ടാഗോർ എന്ന ക്വിയർ കലാസംരക്ഷകനും കവിയും

ടാഗോർ എന്ന ക്വിയർ കലാ സംരക്ഷകനും കവിയും

ഇന്ത്യയിലെ കലാസൃഷ്ടികളുടെ ചരിത്രം പരിശോധിച്ചാൽ നമുക്കറിയാം, ക്ഷേത്രങ്ങളിലും മറ്റു പല പ്രാചീന ഭവ്യ നിർമാണങ്ങളിലും ക്വീയർ കലാസൃഷ്ടികളും ഹോമോ ഇറോട്ടിസിസത്തിന്റെ ശകലങ്ങളും ഉണ്ടായിരുന്നുവെന്ന്. സ്വവർഗാനുരാഗം പാശ്ചാത്യ ഇറക്കുമതിയല്ല എന്ന് നമുക്ക് അത്തരത്തിൽ വാദിക്കുന്നവരുടെ വാദമുഖങ്ങൾ ഉടക്കാൻ ഉതകുന്നവയും ആണവ എന്നുള്ളത് കൊണ്ട് തന്നെ ആ കലാസൃഷ്ടികൾക്കു സമകാലീന ക്വീയർ പ്രസ്ഥാനങ്ങളിലും/സാഹിത്യ പഠനങ്ങളിലും പ്രാധാന്യം ഏറെ ഉണ്ട് . കഴിഞ്ഞ നൂറ്റാണ്ടിൽ ഗാന്ധിജിയും നെഹ്രുവും ഇന്ത്യയിലെ കലാസൃഷ്ടികളിലെ സ്വവർഗാനുരാഗം മായ്ക്കാൻ ഒരു ശ്രമം നടത്തിയിരുന്നു – “ലൈംഗിക ശുചീകരണം”. അഞ്ചു വർഷങ്ങൾക്കു മുൻപ് “ The Gandhi None of Us Knew ” എന്ന തലക്കെട്ടിൽ ഐറിൻ മൺറോ ഹഫ്റ്റിംഗ്ട്ടൺ പോസ്റ്റിൽ എഴുതിയ ലേഖനമാണ്(1) അന്ന് എന്നെ ഇവയെ കുറിച്ച് വായിക്കാനും അറിയാനും പ്രേരിപ്പിച്ചത്.

TS

1920-1940 ഇടയിലുള്ള കാലഘട്ടത്തിൽ ഗാന്ധിജി നെഹ്രുവിന്റെ അറിവോടെ തന്നെ തന്റെ അനുയായികളെ ഇന്ത്യയിലെ ക്ഷേത്രങ്ങളിലും ചരിത്ര സ്മാരകങ്ങളിലും ഉള്ള മൈഥുനവിഷയകമായ വിശേഷാൽ ഹോമോ ഇറോട്ടിക് ആർട് ഉടച്ചു മായ്ച്ചു കളയാൻ പറഞ്ഞു വിട്ടു. ഇത് കോണർ സായിപ്പ് തന്റെ 1997 ഇൽ പ്രസിദ്ധീകരിച്ച “ Encyclopaedia of Queer Myth, Symbol, and Spirit ” എന്ന പുസ്തകത്തിൽ(2) വിശദീകരിക്കുന്നും ഉണ്ട്. അന്ന് ഒരു പരിധി വരെ ഈ പ്രയത്നങ്ങൾ പടർന്നു പിടിക്കാതിരിക്കാൻ തടയിട്ടതു രബീന്ദ്രനാഥ ടാഗോർ ആയിരുന്നു . ഗാന്ധിജിക്കും ടാഗോറിനും ആശയപരമായും രാഷ്ട്രീയപരമായും പലതിനോടും യോജിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു അത് കൊണ്ട് തന്നെ ഇരു സുഹൃത്തുക്കളും തമ്മിൽ ആശയപരമായ പല വാക് പ്രതിവാദങ്ങളും അന്യോന്യ ബഹുമാനത്തിന്റെ സീമകൾ ലംഘിക്കാതെ തന്നെ നടത്തുകയും ചെയ്തിരുന്നു. ഒരു കണക്കിന് നോക്കിയാൽ ഇന്ത്യന്‍ ക്വിയർ സൃഷ്ടികളിൽ ഇന്ന് പലതും നിലനിൽക്കുന്നത് അന്ന് ടാഗോറിന് ഗാന്ധിയുടെ വികൃതികൾ തടയാൻ കഴിഞ്ഞത് കൊണ്ട് മാത്രമാണ് .

