അമേരിക്കന്‍ സുപ്രീംകോടതി വിധി

Keralakumar | കേരളകുമാര്‍

supreme courtജൂണ്‍ 26-ന് അമേരിക്കന്‍ ഐക്യനാടുകളുടെ ഫെഡറല്‍ സുപ്രീംകോടതി സ്വവര്‍ഗപ്രണയികളുടെ വിവാഹാവകാശം അംഗീകരിച്ച് ഉത്തരവിറക്കി. സ്വവര്‍ഗപ്രണയികളായ ദമ്പതികള്‍ക്ക് നിയമപ്രകാരമുള്ള വിവാഹസര്‍ട്ടിഫിക്കറ്റ് നിഷേധിക്കുന്നത് ഭരണഘടന ഉറപ്പുകൊടുക്കുന്ന “തുല്യസുരക്ഷ”യ്ക്ക് നിരക്കുന്നതല്ല എന്ന് കോടതി നിരീക്ഷിച്ചു. അമേരിക്കന്‍ ഐക്യനാടുകളിലെ അന്‍പതു സംസ്ഥാനങ്ങളില്‍ 37 എണ്ണത്തിലും 24 ഗോത്രഭരണപ്രദേശങ്ങളിലും സ്വവര്‍ഗവിവാഹം നേരത്തെതന്നെ നിയമവിധേയമായിരുന്നു. സംസ്ഥാനങ്ങളില്‍ പലതിലും കോടതിയുത്തരവ് മുഖേനയോ ജനഹിതപരിശോധന പ്രകാരമോ അതല്ലെങ്കില്‍ നിയമസഭയുണ്ടാക്കിയ നിയമം വഴിയോ ആണ് സ്വവര്‍ഗവിവാഹം നിയമവിധേയമായത്. ഫെഡറല്‍ സുപ്രീംകോടതി വിധിയോടു കൂടി എല്ലാ സംസ്ഥാനങ്ങളിലും വിവാഹം നിയമവിധേയമായി. വിവാഹാവകാശത്തിനുവേണ്ടി എഴുപതുകളില്‍ തുടങ്ങിയ പോരാട്ടങ്ങള്‍ക്ക് ഇതോടുകൂടി അമേരിക്കന്‍ ഐക്യനാടുകളില്‍ പരിസമാപ്തിയായി എന്ന് പറയാം.

അമേരിക്കന്‍ വിവാഹനിയമവ്യവസ്ഥ

അമേരിക്കന്‍ സുപ്രീം കോടതി

അമേരിക്കന്‍ സുപ്രീം കോടതി

ഭാരതത്തിന്റെ ഭരണഘടനയില്‍ നിന്ന് വ്യത്യസ്തമായി അമേരിക്കയില്‍ ഓരോ സംസ്ഥാനങ്ങള്‍ക്കും സ്വന്തമായി ഭരണഘടനയും സുപ്രീംകോടതിയും ഉണ്ട്. സംസ്ഥാന സുപ്രീംകോടതികള്‍ പൂര്‍ണതോതില്‍ ഫെഡറല്‍ സുപ്രീം കോടതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നവയല്ല. പൊതുഭരണഘടനയുടെ നിയമങ്ങള്‍ വ്യാഖ്യാനിക്കുക എന്നതാണ് പ്രധാനമായി ഫെഡറല്‍ സുപ്രീം കോടതിയുടെ ചുമതല. അതുപോലെതന്നെ ഓരോ സംസ്ഥാനങ്ങള്‍ക്കും വളരെ വിപുലമായ അവകാശങ്ങള്‍ പൊതുഭരണഘടന ഉറപ്പുകൊടുക്കുന്നുണ്ട്. വിവാഹാവകാശങ്ങള്‍ സംസ്ഥാനനിയമവ്യവസ്ഥയുടെ ഭാഗമായതിനാല്‍ ഇക്കാര്യത്തില്‍ കാര്യത്തില്‍ വലിയ വ്യത്യസ്തത ഓരോ സംസ്ഥാനങ്ങളും പുലര്‍ത്തിയിരുന്നു. പല സംസ്ഥാനങ്ങളിലും കറുത്തവരും വെളുത്തവരും തമ്മിലുള്ള വിവാഹം നിഷേധിക്കുന്ന നിയമങ്ങള്‍ 1967 വരെ നിലവില്‍ ഇരുന്നിരുന്നു. 1996 വരെ ഫെഡറല്‍ ഗവര്‍മെന്റ് വിവാഹത്തെ നിര്‍വചിച്ചിരുന്നില്ല. അതിനാല്‍ സംസ്ഥാനങ്ങളില്‍ നിയവിധേയമായ ഏതു വിവാഹത്തെയും ഫെഡറല്‍ ഗവര്‍മെന്റും അംഗീകരിച്ചിരുന്നു.

