭരണകൂടവും തയ്യാറായേ പറ്റൂ.
ക്വീറളയുടെ പ്രതികരണം:
ഏപ്രിൽ ഏഴാം തിയതി പാലക്കാട്ട് വെച്ച് നടന്ന സംസ്ഥാനതല ട്രാൻസ്ജന്ടർ സമ്മേളനത്തിനെ മുൻനിർത്തി വന്ന ലേഖനം എന്ന നിലയിലും ലൈംഗികന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ കുറിച്ച് മിക്കപോഴും അനുകൂല നിലപാട് സ്വീകരിച്ചും എഴുതുന്ന മാതൃഭൂമി തീർച്ചയായും അഭിനന്ദനമർഹിക്കുന്നു. എന്നാൽ വിഷയവുമായി ബന്ധപെട്ടുള്ള തെറ്റായ പദപ്രയോഗങ്ങൾ മാതൃഭൂമി ഉൾപ്പെടെയുള്ള മലയാള മാധ്യമങ്ങൾ തിരുത്തേണ്ടിയിരിക്കുന്നു. ഭിന്നലൈംഗികത മറ്റൊരു ശരീരവസ്ഥയാണ് എന്ന തലകെട്ട് തന്നെ തികച്ചും തെറ്റിദ്ധാരണജനകമാണ്. വ്യതസ്തമായ ലൈംഗികത എന്ന അർത്ഥത്തിലാണ് ഭിന്നലൈംഗികത എന്നുപയോഗിച്ചതെങ്കിൽ , അതെങ്ങനെ ‘മറ്റൊരു ശരീരവസ്ഥയാവും’?? ലൈംഗികതയും ലിംഗതന്മയും രണ്ടു വ്യത്യസ്ത കാര്യങ്ങളാണ് എന്ന് പത്രങ്ങളുടെ തലപ്പത്തിരിക്കുന്നവർ പോലും മനസ്സിലാക്കിയില്ലെങ്കിൽ!ഇനിയഥവാ, ട്രാൻസ്ജന്ടർ എന്ന പദത്തിനു തത്തുല്ല്യമായിട്ടാനു അതുപയോഗിച്ചതെങ്കിൽ അതും പൂർണമായും തെറ്റാണെന്ന് പറയേണ്ടിവരും. കാരണം, ട്രാൻസ്ജന്ടർ വ്യക്തികളുടെ ശാരീരിക-മാനസിക അവസ്ഥ ലിംഗതന്മയുമായി ബന്ധപ്പെട്ടുള്ളതാണ്. എന്നാൽ ലൈംഗികത, ഒരു വ്യക്തിയുടെ ലൈംഗികമായ സ്വത്വബോധം ആണ് ഉദ്ദേശിക്കുന്നത്. ട്രാൻസ്ജന്ടർ- എന്ന സംജ്ഞ ലിംഗതന്മയുമായി ബന്ധപെട്ടുള്ളതാണെങ്കിൽ ലൈംഗികത എന്നത് ഓരോ വ്യക്തിക്കും, പുരുഷനോടോ സ്ത്രീയോടോ തോന്നുന്ന ആകര്‍ഷണമാണ്. അയാള്‍ സ്വയം ആരായി വിശേഷിപ്പിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. Gay, bisexual, straight മുതലായവയൊക്കെ ഉദാഹരണങ്ങള്‍ ആണ്. അയാളുടെ സ്വയംവിശേഷണം അയാളുടെ ലൈംഗികചായ്‌വ്, ലൈംഗികപെരുമാറ്റം എന്നിവയോട് പൊരുത്തപ്പെടണം എന്നില്ല. ഉദാഹരണത്തിന് ഒരു വ്യക്തിയുടെ ലൈംഗികചായ്‌വ് പുരുഷനോടും സ്ത്രീയോടും സത്യത്തില്‍ ഉണ്ടെങ്കിലും അയാള്‍ സ്വയം straight ആയി ആയിരിക്കാം വിശേഷിപ്പിക്കുന്നത്.