മാതാപിതാക്കള്‍ക്കുള്ള വഴികാട്ടി

Keralakumar | കേരളകുമാര്‍

നിങ്ങളുടെ കുട്ടി ഗേ, ലെസ്ബിയന്‍, ബൈസെക്ഷ്വല്‍ ആണെന്നറിഞ്ഞാല്‍ എന്ത് ചെയ്യണം?

പത്തില്‍ ഒരാള്‍ ഗേ അഥവാ ലെസ്ബിയന്‍ ആണെന്നാണ്‌ കണക്ക്. നിങ്ങളുടെ കുടുംബത്തിലോ അടുത്ത ബന്ധുക്കളിലോ ഉള്ള ആരെങ്കിലും ഇങ്ങനെ ആവാനുള്ള സാധ്യത വളരെയാണ്. നിങ്ങളുടെ കുട്ടി അങ്ങനെയാണെങ്കില്‍ അവരോടുള്ള ബന്ധം ശക്തമായി പുതുക്കാനുള്ള ഒരു അവസരമാണിത്. നമ്മളില്‍ മിക്കവര്‍ക്കും ഇത് ബുദ്ധിമുട്ടുള്ള ഒരു വേളയാവാം. സ്വീകരിക്കുക എന്നത് എളുപ്പമാവണമെന്നില്ല. ഭയം, വിഷമം, ആഘാതം, നിഷേധം, കുറ്റബോധം, ദേഷ്യം, നഷ്ടബോധം മുതലായവ മനസ്സില്‍ നിറയാം. ഗേ/ലെസ്ബിയന്‍/ട്രാന്‍സ് ജെന്‍ഡര്‍ ആയ വ്യക്തികളോട് ഇപ്പോഴുള്ള സമൂഹത്തിന്റെ മനോഭാവം കണക്കിലെടുത്താല്‍ ഇത്തരം വികാരണങ്ങള്‍ മനസ്സില്‍ വരുന്നത് സ്വാഭാവികമാണ്.

നിങ്ങളുടെ കുട്ടിയെ നഷ്ടപ്പെട്ടു എന്ന് തോന്നിയേക്കാം, പക്ഷെ സത്യം അങ്ങനെയല്ല. അവന്‍/അവള്‍ ഇന്നലെ എങ്ങിനെയായിരുന്നോ അങ്ങനെ തന്നെയാണ് ഇന്നും. നിങ്ങളുടെ മനസ്സില്‍ അവനെ/അവളെക്കുറിച്ചുണ്ടായിരുന്ന ചിത്രം മാത്രമാണ് മാറിയത്. പുതിയ ചിത്രം കൂടുതല്‍ തെളിവുള്ളതാണ് എന്ന് ചിന്തിക്കുക. സന്തോഷത്തോടെ പഴയ ചിത്രത്തെ പുതിയ ചിത്രത്താല്‍ വച്ചുമാറ്റുക.

മാതാപിതാക്കളാല്‍ സ്വീകരിക്കപ്പെടാത്ത ഗേ, ലെസ്ബിയന്‍ കുട്ടികളില്‍ വിഷാദരോഗം, ആത്മഹത്യാപ്രവണത, മദ്യത്തിനോടും മയക്കുമരുന്നിനോടുമുള്ള അടിമത്തം മുതലായവ കൂടുതലാണ്. ചില കുഞ്ഞുങ്ങള്‍ മാനസികമായി മാതാപിതാക്കളില്‍ നിന്ന് അകന്നുപോയേക്കാം.

നിങ്ങളോട് കാര്യങ്ങള്‍ തുറന്നുപറയാന്‍ അവര്‍ കാണിച്ച ധൈര്യം എല്ലാവരും കാണിക്കാറില്ല. നിങ്ങളോടുള്ള അവരുടെ വലിയ സ്നേഹം, വിശ്വാസം മുതലായവയാണ് ഇത് കാണിക്കുന്നത്. അവരോടു അത് തിരിച്ചും കാണിക്കുക എന്നത് നിങ്ങളുടെ കടമയാണ്.

എന്റെ കുട്ടി ഇപ്പോള്‍ മറ്റൊരാളാണോ?

