അസ്തമയങ്ങൾ മാത്രമായിപോകുന്ന വിമതലൈംഗികത!

Unto the Dusk അസ്തമയം വരെ

unto_the_dusk (1)വ്യക്തമായ വർണ്ണനകൾ സാധ്യമായിരുന്നിട്ടും വിപുലമായ വിവരങ്ങങ്ങൾക്ക് അവസരങ്ങൾ ഉണ്ടായിരുന്നിട്ടും മലയാളസിനിമ അന്നും ഇന്നും വിമതലൈംഗികതയെ അനുചിതമല്ലാത്ത ആഖ്യാനങ്ങൾ നല്കി മാത്രമേ ഉല്ലേഖനം ചെയ്തിട്ടുള്ളു. സ്വവർഗലൈംഗികതയെ ദുരവസ്ഥയായി മാത്രം സിനിമകളിൽ  ചിത്രീകരിക്കുമ്പോൾ അത് വളർത്ത് ദോഷം കൊണ്ടും, മറ്റൊരാളുടെ ശാരീരിക ഇടപെടൽ കൊണ്ടും ഉടലെടുക്കുന്ന ശീലക്കേടായി മാത്രം നോക്കികാണുന്ന പൊതുബോധത്തിന് സ്വവർഗപ്രണയം കേവലം സന്ദർഭോചിതമെന്നോ, സാഹചര്യപ്രവണതയെന്നോ എന്നല്ലാതെ വ്യക്തിജീവിതത്തിലധിഷ്ഠിതമായ യാഥാര്‍ത്ഥ്യതലങ്ങളോട്  നീതിപുലർത്തി ഇതരചിന്തകൾ വിശകലനം ചെയ്യുന്നില്ല. ‘അസ്തമയം വരെ’ ചലച്ചിത്രത്തിലും സ്ഥിതി വിഭിന്നമല്ല!

Unto the Dusk അസ്തമയം വരെട്രെയിനിൽ വെച്ച് വളരെ യാദൃച്ഛികമായി കാണുന്ന പെണ്‍കുട്ടിയുമായി ബന്ധപെടുന്ന മുഖ്യകഥാപാത്രം, അവളുടെ മുതുകത്ത് ചൂടുള്ള വചനങ്ങൾ വിരലുകളാൽ കോറിയിടുമ്പോൾ അതിൽ തെല്ലൊരു അസ്വാഭാവികത തോന്നുന്ന അവളോടൊപ്പം ഉടൻതന്നെ കിടക്കുന്ന കേന്ദ്രകഥാപാത്രത്തിന്റെ ലൈംഗിക അസ്പഷ്ടതയാണോ, സ്ത്രീശരീരത്തോട് മാത്രമല്ല അവന്റെ ആസക്തി എന്നുള്ളതാണോ എന്തോ, തൊട്ടടുത്ത 3-4 അർദ്ധനിമിഷങ്ങൾ തിരശീലക്കു കാഴ്ചവെക്കുന്നത് നായകൻ ഒരു  പുരുഷനോടൊപ്പം ആലിംഗനബദ്ധനായി പുറംതിരിഞ്ഞു  കിടക്കുന്നതാണ്. ഇത്തരം അതിസൂക്ഷ്മമാത്രകളായി  അതും കിടപ്പറരംഗങ്ങളായി മാത്രം സ്വവർഗലൈംഗികതയെ സംവിധായകർ സമീപിക്കുന്നതെന്തേ?  ചിത്രത്തിലെ പ്രസ്തുത രംഗം പലരും ശ്രദ്ധിച്ചിട്ട് പോലുമുണ്ടാവില്ല- മതപഠനശാലയിലെ വ്യക്തികൾക്ക് മേൽപ്പറഞ്ഞ വിഷയം അലൗകീകമായതിനാലും സോദോമ്യപാപമായതുകൊണ്ടും പള്ളിപുത്രന്മാർ ഈ കാര്യം  പുറത്ത് മിണ്ടില്ല എന്നതിനാൽ സിനിമയിലും അങ്ങനെയാവാം എന്നു കഥാകാരൻ കരുതിയോ?? ദൈവത്തിന്റെ കുഞ്ഞാടുകൾക്ക് ശരീരവിശുദ്ധി വരുത്തിതീർക്കാൻ ലൈംഗികവ്രതം ഏർപ്പെടുത്തുന്നവർ യഥാർത്ഥത്തിൽ അതിനെ അതിതീവ്രമായി പ്രകടിപ്പിക്കുന്ന ബദൽ സാഹചര്യവും സൃഷ്ടിച്ചുകൊടുക്കുന്നു. സ്ത്രീസുഖം അറിയാൻ ഗത്യന്തരമില്ലാതാവുമ്പോൾ  അതിനു പകരമായി  അരികെ കിട്ടുന്ന പുരുഷനോടൊപ്പം വികാരപാരമ്യത പ്രാപിക്കുന്ന പുരോഹിതവൃന്ദം തന്നെയാണ് സ്വവർഗലൈംഗികതയെ നഖശിഖാന്തം എതിരിടുന്നതും.

