പത്രമാധ്യമപ്രവര്‍ത്തകര്‍ക്കുള്ള വഴികാട്ടി

Keralakumar | കേരളകുമാര്‍

വിവേചനരഹിതവും വ്യക്തികളുടെ അന്തസ്സിനു വിലകല്‍പ്പിക്കുന്നതുമായ ഒരു സമൂഹമാണ് എല്‍.ജി.ബി.ടി. (ലെസ്ബിയന്‍, ഗേ, ബൈസെക്ഷൂൽ, ട്രാൻസ്ജെൻഡർ) വ്യക്തികളുടെ സ്വപ്നം. ഇതരലൈംഗികത പ്രകടിപ്പിക്കുന്നവരെ സെൻസേഷണൽ ആയും തരംതാഴ്ത്തുന്നതുമായും ചിത്രീകരിക്കുന്ന മാധ്യമവാര്‍ത്തകള്‍ അവര്‍ക്ക് വേദനാജനകമാണെന്ന് പറയേണ്ടതില്ലല്ലോ. സെൻസേഷണലിസവും വേദനിപ്പിക്കുന്ന ചിത്രീകരണവും ഒഴിവാക്കാന്‍ വേണ്ടി ഞങ്ങള്‍ക്ക് പലപ്പോഴും വാര്‍ത്തകള്‍ സ്വന്തം വാക്കുകളിൽ എഴുതിക്കൊടുക്കേണ്ടി പോലും വരാറുണ്ട്. പത്രധര്‍മവും നൈതികതയും ഉറപ്പാക്കാനും വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കാനും വേണ്ടി താഴെപ്പ്രസ്താവിച്ച മാര്‍ഗരേഖ പത്രമാധ്യമപ്രവര്‍ത്തകര്‍ പിന്തുടരണമെന്ന് ഞങ്ങള്‍ ആശിക്കുന്നു.

1. വ്യക്തിഹത്യ ഒഴിവാക്കുക: വ്യക്തികളുടെ അന്തസ്സ്, സ്വകാര്യത, സുരക്ഷിതത്വം എന്നിവ ഭദ്രമായി സൂക്ഷിക്കുക. ആത്മാഭിമാനവും സ്വകാര്യതയും സുരക്ഷയും താല്‍ക്കാലികമായ പത്രപ്രചാരത്തേക്കാള്‍ പ്രധാനമാണ്.

2. അനുവാദം ഇല്ലാതെ തുറന്നുകാട്ടാതിരിക്കുക:  പല എല്‍.ജി.ബി.ടി. വ്യക്തികളും അവരുടെ ലൈംഗികതയില്‍ അഭിമാനം ഉള്ളവരാണ്, അവര്‍ അതിനെപ്പറ്റി “ഓപ്പണ്‍” ആയിരിക്കുകയും ചെയ്യും. പക്ഷെ, ഇതരലൈംഗികതയെ ഇകഴ്ത്തിക്കാണുന്ന ഒരു സമൂഹത്തില്‍ മിക്കവാറും എല്‍.ജി.ബി.ടി. വ്യക്തികള്‍ അത് പുറത്തുപറയാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പലരും അത് തന്നോടു തന്നെയോ, കുടുംബത്തില്‍ മാത്രമോ, ആത്മസുഹൃത്തുക്കളോടോ മാത്രമേ തുറന്നു പറഞ്ഞിട്ടുണ്ടാവൂ. കുടുംബത്തിലോ ജോലിസ്ഥലത്തോ ലൈംഗികസവിശേഷത മറച്ചുവച്ചിട്ടുള്ള വ്യക്തികളുണ്ട്. ഓരോ വ്യക്തികളുടെയും ജീവിതസാഹചര്യവും അവര്‍ നേരിടുന്ന വെല്ലുവിളികളും വ്യത്യസ്തമായതിനാല്‍ അതില്‍ നമുക്കവരെ കുറ്റപ്പെടുത്താനാവില്ല. അതിനാല്‍ തങ്ങളുടെ ലൈംഗികസവിശേഷത മറച്ചു പിടിക്കാന്‍ ആഗ്രഹിക്കുന്നവരെ അവരുടെ അനുവാദം ഇല്ലാതെ പുറത്തു തുറന്നുകാട്ടാതിരിക്കുക. വ്യക്തികളുടെ അനുവാദം ഇല്ലാത്ത തുറന്നുകാട്ടല്‍ ആക്രമണങ്ങള്‍ക്കോ കൊലപാതകങ്ങള്‍ക്കോ ആത്മഹത്യകള്‍ക്കോ വരെ കാരണമായേക്കാം എന്ന് ഓര്‍ക്കുക. ഒരു വ്യക്തി എച്.ഐ.വി. പോസിറ്റീവ് ആണെങ്കിലും ഇതേ മാര്‍ഗദര്‍ശനം പിന്തുടരുക.