ഇതരലിംഗത്തില്‍ പെട്ടവരോടുള്ള ലൈംഗികാകര്‍ഷണമാണ് ഇതരവര്‍ഗലൈംഗികത (heterosexuality) എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്, സ്വന്തം ലിംഗത്തില്‍ പെട്ടവരോടുള്ള പൂര്‍ണമോ പ്രബലമോ ആയ ലൈംഗികാകര്‍ഷണമാണ് സ്വവര്‍ഗലൈംഗികത. ഈ സാഹചര്യത്തിൽ ലൈംഗികതയും ലിംഗതന്മയും കൂട്ടിക്കുഴക്കാതെ രണ്ടു വ്യതസ്ത സംജ്ഞകളായി തന്നെ ഉപയോഗിക്കേണ്ടിയിരിക്കുന്നു. ലെസ്ബിയൻ(സ്വവർഗപ്രണയിനി) , ഗേ(സ്വവർഗപ്രണയി-സ്വവർഗാനുരാഗി), ബൈസെക്ഷ്വൽ(ഉഭയലൈംഗികതയുള്ളവർ) വ്യക്തികൾ വ്യതസ്തമായ ലൈംഗികതയുള്ളവരും , ട്രാൻസ്ജന്ടർ വ്യക്തികൾ ജന്മനായുള്ള ലിംഗതന്മയെക്കാൾ എതിർ ലിംഗമെന്നു സ്വയംതിരിച്ചറിയുന്നവരുമായിരിക്കെ, ഭിന്നലൈംഗികത ഒരു ശാരീരികഅവസ്ഥയാണ്, തുടങ്ങിയ വാചകങ്ങൾ ലൈംഗീകന്യൂനപക്ഷങ്ങൾ മുഴുവനും(ഗേ, ലെസ്ബിയൻ, ബൈസെക്ഷ്വൽ വ്യക്തികളും(വ്യത്യസ്തമായ ലൈംഗികതയുള്ളവർ) ട്രാൻസ്ജന്ടർ വ്യക്തികളും(വ്യതസ്തമായ ലിംഗതന്മയുള്ളവർ) ഒന്നാണെന്ന തെറ്റിദ്ധാരണ പ്രബല പെടുകയേയുള്ളൂ.
നിയമ-സാമൂഹിക പരിഗണനയുമായി ബന്ധപെട്ടു കൊണ്ട്മാത്രമാണ് അച്ചടി-ദൃശ്യ-ഓണ്‍ലൈൻ മാധ്യമങ്ങൾ മൂന്നാംലിംഗമെന്ന വാക്ക് ഉപയൊഗിക്കുനതെന്നു അവകാശപെട്ടാലും അതിനോട് യോജിക്കാനാവില്ല. ഒന്നാംലിംഗവും രണ്ടാംലിംഗവും എന്ന് സ്ത്രീപുരുഷ ലിംഗതന്മകളെ വേർതിരിച്ചു കാണാതിരിക്കെ ട്രാൻസ്ജന്ടർ ആളുകളെ മാത്രം മറ്റൊരു ലിംഗമായി, അതും മൂന്നാംലിംഗമായി കാണേണ്ട ആവശ്യമില്ല. മാത്രവുമല്ല ട്രാൻസ്ജന്ടർ എന്നാൽ, എഡിറ്റോറിയലിൽ സൂചിപ്പിക്കുന്നത്പോലെ, പുരുഷന്റെ ഉടലിൽ സ്ത്രീയുടെ ജന്മവാസനകളുള്ള വ്യക്തികൾ മാത്രമല്ല, തിരിച്ചും, അതായത്, ശാരീരികമായി സ്ത്രീയായിരിക്കെ തന്നെ പുരുഷനാണെന്ന് സ്വയം തിരിച്ചരിയുന്നവരുംപ്പെടും. വരും ലേഖനങ്ങളിലും മറ്റും ഇക്കാര്യം ശ്രദ്ധിച്ചു ഉചിതമായ മാറ്റങ്ങൾ വാക്പ്രയോഗങ്ങളിൽ വരുത്തുന്നത് വളരെ സ്വീകാര്യമായിരിക്കും. അല്ലാത്തപക്ഷം ലൈംഗികന്യൂനപക്ഷങ്ങളുമായി ബന്ധപെട്ട് പൊതുസമൂഹത്തിൽ നിലനില്ക്കുന്ന അബദ്ധധാരണകൾ അതേപടി നിലനില്ക്കുകതന്നെ ചെയ്യും.
നന്ദി