അവര്‍ ജനിച്ച ദിവസം മുതല്‍ നമ്മള്‍ അവരെ അറിയുകയും മനസ്സിലാക്കുകയും ചെയ്യുന്നുണ്ട് എന്നാണു നമ്മുടെ വിചാരം. അവരുടെ മനസ്സില്‍ നടക്കുന്ന എല്ലാം നമുക്കറിയാം എന്ന് നമ്മള്‍ ഉറച്ചു വിശ്വസിക്കുന്നു. എന്നാല്‍ പെട്ടെന്നൊരു ദിവസം അവര്‍ ‘ഗേ’ അല്ലെങ്കില്‍ ‘ലെസ്ബിയന്‍’ ആണെന്ന്  പ്രഖ്യാപിക്കുമ്പോള്‍ നമ്മുടെ പ്രതികരണം ആഘാതമോ തലചുറ്റലോ ആവാം.

ജനസംഖ്യയില്‍ ഒട്ടും കുറവല്ല ഗേ അല്ലെങ്കില്‍ ലെസ്ബിയന്‍ വ്യക്തികള്‍ എങ്കിലും നമ്മള്‍ എല്ലാവരും നമ്മുടെ കുഞ്ഞുങ്ങളെ ഒരു എതിര്‍വര്‍ഗപ്രേമ ജീവിതശൈലിയിലേക്ക് തയ്യാറെടുപ്പ് നടത്താന്‍ പ്രേരിപ്പിക്കുന്നവരാണ്. അതിനാല്‍ത്തന്നെ പുതിയ അറിവ് നമുക്ക് ആഘാതം ഉണ്ടാക്കും. കുട്ടിയുടെ മനസ്സിനെ മനസ്സിലാക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന നിരാശ ഉള്ളില്‍ നിറഞ്ഞെക്കാം.

ഒന്ന് ചിന്തിച്ചു നോക്കൂ,  സ്വവര്‍ഗപ്രേമിയാവട്ടെ, എതിര്‍വര്‍ഗപ്രേമിയാവട്ടെ, നമ്മുട കുഞ്ഞുങ്ങള്‍ നമ്മളെ ഒരിക്കലും വിസ്മയിപ്പിക്കാതിരുന്നിട്ടില്ല. നമ്മള്‍ തിരഞ്ഞെടുക്കുന്നവരെ അവര്‍ വിവാഹം കഴിക്കണമെന്നില്ല; നമ്മള്‍ തിരഞ്ഞെടുത്ത ജോലി അവര്‍ ഇഷ്ടപ്പെടണമെന്നില്ല; നമ്മള്‍ ഇഷ്ടപ്പെടുന്നിടത്ത് അവര്‍ ജീവിക്കണമെന്നുമില്ല. പക്ഷെ ഇതിനൊക്കെയുള്ള സാധ്യതകള്‍ നമ്മള്‍ തള്ളിക്കളയുന്നില്ല. എന്നാല്‍ അവര്‍ ഇതരലൈംഗികതയുള്ള ഒരു വ്യക്തിയാണ് എന്ന സന്ദര്‍ഭം അംഗീകരിക്കാന്‍ നമ്മള്‍ തയ്യാറെടുത്തിട്ടില്ലതന്നെ.

നമ്മുടെ കുട്ടി നമ്മള്‍ മുമ്പറിയുന്ന അതേവ്യക്തി തന്നെയാണ് എന്ന വസ്തുത വീണ്ടും വീണ്ടും ഓര്‍മിക്കുക. മാറ്റേണ്ടത് നമ്മുടെ ചിന്തയും സ്വപ്നവും വീക്ഷണവും മാത്രമാണ്.

എന്നോട് ഇക്കാര്യം പറയേണ്ട ആവശ്യം അവന്/അവള്‍ക്ക് ഉണ്ടായിരുന്നോ?