3. ചിത്രങ്ങള്‍ അനുവാദത്തോടെ മാത്രം പ്രസിദ്ധീകരിക്കുക: ലൈംഗികന്യൂനപക്ഷങ്ങള്‍ ചര്‍ച്ചാപരിപാടികളിലും വിനോദങ്ങളിലും സ്വകാര്യ സാമൂഹികപരിപാടികളിലും പങ്കെടുക്കാറുണ്ട്. ഇത്തരം പരിപാടികളുടെ ചിത്രങ്ങള്‍ ചിത്രത്തില്‍ പതിഞ്ഞിരിക്കുന്നവരുടെ അനുവാദത്തോടെ മാത്രം ഉപയോഗിക്കുക. അതിനുകഴിയാത്ത അവസരങ്ങളില്‍ വ്യക്തികളുടെ മുഖം വ്യക്തമല്ലാത്ത രീതിയില്‍ മാത്രം പ്രസിദ്ധീകരിക്കുക. ഉദാഹരണത്തിന് സദസ്സിന്റെ പുറകില്‍ നിന്ന് എടുത്ത ചിത്രമോ അതല്ലെങ്കില്‍ മുഖം ‘blur’ ചെയ്ത ചിത്രമോ ഉപയോഗിക്കാവുന്നതാണ്.

4. അതിക്രമണങ്ങള്‍ക്ക് ഇരയായവരുടെ പേരും വിവരണങ്ങളും പ്രസിദ്ധീകരിക്കാതിരിക്കുക: ലൈംഗികാതിക്രമം, പീഡനം, ഉപദ്രവം മുതലായവയ്ക്ക് ഇരയായ വ്യക്തികളുടെ പേര് (അവര്‍ ഇതരലൈംഗികത ഉള്ളവര്‍ ആണെങ്കില്‍ പോലും) അവരുടെ അനുവാദമില്ലാതെ പ്രസിദ്ധീകരിക്കാതിരിക്കുക. അതിക്രമണത്തിന്റെ ഇര ഇതരലൈംഗികതയുള്ളയാള്‍ ആണ്  എന്നതുകൊണ്ട്‌ മാത്രം വാര്‍ത്ത സെന്‍സേഷണല്‍ ആയി കൊടുക്കാതിരിക്കുക. അവരെ തിരിച്ചറിയാന്‍ ഇടയാക്കുന്ന മറ്റുവിവരണങ്ങള്‍ നല്‍കാതിരിക്കുക. അതിക്രമത്തിന്‌ ഇരകളായ വ്യക്തികള്‍ മറ്റുള്ളവരുടെ സഹായം തേടുന്നതില്‍ വിമുഖരായിരിക്കും. അവരുമായി സഹകരിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ അവര്‍ക്ക് കൌണ്‍സലിംഗ്, നിയമസഹായം മുതലായവ ലഭിക്കുന്ന മാര്‍ഗം പറഞ്ഞുകൊടുക്കുക. പലപ്പോഴും നമ്മുടെ നീതിന്യായവ്യവസ്ഥ അവര്‍ക്ക് നീതി നല്‍കാന്‍ സന്നദ്ധത കാട്ടാറില്ല എന്നോര്‍ക്കുക.

5. സോഷ്യല്‍ മീഡിയയിലെ വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുക: ഫേസ്ബുക്കിലും മറ്റു സോഷ്യല്‍ മീഡിയയിലും ഗ്രൂപ്പുകള്‍ മൂന്നുവിധമാണ്. പബ്ലിക്‌ (തുറന്ന), ക്ലോസ്ഡ്‌ (അടച്ച), സീക്രട്ട് (രഹസ്യമായ) എന്നിവ. ഗ്രൂപ്പുകള്‍ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കി വയ്ക്കുക. ക്ലോസ്ട്, സീക്രട്ട് ഗ്രൂപ്പുകളില്‍ ഉള്ള വ്യക്തികളുടെ ചിത്രങ്ങളും തിരിച്ചറിയല്‍ അടയാളങ്ങളും പോസ്റ്റ്‌കളും അവരുടെ സ്വകാര്യതയ്ക്ക് ഭംഗം ഉണ്ടാവുന്ന രീതിയില്‍ പ്രസിദ്ധീകരിക്കാതിരിക്കുക. ഒരു വ്യക്തി “ഓപ്പണ്‍” ആണോ അല്ലയോ എന്ന് സംശയം ഉണ്ടെങ്കില്‍ അവര്‍ “ഓപ്പണ്‍” അല്ല എന്ന് അനുമാനിച്ച് അവരെ തുറന്നുകാട്ടാതിരിക്കുക.