TS2

ഗാന്ധിജിയുടെ ഈ ശുദ്ധി കലശം പിൽക്കാലത്ത് ഏറ്റെടുത്തത് നെഹ്രുവാണ് . ഇതിനു തടയായി ടാഗോറിന്റെ സംരക്ഷണ പ്രവണത ഏറ്റെടുത്തത് ടാഗോറിന്റെ ഉറ്റ മിത്രങ്ങളായ അലൈൻ ഡാനിയേലു എന്നും റെയ്മണ്ട് ബെർണിയെർ എന്നും പേരുള്ള രണ്ടു ഗേ-കമിതാക്കൾ ആയിരുന്നു . ഈ ദമ്പതികളിൽ ഡാനിയേലു ചരിത്രകാരനും ഇന്തോളജിസ്റ്റും ബെർണിയെർ ഫോട്ടോഗ്രാഫറും ആയിരുന്നു. ബെർണിയർ ഖജൂരാഹു പോലുള്ള ക്ഷേത്രങ്ങളിൽ പോയി ഹോമോ ഇറോട്ടിക് ശില്പങ്ങളുടെ പടം എടുത്തു ഇഡോലോജിസ്റ് ആയ കാമുകനുമൊത്തു അത് പ്രസിദ്ധീകരിച്ചു അതിലേക്കു ലോകശ്രദ്ധ പരക്കേ ആകർഷിച്ചു. ഇന്ധ്യയിൽ തങ്ങിയിരുന്ന ഡാനിയേലു നെഹ്റുവിന്റെയും കൂട്ടുകാരൻ കൂടിയായിരുന്നു . ഇതിൽ നെഹ്റു അസാമാന്യമായി ഡാനിയേലുവിനോട് ക്ഷുഭിതൻ ആയെന്നു ചരിത്രകാരന്മാർ ശ്രദ്ധിക്കുന്നു . അങ്ങനെ ടാഗോർ ഗാന്ധിജിയുടെയും നെഹ്റുവിന്റെയും ലൈംഗിക ശുചീകരണത്തിന് വിജയകരമായി വിരാമമിടിയിച്ചു.

ടാഗോറിന്റെ ക്വിയർ അനുരാഗങ്ങളോടുള്ള ഈ സഹിഷ്ണുത അദ്ദേഹത്തിന് നോബൽ സമ്മാനം നേടി കൊടുത്ത പ്രസിദ്ധമായ ഗീതാഞ്ജലി എന്ന കൃതിയിലെ ചില പദ്യങ്ങളിലും പ്രതിഫലിക്കുന്നു. ഇതിനെ “ Sexual Orientation and Gender Identity – A New Province of Law for India ” എന്ന തന്റെ പ്രസിദ്ധീകരണത്തിൽ(3) പ്രസിദ്ധനായ മൈക്കൽ കിർബി എന്ന ഓസ്ട്രേലിയൻ ജഡ്ജി ചൂണ്ടി കാട്ടുന്നു. ഗീതാഞ്ജലിയിലെ 22, 23 എന്ന പദ്യങ്ങളിൽ ടാഗോറിലെ കവി സ്വവർഗാനുരാഗ പ്രണയത്തിന്റെ കാല്പനിക ലോകത്തേക്ക് ചുവടുവെക്കുന്നതായി കാണാം.

The woodlands have hushed their songs, and doors are all shut at every house. Thou art the solitary wayfarer in this deserted street. Oh my only friend, my best beloved, the gates are open in my house do not pass by like a dream.”