ഇതറിയാതിരുന്നതാണ് നല്ലത് എന്ന് നിങ്ങള്‍ക്ക് തോന്നിയിരിക്കാം. നമ്മള്‍ കേട്ടത് നമ്മള്‍ നിഷേധിച്ചക്കാം (“ഇത് താല്‍ക്കാലികമായ ഒരു ഘട്ടം മാത്രമാണ്, നീ ഇത് തരണം ചെയ്യും”), അവഗണിച്ചേക്കാം (“ഈ ജീവിതശൈലി നീ തിരഞ്ഞെടുത്തതാണ്, എനിക്കിതൊന്നും കേള്‍ക്കണ്ട”), കേട്ടില്ലെന്നു നടിച്ചേക്കാം (“ആവട്ടെ, എന്താ ഇന്ന് കഴിക്കാന്‍ ഉണ്ടാക്കണ്ടത്?”). പക്ഷെ, നിങ്ങളുടെ കുഞ്ഞിന്റെ ലൈംഗികത മനസ്സിലായില്ലെങ്കില്‍ അവനെ/അവളെ പൂര്‍ണമായും മനസ്സിലായിട്ടില്ല എന്നതാണ് സത്യം. അവരുടെ ജീവിതത്തിന്റെ അതിപ്രധാനമായ ഒരു ഭാഗം അവര്‍ക്ക് നിങ്ങളില്‍ നിന്ന് മറച്ചുപിടിക്കേണ്ടി വന്നു. അതുകൊണ്ടുതന്നെ അവരെ സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്യുക, അത് അവരുടെ ജീവിതത്തിലെ ഒരു ഘട്ടം മാത്രമല്ല എന്ന് മനസ്സിലാക്കുകയും ചെയ്യുക. ഇക്കാര്യം അവര്‍ക്ക് വളരെക്കാലം മുമ്പ് തൊട്ടേ അറിയാവുന്ന കാര്യമാണ്. വളരെ ചിന്തിച്ച് ഇത് മാതാപിതാക്കളോട് പറഞ്ഞ ഈ സമയത്തിനുള്ളില്‍ ഇത് ജീവിതത്തിലെ ഒരു വെറും ഒരു ഘട്ടം അല്ല എന്ന് അവര്‍ക്കും മനസ്സിലായിട്ടുണ്ട്. “ഉറപ്പാണോ” എന്ന് അവരോടു ചോദിച്ചാല്‍ “അതെ” എന്നുതന്നെയായിരിക്കും മിക്കവാറും ഉത്തരം. ഇത് നിങ്ങളോട് പറയാന്‍ നിങ്ങളുടെ കുട്ടി ധാരാളം ധൈര്യം സംഭരിച്ചു എന്ന് മനസ്സിലാക്കി, അവര്‍ സത്യത്തില്‍ ആരാണോ അങ്ങനെയായിത്തന്നെ അവരെ സ്നേഹിക്കുക.

എന്തുകൊണ്ട് അവന്‍/അവള്‍ ഇത് എന്നോട് മുമ്പേ പറഞ്ഞില്ല?

നിങ്ങളോട് ഇത് വെളിപ്പെടുത്തുന്നതിനെപ്പറ്റി അവര്‍ മാസങ്ങളോ വര്‍ഷങ്ങളോ തന്നെ ചിന്തിച്ചിട്ടുണ്ടാവും എന്നത് ആശ്ചര്യജനകമായിരിക്കും. അത് നിങ്ങളോടുള്ള സ്നേഹമില്ലായ്മയോ വിശ്വാസമില്ലായ്മയോ ആയി കണക്കുകൂട്ടേണ്ടതില്ല. അത് നിങ്ങള്‍ അവരെ വളര്‍ത്തിയതിന്റെ ദോഷമായും കണക്കുകൂട്ടണ്ട. ഒരു കുട്ടി ബാല്യത്തില്‍ നിന്ന് കൌമാരത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോള്‍ ഉണ്ടായ ഒരു ചെറിയ ഒരു മാനസികമായ അകല്‍ച്ച എന്ന് മാത്രം വിചാരിച്ചാല്‍ മതി. സ്വന്തം കൌമാരത്തെപ്പറ്റി ഓര്‍മിച്ചുനോക്കിയാല്‍ ഇത് നിങ്ങള്‍ക്കും മനസ്സിലാവും. സ്വന്തം ചിന്തകളെ വിലയിരുത്താന്‍ അവര്‍ക്ക് തന്നെ വളരെ നാള്‍ വേണ്ടിവന്നു എന്നതാണ് സത്യം.