1993-ല്‍ ഹവായ് സംസ്ഥാന സുപ്രീംകോടതിയാണ് സ്വവര്‍ഗപ്രണയികള്‍ക്ക് വിവാഹം നിഷേധിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് ആദ്യമായി വിധിച്ചത്. അമേരിക്കന്‍ പൊതുഭരണഘടനയുടെ “പൂര്‍ണ വിശ്വാസവും പൂര്‍ണ അംഗീകാരവും” (Full faith and full credit clause) എന്ന ഉടമ്പടി പ്രകാരം ഒരു സംസ്ഥാനത്തിലെ നിയമം മറ്റുസംസ്ഥാനങ്ങള്‍ അംഗീകരിക്കേണ്ടതുണ്ട്. ഹവായ് സുപ്രീംകോടതിയുടെ വിധിയുടെ പ്രഭാവം മറ്റുസംസ്ഥാനങ്ങളില്‍ പ്രസരിക്കാതിരിക്കാനായി സ്വവര്‍ഗവിവാഹത്തിന്റെ എതിരാളികള്‍ പ്രവര്‍ത്തിച്ചുതുടങ്ങി. ഇതിന്റെ ഫലമായി ഡൊമ (DOMA – Defence of Marriage Act) എന്നറിയപ്പെടുന്ന ഫെഡറല്‍ വിവാഹ’രക്ഷാ’നിയമം 1996-ല്‍ ബില്‍ ക്ലിന്റന്‍ സര്‍ക്കാര്‍ പാസ്സാക്കി. സ്വവര്‍ഗവിവാഹം നിയമാനുസൃതമായ സംസ്ഥാനങ്ങളിലെ സ്വവര്‍ഗവിവാഹ സര്‍ട്ടിഫിക്കറ്റ് മറ്റു സംസ്ഥാനങ്ങള്‍ അംഗീകരിക്കേണ്ടതില്ല എന്ന് ഈ ഫെഡറല്‍ നിയമത്തിന്റെ രണ്ടാം വകുപ്പില്‍ പറയുന്നു. ഇത്കൂടാതെ വിവാഹം പുരുഷനും സ്ത്രീയും തമ്മില്‍ മാത്രമുള്ള ഒന്നായി ഡോമയുടെ മൂന്നാം വകുപ്പ് നിര്‍വചിച്ചു.

അമേരിക്കന്‍ സൈന്യത്തില്‍ സ്വവര്‍ഗപ്രണയികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കുമായിരുന്നില്ല. ആരെങ്കിലും സ്വവര്‍ഗപ്രണയി ആണെന്ന് പുറത്തറിഞ്ഞാല്‍ അവരെ സൈന്യത്തില്‍ നിന്ന് പുറത്താക്കാമായിരുന്നു. ഈ നയം ഇളവുചെയ്യുന്നതിന്റെ ഭാഗമായി 1994-ല്‍ ക്ലിന്റന്‍ സര്‍ക്കാര്‍ “ചോദിക്കരുത് പറയരുത്” (Don’t Ask, Don’t Tell) എന്ന നയം സ്വീകരിച്ചു. ഇതുപ്രകാരം സൈനികര്‍ ഒളിഞ്ഞിരിക്കുന്ന സ്വവര്‍ഗപ്രണയികളായ സൈനികരെ തുറന്നുകാണിക്കാന്‍ പാടില്ല. അതുപോലെ തന്നെ സ്വവര്‍ഗപ്രണയിയായി സ്വയംപുറത്തുവന്ന സൈനികര്‍ക്ക് സൈന്യത്തില്‍ പ്രവര്‍ത്തിക്കാനും സാധിക്കില്ല. പുറത്തുവന്ന സ്വവര്‍ഗപ്രണയികളുടെ സാന്നിധ്യം സൈന്യത്തിന്റെ ചിട്ടയ്ക്കും അച്ചടക്കത്തിനും സദാചാരത്തിനും കെട്ടുറപ്പിനും ഭീഷണിയാണെന്നതിനാലത്രേ ഈ നയം നടപ്പില്‍ വരുത്തിയത്. ഈ നയം നന്മയെക്കാളേറെ പ്രശ്നങ്ങളാണ് സ്വവര്‍ഗപ്രണയികളായ സൈനികര്‍ക്കുണ്ടാക്കിയത്.