പദ്യത്തിൽ ഇഷ്ടൻ വരുമെന്ന പ്രതീക്ഷയിൽ കൊടുങ്കാറ്റുള്ള രാത്രിയിൽ നിദ്രാവിഹീനനായി കതവൂ തുറന്നു കാത്തിരിക്കുന്ന മിത്രത്തെ ടാഗോർ സങ്കൽപ്പിക്കുന്നു. പ്രണയത്തിനും അനുരാഗത്തിനും ലിംഗഭേദം ഇല്ലാ എന്ന് വിളിച്ചു പറയുന്ന ടാഗോറിന്റെ ഈ കവിതാ ശകലങ്ങൾ സമകാലീന ഇന്ത്യയിൽ പലവരും വിസ്മരിക്കുന്നു. കാണാൻ മടിക്കുന്നു. സ്വവർഗലൈംഗികത പരാമർശമാവുന്ന കവിതാ/സാഹിത്യ രചനകൾ താരതമ്യേന കുറവും ഉള്ളവ പ്രസിദ്ധീകരണയോഗ്യമല്ലെന്ന കാരണത്താൽ പുറംലോകം കാണാത്തതുമായ നമ്മുടെ നാട്ടിൽ നൂറ്റാണ്ടിനു മുൻപേ രചിക്കപ്പെട്ട കൃതിയിൽ ഈ അംശമുണ്ടെന്നുള്ളത് കൂടുതൽ ആളുകൾ അറിയേണ്ടതുണ്ട്. അല്ലാത്തപക്ഷം ആ അവഗണന ടാഗോർ എന്ന മഹത് പ്രതിഭയുടെ ദർശന വ്യാപ്തിയോടു നമ്മൾ ചെയ്യുന്ന ഏറ്റവും വല്യ വഞ്ചനയാണ് .

പദ്യങ്ങളിൽ മാത്രമല്ല തന്റെ പ്രസംഗങ്ങളിലും രബീന്ദ്രനാഥ ടാഗോർ വിക്ടോറിയൻ സദാചാര ബോധത്തിനെതിരെ പരോക്ഷമായി നിലപാടെടുത്തിട്ടുണ്ട്. ടാഗോറിന്റെ ആ പ്രതിവാദ ആശയങ്ങൾ, തന്റെ ബൗൾ ജനതയോടുള്ള ആരാധനയായി ‘The Religion of Man’ (1931) എന്ന സമാഹാരത്തിൽ(4) കാണാനാകുന്നു. വൈഷ്ണവ ഭക്തി സമ്പ്രദായത്താലും സൂഫിസത്താലും പ്രഭാവിതരായിട്ടുള്ള ബൗളുകൾ ടാഗോറിനെയും, ടാഗോറിന്റെ ആശയങ്ങളെയും, കവിതകളെയും, ബംഗാളി സാംസ്കാരിക സമൂഹത്തിനേയും, ഒക്കെ ഒരു പോലെ സ്വാധീനിച്ചിട്ടുള്ളവർ ആയിരുന്നു. എല്ലാത്തിനെയും എല്ലാവരെയും ഒരു പോലെ ഉൾപ്പെടുത്താനുള്ള സഹിഷ്ണുതയുള്ള പ്രണയ സങ്കല്പം ആയിരുന്നു ബൗളുകൾ ടഗോറിനെ പഠിപ്പിച്ചത് .

അമി കോതായി പഭോ തരേ
അമാർ മോണേർ മാനുഷ് ജെ രേ’
‘Ah, where am I to find Him, the Man of my Heart?
Alas, since I lost him, I wander in search of Him
Thro’ lands far and near
’. (“The Religion of Man”, EWRT, III, 177)

ആ “മോണേർ മാനുഷ്” എന്ന ആശയത്തിൽ അടങ്ങിയിട്ടുള്ള പ്രണയത്തിന്റെ സാർവ്വത്രികതയും, സകലതിനെയും ഉൾപ്പെടുത്തി പുണരാൻ കഴിവുള്ള വിശാലതയേയും സമകാലീന ഇന്ത്യയിൽ നമ്മൾ ഇന്ന് മറന്നു പോയിരിക്കുന്നുവോ ?

നന്ദി
അജ്ഞാതൻ

അവലംബം
1) http://www.huffingtonpost.in/entry/the-gandhi-none-of-us-kne_b_842941
2) https://www.amazon.com/Cassells-Encyclopedia-Queer-Symbol-Spirit/dp/0304337609
3) http://www.amazon.in/Sexual-Orientation-Gender-Identity-Province/dp/9350355248
4) https://en.wikipedia.org/wiki/The_Religion_of_Man