തങ്ങള്‍ വ്യത്യസ്തരാണ് എന്നത് ചെറുപ്പത്തില്‍ തന്നെ ഗേ, ലെസ്ബിയന്‍ കുട്ടികള്‍ക്ക് അറിയാം. പക്ഷെ അവര്‍ അതിനു ഒരു പേര് കൊടുത്തിട്ടുണ്ടാവില്ല. ഗേ, ലെസ്ബിയന്‍ വ്യക്തികളെ ഭയക്കുന്ന/കളിയാക്കുന്ന ഈ ഒരു സമൂഹത്തില്‍ അവര്‍ക്ക് അവരെ മനസ്സിലാക്കാന്‍ അല്പം സമയം എടുത്തു എന്നത് ഒരു കുറ്റമല്ല. ഗേ വ്യക്തികളുടെ മനസ്സില്‍ സമൂഹത്തിന്റെ ഈ ഭീതി/വെറുപ്പ്‌ തന്നോടുതന്നെയുള്ള ഒരു വെറുപ്പായി രൂപാന്തരം പ്രാപിച്ചിട്ടുണ്ടാവും. അതിനാല്‍ അവര്‍ക്ക് അവരുടെ ലൈംഗികതന്മയെപ്പറ്റി അരക്ഷിതത്വം തോന്നുന്നത് സാധാരണയാണ്. അതിനാല്‍ അവര്‍ അത് നിങ്ങളോട് പറയാന്‍ വൈകിപ്പോയി എന്ന് തോന്നുന്നുണ്ടെങ്കില്‍ ക്ഷമിച്ചേക്കുക.

എന്തുകൊണ്ട് എന്റെ മകന്‍/മകള്‍ ഗേ/ലെസ്ബിയന്‍ ആയി?

മാതാപിതാക്കള്‍ ഈ ചോദ്യം തന്നോട് പിന്നെയും പിന്നെയും ചോദിക്കും. എന്തുകൊണ്ട്? ഇത് എന്റെ തെറ്റാണോ? ഇതിനു ജീവശാസ്ത്രപരമായ കാരണങ്ങള്‍ ഉണ്ടോ?

ഇവരെ ഇങ്ങനെയാക്കിയത് മറ്റാരെങ്കിലുമാണോ? ഇതൊരു സാധാരണ ചോദ്യമാണ്. അവരെ ആരും “ഇങ്ങനെയാക്കിയതല്ല” എന്നതാണ് സത്യം. തങ്ങള്‍ വ്യത്യസ്തരാണ് എന്നത് നിങ്ങളുടെ കുട്ടിക്ക് വളരെക്കാലം മുമ്പ്തൊട്ടേ അറിയാം എന്നതാണ് യാഥാര്‍ത്ഥ്യം.

തങ്ങളുടെ തെറ്റായ വളര്‍ത്തല്‍ കൊണ്ടാണോ ഇവര്‍ ഇങ്ങനെയായത് എന്ന ചോദ്യം മനസ്സില്‍ ഉയരാം. സൈക്കോളജി, സൈക്കിയാട്രി എന്നീ വിഷയങ്ങള്‍ പഠിക്കുന്നവര്‍ വളരെമുമ്പേ ഇതിനെപ്പറ്റി തീയറികള്‍ ഉണ്ടാക്കിയിരുന്നു. ആധിപത്യസ്വഭാവമുള്ള അമ്മ, ദുര്‍ബലനായ അച്ഛന്‍, സ്വന്തം ലിംഗത്തില്‍പ്പെട്ട മാതൃകകളുടെ അഭാവം തുടങ്ങി വളരെ തീയറികള്‍ നിലവിലുണ്ടായിരുന്നു. ഇതൊന്നും ഇപ്പോള്‍ സൈക്കോളജിയിലോ സൈക്കിയാട്രിയിലോ സ്വീകരിക്കപ്പെടുന്നില്ല.