ഇതിനിടെ, സ്വവര്‍ഗവിവാഹം നിയമവിധേയമാക്കുന്ന ആദ്യത്തെ സംസ്ഥാനമായി മാറി 2004-ല്‍ മസ്സാച്യുസെറ്റ്സ്. ഡോമയുടെ മൂന്നാം വകുപ്പ്  മസ്സാച്യുസെറ്റ്സ് സംസ്ഥാനത്തിലെ ഫെഡറല്‍ ജില്ലാകോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയും അത് ഭരണഘടന ഉറപ്പുവരുത്തുന്ന തുല്യസംരക്ഷണത്തിന് എതിരാണെന്ന് 2010-ല്‍ കോടതി വിധിക്കുകയും ചെയ്തു.

2008-ല്‍ പ്രസിഡണ്ട്‌ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി “ചോദിക്കരുത് പറയരുത്” നയം റദ്ദു ചെയ്യാം എന്ന് ബരാക് ഒബാമ വാഗ്ദാനം ചെയ്തു. അതിനകം ഈ നയത്തിന്റെ ഫലമായി 12000-ലധികം സൈനികരെ സൈന്യത്തില്‍ നിന്ന് പുറത്താക്കി കഴിഞ്ഞിരുന്നു. അദ്ദേഹം തിരഞ്ഞെടുപ്പില്‍ വിജയിക്കുകയും 2011-ഓടു കൂടി ഈ നയം ഉപേക്ഷിക്കുകയും ചെയ്തു. അമേരിക്കയിലെ സ്വവര്‍ഗപ്രണയികള്‍ക്ക് ഈ നേട്ടം ഒരു വന്‍വിജയം ആയിരുന്നു.

ജനഹിതപരിശോധന വഴി സ്വവര്‍ഗവിവാഹം നിയമവിധേയമാക്കുന്ന ആദ്യ അമേരിക്കന്‍ സംസ്ഥാനമായി 2012-ല്‍ മേരിലാന്‍ഡ്‌ മാറി.

2013-ല്‍ ഫെഡറല്‍ സുപ്രീം കോടതി ഡൊമ മൂന്നാം വകുപ്പ് റദ്ദു ചെയ്തു. കൂടാതെ, സ്വവര്‍ഗവിവാഹം നിയമാനുസൃതമായ സംസ്ഥാനങ്ങളില്‍ വിവാഹം നടത്തിയ സ്വവര്‍ഗദമ്പതികളുടെ നിയമാവകാശങ്ങള്‍ ഫെഡറല്‍ സുപ്രീംകോടതി രാജ്യവ്യാപകമായി അംഗീകരിക്കുകയും ചെയ്തു. സ്വവര്‍ഗവിവാഹത്തിനെതിരായ സംസ്ഥാനങ്ങളുടെ അപ്പീലുകള്‍ കേള്‍ക്കുന്നതും സുപ്രീംകോടതി നിര്‍ത്തിവച്ചു. അതോടുകൂടി കുറെ സംസ്ഥാനങ്ങളില്‍ വിവാഹം നിയമവിധേയമായി. ഇക്കഴിഞ്ഞ ജനുവരിയില്‍ സുപ്രീംകോടതി നാല് കേസുകള്‍ പരിഗണയ്ക്കെടുക്കുകയും ജൂണ്‍ 26-ന് ഒന്നിനെതിരെ നാലു ജഡ്ജിമാരുടെ ഭൂരിപക്ഷത്തില്‍ സ്വവര്‍ഗദമ്പതികള്‍ക്ക് വിവാഹിതരാവാനുള്ള ഭരണഘടനാവകാശമുണ്ട് എന്ന് വിധിക്കുകയും ചെയ്തു.

