LGBTQIA – ലൈംഗികന്യൂനപക്ഷങ്ങളെ കുറിക്കുന്ന അക്ഷരങ്ങളെ അറിയാം…
എഴുതിയത്: അഭയങ്കര്‍ അഭയ്.
ഫ്രീതിങ്കേഴ്‌സ് ഫെയ്‌സ്ബുക്ക് ഗ്രൂപ്പ് ഏപ്രിൽ 22 , 23 തിയ്യതികളിലായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘ഫ്രീതിങ്കേഴ്‌സ് മീറ്റ് 2017’-ൽ കിഷോർ കുമാർ അവതരിപ്പിച്ച “ലൈംഗിക ന്യൂനപക്ഷങ്ങൾ: നിയമം ശാസ്ത്രം രാഷ്ട്രീയം” എന്ന വിഷയത്തിലെ പ്രസന്റേഷനെ കുറിച്ച് നല്ല അഭിപ്രായമാണ് ശ്രോതാക്കളിൽ നിന്ന് കിട്ടിയത്. കിഷോർ ചുരുങ്ങിയ സമയത്തിനുള്ളിൽ നിന്ന് കൊണ്ട് തന്നെ ലൈംഗികന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങളെ കുറിച്ചും അവരുടെ അവകാശങ്ങളെ കുറിച്ചും അതിന്റെ ശാസ്ത്രീയ അടിത്തറയെ കുറിച്ചും വിശദമായി തന്നെ പറഞ്ഞു. പരിപാടിയുടെ ചുരുങ്ങിയ സമയത്തിനുള്ളിൽ തീർക്കാവുന്ന സംശയങ്ങൾ ആയിരുന്നില്ല അവിടെ ഉണ്ടായിരുന്നത് ആ സമയം കൊണ്ട് മാത്രം പലരുടെയും സംശയങ്ങൾ മാറിയിട്ടുണ്ടാവില്ല . ലൈംഗിക ന്യൂനപക്ഷങ്ങൾ ആരാണ് അവരിലെ ഉപവിഭാവങ്ങൾ എന്താണ് എന്ന് പലർക്കും ധാരണയില്ല എന്ന് തോന്നിയത് കൊണ്ടാണ് ഈ കുറിപ്പ് .
LGBT (ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്ജെൻഡർ) എന്നിങ്ങനെ നാല് വിഭാഗം ലൈംഗിക ന്യൂനപക്ഷങ്ങളുടെ കൂട്ടായ്മയായും പിന്നീട് LGBTQIA എന്ന് (ക്വിയർ, ഇന്റർസെക്സ്, അസെക്ഷ്വൽ) മൂന്നു വിഭാഗങ്ങളെ കൂടി ചേർത്തും ആണ് പൊതുവെ ലൈംഗികന്യൂനപക്ഷങ്ങളെ കുറിച്ച് പറയാറുള്ളത് . ഇതിൽ ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, അസെക്ഷ്വൽ എന്നിവ ലൈംഗികാഭിമുഖ്യങ്ങൾ അഥവാ സെക്ഷ്വൽ ഓറിയെന്റേഷനുകളാണ് . സ്ത്രീയും പുരുഷനും തമ്മിലെ ലൈംഗികാഭിമുഖ്യമായ ഹെറ്ററോസെക്ഷ്വാലിറ്റി പോലെ. ട്രാൻസ്ജെൻഡർ, ഇന്റർസെക്സ് എന്നിവ ഒരു ലൈംഗിക ഐഡന്റിറ്റിയാണ്; സ്ത്രീ , പുരുഷൻ എന്നൊക്കെ പറയുന്ന പോലെ. ഭിന്നലിംഗക്കാർ എന്ന് വിളിക്കുന്നത് LGBTQIA എന്നത് പോലെയോ ലൈംഗികന്യൂനപക്ഷം എന്ന് വിളിക്കുന്നത് പോലെയോ ഗ്രൂപ്പിനെ മൊത്തമായും വിളിക്കുന്ന പേരല്ല . ട്രാൻസ് ജെണ്ടർ, ട്രാൻസ് സെക്ഷ്വൽ എന്നിവരെ സൂചിപ്പിക്കാൻ വിളിക്കുന്ന പേരാണ്.
