ജോലിസ്ഥലത്തെ എൽ.ജി.ബി.ടി. വിവേചനം അരുത് : യു.എസ്. സുപ്രീം കോടതി

എൽ.ജി.ബി.ടി. വ്യക്തികളെ ജോലിസ്ഥലത്തുള്ള വിവേചനത്തെ നിന്ന് സംരക്ഷിക്കുന്ന ചരിത്ര പ്രധാനമായ വിധി യു.എസ്. സുപ്രീം കോടതി പുറപ്പെടുവിച്ചു. മൂന്നിനെതിരെ ആറു വോട്ടുകളുടെ ഭൂരിപക്ഷത്തോട് കൂടിയാണ് 1964 ലെ സിവിൽ അവകാശനിയമത്തിലെ ലിംഗപരമായ വിവേചനനിരോധനം എൽ.ജി.ബി.ടി. വ്യക്തികൾക്കും കൂടി ബാധകമാണ് എന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചത്.

ഒരു വ്യക്തി സ്വവർഗാനുരാഗിയോ ട്രാൻസ്ജെൻഡറോ ആണ് എന്നത്കൊണ്ട് അയാളെ ജോലിയിൽ നിന്ന് പിരിച്ചു വിടുന്നത് തെറ്റാണ് എന്ന് കോടതി പറഞ്ഞു. അമേരിക്കൻ ഐക്യ നാടുകളിലെ എൺപത് ലക്ഷം എൽ.ജി.ബി.ടി. വിഭാഗത്തിൽ പെട്ട തൊഴിലാളികളെ സംരക്ഷിക്കുന്നതാണ് ഈ വിധി.

ഡൊണാൾഡ് ട്രംപ് നേതൃത്വം കൊടുക്കുന്ന അമേരിക്കൻ ഗവർമെന്റ് എൽ.ജി.ബി.ടി. സംരക്ഷണത്തിനെതിരെ സുപ്രീം കോടതിയിൽ വാദിക്കുകയുണ്ടായി. ഒബാമ ഭരണകൂടം നേരത്തെ എടുത്ത നിലപാടിന് വ്യത്യസ്തമായിരുന്നു ഇത്. “ലിംഗം” എന്ന വാക്കിന്റെ നിർവ്വചനത്തെക്കുറിച്ചുള്ള നീണ്ട നിയമയുദ്ധത്തിന് ഒടുവിൽ ലിംഗതന്മ, ലൈംഗികചായ്‌വ് എന്നിവയും “ലിംഗം” എന്ന വാക്കിന്റെ നിർവചനത്തിൽ ഉൾപ്പെടും എന്ന് തീരുമാനിക്കപ്പെട്ടു.

“ഈ വിധി വളരെ ശക്തമാണ്; ഇതിന്റെ കൂടെ നമുക്ക് ജീവിക്കേണ്ടിവരും” എന്ന് ഇവാഞ്ജലിക്കൽ ക്രൈസ്തവ വോട്ടർമാരുടെ പിന്തുണയോടു കൂടി അധികാരത്തിലേറിയ പ്രസിഡണ്ട് ട്രംപ് പറഞ്ഞു. ട്രാൻസ്ജെൻഡർ വ്യക്തികളുള്ള ചില ആരോഗ്യപരമായ സംരക്ഷണങ്ങൾ ട്രംപ് ഗവർമെന്റ് കഴിഞ്ഞ ആഴ്ച നീക്കം ചെയ്യുകയുണ്ടായി.

രണ്ടു ഗേ വ്യക്തികളും ഒരു ട്രാൻസ്‌ജെൻഡർ വനിതയും സുപ്രീം കോടതിയിൽ കൊടുത്ത വെവ്വേറെ കേസുകൾ ഈ വിധിക്കു കാരണമായി.

https://www.bbc.com/news/world-us-canada-53055632