എല്ലാതരത്തിലുള്ള കുടുംബങ്ങളിലും സ്വവര്‍ഗപ്രേമികള്‍ ജനിക്കാം. ചിലര്‍ക്ക് ആധിപത്യ സ്വഭാവമുള്ള അമ്മയുണ്ടാവാം, ചിലര്‍ക്ക് അങ്ങനെയുള്ള അച്ഛനുണ്ടാവാം. അവര്‍ മൂത്തകുട്ടിയാവാം, ഇളയകുട്ടിയാവാം, ഇടയ്ക്കുള്ള കുട്ടിയാവാം. അവരുടെ സഹോദരര്‍ ഗേ ആവാം, അല്ലാതിരിക്കാം. മാതൃകാകുടുംബങ്ങളില്‍ അവര്‍ ജനിക്കാം, അങ്ങനെയല്ലാത്ത കുടുംബങ്ങളില്‍ ജനിക്കാം.

ഇതിന് ജീവശാസ്ത്രപരമായ കാരണങ്ങള്‍ ഉണ്ടോ എന്ന് ആരായാം. ജനിതകമായ കാരണങ്ങള്‍, ചുറ്റുപാടുകളുടെ പ്രഭാവം മുതലായവ ഇതിനു കാരണമായേക്കാം എങ്കിലും ഇതൊന്നും പൂര്‍ണമായും തെളിയിക്കപ്പെട്ടിട്ടില്ല. അതിനാല്‍ ഇതിന്റെ കാരണങ്ങളെപ്പറ്റി അറിയുക എന്നതിലുപരി ഇതിനെപ്പറ്റി അറിയുന്നത് എന്തിനാണ് എന്ന് തന്നോടുതന്നെ ചോദിക്കുക. ഇതറിയേണ്ട കാരണമുണ്ടോ? എതിര്‍വര്‍ഗപ്രേമികളോട് നിങ്ങള്‍ എന്താ ഇങ്ങിനെയായിരിക്കുന്നത് എന്ന് ആരെങ്കിലും ചോദിക്കാറുണ്ടോ? ഗേ/ലെസ്ബിയന്‍ ആയ വ്യക്തികള്‍ സമൂഹത്തിന്റെ എല്ലാ ഇടങ്ങളിലും ഉണ്ട്. എല്ലാ ജോലികളിലും എല്ലാ രാജ്യങ്ങളിലും എല്ലാ വംശങ്ങളിലും മതങ്ങളിലും ജാതികളിലും അവര്‍ ഉണ്ട്. അതിനാല്‍ അവരെ അംഗീകരിക്കാനും സ്വീകരിക്കാനും കാരണങ്ങള്‍ അന്വേഷിക്കേണ്ടതില്ല. നിങ്ങളുടെ മകനെ/മകളെ സ്നേഹിക്കാനും പിന്തുണയ്ക്കാനും കാരണങ്ങള്‍ ആവശ്യമുണ്ടോ?

എന്തുകൊണ്ടാണ് അവന്റെ/അവളുടെ ലൈംഗികതയില്‍ ഞാന്‍ അസ്വസ്ഥനാവുന്നത്?

ഈ അസ്വസ്ഥത നമ്മുടെ ഇപ്പോഴത്തെ സംസ്കാരത്തിന്റെ ഉല്പന്നമാണ്. മറ്റു ലൈംഗികത പ്രകടിപ്പിക്കുന്നവരോടുള്ള അസഹിഷ്ണുത പണ്ട് നമ്മുടെ (ഭാരതീയ) സംസ്കാരത്തിന്റെ ഭാഗമായിരുന്നില്ല. “ഹിജഡ” എന്ന് വിളിക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിനോട് പോലും സഹിഷ്ണുതയും ആദരവും പ്രകടിപ്പിച്ചിരുന്ന സംസ്കാരമാണ് നമ്മുടേത്‌. വിക്ടോറിയന്‍ ബ്രിട്ടീഷ് ആധിപത്യ നിയമങ്ങള്‍ നടപ്പില്‍ വന്നതോട്കൂടിയാണ് ഇതില്‍ മാറ്റങ്ങള്‍ വന്നത്. ലൈംഗികത പാപമായും തെറ്റായും ചിത്രീകരിക്കുന്ന നിയമങ്ങള്‍ ഇവിടെ നടപ്പില്‍ വന്നു. ഇതിന്‍റെ ഫലമായി ഇന്ന് വ്യത്യസ്തലൈംഗികത പ്രകടിപ്പിക്കുന്നവര്‍ വെറുക്കപ്പെട്ടവരാണ് എന്ന ഒരു മനസ്ഥിതി സമൂഹത്തില്‍ ഉണ്ടായി. ഇതിന് മാറ്റങ്ങള്‍ വന്നുതുടങ്ങിയിട്ടുണ്ട്.