L for Lesbian
സ്വവർഗാനുരാഗികളായ സ്ത്രീകളെ സൂചിപ്പിക്കുന്നു. സ്ത്രീകളുടെ സ്വവർഗാനുരാഗം അത്രയധികം റിപ്പോർട്ട് ചെയ്യപ്പെടാത്തത് കൊണ്ട് തന്നെ പുരുഷന്മാരെ അപേക്ഷിച്ച് അപൂർവമാണ് എന്ന ഒരു ധാരണ സമൂഹത്തിനുണ്ട് . അത് തെറ്റാണ്. സ്ത്രീകളുടെ ലൈംഗികതയുടെ പ്രത്യേകത കൊണ്ടും നമ്മുടെത് പോലെ ഒരു പുരുഷാധിപത്യ സമൂഹത്തിൽ ബാക്കി പലതും പോലെ സ്വന്തം ലൈംഗികതയും തുറന്നു പറയാൻ കഴിയ്യാതെ അടക്കിപ്പിടിച്ചു ജീവിക്കേണ്ടി വരുന്നവരാണ് സ്ത്രീകൾ എന്നത് കൊണ്ടുമാണ് ലെസ്ബിയൻ സ്ത്രീകൾ പൊതുരംഗത്ത് കുറവായി തോന്നുന്നത്. കൂടാതെ പുരുഷ സ്വവർഗാനുരാഗികളെ അപേക്ഷിച്ച് വിവാഹം പോലുള്ള നിർബന്ധിത ഹെറ്ററോ സെക്ഷ്വൽ റിലേഷനിൽ കൂടുതൽ സാമൂഹ്യപരമായും ശാരീരികപ്രത്യേകതകൾ കൊണ്ടും കൂടുതൽ വഴങ്ങികൊടുക്കാൻ സ്ത്രീകൾക്ക് കഴിയും.
G for Gay
പുരുഷന്മാരായ സ്വവർഗാനുരാഗികൾ. സാധാരണ ജീവിതത്തിലും പെരുമാറ്റത്തിലും ഒന്നും മറ്റു പുരുഷന്മാരിൽ നിന്ന് തിരിച്ചറിയാനുള്ള ഒരു പ്രത്യേകതയും സ്വവര്‍ഗാനുരാഗികളിൽ ഉണ്ടാവില്ല. സ്ത്രൈണത ഉള്ള പുരുഷന്മാർ എല്ലാവരും ഗേ ആണെന്നോ എല്ലാ സ്വവര്ഗാനുരാഗികളും സ്ത്രൈണത ഉള്ളവരാണെന്നോ പറയാനും കഴിയില്ല.
സ്ത്രീകളിലും പുരുഷന്‍മാരിലും ഉണ്ടാവുന്ന സ്വവര്‍ഗാനുരാഗം ഭ്രൂണാവസ്ഥയിൽ തന്നെ തീരുമാനിക്കപ്പെടുന്നതും ഗർഭകാലത്തും പ്രസവസമയത്തും ജനിച്ച ഉടനെയുള്ള കുട്ടിക്കാലത്തും എല്ലാമുള്ള സ്വാധീനത്താലും തീരുമാനിക്കുകപ്പെടുന്നാണ്. അല്ലതെ ഇതൊരു ചോയ്‌സ് അല്ല. ചെറുപ്പത്തിൽ പീഡിപ്പിക്കപ്പെടുന്നത് കൊണ്ടോ അച്ഛനില്ലാതെ വളരുന്നത് കൊണ്ടോ ആരും സ്വവര്‍ഗാനുരാഗിയാവില്ല.
എല്ലാവരിലും വളർന്നു വരുമ്പോൾ എതിര്‍ലിംഗത്തോട് സ്വാഭാവികമായി ലൈംഗികാകര്‍ഷണം വളർന്നു വരുന്നത് പോലെത്തന്നെ ആണ് സ്ത്രീ പുരുഷ സ്വവർഗാനുരാഗികളിൽ സ്വന്തം ലിംഗത്തോട് ആകർഷണം രൂപപ്പെടുന്നത്. അത് താല്പര്യമില്ലാതെ എത്രിലിംഗത്തോട് സെക്സ് ചെയ്‌താൽ മാറുന്ന ഒന്നല്ല .