വിവാഹിതരുടെ അവകാശങ്ങള്‍

ഫെഡറല്‍ നിയമപ്രകാരം 1138 അവകാശങ്ങളാണ് വിവാഹിതര്‍ക്ക് ഫെഡറല്‍ ഗവര്‍മെന്റില്‍ നിന്ന് ലഭിക്കുക. ഇതില്‍ സാമൂഹ്യസുരക്ഷാ ആനുകൂല്യം, വിമുക്തഭടന്‍മാര്‍ക്കുള്ള ആനുകൂല്യം, ആരോഗ്യ ഇന്‍ഷുറന്‍സ്, ചികിത്സാ സഹായം, ആശുപത്രി സന്ദര്‍ശനാവകാശം, സ്വത്തുനികുതി ആനുകൂല്യം, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍, കുടുംബാവധി, രാജ്യത്തേക്കുള്ള കുടിയേറ്റാവകാശം മുതലായവ ഉള്‍പ്പെടുന്നു. ഈ അവകാശങ്ങള്‍ ഇനി സ്വവര്‍ഗദമ്പതികള്‍ക്കും ലഭ്യമാവും.

സോഷ്യല്‍മീഡിയയുടെ സ്വാധീനം

red equals signഫേസ്ബുക്ക്‌, ട്വിറ്റെര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയകള്‍ അമേരിക്കന്‍ സമൂഹത്തിലെ അഭിപ്രായരൂപീകരണത്തില്‍ വലിയ പങ്കു വഹിച്ചു. പുതിയ മീഡിയ വഴി വലിയ തോതിലുള്ള പ്രവര്‍ത്തനമാണ് LGBT പ്രവര്‍ത്തകര്‍ നടത്തിയത്. ഹ്യൂമന്‍ റൈട്സ് ക്യാംപെയിന്‍ എന്ന സംഘടന “ചുവന്ന സമത്വചിഹ്നം” (Red Equals Sign) ഇതിനായി ഉപയോഗിച്ചു. ഡൊമയ്ക്കെതിരായി നടന്ന കോടതിയുദ്ധത്തിന്റെ സമയത്ത് ഏതാണ്ട് രണ്ടരദശലക്ഷം LGBT അനുഭാവികള്‍ അവരുടെ പ്രൊഫൈല്‍ ചിത്രം ചുവന്ന സമത്വചിഹ്നം ആക്കിമാറ്റുകയുണ്ടായി. സുപ്രീം കോടതി അനുകൂലവിധി പുറപ്പെടുവിച്ചതോട് കൂടി ഫേസ്ബുക്ക്‌ ഒരു പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കുകയുണ്ടായി. തങ്ങളുടെ പ്രൊഫൈല്‍ ചിത്രം മഴവില്‍ച്ഛായ ആക്കി മാറ്റാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന ഈ ആപ്പ് കോടിക്കണക്കിന് വ്യക്തികള്‍ ലോകത്തെമ്പാടും ഉപയോഗിച്ച് അനുഭാവം പ്രകടിപ്പിച്ചു.

www.facebook.com/celebratepride

www.facebook.com/celebratepride

സ്വവര്‍ഗവിവാഹത്തിന്റെ സാമൂഹികപിന്തുണ

White house in rainbowവലിയതോതിലുള്ള ചര്‍ച്ചകളുടെ ഫലമായി 2011-ട് കൂടിയാണ്  സ്വവര്‍ഗവിവാഹത്തിന് അമേരിക്കയില്‍ ഭൂരിപക്ഷപിന്തുണ ലഭിച്ചത്. സ്ത്രീകള്‍, ചെറുപ്പക്കാര്‍, വിദ്യാസമ്പന്നര്‍ മുതലായവരാണ് സ്വവര്‍ഗവിവാഹത്തിനെ കൂടുതല്‍ അനുകൂലിക്കുന്നത്. പ്രസിഡന്‍റ് ഒബാമ മാനസികപിന്തുണ പ്രഖ്യാപിച്ചതോട് കൂടി അമേരിക്കന്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഏറ്റവും വലിയ ചര്‍ച്ചാവിഷയമായി മാറി സ്വവര്‍ഗവിവാഹം. ലിബറല്‍ കക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ച ഒബാമ രണ്ടാമതും പ്രസിഡണ്ട്‌ പദവിയില്‍ എത്തിയത് ലൈംഗികന്യൂനപക്ഷങ്ങളുടെ പൂര്‍ണപിന്തുണയോട് കൂടിയാണ് എന്ന് പറയാം. യാഥാസ്ഥിതിക കക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഇപ്പോഴും സ്വവര്‍ഗവിവാഹത്തിന് അനുകൂലനിലപാട് അല്ല എടുക്കുന്നത്. 1996-ല്‍ വെറും 27% പേര്‍ സ്വവര്‍ഗവിവാഹത്തെ അനുകൂലിച്ചിരുന്നു എങ്കില്‍ 2015 ആയപ്പോഴേക്കും അത് 63% ആയി കൂടി. സ്വവര്‍ഗവിവാഹത്തിന്റെ നിയമസാധൂകരണത്തിനെ അനുകൂലിച്ചു വൈറ്റ് ഹൌസ് മഴവില്‍ നിറങ്ങളാല്‍ അലങ്കരിക്കപ്പെട്ടു.