ഞങ്ങള്‍ ഒരു സൈക്കോളജിസ്റ്റ് / സൈക്കിയാട്രിസ്റ്റിനെ സന്ദര്‍ശിക്കണോ? 

നിങ്ങളുടെ കുട്ടിയുടെ ലൈംഗികതന്മ (sexual orientation) മാറ്റാനായി സൈക്കോളജിസ്റ്റ് / സൈക്കിയാട്രിസ്റ്റിനെ സന്ദര്‍ശിക്കുന്നത് പ്രയോജനശൂന്യമാണ്. ഇത് ചികിത്സിച്ചു മാറ്റാവുന്ന ഒരു “അസുഖ”മല്ല. സ്വവര്‍ഗപ്രേമം നൈസര്‍ഗികമാണ്. ഇത് തിരഞ്ഞെടുത്ത ഒരു “ജീവിതരീതി”യോ ദുസ്വഭാവമോ അല്ല. അതേസമയം ഇത് മാറ്റിയെടുക്കാം എന്ന് അവകാശപ്പെടുന്ന വ്യക്തികള്‍ കുറവല്ല. ധനനഷ്ടം, മനപ്രയാസം മുതലായവ മാത്രമാണ് ഇതിനുശ്രമിച്ചാല്‍ നിങ്ങള്‍ക്ക് കിട്ടുക. ലോകത്തിലെ പ്രധാനപ്പെട്ട സൈക്കോളജി / സൈക്കിയാട്രി അസോസിയേഷനുകള്‍ എല്ലാം ലൈംഗികത മാറ്റാനായി ഉള്ള “ചികിത്സ” അധാര്‍മികമാണ് (unethical) എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതലറിയാന്‍ ഈ പേജ് സന്ദര്‍ശിക്കുക.

അതേസമയം, ലൈംഗികതയെപ്പറ്റി മാനസികപ്രശ്നങ്ങള്‍ / കുടുംബപ്രശ്നങ്ങള്‍ ഉള്ളവര്‍ സൈക്കോളജിസ്റ്റ് / സൈക്കിയാട്രിസ്റ്റിനെ സന്ദര്‍ശിക്കുന്നത് പ്രധാനമാണ്. സ്വയം സ്വീകരിക്കാന്‍ അവര്‍ നിങ്ങളെ സഹായിച്ചേക്കും. പക്ഷെ സ്വവര്‍ഗലൈംഗികതയെപ്പറ്റി അറിയുന്ന ധാര്‍മികനായ സൈക്കോളജിസ്റ്റ് / സൈക്കിയാട്രിസ്റ്റിനെ വേണം സന്ദര്‍ശിക്കാന്‍. ഗേ ആയ വ്യക്തികള്‍ക്ക് അവരുടെ ലൈംഗികത അംഗീകരിക്കാന്‍ വിരക്തി ഉണ്ടായേക്കാം. സ്വയം അംഗീകരിക്കലാണ് സന്തോഷത്തിലേയ്ക്കുള്ള ആദ്യചവിട്ടുപടി എന്ന് അവരെ മനസ്സിലാക്കികൊടുക്കാന്‍ നല്ല ഒരു തെറാപ്പിസ്റ്റിന് സാധിക്കും.

എന്റെ കുട്ടിയെ സമൂഹം തിരസ്കരിക്കുമോ? അവര്‍ക്ക് ഒരു ജോലി കിട്ടുമോ? അവരെ ആരെങ്കിലും ആക്രമിച്ചേക്കുമോ? 