Unto the Dusk അസ്തമയം വരെപുരോഹിതന്മാർക്ക് എന്ത് ലൈംഗികതൃഷ്ണ? അത് അത്രമേൽ നിഷിദ്ധം, അപ്പോൾ പിന്നെ സ്വവർഗാനുരാഗിയും കൂടിയായ പുരോഹിതനായാലോ! ലൈംഗികതയെ തന്നെ ചാവുപാപമായി കാണുന്ന കഥാപാത്രം, ഒരു ബാഗുമായി  പ്രകൃതിയിലേക്ക് ഓടിയിറങ്ങി മുള്ളുകൾ ഒട്ടിയകവിളുകളിൽ തറച്ചുകയറിയ രംഗം, ആരുടെയോ പാപത്തിന്റെ ഭാണ്ഡമെന്നോണം മുൾക്കിരീമേന്തിയ ക്രിസ്തുവിനെ അനുസ്മരിപ്പിച്ചു. സെമിനാരിയിലെ പ്രിയസുഹൃത്തിന്റെ ആകസ്മിക നിര്യാണം പോലീസ് ചോദ്യംചെയ്യൽ കൊണ്ടുമാത്രമാണെന്ന് വായിക്കുക ഇത്തിരി പ്രയാസം. ലൈംഗികതയുടെ പല ഭേദങ്ങൾ വളരെ വിശദമായി ദൃശ്യവല്ക്കരിക്കുന്ന, ശവഭോഗം വരെ ശ്രദ്ധാപൂര്‍വ്വം വരച്ചുകാട്ടുന്ന  ചിത്രം പക്ഷെ പ്രകൃത്യാ ഉള്ളതും തികച്ചും സ്വാഭാവികവുമായ സ്വവർഗലൈംഗികതയെ വെറും കണ്‍ചിമ്മിതുറക്കുമ്പോൾ മാഞ്ഞുപോകുന്ന ഇരുണ്ടപശ്ചാത്തലത്തിലൊതുക്കി! സ്വവർഗബന്ധങ്ങൾ എന്താ, എന്നും ഇങ്ങനെ അരണ്ട ദൃശ്യങ്ങളായി മാത്രം മുഖ്യധാരയിൽ വരേണ്ടവയാണോ? അതിരുകളെ കടപുഴക്കാനുള്ള ഇത്തരം അഭിനന്ദനീയ ശ്രമങ്ങൾ പലപ്പോഴും അതിരുകളെ ഭേദിക്കുന്ന വ്യക്തികളെ ഉള്‍വലിഞ്ഞു പോകുന്നവരായും അവരുടെ സാഹസികയെ പ്രകൃതിയിലേക്കുള്ള  തിരിച്ചുപോക്കും ഒക്കെയായി കാണിക്കുമ്പോൾ അതിരുകൾ തുടർന്നും എങ്ങനെ ഭേദിക്കപ്പെടും? അപ്പോൾ സദാചാരവും പ്രകൃതി-വിരുദ്ധതയുമൊക്കെയായി വിമതലൈംഗികതപോലുള്ള വിഷയങ്ങളെക്കുറിച്ച് എങ്ങനെ തുടർചർച്ചകൾ സാധ്യമാവും??  സിനിമ എന്ന അതിശക്തമായ മാധ്യമത്തിനും അതിനു കഴിഞ്ഞില്ലെങ്കിൽ ഗേ, ലെസ്ബിയൻ പ്രണയങ്ങളോടും അനുബന്ധവിഷയങ്ങളോടും മലയാളസമൂഹത്തിനുള്ള അവജ്ഞ അടുത്തകാലത്തെങ്ങും മാറാൻ പോകുന്നില്ല!

എങ്കിലും, പേരില്ലാത്ത കഥാപാത്രവും , അപൂർവഭംഗിയുള്ള ദൃശ്യങ്ങളും ഒക്കെയായി സിനിമയെ തികച്ചും പുതിയൊരു രീതിയിൽ അവതരിപ്പിക്കുകയും ചെയ്ത യുവസംവിധായകനോടുള്ള നന്ദി അറിയിക്കുന്നു.

സ്നേഹത്തോടെ,

ക്വിയറള (കേരളത്തിലെ LGBT സുഹൃത്തുക്കളുടെ കൂട്ടായ്മ)

Loading