സ്വവര്‍ഗവിവാഹത്തോടുള്ള എതിര്‍പ്പിനെ പലരും ഉപമിക്കുന്നത് കറുത്തവരും വെളുത്തവരും തമ്മിലുള്ള വിവാഹത്തിനെതിരെ നിലവിലിരുന്ന നിയമത്തോടാണ്. അമരിക്കന്‍ മനോരോഗവിദഗ്ധ അസോസിയേഷന്‍, അമേരിക്കന്‍ മനശാസ്ത്രജ്ഞരുടെ അസോസിയേഷന്‍, അമേരിക്കന്‍ സാമൂഹികശാസ്ത്ര അസോസിയേഷന്‍, അമേരിക്കന്‍ നരശാസ്ത്രജ്ഞരുടെ അസോസിയേഷന്‍, അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ തുടങ്ങി വളരെ സംഘടനകളുടെ പിന്തുണ സ്വവര്‍ഗവിവാഹത്തിനുണ്ട്.

എതിരഭിപ്രായങ്ങള്‍

antigay ralleyഫെഡറല്‍ സുപ്രീം കോടതി വിധിയോടുകൂടി അമ്പതു സംസ്ഥാനങ്ങളിലും തലസ്ഥാനമായ കൊളംബിയ ജില്ലയിലും സ്വവര്‍ഗവിവാഹം നിയമവിധേയമായി. എങ്കില്‍ കൂടിയും സ്വവര്‍ഗവിവാഹത്തിനെതിരെ വലിയ എതിര്‍പ്പ് ഇപ്പോഴും നിലവില്‍ ഉണ്ട്. കൌതുകകരം എന്ന് പറയാമല്ലോ, കന്‍സാസ് സംസ്ഥാനത്ത് സ്വവര്‍ഗവിവാഹ ലൈസെന്‍സ് നല്‍കാനുള്ള മടി കാരണം വിവാഹലൈസെന്‍സുകള്‍ ഒന്നുംതന്നെ നല്കുന്നില്ലത്രേ.

ശിശുസംരക്ഷണപ്രശ്നങ്ങള്‍, പാരമ്പര്യം, മതപരമായ ബോധം, പാപം മുതലായവ ഉദ്ധരിച്ച് സ്വവര്‍ഗവിവാഹത്തെ എതിര്‍ക്കുന്ന വ്യക്തികളും സംഘടനകളും ഏറെയാണ്‌. ക്രിസ്ത്യന്‍ സഭകള്‍, ക്രിസ്ത്യന്‍ സംഘടനകള്‍ മുതലായവയാണ് ഇതില്‍ മുന്‍പന്തിയില്‍.

2016 പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ്

റിപ്പബ്ലിക്കന്‍ പാര്‍ട്ടി അനുഭാവികള്‍ പൊതുവേ വിധിക്ക് പ്രതികൂലമായാണ്‌ പ്രതികരിച്ചത്. സെനറ്റര്‍ ടെഡ് ക്രൂസ് പ്രതികരിച്ചത് “രാഷ്ട്രചരിത്രത്തിന്റെ ഏറ്റവും ഇരുണ്ട 24 മണിക്കൂറുകള്‍” എന്നാണ്. എങ്കിലും സ്വവര്‍ഗപ്രണയികളോട് കൂടുതല്‍ അടുക്കാനും അവരെ അംഗീകരിക്കാനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോട് അഭ്യര്‍ഥിക്കുന്ന പാര്‍ട്ടിപ്രവര്‍ത്തകര്‍ വളരെയുണ്ട്. “സ്വവര്‍ഗപ്രണയികള്‍ക്ക് സന്തോഷമായിരിക്കാന്‍ അവകാശമുണ്ട്‌, പക്ഷെ ആ അവകാശം ഭരണഘടനാപരമായ ഒന്നല്ല” എന്നാണു എതിരഭിപ്രായം രേഖപ്പെടുത്തിയ ജസ്റ്റിസ്‌ ജോണ്‍ റോബര്‍ട്ട്‌സ് അഭിപ്രായപ്പെട്ടത്. റിപ്പബ്ലിക്കന്‍ പ്രസിഡണ്ട്‌ ബുഷ്‌ ആണ് അദ്ദേഹത്തിനെ ജഡ്ജ് ആയി നാമനിര്‍ദേശം ചെയ്തത്. അമേരിക്കയില്‍ ജഡ്ജിമാരുടെ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയകക്ഷികള്‍ക്ക് വലിയ സ്വാധീനമുണ്ട് എന്ന് ഇവിടെ ഓര്‍മിക്കണം.