ഇതെല്ലാം സംഭവിക്കാവുന്ന കാര്യമാണ്. അവര്‍ എവിടെയാണ് ജീവിക്കുന്നത്, ജോലി ചെയ്യുന്നത് എന്നതിനെയൊക്കെ ആശ്രയിച്ചിരിക്കും ഇവ. സ്വവര്‍ഗലൈംഗികതയെപ്പറ്റിയുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ മാറിക്കൊണ്ടിരിക്കുകയാണ് എന്നറിയുക. വിവേചനം ഇല്ലാതെ ജീവിക്കാനും ജോലി ചെയ്യാനും ഉള്ള അവസരങ്ങള്‍ ഉള്ള ഇടങ്ങള്‍ ഈ ലോകത്ത് വളരെയുണ്ട്. ദൌര്‍ഭാഗ്യകരമത്രേ, സാമൂഹികമാറ്റങ്ങള്‍ സാവധാനമാണ്‌ ഉണ്ടാവുക. സ്ത്രീകള്‍ക്ക് പോലും സമത്വം ഇപ്പോഴും ഒരു മരീചികയാണ്. വിദ്യാഭ്യാസവും സ്വതന്ത്രചിന്തയും വ്യാപിക്കുമ്പോള്‍ വീക്ഷണങ്ങളിലും മാറ്റങ്ങള്‍ ഉണ്ടാവും.

എന്‍റെ മതം ഇതനുവദിക്കുന്നില്ല, ഞാന്‍ എന്ത് ചെയ്യും? 

പല മാതാപിതാക്കള്‍ക്കും ഇതാണ് ഏറ്റവും വലിയ പ്രശ്നം. മറ്റുപലര്‍ക്കും ഇതൊരു പ്രശ്നമേയല്ല. പല മതങ്ങളും സ്വവര്‍ഗലൈംഗികതയെ തിരസ്കരിക്കുന്നു എന്നത് ശരിയാണ്. എങ്കില്‍ തന്നെയും ഇതേ മതങ്ങളില്‍ത്തന്നെ ഇതിനെ അംഗീകരിക്കുന്ന മതനേതാക്കളും വിഭാഗങ്ങളും ഉണ്ട്. മിക്കവാറും മതങ്ങളുടെ തിരസ്കാരത്തിന്റെ ഉത്ഭവം സ്വവര്‍ഗപ്രേമത്തില്‍ നിന്നല്ല, സ്വവര്‍ഗലൈംഗികപീഡനങ്ങളോട് ഉള്ള എതിര്‍പ്പില്‍ നിന്നാണ്. യുദ്ധത്തില്‍ കീഴ്പ്പെടുത്തിയ വ്യക്തികളെ/സമൂഹങ്ങളെ തേജോവധം ചെയ്യാനുള്ള ഒരു ഉപായമായി ആണ് സ്വവര്‍ഗലൈംഗികപീഡനങ്ങള്‍ നടത്തിയിരുന്നത്.  അതില്‍ പ്രേമമില്ല, വെറുപ്പും ഹിംസയും മാത്രമേയുള്ളൂ. ബലാല്‍സംഗം ലൈംഗികതയില്‍ നിന്നല്ല, ആധിപത്യത്തിനായുള്ള, ഹിംസയ്ക്കായുള്ള ആഗ്രഹത്തില്‍ നിന്നാണ് ഉണ്ടാവുന്നത്.

അവര്‍ക്ക് നിയമപരമായുള്ള പ്രശ്നങ്ങള്‍ ഉണ്ടാവില്ലേ? 

നമ്മുടെ രാജ്യത്ത് സ്വവര്‍ഗലൈംഗികതയെ കുറ്റവത്കരിക്കുന്ന നിയമങ്ങള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ എടുത്തുമാറ്റിയിട്ടുണ്ട്.

എന്റെ കുട്ടിക്ക് അവന്റെ/അവളുടെ സ്വന്തം കുടുംബം ഉണ്ടാവുമോ?

വിവാഹം കഴിച്ചു ഒരുമിച്ചു ജീവിക്കുന്ന എതിര്‍ലിംഗദമ്പതികളെപ്പോലെത്തന്നെ ദീര്‍ഘകാലം ഒരുമിച്ചു ജീവിക്കുന്ന സ്വവര്‍ഗപ്രണയികകളായ ദമ്പതികളും ഉണ്ട് എന്നറിയുക. സ്വവര്‍ഗദമ്പതികളെ അംഗീകരിക്കുന്ന വളരെ രാജ്യങ്ങള്‍ ഇന്നുണ്ട്. കുഞ്ഞുങ്ങളെ ദത്തെടുത്ത് വളര്‍ത്തുന്ന സ്വവര്‍ഗദമ്പതികളും കുറവല്ല.