B for Bisexual
വളരെയധികം തെറ്റിദ്ധരിക്കപ്പെടുന്ന ഒരു ഓറിയെന്റേഷൻ ആണ് ബൈസെക്ഷ്വാലിറ്റി. പുരുഷനോടും സ്ത്രീയോടും സെക്സ് ചെയ്യുന്നവർ ആണ് ബൈസെക്ഷ്വലുകൾ എന്നാണു പലരും ധരിച്ചു വെച്ചിരിക്കുന്നത്. അത്കൊണ്ട് തന്നെ സമൂഹത്തിന്റെ നിർബന്ധത്തിനു വഴങ്ങി വിവാഹം കഴിക്കുന്ന സ്ത്രീ പുരുഷന്മാരായ സ്വവര്‍ഗാനുരാഗികളെ പലരും ബൈസെക്ഷ്വൽ എന്ന് വിളിക്കാറുണ്ട്. അങ്ങനെയല്ല; പുരുഷനോടും സ്ത്രീയോടും ഏറെക്കുറെ സമാനമായി ലൈംഗികാഭിമുഖ്യം – ആകർഷണം – തോന്നുന്നവരാണ് ബൈസെക്ഷ്വല്സ്. താല്പര്യം തോന്നാത്ത ഒരാളോട് സെക്സ് ചെയ്തു എന്നത് കൊണ്ട് ആരും ബൈസെക്ഷ്വൽ ആവില്ല. മനുഷ്യരിൽ ഭൂരിഭാഗം പേരിലും ഏറിയും കുറഞ്ഞും ബൈസെക്ഷ്വാലിറ്റി ഉണ്ടാവാം. പക്ഷെ ഒരു ലിംഗത്തോടുള്ള താല്പര്യം മറ്റേതിനോടുള്ള താല്പര്യത്തെ അതിജയിക്കുന്ന അത്രയും സ്‌ട്രോങ് ആവുമ്പോൾ പലരും അത് ശ്രദ്ധിക്കാതെ പോവുന്നതും ആവാം. സ്വവർഗാനുരാഗികളായ പുരുഷന്മാർ സാമൂഹ്യമായി കുറച്ച കൂടി അധികം അംഗീകാരം പ്രതീക്ഷിച്ചു സ്വയം ബൈസെക്ഷ്വല്സ് എന്ന് പരിചയപെടുത്താറുണ്ട്.
T for Transgender or Transexuals
ട്രാന്‍സ് ജെന്‍ഡര്‍ ആയ ആളുകൾ എല്ലാം ഈ കാറ്റഗറിയിൽ ആണ് വരുന്നത്. പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കും എന്നത് കൊണ്ട് തന്നെ ലൈംഗികന്യൂനപക്ഷങ്ങളുടെ പതാകാവാഹകർ ആയി ആണ് മാധ്യമങ്ങൾ ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികളെ അവതാരിപ്പിക്കാറ്. പലപ്പോഴും അതിൽ നിന്നും മാറി ലൈംഗികന്യൂനപക്ഷം എന്നാൽ ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ മാത്രമാണ് എന്ന് പോലും പലരും മനസ്സിലാക്കി വെച്ചിട്ടും ഉണ്ട്. ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ ലൈംഗിക ന്യൂനപക്ഷണങ്ങളിലെ ഒരു ഉപവിഭാഗം മാത്രമാണ്. ട്രാൻസ്ജെൻഡറും ട്രാൻസ് സെക്ഷ്വലും തമ്മിൽ വത്യാസമുണ്ട് . ജൻഡർ (Gender) എന്നത് നമ്മുടെ എല്ലാം മനസ്സിൽ ഉള്ള നമ്മുടെ ലിംഗത്തെ കുറിച്ചുള്ള ബോധ്യം ആണ് എന്ന് പറയാം; ഞാൻ പുരുഷനാണ് അല്ലെങ്കിൽ സ്ത്രീയാണ് എന്ന് തോന്നുന്ന ആ ബോധ്യം. അതിന്റെ ശാരീരികമായ അടയാളങ്ങളെ നമുക്ക് ലിംഗം അഥവാ സെക്സ് എന്ന് വിളിക്കാം. എന്നാൽ സ്ത്രീയായി പിറന്ന ഒരാൾക്ക് മനസ്സിൽ താനൊരു പുരുഷനാണ് എന്ന് ബോധ്യപ്പെടുന്ന അവസ്ഥ ഉണ്ടാവാം പുരുഷനായി പിറന്ന ഒരാൾക്ക് താൻ സ്ത്രീയാണ് എന്ന് തോന്നാം – ഈ അവസ്ഥയെ ആണ് ജെണ്ടർ എന്ന അണ്ടർസ്റ്റാൻഡിംഗിനും അപ്പുറത്ത് ഉള്ള അവസ്ഥ എന്ന നിലക്ക് ട്രാൻസ്ജെണ്ടർ എന്ന് വിളിക്കുന്നത് . സ്വവർഗാനുരാഗികളായ സ്ത്രീ പുരുഷന്മാർക്ക് ഇങ്ങനെയൊരു തോന്നൽ ഉണ്ടാവില്ല അവർ താൻ പിറന്ന ലിംഗത്തിൽ തന്നെ നിന്ന് കൊണ്ട് അതെ ലിംഗത്തിൽ പെട്ട ആളോട് ലൈംഗികാകര്‍ഷണം തോന്നുന്നവരായി ജീവിക്കുന്നു എന്നെ ഉള്ളൂ.
ട്രാൻസ്ജെണ്ടർ ആയ ഒരാൾക്ക് ശാരീരികമായ അവസ്ഥയിലും മാറ്റം ഉണ്ടായാൽ (ലിംഗമാറ്റ ശസ്ത്രക്രിയ , ഹോർമോൺ ചികിത്സ, പുരുഷന്മാരിൽ ലിംഗവും വൃഷണവും നീക്കം ചെയ്യൽ എന്നിവ) ആ വ്യക്തിയെ ട്രാൻസ് സെക്ഷ്വൽ എന്ന് വിളിക്കാം. എന്നാലും മാനസികാവസ്ഥക്ക് പ്രാധാന്യം കൊടുക്കുന്നത് കൊണ്ടും ഒരു വ്യക്തി അയാളുടെ ശരീരത്തെക്കാൾ കൂടുതൽ പ്രതിനിധീകരിക്കുന്നത് മനസ്സിനെയാണ് എന്നതിനാലും ട്രാൻസ്‌ജെൻഡർ എന്ന പേരാണ് ഇന്ന് “ഭിന്നലിംഗ”ക്കാരെ വിളിക്കാൻ കൂടുതലായി ഉപയോഗിച്ച് വരുന്നത്.