6. ഇതരലൈംഗികതയുള്ളവരെപ്പറ്റിയുള്ള തെറ്റിധാരണകള്‍ തിരുത്തുക: 

  • സ്വവര്‍ഗപ്രേമം (homosexuality), ഉഭയലൈംഗികത (bisexuality), transgender ആയിരിക്കുന്ന അവസ്ഥ  എന്നിവ വ്യക്തികളുടെ വ്യക്തിത്വത്തിന്‍റെ കാതലായ ഭാഗമാണ്. അത് ഒരു അസുഖമോ വ്യതിയാനമോ വൈകൃതമോ അല്ല. അവരെ അസുഖമുള്ളവരോ മനസികരോഗമുള്ളവരോ ക്ഷമതയില്ലാത്തവരോ ആയി വര്‍ണിക്കാതിരിക്കുക. കൂടുതല്‍ അറിയാനായി ഈ പേജ് സന്ദര്‍ശിക്കുക.
  • ആധുനികവൈദ്യശാസ്ത്രവും മനശാസ്ത്രവും ഇതരലൈംഗികതയെ ഒരു രോഗമായോ വ്യതിയാനമായോ കാണുന്നില്ല. ഒരു വ്യക്തി ഇടംകയ്യനായോ പൂച്ചക്കണ്ണോടുകൂടിയോ ജനിക്കുന്നത് പോലെതന്നെ നൈസര്‍ഗികമാണ് സ്വവര്‍ഗലൈംഗികത. സ്വവര്‍ഗലൈംഗികത ഒരു ജന്മവാസനയാണ്.
  • ശരീരപക്വതയെത്തിയിട്ടില്ലാത്തവരോടുള്ള (കുട്ടികളോടുള്ള) ലൈംഗികാകര്‍ഷണവും (paedophillia) ജന്തുക്കളോടുള്ള ലൈംഗികാകര്‍ഷണവും (zoophilia) സ്വവര്‍ഗലൈംഗികതയുമായി ബന്ധപ്പെട്ട അവസ്ഥകളല്ല. ഇവയെ സ്വവര്‍ഗലൈംഗികതയോട് താരതമ്യപ്പെടുത്താതിരിക്കുക.
  • ഒരേ ലിംഗത്തില്‍ ഉള്ളവര്‍ തമ്മിലുള്ള ലൈംഗികബന്ധത്തെ മീഡിയ പലപ്പോഴും പ്രകൃതിവിരുദ്ധം (unnatural) ആയി ചിത്രീകരിക്കാറുണ്ട്. ഇത് പൂര്‍ണമായും തെറ്റാണ്. ഇതരലൈംഗികത പ്രകടിപ്പിക്കുന്നവരെ സംബന്ധിച്ചിടത്തോളം അവരുടെ ലൈംഗികാകര്‍ഷണം പൂര്‍ണമായും നൈസര്‍ഗികമാണ്. Heterosexual ആയ ഒരു വ്യക്തിക്ക് എതിര്‍ലിംഗത്തോട് തോന്നുന്ന ആകര്‍ഷണം പോലെത്തന്നെ നൈസര്‍ഗികമാണ് ഇതും. സ്വവര്‍ഗലൈംഗികത മനുഷ്യരില്‍ മാത്രമല്ല, മറ്റു 1500ല്‍പരം ജീവിവര്‍ഗങ്ങളിലും കാണപ്പെടുന്നു എന്നോര്‍ക്കുക.
  • മറ്റൊരുതെറ്റിദ്ധാരണയാണ് ഇത് പാശ്ചാത്യരാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യപ്പെട്ട ഒരു പ്രവണതയാണ് എന്നത്. ഭാരതത്തിന്റെ സംസ്കാരത്തിലും പുരാണങ്ങളിലും മറ്റു ഗ്രന്ഥങ്ങളിലും ഇതരലൈംഗികതയെപ്പറ്റി പ്രദിപാദിച്ചിട്ടുണ്ട്. ഏതു സംസ്കാരത്തിലും ജനങ്ങളിലും ഏതാണ്ട് 5-10% വ്യക്തികള്‍ ഇങ്ങനെയുള്ളവര്‍ ആയിരിക്കും. പൂര്‍ണ ജനാധിപത്യം നിലവിലുള്ള പാശ്ചാത്യരാജ്യങ്ങളില്‍ ലൈംഗികന്യൂനപക്ഷങ്ങള്‍ക്ക്‌ കൂടുതല്‍ പ്രത്യക്ഷത ലഭിച്ചിട്ടുണ്ട് എന്നേയുള്ളു.

6. തന്മയീഭാവം കാണിക്കുക: ഇതരലൈംഗികരെക്കുറിച്ച് എഴുതുമ്പോള്‍ അവരുടെ മനസ്സിലൂടെ ചിന്തിക്കാന്‍ ശ്രമിക്കുക. മനസ്സിന്റെ സന്തോഷവും, ആത്മാഭിമാനവും സന്തുഷ്ടിയും നിറഞ്ഞ ഒരു ജീവിതമാണ് നിങ്ങളെപ്പോലെ അവരും ആഗ്രഹിക്കുന്നത് എന്ന് ഓര്‍മിക്കുക.

  1. ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികളെപ്പറ്റി പ്രതിപാദിക്കുമ്പോള്‍ “മൂന്നാം ലിംഗം” “ഭിന്നലിംഗം” മുതലായ വാക്കുകള്‍ ഉപയോഗിക്കാതിരിക്കുക. ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തി എന്ന വാക്കാണ്‌ ഏറ്റവും അഭികാമ്യം.