ഇതറിഞ്ഞാല്‍ കുടുംബക്കാരും ബന്ധുക്കളും അയല്‍ക്കാരും എന്തുപറയും? 

ഇതൊരു പ്രശ്നം തന്നെയാണ്. വിശേഷിച്ചും ബന്ധുക്കളും അയല്‍ക്കാരും ഒക്കെ മാമൂല്‍പ്രിയര്‍ ആയിരിക്കുമ്പോള്‍. ഈ സമസ്യയെ എങ്ങനെ നേരിടണം എന്നുള്ളത് ചിന്തിച്ചു മാത്രം തീരുമാനിക്കുക. വിശ്വസിക്കാവുന്ന വ്യക്തികളോട് പറയുക. അല്ലാത്ത ചോദ്യങ്ങള്‍ അവഗണിക്കുക.

എന്റെ കുട്ടിയെ എങ്ങനെ പിന്തുണയ്ക്കാം? 

ഈ ലേഖനം വായിച്ചു എന്നത് തന്നെ നിങ്ങള്‍ നിങ്ങളുടെ കുട്ടിയെ സഹായിക്കും, പിന്തുണയ്ക്കും എന്നതിന്റെ ആദ്യത്തെ ലക്ഷണം ആണ്. അവരോടു ധാരാളം സംസാരിക്കുക, അവര്‍ പറയുന്നത് കേള്‍ക്കുക, കൂടുതല്‍ ഇതിനെപ്പറ്റി അറിയുവാന്‍ ശ്രമിക്കുക.

ചുരുക്കത്തില്‍: 

  1. അവന്‍/അവള്‍ ഗേ/ലെസ്ബിയന്‍ ആണ് എങ്കിലും എന്റെ സ്നേഹത്തിനു യാതൊരു കുറവും ഇല്ല എന്ന് അവരെ ബോധ്യപ്പെടുത്തുക
  2. ധാരാളം സംസാരിക്കുക. എന്നോട് ഇത് പറഞ്ഞതില്‍ ഞാന്‍ സന്തോഷിക്കുന്നു, അഭിമാനിക്കുന്നു എന്ന് പറയുക
  3. ഇന്നലെക്കണ്ട എന്റെ മകന്‍/മകള്‍ തന്നെയാണ് അവര്‍ ഇന്നും എന്ന് മനസ്സിലാക്കുക. അവരെപ്പറ്റി ഇപ്പോള്‍ കൂടുതല്‍ അറിയാം എന്നത് നല്ല കാര്യമാണ്
  4. അവരുടെ ലൈംഗികതയെപ്പറ്റി കൂടുതല്‍ അറിയാന്‍ ശ്രമിക്കുക
  5. അംഗീകരിക്കുക, സ്വീകരിക്കുക
  6. കുടുംബാംഗളുടെ ഇടയിലും ബന്ധുക്കളുടെ ഇടയിലും സുഹൃത്തുക്കളുടെയും അയല്‍ക്കാരുടെയും ഇടയിലും നിങ്ങളുടെ കുട്ടിയെ നിങ്ങള്‍ പിന്തുണയ്ക്കുന്നു എന്ന് ആവശ്യമെങ്കില്‍ അറിയിക്കുക
  7. ശാന്തമായിരിക്കുക
  8. അവരെ വീട്ടില്‍ നിന്ന് പുറത്താക്കുകയോ തിരസ്കരിക്കുകയോ ചെയ്യാതിരിക്കുക. മോശം വാക്കുകള്‍ പ്രയോഗിക്കാതിരിക്കുക. ഇതൊക്കെ അവരോടുള്ള ബന്ധം എന്നെന്നേക്കുമായി നഷ്ടപ്പെടാന്‍ ഇടയാക്കും.
  9. അവരുടെ ലൈംഗികത മാറ്റിയെടുക്കാനോ “ചികിത്സി”ക്കാനോ ശ്രമിക്കാതിരിക്കുക

കടപ്പാട്: www.pflag.org , www.wikihow.com

കൂടുതലറിയാന്‍ വായിക്കുക: http://www.deepakkashyap.com/pinkbooklet/