Q – for Queer (ഇതിനെ കുറിച്ച് അവസാനം പറയാം )
I for Intersex
ജന്മനാ തന്നെ ലൈംഗികാവയവങ്ങളിൽ പ്രശ്നം ഉണ്ടാവുന്ന ആളുകൾ ഉണ്ടാവാം. രണ്ടു ലിംഗത്തോടെയോ രണ്ടു ലിംഗവും പ്രവർത്തന സജ്ജമല്ലാതെയോ രണ്ടിനും ഇടയിലായോ വ്യത്യസ്തമായ രീതിയിൽ വികസിസിച്ചോ ജനിക്കുന്നവർ ഉണ്ടാവാം – അപകടങ്ങളെ തുടർന്ന് ലൈംഗികാവയവം നഷ്ടപ്പെട്ടവരും ഉണ്ടാവാം. പുറമെ പുരുഷ ലൈംഗികാവയവം ആണെങ്കിലും ഉള്ളിൽ സ്ത്രീ അവയവങ്ങൾ ഉള്ളവരും ഉണ്ടാവാം. പലരും സർജറിയിലൂടെ പ്രത്യേക ലിംഗത്തിലേക്ക് മാറാൻ മടിയ്ക്കുന്നവരായും ഉണ്ട്. ഇവർക്കൊന്നും സ്വന്തം ലിംഗത്തോടോ രണ്ടു ലിംഗത്തോടോ ലൈംഗികാകര്‍ഷണം തോന്നണം എന്നോ തോന്നാതിരിക്കണം എന്നോ ഒന്നും ഇല്ല. ഇങ്ങനെയുള്ള ആളുകൾക്ക് പൊതുവായി പറയുന്ന പേരാണ് ഇന്റർസെക്സ് എന്നത്. ഇവരുടെ വ്യക്തിത്വം സ്ത്രീയുടേതോ പുരുഷന്റെയോ രണ്ടും കലർന്നതോ ആവാം. ട്രാൻസ്ജെന്ഡറുകൾ സാധാരണ ഏതെങ്കിലും ലിംഗത്തോടെ ജനിച്ചു മറ്റേ ലിംഗത്തിലാണ് തന്റെ വ്യക്തിത്വം എന്ന് മനസ്സിലാക്കുന്നവരാണ്. ട്രാൻസ് ജൻഡറും ഇന്റർസെക്‌സും അത്കൊണ്ട് തന്നെ ഒന്നല്ല.
A – Asexuals
പ്രത്യേകിച്ച് ആരോടും ലൈംഗികാകര്‍ഷണം തോന്നാത്തവരോ ലൈംഗികവികാരം തന്നെ ഇല്ലാത്തവരോ ആയി ആളുകൾ ഉണ്ട്. ഇവരെ പൊതുവെ അസെക്ഷ്വല്‍സ് എന്ന് വിളിക്കുന്നു. ചിലർക്ക് ലൈംഗികതയെ സഹായിക്കുന്ന അവയവങ്ങളും ശേഷിയും എല്ലാമുണ്ടാവാം എന്നാലും സെക്‌സിന് താല്പര്യം ഉണ്ടായിരിക്കില്ല.
Q – for Queer
ചിലർക്കെങ്കിലും സ്വന്തം ലൈംഗികാഭിമുഖ്യം കൃത്യമായി നിർവചിക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാവാം. താൻ ശരിക്കും ഗേ ആണോ അതോ ബൈസെക്ഷ്വലാണോ അതോ അങ്ങനെയൊന്നും അല്ലെ എന്നൊക്കെ കണ്‍ഫ്യൂഷന്‍ ഉണ്ടാവാം. ഈ ആൾ ഏത് ലൈംഗികാഭിമുഖ്യം ഉള്ള ആളാണെങ്കിലും ഒരു ലൈംഗികന്യൂനപക്ഷം തന്നെയാണ് അത്കൊണ്ട് Queer എന്ന ഗ്രൂപ്പിൽ ചേർക്കുന്നു. പലതും തരം തിരിച്ച ശേഷം ബാക്കിയായ എലാത്തിനെയും കൂടെ ഒരു ഗ്രൂപ്പാക്കുന്നത് സ്വാഭാവികമായും ഒറ്റ നിര്‍വചനത്തിന് വഴങ്ങാത്തതാവാം . താൻ Queer ആണ് എന്ന് എണ്ണുകയും ഗേ, ലെസ്ബിയൻ, ബൈസെക്ഷ്വൽ, അസെക്ഷ്വൽ, ഹെറ്ററോസെക്ഷ്വൽ എന്നീ സെക്ഷ്വാലിറ്റികളിൽ പെട്ട ആളല്ല എന്ന് തോന്നുകയും ഇന്റർസെക്സ്, ട്രാൻസ്‌ജെൻഡർ എന്നീ ഐഡന്റിറ്റി തനിക്കില്ല എന്ന് പറയുകയും ചെയ്യുന്ന എല്ലാവരെയും Q എന്ന ഗ്രൂപ്പിൽ ചേർക്കാം. ഇതുകൊണ്ടൊക്കെ തന്നെ LGBTQIA യിലെ Q, Queer എന്നതിലുപരിയായി Questioning എന്ന അർത്ഥത്തിലും ഉപയോഗിക്കാറുണ്ട്.