Hillary Clinton

ഹില്ലരി ക്ലിന്റന്‍

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മത്സരാര്‍ഥികള്‍ എല്ലാവരും സ്വവര്‍ഗവിവാഹത്തെ അനുകൂലിക്കുന്നവരാണ്. “ഈ വിജയം ചരിത്രപരമാണ്, LGBT അമേരിക്കക്കാരുടെ ധൈര്യവും നിശ്ചയദാര്‍ഢൃവും മൂലമാണ് ഇത് സംഭവിച്ചത്” എന്ന് മത്സരാര്‍ഥി ഹില്ലരി ക്ലിന്റന്‍ പറഞ്ഞു.

ബോബി ജിന്‍ഡല്‍

ബോബി ജിന്‍ഡല്‍

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ പ്രസിഡണ്ട്‌ മത്സരാര്‍ഥികളായ ടെഡ് ക്രൂസ്, മൈക്ക് ഹക്കബി, റിക്ക് സാന്‍ടോറം, ബോബി ജിന്‍ഡല്‍ എന്നിവര്‍ സ്വവര്‍ഗവിവാഹത്തെ എതിര്‍ക്കുന്നവരാണ്. “സുപ്രീംകോടതി പ്രകൃതിനിയമങ്ങള്‍ തിരുത്താന്‍ ശ്രമിക്കുകയാണ്” എന്ന് ടെഡ് ക്രൂസ് അഭിപ്രായപ്പെട്ടു. ഗേ വിവാഹം തടയുക എന്നത് രാഷ്ട്രത്തിന്റെ നിലനില്‍പ്പിന് പ്രധാനമാണ് എന്നാണ് സാന്‍ടോറം പറയുന്നത്. താന്‍ ഇന്ത്യന്‍ വംശജന്‍ അല്ല എന്ന് അവകാശപ്പെടുന്ന ബോബി ജിന്‍ഡല്‍ ആവട്ടെ, സുപ്രീം കോടതി ജഡ്ജിമാരെ ഇംപീച് ചെയ്യണം എന്ന അഭിപ്രായക്കാരനാണ്. ലുസിയാനയിലെ ഗവര്‍ണര്‍ ആയ അദ്ദേഹം സ്വവര്‍ഗവിവാഹത്തിന് എതിരാണെങ്കിലും സുപ്രീംകോടതി വിധി നടപ്പില്‍ വരുത്തും എന്ന് ഉറപ്പുതരുന്നു. സ്വവര്‍ഗവിവാഹത്തിനെ അനുകൂലിക്കുന്ന ഭൂരിപക്ഷജനതയെ വെറുപ്പിക്കാതെതന്നെ തങ്ങളുടെ വോട്ടുബാങ്ക് ആയ യാഥാസ്ഥിതികരെ കൂടെ നിര്‍ത്തുക എന്ന ദുഷ്കരമായ ജോലിയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ കുഴയ്ക്കുന്നത്.

ലോകത്തിലെ ഏറ്റവും പഴക്കംചെന്ന ജനാധിപത്യരാഷ്ട്രത്തിലെ LGBT സമൂഹത്തിന്റെ വിജയം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രം എന്നവകാശപ്പെടുന്ന ഭാരതത്തില്‍ എന്തെങ്കിലും സ്വാധീനം ചെലുത്തുമോ? സ്വവര്‍ഗലൈംഗികബന്ധം ജീവപര്യന്തം തടവിനുവരെ കാരണമാകാവുന്ന നമ്മുടെ രാജ്യത്ത് ശിക്ഷാനിയമം 377 വകുപ്പിന്റെ കാഠിന്യം കുറയ്ക്കാനെങ്കിലും ഇത് പ്രചോദനമാവുമോ? കണ്ടറിയാം.

Loading